
ആദ്യമായി തന്നെ പറയട്ടെ, ഇവിടെയിരുന്ന് എഴുതുന്നവർ, ആരും തന്നെ പ്രവാസികൾ അല്ല, മറിച്ച് കുടിയേറ്റക്കാരാണ്. അതുകൊണ്ട് ആദ്യം തന്നെ ഇവിടുത്തെ മലയാളി എഴുത്തുകാരുടെ ശീർഷകം തന്നെ “കുടിയേറ്റ സാഹിത്യം” എന്ന് എഴുതുന്നതായിരിക്കും അഭിലക്ഷണീയം!
ഇവിടെ നിരൂപണം എഴുതിക്കൊണ്ടിരുന്ന ആദ്യത്തെ ആൾ എൻറെ അറിവിൽ ശ്രീ സുധീർ പണിക്കവീട്ടിൽ ആയിരുന്നു.നിരൂപണം എന്നുതന്നെ എഴുതിയിരുന്നു. അദ്ദേഹം ഇവിടെ പലരുടെയും പുസ്തകങ്ങൾക്ക് നിരൂപണങ്ങൾ എഴുതി.
പിന്നീട് ഇപ്പോൾ വന്നവർ വ്യക്തമായി പറയുന്നില്ല, അവർ എഴുതുന്നത് നിരൂപണം ആണോ, ആസ്വാദനം ആണോ, പരിചയമാണോ, എന്ന്. അല്ല, മാറിമാറി പേരിടുന്നത് കൊണ്ട് കാര്യങ്ങളില്ല.പരിചയം എന്നത്ലളിതമായ വാക്കാണ്. അതിൽ ഒരു പിടികൂടി മുന്നിട്ടു നിൽക്കുന്നത് തന്നെ ആസ്വാദനം.രണ്ടിനും ,പുറം ചൊറിയൽ, എന്ന പറയേണ്ടതില്ല. ഇവ രണ്ടും ഒരു എഴുത്തുകാരനെ ആവേശപ്പെടുത്തുന്നതോ, ഊർജ്ജസ്വലത കൊടുക്കുന്നതോ ആണെന്ന് കരുതിയാൽ അതായിരിക്കും വളരെ കരണീയമായ കാര്യം.
പിന്നെയും ഒരു കാര്യം പറയട്ടെ, ‘നിരൂപണ സാഹിത്യം’, എന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ശ്രീ കൃഷ്ണൻ നായർ മുതൽ തുടങ്ങിവെച്ച പ്രസ്ഥാനമാണ്. അവർ ധാരാളം വായിച്ചവരാണ്, അറിവുള്ളവരാണ്. എങ്കിലും അവർക്കും ചില വീഴ്ചകൾ ഒക്കെ ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ടെന്ന് ശ്രദ്ധേയമത്രേ. അതു മനപ്പൂർവ്വമോ, അല്ലാതെയോ ആയിരിക്കാം. ഞാൻ ഈ പറഞ്ഞു വരുന്നത് ഇവിടെ നടത്തുന്ന വിമർശനവും ഖണ്ഡനവും, മനനവും, ഇവിടുത്തെ എഴുത്തുകാരെ ഊർജ്ജസ്വലത കൊടുക്കുന്ന ഒന്നായിരിക്കണം എന്ന് മാത്രം.
ഇവിടെ ‘നിരൂപണ സാഹിത്യം’ എഴുതുന്നതിൽ തെറ്റില്ല, പക്ഷേ അത് നിരൂപണ സാഹിത്യം തന്നെയാണെന്ന് തെളിയിക്കുന്നത് അത് എഴുതുന്ന എഴുത്തുകാരന്റെ, നിരൂപണ സാഹിത്യകാരന്റെ .ചുമതല തന്നെ! അത് കാര്യകാരണസഹിതം ഉദാഹരണങ്ങളുടെ വ്യക്തമാക്കുകയും ചെയ്യണം, അല്ലെങ്കിൽ അതിന് പ്രസക്തിയില്ല. ഇതിനിടെ ഒരു കാര്യം കൂടി പറഞ്ഞു വെക്കട്ടെ. നിലവിൽ ആരെങ്കിലും പുസ്തകം അടിച്ചത് വിൽപ്പനയിൽ ഉണ്ടെങ്കിൽ, ആ പുസ്തകതിന്റെ,എഴുത്തുകാരന്റെ അറിവില്ലാതെ നിരൂപണം എന്ന് പറഞ്ഞ് അതിനെ അടിച്ചു താഴ്ത്തുന്നതും മഹാ തെറ്റു തന്നെ. അത് അയാളുടെ എഴുത്തിനെ വളരെ ബാധിക്കും, പുസ്തക വിൽപ്പനയെ ബാധിക്കും എന്നത് ഓർക്കുക.
ഇവിടെ സാഹിത്യകാരന്മാരില്ല, നിരൂപകരില്ല എന്നൊക്കെ വിളിച്ചു പറയുന്ന പ്രവണത നിർത്തേണ്ട കാലമായി. കാരണം ഇവയെല്ലാം ഇവിടെ തന്നെ ഉണ്ട്.
നിങ്ങൾ എഴുതുന്നത്, അല്ലെങ്കിൽ നിങ്ങൾ നിരൂപണം ചെയ്യുന്നത് ശ്രേഷ്ഠമാക്കേണ്ടത് ഇവിടെയുള്ള എഴുത്തുകാരുടെയും നിരൂപണം എഴുതുന്നുണ്ടെങ്കിൽ, എഴുതുന്ന സാഹിത്യകാരന്മാരുടെയും ചുമതല തന്നെ. അതുകൊണ്ട് നന്മ ഉദ്ദേശിക്കുന്ന എല്ലാവരും തന്നെ നിരൂപണ സാഹിത്യത്തെയും എഴുത്തിനെയും ഗൗരവമായി തന്നെ ചിന്തിക്കേണ്ടതുണ്ട്.
അല്ലാതെ ‘പുറം ചൊറിച്ചിൽ ആണെന്ന്’ പറയുകയും സ്വന്തം കസേരയിട്ട് സ്വന്തം കിരീടം വെച്ച്, മറ്റുള്ളവരെ കോച്ച് കൊച്ചാക്കുന്ന സംവിധാനം എത്രയോ ശോചനീയം തന്നെ. അവർ സ്വന്തം അന്തസ്സുകൾ തന്നെ തേജോവധം ചെയ്യുന്നു. ഇവിടുത്തെ എഴുത്തുകാരെയും, എഴുത്തിനെയും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാ നല്ലവരായ വിമർശകരോടും, ഇത്രയും പറഞ്ഞ് അവസാനിപ്പിക്കട്ടെ, നമുക്ക് നമ്മുടെ സാഹിത്യ ശ്രമങ്ങൾ നന്നാക്കാൻ പരസ്പര യോജിപ്പും, സ്നേഹത്തോടും കൂടി പ്രവർത്തിക്കുന്നത് ആരോഗ്യകരമായ ഒരു സാഹിത്യ മണ്ഡലം നമുക്ക് ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷയോടെ കൂടി ഇവിടെ നിർത്തുന്നു.
Read More: https://www.emalayalee.com/writer/123