
'പെരുവഴിയമ്പല'ത്തിലെ (1979) 'പ്രഭാകരൻ പിള്ള'യെ (കെ.പി.എ.സി. അസീസ്) മറക്കാനാകില്ലല്ലോ! ഇത് എന്നെ മനസ്സിൽ നില്ക്കുന്ന ഒരു വേഷമാണിത്, വ്യക്തിപരമായ ഒരു ഇഷ്ടം.
ഓര്‍മ്മകളുടെ ഒരു 'പെരുവഴിയമ്പലം'.... സ്ഥലത്തെ പ്രധാന റൗഡിയായ, സിനിമയുടെ തുടക്കംതന്നെ ഉൾകിടിലത്തോട് കൂടി നിൽക്കുന്ന ഗ്രാമനിവാസികളുടെ ഇടയിലൂടെ, റോഡും തോടും വയലും വേലിയും കവച്ചു കടന്നു മുൻപോട്ടു നടക്കുന്ന പ്രഭാകരൻ പിള്ളയെ കാണിച്ചുകൊണ്ടാണ്. പ്രഭാകരൻ പിള്ള സിനിമയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു നരുന്തു വാണിയച്ചെറുക്കൻ ('കുഞ്ചു' - അശോകൻ്റെ കന്നിവേഷം.) കുത്തിക്കൊന്നു: പക്ഷേ, ആ പിള്ള വെറുമൊരു 'പിള്ള'യായിരുന്നില്ല! കൊന്നവൻ പോലും ആദരിച്ചു പോകുന്ന ഒരു 'പെരിയ' വില്ലൻ...
'കൊടിയേറ്റ'ത്തിലെ (1978) ലോറി ഡ്രൈവർ ഒരു ശ്രദ്ധേയമായ ഒരു കഥാപാത്ര മായിരുന്നെങ്കിലും. ഇതുപോലുള്ളതോ ഇതിലും മികച്ചതോ ആയ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ പകർന്ന കലാകാരനാണ് അസ്സീസ്.
കെ.പി.എ.സി. അസീസ് വിട പറഞ്ഞിട്ട് ഇന്ന് 24 വർഷമായി... വില്ലനായും സഹനടനായും അഭിനയിച്ചിരുന്നതുകൊണ്ടു അധികമാരും ഓർക്കുന്നില്ല; കൂടുതൽ വ്യക്തി വിവരങ്ങളും അറിയില്ല... അദ്ദേഹം ഒരിക്കലും കെ.പി.എ.സി. നാടക സംഘത്തിൽ അഭിനയിച്ചിട്ടില്ലന്നാണ് അക്കാലത്ത് നാടകരംഗത്ത് സജീവമായിരുന്ന നിരവധിപ്പേർ സാക്ഷ്യപ്പെടുത്തുന്നത്. പിന്നെ, എന്തിന് പേരിനോടൊപ്പം ഈ 'പ്രിഫിക്സ് ടാഗ്' ചേർത്തു എന്ന കാര്യം എനിക്ക് മനസ്സിലായിട്ടില്ല.
കണിയാപുരത്തിനടുത്തുള്ള കുറക്കോട് കാസിം പിള്ളയുടെയും നബീസയുടെയും മകനായി 1934-ല്‍ (നവംബർ 27) ജനിച്ചു. സഹോദരങ്ങള്‍ റഷീദ്, ലൈല, ജമീല. (വെമ്പായം അടുത്തുള്ള തേക്കടയിൽ വളർന്നു എന്നും ചില രേഖകളിൽ കാണുന്നു.) കന്യാകുളങ്ങര ഹൈസ്ക്കൂള്‍, നെടുമങ്ങാടു് ഹൈസ്ക്കൂള്‍, യൂണിവേര്‍സിറ്റി കോളേജ് എന്നിവിടങ്ങളിലായാണു് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതു്.
കേരള പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു പ്രമോഷൻ കിട്ടി ഡി.വൈ.എസ്.പി. റാങ്കുവരെ ഉയർന്നു.
നടൻ മധു സംവിധാനം ചെയ്ത 'നീലക്കണ്ണുകൾ' (1973-ൽ) ആയിരുന്നു ആദ്യ ചിത്രം എന്ന നിലയിൽ പൊതുവെ അംഗീകരിക്കപ്പെടുന്നത്... എന്നാൽ, 1970-ൽ 'നിശാഗന്ധി' (സംവിധാനം: എ.എൻ. തമ്പി) യായിരുന്നു ആദ്യ ചിത്രം. സഹനടനായി രംഗപ്രവേശം ചെയ്ത അസീസ് വില്ലൻ വേഷങ്ങളിലൂടെയും രാഷ്ട്രീയക്കാരന്റെ വേഷത്തിലൂടെയും പോലീസ് വേഷങ്ങളിലൂടെയും മലയാള സിനിമ ലോകത്ത് ശ്രദ്ധേയനായി.
കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത 'വേമ്പനാട്' എന്ന ചിത്രത്തിൽ അസീസ് നായകനായി അഭിനയിച്ചു.
'സ്വപ്നാടനം', 'കൊടിയേറ്റം', 'തുറന്ന ജയിൽ', 'കടമറ്റത്തച്ചൻ', 'പച്ചവെളിച്ചം', 'ഇരകൾ', 'കൌരവർ','ആവനാഴി', 'നിറക്കൂട്ട്', 'മതിലുകൾ', 'നാടുവാഴികൾ',' ഇന്ദിയം' തുടങ്ങി എഴുപതിലേറെ( നൂറിലേറെ?) ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ചു. ചില ടി വി സീരിയയിലുകളിലും അഭിനയിച്ചു: 'വേലു മാലു സർക്കസ്' (ദൂരദർശൻ) 'മഹാത്മാഗാന്ധി കോളനി' (ഏഷ്യാനെറ്റ് ) തുടങ്ങിയവ ഇവയിൽ ഓർമ്മിക്കത്തക്കതാണ്.
2003 ജൂലായ് 16-ന്, 68-ാം വയസിൽ, അസീസ് അന്തരിച്ചു. ഭാര്യ: സൈനാബീവി ടീച്ചർ. മക്കള്‍: നസീമ, എം എം രാജ, നസീറ.