Image

ഫാമിലി & യൂത്ത് കോൺഫറൻസ് വൈവിധ്യവും ആവേശകരവുമായ രണ്ടാം ദിവസം

-ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ Published on 17 July, 2026
ഫാമിലി & യൂത്ത് കോൺഫറൻസ് വൈവിധ്യവും ആവേശകരവുമായ രണ്ടാം ദിവസം

ദൈവിക സ്നേഹത്തിന്റെ അചഞ്ചലവും ഊഷ്മളവും ഭക്തിനിർഭരവുമായ സന്ദേശവുമായി മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രണ്ടാം ദിനം  പ്രൗഢഗംഭീരമായി.  പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്റർ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് വ്യാഴാഴ്‌ച വൈവിധ്യമാർന്ന ആത്മീയ-യുവജന പരിപാടി കളാൽ  ആവേശകരവും ഭക്തിനിര്ഭരവുമായി.

രാവിലെ 6:30-ന് ലിങ്കൺ തിയേറ്ററിൽ മലയാളം പ്രഭാത നമസ്കാരവും വീറ്റ്‌ലാൻഡിൽ ഇംഗ്ലീഷ് പ്രഭാത നമസ്കാരവും നടന്നു. തുടർന്ന് 7 മണിക്ക് ലിങ്കൺ തിയേറ്ററിൽ  ഫാ. ഡോ. ബാബു കെ. മാത്യു 109-ാം സങ്കീർത്തനം 105-ാം വാക്യത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ വചന സന്ദേശം നൽകി. "നിന്റെ വചനം എന്റെ കാലുകൾക്കു ദീപവും എന്റെ പാതയ്ക്കു  പ്രകാശവും ആകുന്നു" എന്ന തിരുവചനം കോൺഫറൻസിനെ സംബന്ധിച്ച് ഏറെ പ്രസക്തമായി. ഈ കോൺഫറൻസ് വരുംദിവസങ്ങളിൽ ജീവിതത്തിന് വലിയൊരു പ്രകാശമായി മാറുവാൻ തക്കവണ്ണം നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ദൈവം നമ്മെ ഏവരെയും ഇടയാക്കട്ടെ എന്ന് ഫാ. ഡോ. ബാബു കെ. മാത്യു ഓർമ്മിപ്പിച്ചു.

സന്ദേശത്തിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ അച്ചൻ വ്യക്തമാക്കി. ഒന്നാമതായി, വിശ്വാസത്തിൽ ആഴപ്പെടുവാൻ 'വളക്കൂറുള്ള മണ്ണും', രണ്ടാമതായി തിന്മകളിൽ നിന്നും തളർച്ചകളിൽ നിന്നും നമ്മെ കാത്തുസൂക്ഷിക്കാൻ ഒരു സംരക്ഷണവും നമുക്ക് ആവശ്യമുണ്ട്. ഈ രണ്ടു കാര്യങ്ങളും നമുക്ക് ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. ദൈവത്തിൽ നിന്ന് മാത്രമേ യഥാർത്ഥ സംരക്ഷണവും ആത്മീയ വളർച്ചയും കൈവരിക്കാനാകൂ. ഇത്തരം കോൺഫറൻസുകളിലൂടെയും കൂട്ടായ്മകളിലൂടെയുമാണ് ഇതൊക്കെയും നമുക്ക് സാധ്യമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീറ്റ്‌ലാൻഡിൽ ഫാ. ജെറി വർഗീസ് ഇംഗ്ലീഷിൽ വചനസന്ദേശം നൽകി. ഗായക സംഘത്തിൽ തീം സോങ് എഴുതി, സംഗീതം പകർന്നു ജോസഫ് പാപ്പൻ (റെജി) എഴുതിയ ഗാനം "മണ്ണിൽ നിന്നു എൻ ജീവനെ നീ രൂപപ്പെടുത്തി"  എന്ന മനോഹര ഗാനവും, റെജി തന്നെ എഴുതിയ "ദൈവ കൃപയിൽ" എന്ന ഗാനവും " കൂടാതെ വന്ദനം യേശു പരാ " എന്ന ഗാനവും ആസ്വാദകരുടെ മനം കവർന്നു.

9ന് ലിങ്കൺ തിയേറ്ററിൽ ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡ് (റഷ്യൻ ഓർത്തഡോക്സ്‌)  പ്രഭാത സന്ദേശത്തിൽ ദൈവകൃപയുടെ പാത്രങ്ങളെന്ന നിലയിൽ മനുഷ്യന്റെയും സഭയുടെയും കുടുംബങ്ങളുടെയും പങ്കിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾ പങ്കുവെച്ചു. ദൈവത്തിന്റെ അനന്തമായ കാരുണ്യത്തെയും കൃപയെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ച പ്രഭാഷണം നാം വെറും ശൂന്യമായ പാത്രങ്ങളല്ലെന്നും, മറിച്ച് ദൈവകൃപയാൽ നിറയ്ക്കപ്പെടേണ്ട വലിയ ദൗത്യമാണ് നമുക്കുള്ളതെന്നും ഓർമിപ്പിച്ചു .'നാം' എന്ന വാക്കിനെ മൂന്ന് തലങ്ങളിൽ വിശകലനം ചെയ്തുകൊണ്ടായിരുന്നു സന്ദേശം .

ഒന്നാമതായി ദൈവം ലോകത്തെ വീണ്ടെടുത്തുവെന്ന് പ്രഖ്യാപിക്കുമ്പോൾ, അത് മനുഷ്യരാശിയെ ഒന്നടങ്കം ഉൾക്കൊള്ളുന്ന ഒന്നാണെന്നും സൃഷ്ടി പ്രപഞ്ചത്തോടുള്ള ദൈവത്തിന്റെ സ്നേഹമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡ് ഓർമ്മിപ്പിച്ചു. സഭയെ ക്രിസ്തുവിന്റെ ശരീരമായി കാണുമ്പോൾ, ഐക്യത്തിലും വിശ്വാസത്തിലും സേവനത്തിലും അധിഷ്ഠിതമായ ഒരു കൂട്ടായ്മയായി മാറാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.


മൂന്നാമതായി, കുടുംബങ്ങളെ ദൈവത്തിന്റെ ഭവനമായി കാണുകയും, അവിടെ വിശ്വാസം വളർത്തപ്പെടുകയും പങ്കുവെക്കപ്പെടുകയും വേണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

തങ്ങളുടെ യഥാർത്ഥ സ്വത്വവും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ്, ദൈവകൃപയുടെ പാത്രങ്ങളായി ജീവിക്കാൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു എന്ന് ഹൈറോമോങ്ക് വാസിലിയോസ് ഓർമ്മിപ്പിച്ചു.

9.10ന് ഗ്രാൻഡ് സ്പോൺസേഴ്‌സിനെ ആദരിച്ചു. തുടർന്ന് ലിങ്കൺ തിയേറ്ററിൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് മുതിർന്നവർക്കായി മലയാളത്തിൽ സന്ദേശം നൽകി. കൃപ കൊണ്ട് മാത്രമാണ് സത്യം തിരിച്ചറിയുക. പങ്കാളിത്തത്തിനു ദൈവം തരുന്ന കൃപ. രക്ഷയും കൃപയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാപികളായ മനുഷ്യവർഗത്തിനു പാപമില്ലാത്ത ക്രിസ്തുവിന്റെ ക്രൂശുമരണത്താൽ പാപമോചനവും രക്ഷയും ലഭിക്കുന്നത് കൃപയാലാണ്. സത്യം തിരിച്ചറിവാനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തോടു താദാത്മ്യം പ്രാപിപ്പാനും കൃപയാൽ സാധ്യമാവും.

വീറ്റ്‌ലാൻഡിൽ ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡ് ഇംഗ്ലീഷിലും (ഫോക്കസ്) മറീറ്റയിൽ എം.ജി.ഒ.സി.എസ്.എം ന് വേണ്ടി ഫാ. ഡോ. എബി ജോർജും മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

9.30 മുതൽ ന്യൂ ഹോളണ്ടിൽ ലിജിൻ ഹന്ന തോമസും ( മിഡിൽ സ്കൂൾ)  ലൈം റോക്കിൽ ഫാ. സുജിത് തോമസും (എലിമെന്ററി)  സ്ട്രാസ്ബർഗിൽ അഖില സണ്ണി (പ്രീ-കെ) യും സന്ദേശം നൽകി . 10.30ന് കോഫി ബ്രേക്ക് (ലിങ്കൺ ലോഞ്ച് & ബാൾറൂം ഫോയറിൽ). തുടർന്ന് നടന്ന സൂപ്പർ സെഷനുകളിൽ   (Challenges of Relationships in the Family Circle-കുടുംബബന്ധങ്ങളിലെ വെല്ലുവിളികൾ)  എന്ന വിഷയത്തിൽ ഫാ. ഡോ. വർഗീസ് എം. ഡാനിയേലും (ലിങ്കൺ തിയേറ്റർ), ശ്രദ്ധ തെറ്റുന്ന കാലഘട്ടത്തിൽ ജാഗ്രത പരിശീലിക്കുക എന്ന വിഷയത്തിൽ എയ്മി തോംസണും (ഹോപ് വെൽ), "I BELIEVE, HELP MY UNBELIEF": HOLDING FAITH THROUGH DOUBT AND TRANSITION-ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ സഹായിക്കണമേ: സംശയങ്ങളുടെയും മാറ്റങ്ങളുടെയും സമയത്ത് വിശ്വാസം കൈവിടാതെ പിടിച്ചു നിൽക്കുക) എന്ന വിഷയത്തിൽ (പാരഡൈസ് )  ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡും സന്ദേശം നൽകി.

10.45ന് LETTING GO WITHOUT LOSING YOURSELF: FORGIVENESS AS ORTHODOX PRACTICE-നിങ്ങളെ സ്വയം നഷ്ടപ്പെടുത്താതെ വിട്ടുകൊടുക്കുക -ക്ഷമയുടെ പരിശീലനം ഓർത്തഡോക്സ് വിശ്വാസത്തിൽ എന്ന വിഷയത്തിൽ ഫാ. ഡോ. എബി ജോർജും (മറീറ്റ) സന്ദേശം നൽകി .

തുടർന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ് നയിച്ച ഓപ്പൺ ഫോറം (വീറ്റ്‌ലാൻഡ്) ശ്രദ്ധേയമായി.
മിഡിൽ സ്‌കൂൾ സെഷന് ലിജിൻ ഹന്ന തോമസും (ന്യൂ ഹോളണ്ട്)  എലിമെന്ററി സെഷന് ഫാ. സുജിത് തോമസും (ലൈം റോക്ക്), പ്രീ-കെ സെഷന്  അഖില സണ്ണിയും (സ്ട്രാസ്ബർഗ്) നേതൃത്വം നൽകി.

12 മണിക്ക് ഉച്ച നമസ്കാരം യഥാക്രമം മലയാളത്തിലും (ലിങ്കൺ തിയേറ്റർ)  ഇംഗ്ലീഷിലും (വീറ്റ്‌ലാൻഡ്) നടന്നു.
12.15ന് ഉച്ചഭക്ഷണം (ലാങ്കസ്റ്റർ ബാൾറൂം).
തുടർന്ന് വൈദികർക്കായി 'ക്ലർജി ഫെലോഷിപ്പും' (ഹോപ്പ്‌വെൽ) കൊച്ചമ്മമാർക്കായി 'ബസ്കിയോമോ ഫെലോഷിപ്പും' (കോൺവാൾ) നടന്നു. അതോടൊപ്പം 1.15ന് എം.എം.വി.എസ് ഫെലോഷിപ്പും (മറീറ്റ) എം.ജി.ഒ.സി.എസ്.എം അലുമിനി ഫെലോഷിപ്പും തുടർന്ന് 2 മണിക്ക് വിവിധ സ്പോർട്സ് (പാരഡൈസ്- ടെറെസ് ഏരിയയ്ക്ക് പുറത്ത് ) പരിപാടികളും സംഘടിപ്പിച്ചു. ഇതോടൊപ്പം മെഡിറ്റേഷനും യോഗയും (പാരഡൈസ്) ഉണ്ടായിരുന്നു. 3 മണിക്ക് കോഫി ബ്രേക്ക് (ബാൾറൂം ഫോയർ, പാരഡൈസ്- ടെറെസ്). 5 മണിക്ക് ഡിന്നർ- (ലാങ്കസ്റ്റർ ബാൾറൂം). 6-15ന് ക്വയർ( ലിങ്കൺ തിയേറ്റർ ).തുടർന്ന് ലിങ്കൺ തിയേറ്ററിൽ മലയാളത്തിൽ സന്ധ്യാനമസ്കാരവും വീറ്റ്‌ലാൻഡിൽ ഇംഗ്ളീഷിൽ സന്ധ്യാനമസ്കാരവും നടന്നു.

7 മണിക്ക് ലിങ്കൺ തിയേറ്ററിൽ ഫാ. എം. കെ. കുര്യാക്കോസ് മലയാളത്തിലും വീറ്റ്‌ലാൻഡിൽ ഫാ. ഗീവർഗീസ് ജോൺ ഇംഗ്ലീഷിലും വചനശുശ്രൂഷ നടത്തി.

7.15ന് ലിങ്കൺ തിയേറ്ററിൽ  സുവനീർ പ്രകാശനം നടന്നു. ഡോ. റെബേക്കാ പോത്തൻ ആയിരുന്നു സുവനീർ എഡിറ്റർ.  തുടർന്ന് നടന്ന എന്റർടൈൻമെന്റ് നൈറ്റ് വൈവിധ്യം കൊണ്ടും നിലവാരം കൊണ്ടും   ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
രാത്രി 9:15-ന് വൈദികരുമായി സൗഹൃദ സംവാദത്തിനും ചോദ്യോത്തരവേളയ്ക്കും  (Fireside Chats with Clergy) ശേഷം 11 മണിയോടെ രണ്ടാം ദിന പരിപാടികൾ സമാപിച്ചു.
 

ഫാമിലി & യൂത്ത് കോൺഫറൻസ് വൈവിധ്യവും ആവേശകരവുമായ രണ്ടാം ദിവസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക