Image

നാദ വിസ്മയം തീർത്ത വാനമ്പാടി എസ് ജാനകിക്ക് ആദരാഞ്ജലികൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 17 July, 2026
നാദ വിസ്മയം തീർത്ത വാനമ്പാടി എസ് ജാനകിക്ക് ആദരാഞ്ജലികൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

നാദ വിസ്മയം തെന്നിന്ത്യയുടെ വാനംപാടി എസ് ജാനകി വിടവാങ്ങി. പ്രായാധിക്യവും രോഗാവസ്ഥയും മൂലം കുറച്ച് നാളായി കിടപ്പിലായിരുന്നെങ്കിലും ഇത്രവേഗം ഒരു വിടവാങ്ങൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ വേർപാട് ഏവരെയും ദുഃഖത്തിലാഴ്ത്തി. കാരണം അവർ അത്രമാത്രം ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുയെന്നതാണ്. പ്രശസ്തരും  അല്ലാത്തതുമായ അനേകം ഗായകർ ഇന്ന് നമുക്കുണ്ട്. ചാനലുകളും  മറ്റും  മികച്ച ഗായകരെ കണ്ടെത്താനുള്ള മത്സരങ്ങളും മറ്റും നടത്തുന്നതുകൊണ്ട് അനേകം ഗായകർ ഇന്നുണ്ട്. എന്നാൽ  എഴുപതുകളിലും എൺപതുകളിലും ഗായകർ എന്നത് അത്രയധികമില്ലാതിരുന്ന കാലമായിരുന്നു. യൂവ ഗായകരെ ഉൾപ്പെടുത്തി ആകാശവാണിയിൽകൂടി ലളിത ഗാനം പ്രക്ഷേപണം ചെയ്തിരുന്നതൊഴിച്ചാൽ ഗാനമേളകളിൽ കൂടിയായിരുന്നു കുറച്ചുപേർക്കെങ്കിലും പാടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നത്. ഗാനമേളകളിൽ എല്ലാം ചലച്ചിത്രഗാന അനുകരണങ്ങൾ ആയിരുന്നു. അതിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ളത് യേശുദാസാദിന്റെയും എസ ജാനകിയുടെയും പാട്ടുകളായിരുന്നു.

പി ലീലയുടെയും പി വസന്തയുടെയും  കമുകറ പുരുഷോത്തമന്റെയും ശക്തമായ സാന്നിധ്യത്തിന് ശേഷം എഴുപതുകളിലും എൺപതുകളുടെ പകുതിയിലും മലയാള ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞു നിന്ന ഗായകരായിരുന്നു യേശുദാസ് ജയചന്ദ്രൻ  എസ് ജാനകി വാണിജയറാം പി സുശീല എന്നിവർ.  എൺപതുകളുടെ തുടക്കം കഴിഞ്ഞാണ് ചിത്രയും ജോളി ഏബ്രഹാമും എം ജി ശ്രീകുമാമും  വേണുഗോപാലും സുജാതയും മലയാള സിനിമ ലോകത്ത് ശക്തമാകുന്നത്. ഇവരുടെയോക്ക് പാട്ടുകൾ മൂളി പാട്ടായി പാടാത്ത മലയാളികൾ ഇല്ലായെന്ന് പറയാം. പഠനറിയാത്തവർ പോലും ബാത്‌റൂമിലിരുന്നെങ്കിലും പാടുമായിരുന്നു. ഞങ്ങളുടെ നാട്ടിൽ പാടാൻ അൽപ്പമെങ്കിലും അറിയുന്നവർ നടന്നുപോകുമ്പോൾ മൂളിപ്പാട്ട് പേടിയായിരുന്നു പോയിരുന്നത് എന്ന് പറയുമ്പോൾ അത് എത്രമാത്രമെന്ന് ഊഹിക്കാം.

അവരുടെ ചുണ്ടുകളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്ന പാട്ടുകളിൽ ഒന്നായിരുന്നു എസ് ജാനകി പാടിയ സന്ധ്യേ കണീരിലെന്തേ സന്ധ്യേ എന്ന ഗാനം. ഇന്നും അതിനെ വെല്ലാനും പകരം വെയ്ക്കയാനും മറ്റൊരു ഗാനമിറങ്ങിയിട്ടില്ല. എന്നാൽ അന്ന് ഗാനമേളകളിൽ ഏറ്റവും കൂടുതൽ  പടിയിട്ടുള്ളതും  പാടാൻ ആവശ്യപ്പെട്ടിട്ടുള്ളതും യേശുദാസ് എസ് ജാനകി എന്നിവർ പാടിയിട്ടുള്ള അകലെ അകലെ നീലാകാശമെന്ന ഗാനമാണ്. ഇന്നും ഈ ഗാനങ്ങൾ കേരളത്തിൽ നിറഞ്ഞു നിൽക്കുന്നുയെന്നുവേണം പറയാൻ. അത്രയ്ക്ക് മനോഹരമാണ് അവരുടെ ആലാപനം.  

ഏത് പാട്ടും അനായാസേന പാടാനുള്ള എസ് ജാനകിയുടെ കഴിവ് സമ്മതിച്ചെ മതിയാകു. ചെറിയ കുട്ടിയുടെ ശബ്ദം മുതൽ പ്രായമായവരുടേത് വരെ വളരെ അനായാസേന അവർക്ക് പാടാൻ കഴിയുമായിരുന്നു. തുമ്പി വാ തുമ്പ കുടത്തിൽ എന്ന പാട്ടിൽ കൊച്ചുകുട്ടി ചിരിച്ചുകൊണ്ട് പാടുന്നുണ്ട് പാട്ടിന്റെ അവസാനം. അഞ്ച് വയസുള്ള ബേബി ശാലിനിയുടെ കഥാപാത്രമായിരുന്നു അത് പാടിയത്. അക്കച്ചിയുടെ കുഞ്ഞുവാവയിലും താലം താലോലം എന്ന പാട്ട് ഒരേ സമയം കുച്ചുകുട്ടിയുടെയും മുതിർന്നആളിനെയും  ശബ്ദത്തിലും പാടുന്നുണ്ട്. അതിൽ അഭിനയിച്ചത് പൂർണ്ണിമ ജയറാമും ബേബി ശാലിനിയുമായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്ത് അന്നും ഇന്നും ആരും പാടിയിട്ടില്ല ഇത്തരമൊരു പാട്ട്.  അങ്ങനെ അനുഗ്രഹീത ശബ്ദത്തിന് ഉടമയായിരുന്നു എസ് ജാനകി.
എസ് ജാനകിയുടെ ഏത് പാട്ടാണ് മികച്ചതെന്ന് ചോദിച്ചാൽ എല്ലാം ഒന്നിനൊന്ന് മികച്ചതെന്നേ പറയാൻ കഴിയു. എസ് ജാനകി തന്നെയാണ് അവരുടെ എതിരാളി എന്ന് വേണം പറയാം. കാരണം ഓരോ പാട്ടും ഓരോ രീതിയിൽ വ്യത്യസ്തമായിരിക്കും. മഞ്ഞണി കൊമ്പിൽ എന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ട് ഇന്നും കേൾക്കുമ്പോൾ പുതുമ തോന്നാറുണ്ട്. കേട്ടാൽ വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നും അവരുടെ എല്ലാ പാട്ടുകളും. അവളുടെ രാവിലെ മലർകൊടിപോലെ പഞ്ചാഗ്നിയിലെ ആടി വാ കാറ്റേ കാട്ടുകുരങ്ങിലെ ഓമനത്തിങ്കൽ കിടാവോ എന്നീ പാട്ടുകൾ മക്കളെ തുണി കെട്ടിയ തൊട്ടിലിൽ ഇട്ട് ആട്ടിയുറക്കുമ്പോൾ പണ്ട് അമ്മമാർ പടിയിരുന്നതാണ്. മോഹം കൊണ്ടു ഞാൻ ദുരെ ഏതോ രാജ ഹംസത്തിലെ നാഥാ നീവരും കാലൊച്ച എന്ന പാട്ടും ഇന്നും കേൾക്കുമ്പോൾ അറിയാതെ പഴയ കാലത്തിലേക്ക് പോകും. ലോകം മുഴുവൻ സുഖം പകരാനായി എന്ന ഗാനവും വാഴ്ത്തിടുന്നിതാ സ്വർഗ്ഗ നാഥാ എന്ന ക്രിസ്‌തീയ ഗാനങ്ങളും ദേവാലയങ്ങളിൽ ആത്മീയ ചൈതന്യമുയർത്തുന്നതാണ്.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അവർ പാടിയിട്ടുണ്ട്. ഈ സംസ്ഥാങ്ങളിൽ നിന്നെല്ലാം മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ ഒരേ ഒരു ഗായിക ജാനകിയമ്മയാണ്. പലപ്പോഴായി ഈ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടിയ അവാർഡുകളുടെ എണ്ണം മുപ്പത്തിമൂന്നാണ്. ദേശീയ തലത്തിൽ നാല് പ്രാവശ്യം നാഷണൽ അവാർഡ് നേടിയ ചുരുക്കം ചില ഗായകരിൽ ഒരാളാണ് ജാനകിയമ്മ. രാജ്യത്തിന് അവർ നൽകിയ സംഭാവന മാനിച്ച് അവർക്ക് പദ്മ ഭൂഷൺ രാജ്യം നൽകി ആദരിച്ചു. അംഗീകാരങ്ങളുടെ അതുല്യ ശബ്ദ ഭംഗിയുടെയും ഉടമയായി പ്രശസ്തിയുടെ അത്യുന്നതിയിൽ നിൽക്കുമ്പോഴും അവർ അങ്ങേയറ്റം എളിമ ഉള്ളവരായിരുന്നു. ഇനിയും അവരെ പോലെ ഒരാൾ ജനക്കുമോ. എസ് ജാനകിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക