
വാഷിങ്ടൺ: ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിൽ നിർണായക മുന്നേറ്റമായി വിലയിരുത്തപ്പെടുന്ന പുതിയ കൊളസ്ട്രോൾ നിയന്ത്രണ ഗുളികയ്ക്ക് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകി. മരുന്ന് നിർമാതാക്കളായ മെർക്ക് വികസിപ്പിച്ച എൻലിസിറ്റൈഡ് എന്ന മരുന്ന് ലിപ്ഫെൻഡ്ര എന്ന പേരിലാണ് വിപണിയിലെത്തുന്നത്.
ദിവസത്തിൽ ഒരിക്കൽ കഴിക്കേണ്ട ഈ ഗുളിക ശരീരത്തിലെ ദോഷകരമായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകളേക്കാൾ കൂടുതൽ ഫലപ്രദമായി എൽഡിഎൽ കൊളസ്ട്രോൾ 50 മുതൽ 60 വരെ, ചിലരിൽ അതിലും താഴെയെത്തിക്കാൻ ഈ മരുന്നിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു.
പിസിഎസ്‌കെ9 എന്ന പ്രോട്ടീനിന്റെ പ്രവർത്തനം തടഞ്ഞാണ് മരുന്ന് പ്രവർത്തിക്കുന്നത്. ഇതേ രീതിയിൽ പ്രവർത്തിക്കുന്ന കുത്തിവയ്പ് മരുന്നുകൾ നിലവിലുണ്ടെങ്കിലും അവയുടെ വില കൂടുതലാണ്. പ്രതിമാസം 500 മുതൽ 600 ഡോളർ വരെയോ അതിലധികമോ ചെലവാകുന്ന ഈ മരുന്നുകൾ ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും കുത്തിവയ്പിനോടുള്ള മടിയും കാരണം അർഹരായ രോഗികളിൽ വളരെ കുറച്ചുപേർ മാത്രമാണ് ഉപയോഗിക്കുന്നത്.
ലിപ്ഫെൻഡ്രയുടെ 30 ദിവസത്തെ ചികിത്സയ്ക്ക് 315 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മരുന്ന് വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെയും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെയും പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ശരാശരിയേക്കാൾ കൂടുതൽ സാധ്യതയുള്ളവർ എൽഡിഎൽ കൊളസ്ട്രോൾ 70-ൽ താഴെയും, ഉയർന്ന അപകടസാധ്യതയുള്ളവർ 55-ൽ താഴെയും നിലനിർത്തണമെന്നാണ് നിർദേശം.
2,912 പേരിൽ നടത്തിയ 24 ആഴ്ച നീണ്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ലിപ്ഫെൻഡ്ര എൽഡിഎൽ കൊളസ്ട്രോൾ 60 ശതമാനം വരെ കുറച്ചതായി കണ്ടെത്തി. മരുന്ന് ഉപയോഗിച്ചവരിലും പ്ലാസിബോ ഉപയോഗിച്ചവരിലും പാർശ്വഫലങ്ങളിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയില്ലെന്നും പഠനം വ്യക്തമാക്കുന്നു.
കുത്തിവയ്പ് മരുന്നുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയും ഗുളിക രൂപത്തിലുള്ള ഉപയോഗസൗകര്യവും കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുമെന്ന് ഹൃദ്രോഗ വിദഗ്ധർ പ്രതീക്ഷ പ്രകടിപ്പിച്ചു. കൊളസ്ട്രോൾ നിയന്ത്രണത്തിലും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിലും ഈ മരുന്ന് പുതിയ പ്രതീക്ഷയാകുമെന്നാണ് ആരോഗ്യരംഗത്തിന്റെ വിലയിരുത്തൽ.