Image

ആത്മരഹസ്യം ( നോവൽ - 23 : മിനി ആന്റണി )

Published on 17 July, 2026
ആത്മരഹസ്യം  ( നോവൽ - 23 : മിനി ആന്റണി )


മറ്റേമ്മ മായക്കേറെ ഇഷ്‌ടുള്ള ഇലയട ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.  

"കഴിഞ്ഞോല്ലം വരട്ടി വച്ച പഴച്ചക്ക്യാ.  ആരും കഴിക്കാണ്ടായിട്ടല്ല.  ന്നാലും ശീലിച്ച ഓരോരോ കാര്യങ്ങളല്ലേ.  അതിപ്പോ ഉപകാരായി. നെനക്ക് തരാമ്പറ്റീലോ."

ഇലക്കീറിൽ അട പരത്തുന്നതിനിടെ അവർ പറഞ്ഞു.  മായയപ്പോൾ ആലോചിക്കുകയായിരുന്നു.  ഇതേ വരെ തൻ്റെ വരവന്വേഷിച്ചാരും ഇവിടേക്കെത്തിയില്ലല്ലോ എന്ന്.  ഹരി ഏതോ ഇൻ്റർവ്യൂവിന് പോയിരിക്കയാണ്.  വരുമ്പോൾ നേരം വൈകുമെന്നും അവനെ കൂട്ടാതെ നാടുചുറ്റാൻ പോകരുതെന്നും പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടുമുണ്ട്.

"പണ്ടെത്ര ആൾക്കാരാ ഇക്കണ്ടനേരം കൊണ്ട് ഇവിടെ വന്ന് പോവാറ്.  ഇതേവരെ ഒരാള് പോലും വന്നില്ലെന്നത് അതിശയം തന്നെ. ഞാൻ വന്നത് ആരും അറിഞ്ഞണ്ടാവില്യാലേ മറ്റേമ്മേ"

മായയുടെ ചോദ്യം കേട്ട് മറ്റേമ്മ ചിരിച്ചു.

"എത്ര കൊല്ലം കഴിഞ്ഞട്ടാ നീ വരണ്. പണ്ടാണെങ്കി നാട് മുഴോൻ വിശേഷറിയാൻ വന്നേനെ.  പക്ഷേ ….. നീ വളന്നേൻ്റൊപ്പം അത്തിക്കാവും വളന്നു. അതിൻ്റെ മാറ്റല്യാണ്ടിരിക്കോ ? വളരുമ്പോ ബുദ്ധി കൂടും. അറിവുണ്ടാവും. എന്നാലോ  അടുത്തൊള്ളോനെ അറിയാനൊള്ള അറിവ് മാത്രം  കീഴോട്ടാ  വളരാ .”

" മനയ്ക്കലെന്തൊക്കെണ്ട് വിശേഷം  മറ്റേമ്മേ?"

"നിൻ്റെ ആലോചനേം സങ്കടോം ഒക്കെ കഴിഞ്ഞട്ടാവാം വിശേഷം പറയലെന്നെച്ചിട്ടാർന്നു.  പിന്നെ അത്ര നല്ലതൊന്നും  പറയാനൂല്ല്യ.  മനയ്ക്കല് ….. പഴയ പ്രതാപൊന്നൂല്ല്യ.  ക്ഷയിച്ചു.  ഉമ ഇപ്പളും  മനയ്ക്കെ പോവും.  എടയ്ക്ക് വരുമ്പോ അവടത്തെ വിശേഷങ്ങള് പറയല്ണ്ട്.  രണ്ട് നമ്പൂര്യാരും മരിച്ചു. കുഞ്ഞാത്തോല് കെടപ്പിലാപ്പോ. "

"പാപ്പുമാഷ്…… “

“മൂത്തത് അയാളാരുന്നുലോ.  വണ്ടി തട്ട്യാ മരിച്ചത്.  വല്യമ്മ മരിക്കണേലൊക്കെ മുമ്പാ . ഒരിക്കെ സൂദ്രേനെ കാണാൻ ഇവ്ടെ വന്നണ്ടായി.  കൊറേ സങ്കടപ്പെട്ടു.  അത്തിക്കാവിനെ ഓർത്ത്.   സൂദ്ര സംസാരം തീരെ കൊറച്ച കാലത്താ.  എന്നാലും പാപ്പുമാഷോട് എന്താണ്ടൊക്കെ പറയ്ണ്ടാർന്നു.  കാലം ആവശ്യപ്പെടണ മാറ്റങ്ങളല്ലേ ഓരോന്നും.  എല്ലാം അതാത് കാലത്ത് നടക്കാണ്ട് വെയ്ക്കോ!"

“പാപ്പുമാഷിൻ്റെ മോള് … ജാനകി….. ഇവടെ വരണവരെ ആരേം കാണണ്ടാന്നാർന്നു.  പക്ഷേ …. ഇപ്പോ എല്ലാരേം കാണാൻ തോന്നണു . സുമന . അവളെ ഞാനെപ്പഴും ഓർക്കും…. "

"ജാനകി കൊറേ പഠിച്ചു.  കല്യാണം കഴിച്ച് പോയത് കൊറച്ച് ദൂരേക്കാ.  പിന്നെ ഡല്ലീലാരുന്നുന്ന്  കേട്ടു. പിന്നേം കൊറേ കഴിഞ്ഞപ്പോ തിരിച്ച് മനേല് വന്നു. ഒരാങ്കൊച്ച് ണ്ട് .  ഡൈവോഴ്‌സായതൊക്കെ  ഇവടെ വല്ല്യ ചർച്ച ആരുന്നു .  പക്ഷേ സ്വന്തം കാലി നിക്കാൻ പ്രാപ്‌തി ഒള്ള കുട്ട്യാ.  മോൾടെ  കാര്യത്തില് മാഷ്ക്ക് അത്ര വെഷമൊന്നും  ഇണ്ടാർന്നില്ല.  ഇപ്പോ  ഇന്ത്യ വിട്ട് ദൂരത്തെങ്ങാണ്ടോ ആണ്.
മ്മടെ സുമനേടെ  കൊച്ചിൻ്റെ കാര്യാ  കഷ്ടം.  അതിന് യോഗല്ല്യാണ്ട് പോയി.  അമ്മ പോയിട്ട് പോലും അച്ഛൻ തിരിഞ്ഞോക്കീട്ടില്യ. "

" അപ്പൊ സുമന…i "

"സൂക്കേട്കാരി  അല്ലാർന്നോ. ഹാർട്ടിനല്ലേ പ്രശ്‌നം.  എന്നാലും അത്രപെട്ടന്ന്  പോവുംന്ന് ആരും കരുതീതല്ല.  ഇരുപത്തഞ്ച്  തെകക്കാൻ പറ്റില്ല ൻ്റെ മോൾക്കെന്ന് അവൾടമ്മ ആയെടക്കൊക്കെ സങ്കടം പറയാരുന്നു.  അവൾടെ മോള് മിടുക്ക്യാ.   ഇപ്പ വല്ല 
കുട്ട്യായി. "

സുമനയുമൊത്തുള്ള  എത്ര ഓർമ്മകളാണ്.  അവളെ എത്ര വേദനിപ്പിച്ചിരിക്കുന്നു.  പ്രത്യേകിച്ചും ബാഷയുടെ കാര്യത്തിൽ. അവനോടൊപ്പമായിരുന്നെങ്കിൽ ഒരു പക്ഷേ അവളിപ്പോഴും ജീവിച്ചിരിക്കുമായിരുന്നോ?  

മറ്റേമ്മ പറഞ്ഞപോലെ വലുതാകുമ്പോൾ, അറിവുണ്ടാകുമ്പോൾ ഒക്കെയാണ് എൻ്റെതെന്നും നിൻ്റെതെന്നും എനിക്കെന്നും നിനക്കെന്നുമൊക്കെയുള്ള  ചിന്തകളിലേക്കെത്തുന്നത്.  റൈനു ഇടയ്ക്കിടെ പറയാറുണ്ട്  "ഇപ്പോഴത്തെ കുട്ടികളൊന്നും കുട്ടികളേയല്ല.  .മൂന്ന് വയസ്സിന് താഴെയുള്ളവരെ കുട്ടികളെന്നും അതിന് മുകളിൽ മുതിർന്ന കുട്ടികളെന്നും  ഒരു പത്ത് വയസ്സ് കഴിഞ്ഞാൽ പ്രായമായ കുട്ടികളെന്നും  കുട്ടികളെ തരം തിരിക്കണമെന്ന്.

ഇക്കാലത്തെന്നല്ല  പണ്ടാണെങ്കിലും അതങ്ങനെയായിരുന്നില്ലേ.  ഒരു കുട്ടിയുടെ സ്വഭാവമായിരുന്നോ തനിക്കന്നുണ്ടായിരുന്നത്.  എന്തൊരു കുശുമ്പുള്ള മനസ്സായിരുന്നു.   ബാഷയെ കാണുമ്പോഴൊക്കെ, അവൻ്റെ പെരുമാറ്റം കാണുമ്പോഴൊക്കെ മനസ്സിലൊരു കുത്തലായിരുന്നു ആദ്യമൊക്കെ. അവനെപ്പോലെ നല്ലതാവാൻ പറ്റീലല്ലോ എന്നോർത്ത്.  അതും ഒരുതരം കുശുമ്പായാണ് പുറത്ത് വന്നിരുന്നത്.  ആ കുനുഷ്ടിൻ്റെ പുറത്തേക്കെടുക്കുന്നതിൻ്റെ വേദന  സുമനയടക്കമുള്ള എല്ലാവരും അറിഞ്ഞിട്ടുണ്ട്.

" നുള്ളിമായ "  എന്ന ഇരട്ടപ്പേര്  ചിരിച്ചുകൊണ്ടോർത്തു.  അത്തിക്കാവിലെത്തിയപ്പോൾ മനസ്സിലെ മുറുക്കം തീരെയില്ലാതായതും  പഴയപോലെ തുറന്നു ചിരിക്കാനാവുന്നതുമറിഞ്ഞ് മായ സ്വയമത്ഭുതപ്പെട്ടു.

“ കുട്ട്യേ….."  മറ്റേമ്മയുടെ വിളി ഗൗരമാർന്നിരുന്നു. പ്രധാനപ്പെട്ട എന്തോ ഒന്ന്  പറയാനുണ്ടാകും.

"സൂദ്ര പോയേന് എനിക്ക് സങ്കടൊന്നൂല്യ. എപ്പഴായാലും മരിക്കണ്ടേ. ചെയ്യാൻ ഒന്നൂല്യാത്ത അവസ്ഥേല് ജീവിക്കണതാ കഷ്‌ടം. പക്ഷേ അയാള് ഈ വീടും സ്ഥലോം ഹരീടെ പേരില് എഴുതി വച്ചതാ ഒരത്ഭുതം. രണ്ടുമൂന്ന് കൊല്ലായിട്ട് ആ ഹെൻത്ത്സെൻ്ററ് വരെല്ലാണ്ട് പൊറത്തെറങ്ങീട്ടില്ല.  അതിനും മുന്നേ ചെയ്തെങ്കി  എന്നോട് പറയണ്ടതാ. പക്ഷേ…. പറഞ്ഞില്ല. ഹരീടെ പേരിലെഴുതാ സുരക്ഷിതം എന്ന് ചെലപ്പോ തോന്നിക്കാണും.  കുടുംബക്കാരും നാട്ടുകാരും പറയണത് മോഹ്നൻ്റെ കുതന്ത്രാന്നാ .  അവര് പറയണപോലെ …. ഇവടന്ന് കൊണ്ടോവുമ്പോ ശ്വാസം മാത്രേണ്ടാർന്നുള്ളൂ. പോണവഴിക്ക്  അതും കൂടി നിക്കാൻ അവൻ സഹായിച്ചെങ്കി  അതൊരു സത്കർമ്മായി കണക്കാക്കാം. എന്താ… ?  

അതൊന്നും അല്ല എന്നെ വെഷമിപ്പിച്ചെ. ഏറ്റം മൂത്തോര് വേണ്ടേ കർമ്മം ചെയ്യാൻ. നാട്ടുനടപ്പ്  അതാണല്ലോ.  പത്തനംതിട്ടേലെ ചെറ്യമ്മേടെ മോനില്ലേ. സുരേഷ്. അവൻ ഇട്ട ഭർഭമോതിരം ഇട്ടതാർന്നു.  പിന്നെ ഊരിക്കളഞ്ഞ് അവൻ്റെ വഴിക്ക് പോയി.  പിന്നെ അടുത്ത ചെറ്യമ്മേടെ മോൻ .  അവനൊട്ട് കൂട്ടാക്കില്ല്യ.  സ്വത്ത് ഹരിക്കല്ലേന്ന്. അവസാനം ഹരിതന്നെ ചെയ്തു എല്ലാം . ഇതിലൊന്നും  സൂദ്രക്ക് വിശ്വാസല്ല്യാത്തതാ.  ചത്താ പിന്നെ എന്ത് ചെയ്തട്ടെന്താ ? എന്നാലും  അവർക്കൊക്കെ വേണ്ടി  എന്ത് കഷ്ടപ്പെട്ടതാ . ജീവിച്ചിരിക്കണോർക്ക് അതറിയാലോ… അയാൾടെ അനിയത്തിമാർക്കെങ്കിലും "

മായക്കൊന്നും പറയാനുണ്ടായിരുന്നില്ല.  

മൂന്നാംക്ലാസിൽ പഠിപ്പ് നിർത്തിതാണ് വല്യമ്മ.  അന്ന് തൊടങ്ങി പറ്റണ ജോലി ചെയ്ത് ഇളയോറ്റങ്ങളെ നോക്കി. പഠിപ്പിച്ചു.  പഠിക്കാൻ മിടുക്കൊള്ള മൂന്നാള് ടീച്ചർമാരായി.  എടയ്ക്ക് വേനൽപൂട്ടിന്  വരും.  മക്കളും ഭർത്താക്കൻമാരും അടക്കം. കളിക്കാൻ ആൾക്കാരെ കിട്ടണോണ്ടും ആ സമയത്ത് കൂർപ്പിച്ച കണ്ണുകൾക്ക് മുൻപിൽ ബാഷ അന്യനെപ്പോലെ നിൽക്കുന്നത് കാണാമെന്നതുകൊണ്ടും  അവരുടെ വരവ് ഇഷ്‌ടമായിരുന്നു. ആദ്യമൊക്കെ.  പക്ഷേ പിന്നീടതൊരു ശല്യമായി.  വരാത്ത അച്ഛനെ പറ്റി ഓരോരുത്തരും മാറിമാറി ചോദിച്ചതാണ് കാരണം.എല്ലാ വർഷവും  വഴക്കും ബഹളോം ആവർത്തിക്കുന്നത് കണ്ട് "വന്നാ ഒന്നോ രണ്ടോ ദിവസം. അത് കഴിഞ്ഞാ പൊക്കോണം. " എന്ന് പറഞ്ഞ് വല്യമ്മ ആ വരവ് നിർത്തിച്ചപ്പോഴാണ് സ്വസ്ഥമായത്

ഹരി നല്ലവനാണെന്ന് മറ്റേമ്മ മുമ്പേ പറഞ്ഞിരുന്നു. അവൻ്റെ പെരുമാറ്റത്തിലും അത് പ്രകടമാണ്.  വാടകക്കാരെ ഒഴിപ്പിച്ച് തറവാട് പൊളിച്ച് പണിയാനായിരുന്നു മോഹനൻ ചെറിയച്ഛൻ്റെ ഉദ്ദേശ്യം.  തറവാടെന്ന പേര് മായ്ച്ച് കളയാനായിരിക്കാം.  പുതിയൊരു വീട്ടിലായിരുന്നെങ്കിൽ ഇതേ സ്വാതന്ത്ര്യം അത്ഭുപ്പെടുമായിരുന്നോ?  പരിചയമില്ലാത്ത ഒരിടത്ത് മറ്റേമ്മയെ കണ്ടുമുട്ടുന്ന തോന്നലായിരുന്നേനെ അപ്പോൾ.  ഹരി ഇതെൻ്റെ വസ്തുവാണെന്നും ഇതിൽ തൊട്ടൊരു കളി വേണ്ടെന്നും ഉറച്ച് പറഞ്ഞതിനാലാണ് ചില്ലറ കശപിശയുണ്ടാക്കിയെങ്കിലും  ചെറിയച്ഛൻ  താഴ്ന്നത്.  വേണ്ടിടത്ത് താഴാനും ഉയരാനും  ഉള്ള മിടുക്ക് അയാൾക്ക് പണ്ടേയുണ്ട്.

ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് ഉമചെറിയമ്മയുടെ കല്യാണം. പഴുതാരമീശയുള്ള ഒരു പൊക്കക്കാരൻ.  വടക്കുംഞ്ചേരിയിലെ ചെറ്യമ്മേടെ ബന്ധക്കാരനാണ്. ഉമച്ചെറിയമ്മ അന്നൊക്കെ വടക്കുംഞ്ചേരിയിലെ ചെറ്യമ്മേടെ വീട്ടിലാണ് താമസിച്ചിരുന്നത്.  ആ ചെറ്യമ്മക്ക് സ്‌കൂളിൽ ജോലിയുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികളെ നോക്കാൻ കൊണ്ടുപോയതാണ്.  പിന്നീട് രണ്ടുപേരും അത്തിക്കാവിൽ വന്ന് വല്യമ്മേടെന്ന് ഓഹരി വാങ്ങി  ഇവിടെ താമസമാക്കി.  പ്രണയമിഥുനങ്ങളെപ്പോലുള്ള അവരുടെ സഞ്ചാരം അന്നിവിടെ പ്രസിദ്ധമായിരുന്നു.  

"ഈ ഉമചെറ്യമ്മേടെ നടപ്പ് കാണുമ്പ നിനക്ക് വല്ലതും തോന്നണുണ്ടോ ? ചൊമന്ന വലിയ പൊട്ടും  വഴുക്കവട്ടമോറും കാതിലെ ലോലാക്കും  കൊറേ കുപ്പിവളേം .  എന്തേലും തോന്ന്ണ്ടോ നെനക്ക് ? ”  ഒരു ദിവസം ബാഷയോട് ചോദിച്ചു.

"മായേ… അവരെന്തിട്ടാ നിനക്കെന്താ ?  അതവരടെ ഇഷ്ടല്ലേ."

" എന്നാലും …. ഈ നാട്ടുകാരൊക്കെ കളിയാക്കാൻ വേണ്ടീട്ട്…. "

"ചെറിയച്ഛന് കൊഴപ്പല്ല്യല്ലോ.  പിന്നെന്താ?  മായേ  നീ കൊറേ മാറാന്ണ്ട് .  മറ്റൊള്ളോരടെ കാര്യത്തില് എടപെടാണ്ടിരിക്ക എന്നതൊരു സാമൂഹ്യബോധാ . "

"ആ …. ഒരു ചെറ്യച്ഛൻ വന്നേക്കണു. ഒരു കുറുക്കനാന്നാ എല്ലാരും പറയണെ.   ആ പഴുതാരമീശ്യാ  ഇതൊക്കെ വാങ്ങിക്കൊടത്ത് അണിയിച്ചൊരുക്കണെ. പാതിരാത്രി ഭാര്യേം ഭർത്താവും അണിഞ്ഞൊരുങ്ങി  പുട്ടുണ്ടാക്കി തിന്നണത് ഞാനീ കണ്ണോണ്ട് കണ്ടതാ.  ഒരുവ്സം അവടെ  ഒറങ്ങാൻ പോയപ്പോ .  "

അന്ന് ബാഷ കൊറേ അവരെ ന്യായീകരിച്ചെങ്കിലും   ഉമചെറ്യമ്മേടെത്  വേഷംകെട്ടലായിത്തന്നെ കരുതാനേ  ഏത് കാലത്തും പറ്റിയിരുന്നുള്ളൂ.

മറ്റേമ്മ സംസാരങ്ങളിൽ ബാഷയെപ്പറ്റി എന്തെങ്കിലുമൊക്കെ പറയുമെന്ന് മായ ഓരോ സമയവും പ്രതീക്ഷിച്ചു.  നാട്ടിലേയും വീട്ടിലേയും പല വിശേഷങ്ങളും പറഞ്ഞെങ്കിലും ബാഷയുടെ ഒരു കാര്യവും  പറയുകയുണ്ടായില്ല.  ഒരുപക്ഷേ  മനപ്പൂർവ്വമായിരിക്കാം.

പറയരുതെന്ന് കരുതുന്ന കാര്യങ്ങൾ മറ്റേമ്മ പറയുകയേയില്ല. പണ്ട് ബാഷയുടെ വരവും ഇവിടുത്തെ താമസവും സംബന്ധിച്ച കാര്യങ്ങളറിയാൻ  മറ്റേമ്മയുടെ പിന്നാലെ നടന്നിട്ടുണ്ട്.  അറിഞ്ഞുവെച്ചിട്ട് അവനെ വേദനിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. അന്ന് അമ്മയും അതേക്കുറിച്ച് ഒന്നും പറയാറില്ല. വല്ല്യമ്മയോട് ചോദിക്കാൻ പേടിയുമായിരുന്നു.

പിന്നീട് ബാഷ തന്നെയാണ് അവൻ്റെ കഥയും വിസ്തരിച്ച് പറഞ്ഞു തന്നിട്ടുള്ളത്.  

ഒരു ദിവസം ബാഷയുടെ ഉമ്മ അവനെയും കൊണ്ട് വല്യമ്മയുടെ വീട്ടിൽ വന്നതും
“ഇബ്നെ ഒന്ന് നോക്കിക്കാളി . പൊരയ്ക്കെ തനിച്ചിരുത്താൻ പേടിച്ചിട്ടാ കൂടെ കൂട്ടിത്. കുട്ടി നന്നായി ക്ഷീണിച്ചേക്ക്ണ്. അതാ.  ഞാനിപ്പ വരാം. ബ്ടെ അടുത്ത് ഒരാളെ കാണാന്ണ്ടേ.”  എന്ന് പറഞ്ഞ് മറ്റേമ്മയുടെ അടുത്ത്  ബാഷയെ ഏൽപിച്ച് പോയതുമായ  കഥ.  

അന്ന് ആ കഥ കേൾക്കുന്ന സമയത്ത്  അവനുമായി സ്‌നേഹത്തിലായിരുന്നു. എത്രത്തോളം വെറുത്തോ അതിൻ്റെ പത്തിരട്ടിയോളം സ്‌നേഹത്തിലായിരുന്നു.

“നിങ്ങക്ക്  ഉപ്പേനെ ഓർമ്മേണ്ടോ? അതോ എൻ്റച്ഛനെപ്പോലെ ഇട്ടേച്ച് പോയോ? ഒരിക്കൽ ക്യൂറിയോസിറ്റി കൊണ്ട്  ചോദിച്ചു.

“ഒരു മീശക്കാരനായിരുന്നു.  വല്ലപ്പഴും വന്നു പോകുന്ന ഓരോർമ്മേണ്ട് “

സെയിം പിച്ച് . എൻ്റച്ഛനും മീശക്കാരനാരുന്നു. എൻ്റച്ഛനും നാടുവിട്ട് പോയി. പിന്നെ ഒന എനിക്ക് ഒരമ്മയല്ലേ ഉള്ളൂ. നിനക്കിപ്പോ രണ്ട് അമ്മമാര് ണ്ടല്ലോ. അത് മതി.“ എന്നവനെ  ആശ്വസിപ്പിച്ചെങ്കിലും  നല്ലൊരു ഉപ്പ അവനുണ്ടായിരുന്നെങ്കിലെന്ന്, എന്നെങ്കിലും അവനെയന്വേഷിച്ച്  വന്നിരുന്നെങ്കിലെന്ന് ഉള്ളിലാഗ്രഹിച്ചിരുന്നു.  എന്തിനാണ് അങ്ങനെ ആഗ്രഹിക്കുന്നത് എന്നറിയില്ലെങ്കിലും  വെറുതെയങ്ങനെ ആഗ്രഹിച്ചു.

ഹരി തിരിച്ചെത്തി.  ഇൻ്റർവ്യൂ വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവൻ്റെ മുഖം വിളിച്ച് പറഞ്ഞു. അതുകൊണ്ട്  കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല.

വെയിൽ മങ്ങിയപ്പോൾ പതുക്കെ പുറത്തേക്കിറങ്ങി. ഹരി കൂടെ വരാനൊരുങ്ങിയപ്പോൾ തടഞ്ഞു.

"ഇന്ന് ദൂരക്കൊന്നും പോണില്ല ഹരി. ഇവടെ അടുത്തൊക്കെ ….. മറ്റന്നാളേ മായേച്ചി പോണൊള്ളോ . നാളെ നമുക്കൊന്നിച്ച് കറങ്ങാടാ… "

എന്തുകൊണ്ടോ അവനപ്പോൾ പിന്തിരിഞ്ഞു. ദീർഘയാത്രയോ മനസുഖമില്ലായ്മയോ .  എന്തോ ഒന്നവനെ  ഉത്സാഹരഹിതനാക്കിയിരിക്കുന്നു.

മറ്റേമ്മ ഒരു തോർത്ത് പുതച്ച് ഓടിയെത്തി.

“കുട്ടി തനിച്ച് പോണ്ട.”

“അതെന്താ മറ്റേമ്മേ…. എനിക്കറിയാത്ത വഴിയൊന്നും അല്ലല്ലോ?”

അല്ല. എന്നാലും...... “ എന്നു പറഞ്ഞ് ഒപ്പം നടന്നു.

"ഹരിക്ക് ഒരു ജോലി വേണംന്ന വല്യ ആഗ്രഹാ ഇപ്പോ .  അച്ഛനോടുള്ള വാശിക്കാണെങ്കിലും അത് നല്ലതാ. ഇന്നത്തെ  ശരിയായിണ്ടാവില്ല.  അതാ ഒരു ഉഷാറില്ലാത്തെ.

"അവൻ റെസ്‌റ്റെടുക്കട്ടെ മറ്റേമ്മേ."

പഴയ വീടുകൾ ഒന്നും കാണാനില്ല.  എവിടെയും പുതുമയാണ്.  മതിലുകൾ. ഗെയ്റ്റുകൾ.  പുറത്തൊന്നും ആരേയും കാണാനില്ല.  കണ്ട  ചിലരെയൊന്നും മായക്ക് മനസ്സിലായതുമില്ല.  

“ പണ്ടത്തെ പാടം ഒക്കെ ഇപ്പ പറമ്പായി. “  കുറച്ച് മുന്നോട്ട് പോയപ്പോൾ മറ്റേമ്മ ചൂണ്ടിക്കാണിച്ചു.

ശരിയാണ്.  പണ്ടവിടെ  പാടമായിരുന്നു.  ഇപ്പോൾ  അങ്ങനെയൊരു പാടം ഉണ്ടായിരുന്നതിൻ്റെ ലക്ഷണം പോലുമില്ല. നിറയെ തെങ്ങും കവുങ്ങും മറ്റു മരങ്ങളും നിറഞ്ഞിരിക്കുന്നു.  ഈ പാടത്തിൻ്റെ അങ്ങേയറ്റത്ത്  അമ്മയ്ക്ക് കുറച്ച് കൃഷിഭൂമിയുണ്ടായിരുന്നു.  അച്ഛൻ നാടുവിട്ടപ്പോൾ  ചെലവ് കഴിയാൻ അച്ഛാച്ഛൻ  വാങ്ങി കൊടുത്തതാണ്.  പോകും മുൻപ് അത് കിട്ടിയ വിലയ്ക്ക് കൊടുക്കുകയായിരുന്നു.

പാടം പിന്നിട്ട് പതുക്കെ മുന്നോട്ട് നടന്നു.  ഇനിയൊരു വളവുതിരിഞ്ഞാൽ  സ്വന്തം വീടാണ്.  മനപ്പൂർവം  വീടിരുന്ന സ്ഥലത്തേക്ക് നോക്കിയതേ ഇല്ല. പക്ഷേ അവിടെയെത്തിയപ്പോൾ…..

