Image

സീറ്റ് പിടിക്കൽ അല്ലെങ്കിൽ സ്ഥലം പിടിക്കൽ : മിനി ബാബു

Published on 16 July, 2026
സീറ്റ് പിടിക്കൽ അല്ലെങ്കിൽ സ്ഥലം പിടിക്കൽ : മിനി ബാബു

ഞങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമായി ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. അതിൽ ഒന്നാണ് സീറ്റ് പിടിക്കൽ അല്ലെങ്കിൽ സ്ഥലം പിടിക്കൽ.

ഞങ്ങൾ എവിടെയെങ്കിലും പോയി കഴിഞ്ഞാൽ ആദ്യം ഞങ്ങൾ ഇരിക്കും പിന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് മാത്രമുള്ള സുഹൃത്തുക്കൾക്കായി അടുത്തുള്ള കസേരകൾ reserve ചെയ്യും എങ്ങനെ എന്നുവെച്ചാൽ അതിൽ കുടയോ മൊബൈലോ ബാഗോ  ഒക്കെ വെച്ചിട്ട്, ആരെങ്കിലും ഇരിക്കാൻ വന്നാൽ "ഇവിടെ ആളുണ്ട് ആളുണ്ടെന്ന്" ഒരു നാണവുമില്ലാതെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.

ഉദാഹരണത്തിന്

ഒരു പള്ളിയിൽ പോയി കഴിഞ്ഞാൽ, അത് പ്രാർത്ഥനക്കോ വിവാഹങ്ങൾക്കോ എന്തുമായിക്കൊള്ളട്ടെ, ഒരാൾ ഇരുന്നു കഴിഞ്ഞാൽ, പിന്നെ എത്ര സുഹൃത്തുക്കളോ വീട്ടുകാരോ പിറകെ വരുന്നതെന്ന് വെച്ചാൽ അവർക്കായി കസേരകൾ ഇങ്ങനെ പിടിച്ചിടും. ചിലപ്പോഴെങ്കിലും പിന്നെ വരുന്നവർക്ക് ഇരിക്കാൻ സ്ഥലമില്ലാതെ ഇങ്ങനെ നിൽക്കുന്നുണ്ടാകും, എന്നാലും ഈ reserve ചെയ്ത കസേരകൾ ഒരു കാരണവശാലും വിട്ടുകൊടുക്കില്ല.

പിന്നെ ഒരു വിവാഹത്തിന് കഴിക്കാൻ ഇരിക്കുകയാണെന്ന്  വിചാരിക്കുക, ഒരു ടേബിൾ തന്നെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും പിടിച്ചിടും, ബുഫേലാണ് ആഹാരം എങ്കിൽ ഒരു ഓരോ തവണ എണീക്കുമ്പോഴും മൊബൈലോ ബാഗോ വെച്ച് ആ ഇടം കാത്തുസൂക്ഷിക്കും. പ്രായമുള്ള ആരെങ്കിലുമൊക്കെ അടുത്ത് നിന്ന് കഴിക്കുന്നുണ്ടാകും. അതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല.

ബസ്സിലോ ട്രെയിനിലോ ആണെങ്കിൽ പോലും ആദ്യം കയറുന്ന ആൾ സുഹൃത്തുക്കൾക്കായി സീറ്റുകൾ പിടിച്ചിടും ഇതൊരു unwritten law ആണ്, ഇങ്ങനെ പിടിച്ചിടുന്ന സീറ്റുകളെ ചലഞ്ച് ചെയ്യാനായി മറ്റു പുരുഷന്മാരോ എന്തിന് സ്ത്രീകൾ പോലും മുന്നോട്ടു വരില്ല.

 പേപ്പർ വാലുവേഷൻ പോയാൽ പോലും, 
"അങ്ങോട്ടൊന്നു നീങ്ങിയിരിക്കൂ ടീച്ചറെ"

എന്ന് പറഞ്ഞാൽ

"അയ്യോ എന്റെ കൂട്ടുകാരി വരാൻ ഉണ്ട്".

കൂട്ടുകാരി വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ടാവില്ല.

പിന്നെ ഞങ്ങൾ ഒരു ക്യൂവിൽ നിന്നാൽ, ഞങ്ങളുടെ വീട്ടുകാരോ കുടുംബക്കാരോ അറിയാവുന്ന ആരെങ്കിലും ഒക്കെ വന്നാൽ ഞങ്ങൾ അവരെ മുൻപേ നിർത്തും.

ഒരു പൊതു പരിപാടി, ഒരു സമ്മേളനം, അവിടെയും ഞങ്ങൾ ഞങ്ങളുടെ ഇഷ്ടക്കാര്ക്ക് സീറ്റ് പിടിച്ചിടും. ഇങ്ങനെയാണ് ഞങ്ങൾ സ്ത്രീകൾ പരോപകാരികൾ ആകുന്നത്, ഞങ്ങൾക്ക് സ്നേഹമുണ്ടെന്ന് പരസ്പരം ബോധിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ഞാനും എന്റെ ഭർത്താവും   ഒരു വിവാഹ സൽക്കാരത്തിന് പോയി, ഞാൻ കഴിക്കാൻ എടുക്കാൻ പോയിട്ട്  തിരിച്ചു വന്നപ്പോൾ എന്റെ സ്ഥലത്ത് അതാ വേറൊരാൾ ഇരിക്കുന്നു, അടുത്തിരിക്കുന്ന ആളുമായിട്ട് നല്ല സംസാരത്തിലും. തിരിച്ചുവന്ന എന്നെ കണ്ടിട്ട് കണ്ടതായിട്ടുപോലും ഭാവിക്കുന്നില്ല. പിന്നീട് എപ്പോഴോ ഞാൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ, എന്നെ നോക്കിയിട്ട്,

"എന്താ ഇവിടെ നിൽക്കുന്ന അവിടെയെങ്ങാനും പോയിരുന്ന് കഴിക്ക്."

എന്നൊരു പറച്ചിലും. 
ഇനിയൊരിക്കലും ഇദ്ദേഹത്തിന് സീറ്റ് പിടിക്കില്ല എന്ന് തീരുമാനിച്ചു ഞാൻ പോയിരുന്ന കഴിച്ചു.

ഞങ്ങൾ സ്ത്രീകൾ ഇങ്ങനെയൊക്കെയാ, ഞങ്ങൾ വീണ്ടും വീണ്ടും ആർക്കെങ്കിലും ഒക്കെ വേണ്ടി സീറ്റ് പിടിച്ചിടും, ഇരിക്കാൻ വളരെ അത്യാവശ്യമുള്ളവർ ഞങ്ങളുടെ അടുത്ത് നിൽക്കുന്നുണ്ടാകും, എന്നാൽപോലും ഒഴിഞ്ഞ സീറ്റ് ഞങ്ങൾ ആർക്കും കൊടുക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക