
ദക്ഷിണ അമേരിക്കന്‍ (കോപ അമേരിക്ക) ചാമ്പ്യന്‍മാരും യൂറോപ്യന്‍ (യൂറോ കപ്പ്) ചാമ്പ്യന്‍മാരും മുഖാമുഖം. ഫിഫ ലോകകപ്പ് 2026 ഫൈനലിന്റെ പ്രത്യേകത ഇതായിരിക്കും. അര്‍ജന്റീന-സ്‌പെയിന്‍ കലാശപ്പോരാട്ടം ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ഇതാദ്യമാണ് ലോകകപ്പ് ഫൈനലില്‍ ഫുട്‌ബോള്‍ ശക്തികളായ ദക്ഷിണ അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന നാലാം കിരീടം ലക്ഷ്യമിടുന്നു. സ്‌പെയിന്‍ 2010ല്‍ മാത്രമാണ് ഇതിനു മുമ്പ് ഫൈനലില്‍ കടന്നതും കപ്പ് നേടിയതും.
തുടരെ നാലു മത്സരങ്ങളില്‍ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ച ചരിത്രമാണ് അര്‍ജന്റീനയുടേത്. അതില്‍ കെയ്പ് വെര്‍ദെ, ഈജിപ്ത്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ലീഡ് വഴങ്ങിയശേഷം തിരിച്ചുവന്നു. അവസാന 15 മിനിറ്റ് കണക്കിലെടുത്താല്‍ അര്‍ജന്റീന നേടിയത് നാലു മത്സരങ്ങളില്‍ എട്ടുഗോള്‍. രണ്ടു ഗോള്‍ ലീഡ് എടുത്ത ഈജിപ്തും ഒരു ഗോള്‍ ലീഡ് നേടിയ ഇംഗ്ലണ്ടും ആ ലീഡില്‍ തൂങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ചു.
ഇത്തവണ 'ദൈവത്തിന്റെ കൈ' വേണ്ടിവന്നില്ല അര്‍ജന്റീനയ്ക്ക് വിജയമൊരുക്കാന്‍. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ നിഷ്പ്രഭനായിരുന്നു. ബെല്ലിംഗ്ഹാം ഇടയ്ക്കിടെ തിളങ്ങി. മറുവശത്ത് മെസി ഗോള്‍ നേടിയില്ലെങ്കിലും രണ്ടു ഗോളിനും വഴിയൊരുക്കി. സ്‌പെയിന്‍-ഫ്രാന്‍സ് പോരാട്ടത്തിലും, ഇടിമിന്നല്‍ ആകേണ്ട എംബാപ്പെയും ഡെംബെലയും പ്രഭ മങ്ങിയ നിലയില്‍ ആയിരുന്നു. ചടുല നീക്കങ്ങളിലൂടെും കൃത്യതയാര്‍ന്ന പാസുകളിലൂടെയും സ്‌പെയിന്‍ കളിയില്‍ ആധിപത്യം ഒരുക്കി.

ആദ്യ നാലു റാങ്കുകാരും സെമിയില്‍ കളിച്ചു എന്നു പറയുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളിയും ജയിച്ചത് അര്‍ജന്റീനയും ഫ്രാന്‍സും മാത്രമാണ്. ഇംഗ്ലണ്ടും സ്‌പെയിനും-ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു സമനില വഴങ്ങിയിരുന്നു. ഇനി അറിയേണ്ടത് ഇറ്റലിക്കും(1934,38), ബ്രസീലിനും(1958, 62) ശേഷം അര്‍ജന്റീനയ്ക്കും ലോകകപ്പ് നിലനിര്‍ത്താന്‍ കഴിയുമോയെന്നാണ്.
കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ മെസിക്ക് കഴിയുമോ? ഇതുവരെ മെസിയും എംബാപ്പെയും എട്ടുഗോള്‍ നേടി ഒപ്പത്തിനൊപ്പമാണ്. രണ്ടുപേരും സെമിയില്‍ ഗോള്‍ അടിച്ചില്ല. ഏഴു ഗോള്‍ അടിച്ച എര്‍ലിങ്ങ് ഹാലന്‍ഡിന് ഇനി അവസരമില്ല. ആറു ഗോള്‍ അടിച്ച ഹാരി കെയ്‌നിനും ജൂഡ് ബെല്ലിങാ മിനും ഒരു കളി ബാക്കിയുണ്ട്.
ഇംഗ്ലണ്ടിനെതിരെ 1986ലും 98 ലും വിജയിച്ചപ്പോള്‍ ധരിച്ചിരുന്ന കടുംനീല ജേഴ്‌സി ഇക്കുറിയും അര്‍ജന്റീനയ്ക്ക് ഭാഗ്യമെത്തിച്ചു. 2002 ല്‍ പതിവു ജേഴ്‌സിയില്‍ ഇറങ്ങിയ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
ഇംഗ്ലണ്ട് - അര്‍ജന്റീന പോരാട്ടം ആയുധമില്ലാത്ത യുദ്ധമാണ്. 1982 ലെ ഫാക്ക്‌ലന്‍ഡ് യുദ്ധത്തിന്റെ മുറിവുകള്‍ ബാക്കിയുണ്ട്. "ലാസ് മല്‍വിനാസ് സണ്‍ അര്‍ജന്റിനാസ് " എന്ന ബാനര്‍ ഉയര്‍ത്തിയിരുന്നു. സ്‌പെയിനില്‍ നിന്നു തങ്ങള്‍ക്കു കിട്ടിയതാണ് ഫാക്ക്‌ലന്‍ഡ് ദ്വീപ് എന്ന് അര്‍ജന്റീന വിശ്വസിക്കുന്നു. പക്ഷേ, ദ്വീപ് ഇപ്പോഴും ബ്രിട്ടന്റെ നിയന്ത്രണത്തിലാണ്. ദ്വീപ് നിവാസികള്‍ അര്‍ജന്റീന വംശജരും. നാട്ടുഭരണമുണ്ടെങ്കിലും പരമാധികാരമില്ലാത്ത അവസ്ഥ.
മെസി ആകട്ടെ ഇംഗ്ലണ്ടിനെതിരെ ആദ്യമാണ് ഫുട്‌ബോള്‍ കോര്‍ട്ടില്‍ ഇറങ്ങിയത്. തന്റെ ആറാം ലോക കപ്പ് കളിക്കുന്ന മെസിക്കിത് നിര്‍ണ്ണായക മത്സരമായിരുന്നു. ഒരു ഗോള്‍ വ്യത്യാസത്തിലെ വിജയം മെസിക്ക് സ്വപ്‌ന സാഫല്യമായി. അര്‍ജന്റീനക്കാര്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകര്‍ക്കും ആഘോഷമായി സെമി വിജയം. ഇനി കലാശപ്പോരാട്ടം ദക്ഷിണ അമേരക്കയോ യൂറോപ്പോ? കാത്തിരിക്കാം.