പടിക്കലെ പേരമരവും കെട്ടാത്ത കിണറിനു ചുറ്റും പൂത്ത് നിൽക്കുന്ന  വെള്ള ചെമ്പരത്തിയും…. ഭൂതകാലത്തിൻ്റെ ഭാരമേറി  കനം വച്ച കാലുകൾ വലിച്ചു വെച്ച്   മുന്നോട്ട് തന്നെ നടന്നു.

"കുട്ട്യേ... എന്തിനാ ഈ ബലംപിടുത്തം.  ഈ വീട് നിന്നെയും കാത്ത് കെടക്കാ ഇപ്പഴും. “

ജനിച്ച് വളർന്ന വീട്. അച്ഛൻ പണിതതാണ്.  മുറ്റത്തെ കിണർ . അതും അഛൻ കുത്തിയതാണ്.

“നമ്മോട് സ്നേഹംല്ലെങ്കി  ഇതൊക്കെ ചെയ്യ്വോ?”  പലപ്പോഴും അമ്മ അച്ഛനെ ന്യായീകരിക്കുന്നതങ്ങനെയാണ്.

അച്ഛൻ തന്നെയാണ് വല്യമ്മയിൽ നിന്ന് തല്ലുണ്ടാക്കി  ഈ സ്ഥലം നേടിയതും..

വല്യമ്മയുടെ അനുവാദത്തോടെയല്ല അമ്മ അച്ഛനൊപ്പം പോയത്

“ വേന്ദ്രനാ അവൻ. നിൻ്റച്ഛൻ. ഞാൻ പണ്ടേ നിൻ്റെമ്മോട് പറഞ്ഞതാ. ശാരദേ … വേണ്ട. ഇത് നെനക്ക് നല്ലത് വരുത്തില്യാ…ന്ന്. കേട്ടില്ലവള്.  അനുഭവിക്കട്ടെ.“  

എത്രയോ വട്ടം ഈ പറച്ചിൽ കേട്ടിരിക്കുന്നു.  അച്ഛൻ അമ്മേടെ അവകാശം ചോദിച്ച് വഴക്കിട്ടപ്പോഴും വല്യമ്മ അതാവർത്തിച്ചു.

“ ആ വേന്ദ്രന് വേണ്ടിട്ടല്ലേ? ശാരദേ …. ഒരു സെൻ്റ് ഭൂമി ഞാൻ തരില്ല്യ.

അവസാനം മറ്റേമ്മ ഇടപ്പെട്ടതുകൊണ്ട്   “ മായക്കുട്ടീടെ പേരിലാണെങ്കി എഴുതാം” എന്ന് സമ്മതിച്ചു.

അതുകൊണ്ടാണ് ഇവിടം വിടുമ്പോൾ അമ്മയ്ക്കിത്  വിൽക്കാൻ കഴിയാതിരുന്നത്.. ഈ വീട്ടിൽ സന്തോഷിപ്പിക്കുന്ന ഒരോർമ്മയുമില്ല. തെളിച്ചമില്ലാത്ത കുറേ കഥകൾ.  അതുണ്ടാകും ഈ ചുമരുകൾക്ക് പറയാൻ.

“കുട്ട്യേ. പഴേതൊക്കെ മറക്ക്വ.  നിൻ്റെ അച്ഛനോടുള്ള സ്നേഹം കൊണ്ടാ ശാരദ…. കുട്ടിടെ മനസ്സില്  അച്ഛൻ എപ്പഴും നന്നായിരിക്കണം എന്നായിരുന്നു അവൾക്ക്. ആ സംസാരം തുടർന്ന് കേൾക്കാൻ ആഗ്രഹമില്ലാത്തതിനാൽ പെട്ടെന്നിങ്ങനെ  പറഞ്ഞ് മുന്നോട്ട് നടന്നു..

"മറ്റേമ്മ ഇവിടെ നിന്നോ.. ഞാൻ മുകളിലൊക്കെ ഒന്ന് നടന്ന് വേഗം വരാം.”

"കുട്ട്യേ... അവടൊന്നും ഇപ്പഴും ആരും ഇല്ലാട്ടോ. " പുറകിൽ നിന്ന് മറ്റേമ്മ വിളിച്ച് പറഞ്ഞു.  

( തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക