
ഒറ്റക്കണ്ണിലൂടെ കാഴ്ച്ചകളിലേക്ക് നോക്കിയിരിക്കുന്ന ഒൾഗ.
ആ മനസ്സിപ്പോൾ എവിടെയായിരിക്കും
മേഞ്ഞു നടക്കുന്നതെന്നാലോചിച്ച്
ഞാൻ ഒൾഗയിലേക്ക്
രണ്ട് കണ്ണുകളും വിടർത്തിവച്ചു.
ഒന്നുകിൽ കുട്ടിക്കാലത്തിൽ
അല്ലെങ്കിൽ ഭാവിയിൽ
അപൂർവ്വമായി മാത്രം
വർത്തമാനത്തിൽ.
ഒൾഗ ഒറ്റക്കണ്ണുചിമ്മി
എന്നിലേക്ക് മുഖം തിരിച്ചു.
കുഞ്ഞെവിടെയാണ് ?
നീയവളെ ശ്രദ്ധിക്കാതെ
ഇവിടെയെന്തെടുക്കാണ്.....
എന്ന് ദേഷ്യപ്പെട്ടു.
ഇപ്പോൾ ഞാനവളുടെ ഇളയ മകളാണ്
ചില നേരത്തെ ആലോചനക്കിടയിൽ
രൂക്ഷമായ നോട്ടത്തോടെ അവൾ ചോദിക്കും.
നീയാ ഫോണിൽ എന്തെടുക്കാണ്?
ആരോടാ നീ ചിരിക്കുന്നത്?
ഇതൊന്നും അത്രനല്ലതല്ല.
നിൻ്റെ ഭർത്താവ് വരാറായില്ലേ?
അപ്പോൾ ഞാനവളുടെ മൂത്ത മകളാണ്
ഇനി ചിലപ്പോൾ ....
നീയെന്താ വെറുതെയിരിക്കുന്നത്?
ഇവിടെ നിനക്ക് പണിയൊന്നും ഇല്ലേ?
ഇതെൻ്റെ വീടാണ്. ഞാൻ പറയുന്നത് കേട്ട് നിന്നോണം.
ജോലിക്കാരിയായ എന്നെയാണപ്പോൾ മെരട്ടുന്നത്.
വേറൊരു സമയത്ത് ....
വൈകിട്ടെന്താ ഉണ്ടാക്കേണ്ടത് ?
നാളെക്ക് കഴിക്കാനുള്ളതൊക്കെ ഉണ്ടോന്ന് നോക്കിക്കേ. ഇല്ലെങ്കി പോയി വാങ്ങണം.
കാറ് ഗാരേജിൽ കിടപ്പില്ലേ ? എന്ന് ചോദിക്കുമ്പോ അവളൊരു വീട്ടമ്മയാണ്
ചിലപ്പോൾ മിക്കപ്പോഴും തുറക്കാത്ത മറ്റേ കണ്ണും കൂടി ചിമ്മിത്തുറന്ന് ചോദിക്കും.
മമ്മയെ കാണണം. മമ്മ എവിടെപ്പോയി ? നീയെന്നെ ഒന്ന് കൊണ്ടോവോ മമ്മേടടുത്തേക്ക് ?
ആ സമയത്ത് കുഞ്ഞിനെപ്പോലെ ഞാനവളെ ചേർത്ത് പിടിക്കും. ആശ്വസിപ്പിക്കും. മമ്മയെ കാണാൻ ഞങ്ങൾ പുറത്തേക്ക് നടക്കും. മൂന്നോ നാലോ മിനിറ്റ് നടക്കുമ്പോഴേക്കും അവൾ ചോദിക്കും.
നീയെവിടേക്കാ ഈ പോണത്. ഭയങ്കര കാറ്റ് വീശണ കണ്ടില്ലേ ..... വീട്ടി പോയിരിക്കാം. നിൻ്റെ ചുറ്റിക്കറക്കൊന്നും ഇവടെ നടക്കില്ല.
ഒരാളുടെ ലോകം ഓർമ്മകളും ചിന്തകളും തന്നെയാണ്. ഓൾഗ ഏതൊക്കെയോ ലോകത്തിൽ കേറിയും ഇറങ്ങിയും ജീവിച്ചോണ്ടിരിപ്പാണിപ്പോ..