
മലയാളനാട് വാരികയുടെ പത്രാധിപരും ഉടമയും ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന എസ്.കെ. നായർ നിര്യാതനായിട്ട് ഇന്ന് 43 വർഷം.
ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന എസ്.കെ. നായർ എന്ന എസ്. കൃഷ്ണൻ നായർ മാവേലിക്കരയിൽ ആണ് ജനിച്ചത്. ഓണാട്ടുകരയിൽ പ്രസിദ്ധമായിരുന്ന തട്ടേക്കാട് തറവാട്ടിൽ കെ.വി. ശങ്കരപ്പിള്ളയുടെയും പി. കാർത്തിയായിനിയമ്മയുടെയും ഏക പുത്രനായി 1935 സെപ്റ്റംബർ അഞ്ചിന് ആണ് ജനനം. കൃഷ്ണൻ നായർക്ക് മുത്ത മൂന്നു സഹോദരിമാരുമുണ്ടായിരുന്നു. പിതാവ് എക്സൈസ് ഇൻസ്പെക്ടറും നാട്ടുപ്രമാണിയുമൊക്കെ ആയിരുന്നു. പക്ഷേ, കൃഷ്ണൻ നായർക്ക് പതിന്നൊന്ന് വയസ്സ് ഉള്ളപ്പോൾ പിതാവ് മരിച്ചു.
മാവേലിക്കരയിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം എംജി കോളേജിൽ നിന്ന് ബി.കോം.; തുടർന്ന് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് എം.കോം. എന്നിവ നേടി; അക്കാലത്ത് ഹിന്ദി എം.എ.ക്ക് സിനിമാ നടൻ മധു ബനാറസിൽ വിദ്യാർത്ഥിയായി ഉണ്ടായിരുന്നു. ഇവരുടെ സൗഹൃദം ജീവിതാന്ത്യം വരെ നീണ്ടു നിന്നു.
എം.കോം. കഴിഞ്ഞ് നാട്ടിലെത്തിയ എസ്. കെ. നായർ, ആദ്യം മാർ ഇവാനിയോസ് കോളേജിലും പിന്നീട് പന്തളം എൻ.എസ്.എസ്. കോളേജിലും കോമേഴ്സ് ലക്ച്ചററായിരുന്നു.
ലക്ച്ചററായിരിക്കുമ്പോഴാണ് കൊല്ലത്തെ പ്രശസ്തമായ വെണ്ടർ കുടുംബത്തിലെ രാജലക്ഷ്മിയെ വിവാഹം കഴിക്കുന്നത്, അവർ തമ്മിലുള്ള ബന്ധം ഒരു കൊല്ലത്തോളമേ നീണ്ടുനിന്നുള്ളൂ. രാജലക്ഷ്മിയുടെ മരണശേഷം രാജലക്ഷ്മിയുടെ അനുജത്തിയായ പ്രേമകുമാരിയെ അദ്ദേഹം വിവാഹം ചെയ്തു. (രാജലക്ഷ്മിയുടെ ചിറ്റപ്പനാണ് ജനറൽ പിക്ച്ചേഴ്സ് രവീന്ദ്രൻ നായർ.)
വിവാഹശേഷം അധ്യാപകവൃത്തി ഉപേക്ഷിച്ചു കൊല്ലത്ത് താമസമാക്കി. ബിസനസ് ആരംഭിച്ചു. കശുവണ്ടി വാണിജ്യ മേഖലയിലേക്കാണ് കടന്നുവന്നത്. 'ന്യൂ ഇന്ത്യാ ഏജൻസീസ്' എന്ന കാഷ്യൂ ബ്രോക്കറേജ് സ്ഥാപനത്തിലൂടെ അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം വളർന്നു. 'ന്യൂ ഇന്ത്യ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ', 'ന്യൂ ഇന്ത്യാ പ്രിന്റേഴ്സ്', 'ന്യൂ ഇന്ത്യ പാക്കേജിങ് ഇൻഡസ്ട്രീസ്', 'ന്യൂ ഇന്ത്യ എഞ്ചിനീയറിംഗ് കോർപ്പറേഷൻ', 'ന്യൂ ഇന്ത്യ അഗർബത്തീസ്', 'നീല' എന്ന ആഡംബര ഹോട്ടൽ, ഡാലിയ ഇൻ്റർനാഷണൽ തുടങ്ങിയവയും സ്ഥാപിച്ചു. (എസ്.കെ. നായരുടെ അഗർബത്തി കമ്പനിയിൽ കുറച്ചുനാൾ ഗോപി കൊടുങ്ങല്ലൂർ ജോലി ചെയ്തിട്ടുണ്ട്; ഇദ്ദേഹം പിന്നീട് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സാരഥിയായി മാറി.) KLU 741 എന്ന നമ്പറോടു കൂടി ബെൻസ് കാറിൽ സഞ്ചരിച്ചിരുന്ന എസ്. കെ. നായർ അക്കാലത്തെ വ്യവസായ- സാംസ്ക്കാരിക രംഗത്തെ ഒരു പ്രമുഖനായിരുന്നു.

1969 മേയ് മാസത്തിലാണ് 'മലയാളനാട്' തുടങ്ങുന്നത്. ഇതിൻ്റെ ആരംഭത്തിനു മുമ്പുതന്നെ എസ്.കെ. നായർ, ഈ രംഗത്തെ പ്രമുഖരായ കൗമുദി ബാലകൃഷ്ണൻ, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരുടെ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്വീകരിച്ചു.
'മലയാളനാടി'ൻ്റെ വിജയത്തിനു ശേഷം അദ്ദേഹം, 'മലയാളനാട് സിനിമാ ദ്വൈവാരിക'; 'മലയാളനാട് രാഷ്ട്രിയ വാരിക'; 'മധുരം വാരിക' (1981മേയ്) എന്നിവയും തുടങ്ങി.
'മലയാളനാടി'ൽ എഴുതുകയും സാഹിത്യത്തിൽ ഉയരങ്ങൾ കീഴടക്കുകയും ചെയ്തവർ പോലും പിൽക്കാലത്ത് എസ്.കെ. നായർ എന്ന പത്രാധിപരെ ഏറെക്കുറെ വിസ്മരിച്ചു എന്നു പറയാതെ വയ്യ.
1981 ഡിസംബർ മുതൽ എസ്.കെ. നായർ 'നോക്കെത്താത്ത തീരങ്ങൾ' എന്ന ശീർഷകത്തിൽ 'മലയാളനാട്ടി'ൽ കോളം എഴുതിത്തുടങ്ങി. ഇതു പുസ്തകമാക്കാനുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നെങ്കിലും അതു നടന്നില്ല.
'മലയാളനാട്' ആരംഭിച്ച് അഞ്ചു വർഷത്തിനു ശേഷം (1974-ന് ശേഷം), എസ്. കെ. നായർ ചലച്ചിത്ര നിർമ്മാതാവുമായി: നാലു സിനിമകൾ നിർമ്മിച്ചു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത 'മുച്ചീട്ടുകളിക്കാരന്റെ മകൾ' (1975), പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ചെമ്പരത്തി' (1972 ) 'ചായം' (1973), 'മഴക്കാറ്' (1973) എന്നിവ. 'ചെമ്പരത്തി' എന്ന സിനിമ പി.എൻ. മേനോൻ്റെ കരിയർ ഗ്രാഫിലും മലയാള സിനിമ ചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ട ഒരു ചിത്രമായിരുന്നുവല്ലോ.
1983 ജൂലായ് 16-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് (48-ാം വയസ്സിൽ) അന്തരിച്ചു.
അതിനു ശേഷം, അദ്ദേഹത്തിന്റെ പത്നി പ്രേമാ നായർ മാനേജിങ് എഡിറ്ററും ചാത്തന്നൂർ മോഹൻ എഡിറ്ററുമായി ഒന്നോരണ്ടോ ലക്കം 'മലയാളനാട്' ഇറങ്ങി. പിന്നീട് 1984-ലും അത് പ്രസിദ്ധീകരിക്കാൻ ഒരു ശ്രമം കൂടി നടന്നു.

'മലയാളനാടും' 'എസ്. കെ. നായരും' ഇന്ന് ഏറെ ഓർക്കപ്പെടാറില്ല. അദ്ദേഹത്തിന് ഉണ്ടായിരുന്ന ചില ഋണബാദ്ധ്യതകൾ കൊണ്ടാണെന്ന് പറയപ്പെടുന്നു, അക്കാലത്തൊന്നും ആരും 'മലയാളനാട്' ഏറ്റെടുത്ത് നടത്താൻ മുന്നോട്ടു വന്നതുമില്ല.
എസ്.കെ. നായർ - പ്രേമാ നായർ ദമ്പതിമാർക്ക് മൂന്നു മക്കൾ: രാജീവ്, സജീവ്, ലക്ഷ്മി.