Image

ആരാണ് ബുദ്ധന്‍? (സാഹിത്യം: പി എസ ജോസഫ്‌)

Published on 16 July, 2026
ആരാണ് ബുദ്ധന്‍? (സാഹിത്യം: പി എസ ജോസഫ്‌)

അറിയപ്പെടാത്ത  ബുദ്ധനെ കണ്ടെത്തുന്നു രാജേന്ദ്രന്‍ എടത്തുംകര ഞാനും ബുദ്ധനും എന്ന നോവലിലൂടെ  

കേരളീയ പരിസരങ്ങളില്‍ നിന്നകന്നു നിന്ന് ,വിശാലമായ  ഒരു ലോകത്തെ വൈകാരിക അനുഭവം പങ്കു വെയ്ക്കുന്ന മലയാള നോവലുകള്‍ ചുരുക്കമാണ് .അവയില്‍  ആശയപരവും ആന്തരികവുമായ സംഘര്‍ഷങ്ങള്‍ നിറഞ്ഞ രചനകള്‍ എത്രയോ കുറവാണ്  . നോവല്‍ മരിക്കുന്നു എന്ന് സൈദ്ധാന്തികരും വിമര്‍ശകരും ഒന്ന് ചേര്‍ന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ രചനാ സൌകുമാര്യം കൊണ്ടും ആശയപരമായ ഔന്നത്യം കൊണ്ടും  വായനക്കാരെ കീഴടക്കുന്ന നോവലാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും . ബുദ്ധന്‍റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു  നിമിഷത്തില്‍ ഓര്‍മ്മകളായും ചിന്തകളായും അലയടിക്കുന്ന വികാര  സമുദ്രത്തെ രേഖപ്പെടുത്തുന്ന ഈ കൃതി സമീപകാലത്ത് പുറത്തു വന്ന മികച്ച മലയാള നോവലാണ്..

ഞാനും ബുദ്ധനും  യഥാര്‍ത്ഥത്തില്‍ ബുദ്ധനെ കണ്ടെത്തലാണ് .  ബുദ്ധപത്നിയായ ഗോപയുടെ  കണ്ണുകളിലൂടെ ,    ബന്ധുവായ ദേവദത്തന്റെ ,സഹപാഠിയായ കാളൂദായിയുടെ , കാളൂദായിയുടെ ഭാര്യ കമലയുടെ  കണ്ണിലൂടെ  കപില വസ്തുവും ശാക്യ രാജധാനിയും ജേതവനവും രാജഗൃഹവും ഇവിടെ പുനസൃഷ്ടിക്കപ്പെടുന്നു സ്തെനന്മാരുടെ ആക്രമണത്തില്‍ നിന്ന് ശാക്യവംശത്തെ രക്ഷിച്ച ശുദ്ദോധനമഹാരാജാവിന്റെ രാജ്യവും രാജധാനിയും അദ്ദേഹത്തിന്‍റെ അന്ത്യ നാളുകളില്‍  അതേഅക്രമികള്‍ക്ക് കീഴടങ്ങുന്നു .ശാക്യവംശം തന്നെ ഭൂമുഖത്തു  നിന്ന് ഉച്ചാടനം ചെയ്യപ്പെട്ടുവെന്ന് ചരിത്രം നമ്മോടു പറയുന്നു ജഗദ്‌ ഗുരുവും യുഗപുരുഷനുമായി മാറിയ സിദ്ധാര്‍ത്ഥ രാജകുമാരന് തന്റെ കൊച്ചു രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .തനിക്കു വേണ്ടി വിഹാരവും ജീവിതവും ഉഴിഞ്ഞു വെച്ച ബിംബിസാര മഹാരാജാവിനെയും രക്ഷിക്കാന്‍  അദ്ദേഹത്തിനാവുന്നില്ല എന്തിനു മകന്‍ അജാതശത്രുവിനോട് അഛനു വേണ്ടി ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ല എന്ന പരിഹാസം പോലും നോവലില്‍ കാണാം 

ബുദ്ധന്റെ ജീവിതവും കാലവും സമസ്യകളും അടയാളപ്പെടുത്തുകയാണ് ഈ കൃതി .ശുദ്ധോധനപുത്രനായ  യുവരാജാവ് സിദ്ധാര്‍ത്ഥനെയും പിന്നിട് മറുജന്മമെടുത്ത ജഗദ്‌ ഗുരു ശ്രീ ബുദ്ധനെയും ഭാര്യയായും അമ്മയായും വിലയിരുത്തുന്നു പിന്നിട്  ബുദ്ധഭിക്ഷുണിയായി മാറിയ ഗോപ . സമ്പത്തിന്റെയും അധികാരത്തിന്റെയും നെറുകയില്‍ നിന്ന് കൊണ്ടു എല്ലാം പരിത്യജിച്ച ഭര്‍ത്താവിനൊപ്പം ജേതവനത്തില്‍ നിരാമയിയും നിസംഗയും നിരാസക്തയുമായി കഴിയുന്ന  ബുദ്ധസന്യാസിനിയുടെ മോഹഭംഗങ്ങളും ഈ നോവല്‍  അനാവരണം ചെയ്യുന്നു  .
എന്ത് തേടിയാണോ താന്‍ വന്നത് അത് വിലക്കപ്പെട്ടിരിക്കുന്നു എന്ന അറിവില്‍ ഗോപ തല കുനിച്ചു നടന്നു .മകനേ എന്ന് വിളിക്കാനോ വാത്സല്യം ചൊരിയാനോ അനുവാദമില്ലാത്ത പരിണതിയുടെ ഇരുട്ടില്‍ ഓരോ അടിവെയ്പ്പും  യാന്ത്രികമായി .
...
കാത്തു വെച്ച വാക്കുകളെ വിട .കരുതി വെച്ച ആശ്ലേഷങ്ങളെ വിട ,ഗോപ ഇവിടെ അവസാനിക്കുകയാണ് .

ആ സന്യാസ വ്യവസ്ഥ പോലും  ചോദ്യം  ചെയ്യപ്പെടുന്നുണ്ട്  ഈ നോവലില്‍ ഒരു കാന്തം പോലെ അനുയായികളെ തന്നിലേക്ക് ആകര്‍ഷിച്ച ബുദ്ധന്റെ മഹത്വവും ജിവിതവും തമ്മിലുള്ള പൊരുത്തക്കേടുകളും ഈ നോവല്‍ അനാവരണം ചെയ്യുന്നു .രോഹിണി നദിക്ക് അപ്പുറത്തെ ആ അതിഭൌതിക തേജസ്സിന്റെ ആകര്ഷണത്തെ തെല്ലു ഭയത്തോടെയാണ് കമല കാണുന്നത്  

എന്താണ് സംഭവിക്കുന്നതെന്ന് കമലയ്ക്കു മനസ്സിലായിക്കാണണം .
അകലെകിടക്കുന്ന രാജഗൃഹത്തിലെ  ബുദ്ധവിഹാരത്തിലേക്ക് കൊട്ടാരത്തില്‍ നിന്നുള്ള സന്ദേശവുമായി പോയ ഒന്‍പതു പേരും തിരിച്ചെത്തിയിട്ടില്ല .കപിലവസ്തുവിലെ ഒമ്പത് ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാരേ നഷ്ടപ്പെട്ടു .

വ്യത്യസ്തമായ ,ക്ലാസിക്കല്‍   ആഖ്യാന രീതിയാണ് ഈ നോവലിന്റെ സവിശേഷത അളന്നു മുറിച്ച വാക്കുകള്‍ .പൌരാണിക രചനകളില്‍ നിന്ന് മുങ്ങിയെടുത്ത ,ഒട്ടും ഗൌരവം ചോരാത്ത വാക്കുകള്‍ .പഴമയുടെ അന്തരീക്ഷം നില നിര്‍ത്തുന്ന യഥാതഥമായ വര്‍ണ്ണനകള്‍ .വിരാമങ്ങളിലും അര്‍ദ്ധവിരാമങ്ങളിലും ഒളിപ്പിച്ചിരിക്കുന്ന അര്‍ത്ഥഭേദങ്ങള്‍ .ഉദാഹരണമായി   ഗോപയുടെയും  ബുദ്ധന്റെയും മകന്‍ രാഹുലിന്റെ മരണം  എത്ര കണിശവും വൈകാരികവുമായാണ്  രാജേന്ദ്രന്‍ എടത്തുംകര വരച്ചു കാട്ടുന്നതെന്ന് നോക്കുക

സര്‍വ്വാര്‍ത്ഥ സിദ്ധനായ മഹാ ഗൌതമാ ,നിന്റെ മകന്‍ രാഹുലന്‍ ഇന്ന് മരിച്ചു .
നീ ഇരിക്കുന്ന ഇതേ ജേതവനത്തിന്റെ നിശബ്ദതയില്‍ .എന്നിട്ടും നിന്നില്‍നിന്നും  പതിനായിരം യോജന അകലെ . അര്ക്ക‍ബന്ധുവായ മഹാ സിദ്ധാര്‍ത്ഥ,നിന്റെ മകന്‍ മരിച്ചു .അവന്‍ കാലത്തെ അറിഞ്ഞു ..
നിശബ്ദത രാഹുലനോടൊപ്പം ശയിക്കുന്നു.ഭിക്ഷുക്കള്‍ .നിശബ്ദതയിലൂടെ കാലുകള്‍ നീട്ടി വെച്ചു അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു 
നമ്മുടെ മകന്‍ .
ശാക്യസിംഹനായ മഹാശൌദ്ധോദനി,ഈ ഗോപയുടെ മകന്‍.
മരിച്ചു .

ബുദ്ധചരിതം ചരിത്രത്തിലും കലയിലും ഏറെ പരാമര്‍ശിക്കപ്പെട്ടതാണ് ...അദ്ദേഹത്തിന്‍റെ ഉദ്ബോധനങ്ങള്‍ മനുഷ്യരാശിയുടെ അഞ്ചില്‍ ഒന്ന് ഭാഗത്തെ ഗാഢമായി സ്വാധീനിക്കുന്നു പരോക്ഷമായി കലയിലും തത്വ ചിന്തയിലും സ്വാധീനിക്കപെട്ടവര്‍ ഏറെ.അദ്ദേഹത്തിന്‍റെ ഭൌതികജീവിതവും ഒരു തുറന്ന പുസ്തകമാണ് .പരസ്യമായ ആ കഥകള്‍ക്കിടയില്‍  എവിടെയോ മാഞ്ഞു പോയി ഗോപയുടെയും രാഹുലിന്റെയും ജീവിത കഥ  .ദേവദത്തന്റെയും ശുദ്ധോദനന്റെയും ബിംബിസാരന്റെയും അജാത ശത്രുവിന്റെയും കഥകള്‍ .ജേതവനത്തിലെയും രാജ ഗൃഹത്തിലെയും കല്ലിനും മണ്ണിനും മാത്രമേ ആ കഥ അറിയാന്‍ ഇടയുള്ളൂ .അവരുടെ അനുചരരുടെ ,അംഗദന്റെയും കാളുദായിയുടെയുംകമലയുടെയും കഥകളും . ചരിത്രത്തില്‍ മാഞ്ഞു പോയ ആ ഒരു കാലഘട്ടത്തെ പുനര്ജീവിപ്പിക്കുകയാണ് രാജേന്ദ്രന്‍ എടത്തുംകര തന്റെ നോവലില്‍ 
ചരിത്രം  പശ്ചാത്തലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കിലും ഇതൊരു ചരിത്ര നോവല്‍ അല്ല.ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്ന് കാണുന്ന കപിലവസ്തുവും അവിടത്തെ രാജകുമാരനും കാലാതിവര്‍ത്തിയായ  ശ്രീ ബുദ്ധനുമാണ് ഈ നോവലില്‍  തിളങ്ങി നില്‍ക്കുന്നത് .ബുദ്ധകൃതികളില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവദത്ത്നോ രാഹുലനോ ഗോപയോ അല്ല നോവലില്‍ .രാഹുല്‍ എന്ന് മരിച്ചുവെന്നതും തര്‍ക്കവിഷയമാകാം ഗോപ ഭിക്ഷുകി ആയ കാലവും  .പക്ഷെ നോവലിസ്റ്റ് പറയാന്‍ ഉദ്ദേശിക്കുന്നത് ചരിത്രമല്ലല്ലോ!ചരിത്ര,സംഭവങ്ങളുടെ ഒരു ആധുനിക വിലയിരുത്തലാണ് ഈ നോവല്‍ .

ഭര്‍ത്താവ് ,ഭരണാധികാരി,അച്ഛന്‍ ,മഹദ് ഗുരു എന്നീ നിലകളില്‍ ബുദ്ധനെ വിലയിരുത്തുകയാണ് ഈ നോവല്‍. .മരണവും ജരാനരകളും രോഗവും അലട്ടുന്ന ഈ നിത്യജീവിതത്തില്‍ വിരക്തനാകുന്ന  ഒരു രാജകുമാരന്റെ കഥയാണ്‌ എല്ലാക്കാലവും ജനങ്ങളെ സിദ്ധാര്‍ത്ഥനിലേക്ക് ആകര്‍ഷിച്ചിരുന്നത് .തന്നെ ഏറെ ഉപദ്രവിച്ച ദേവദത്തനെ പോലും തന്റെ മഹാപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ച മഹാപുരുഷനാണ് അദ്ദേഹം .മകനോ ഭാര്യയോ അധികാരമോ ബുദ്ധന്റെ ചിന്തകളെ തടസ്സപ്പെടുത്തിയില്ല വെളിച്ചത്തിനു ചുറ്റും കൂടുന്ന നിശാശലഭങ്ങളെ പോലെ ഒന്നൊഴിയാതെ എല്ലാവരും അദ്ദേഹത്തെ വലയം ചെയ്തു നിന്നു .സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ശക്തി നഷ്ടപെടാത്ത ആ ദര്‍ശനത്തിനു മുന്നില്‍ ചരിത്രം തന്നെ വഴി മാറി .
 പക്ഷെ ആരായിരുന്നു ഗോപക്ക് സിദ്ധാര്‍ത്ഥ രാജകുമാരന്‍ ?രാഹുലിന്  ബുദ്ധന്‍?ശുദ്ദോധന മഹാരാജാവിനും പ്രജകള്‍ക്കും യുവരാജാവ്?വര്‍ഷങ്ങള്‍ കാത്തിരുന്നു താന്‍ ജന്മം നല്‍കിയ കുഞ്ഞിനെ ,പിറന്ന മാത്രയില്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് കൂടിയാണ് അവള്‍ക്കു യുവരാജാവ് .ഒരു സ്ത്രീയും അമ്മയുമെന്ന നിലയില്‍ വലിയൊരു പരീക്ഷണമായിരുന്നു ആ നിരാസം 
ആ വേദന സിദ്ധാര്‍ത്ഥ രാജകുമാരന്റെ സതീര്‍ത്ഥ്യന്‍ കൂടിയായിരുന്ന കേളുദായിയുടെ ഭാര്യ കമലയുടെ ചിന്തകളില്‍ കാണാം  :

ആ കഥ ,കമലയ്ക്കു എന്തുകൊണ്ടോ വിശ്വാസയോഗ്യമായി തോന്നിയില്ല കൊട്ടാരം വിട്ടിറങ്ങുന്നതിനു പത്തുമാസം മുന്‍പ് അയാള്‍ ഗോപയുമായി ഇണ ചേര്‍ന്നത്‌ കൊണ്ടാണല്ലോ രാഹുലന്‍ പിറവികൊണ്ടത് .ആ നിമിഷങ്ങളുടെ ആലഭാരത്തില്‍ സിദ്ധാര്‍ത്ഥനു വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന ജീവിതത്തിന്റെ പ്രഹേളികയോ അര്‍ത്ഥരാഹിത്യമോ ഓര്‍മ്മ വന്നില്ല?..
പതിമൂന്നു വര്ഷം ഒരുമിച്ചു ജീവിച്ചിട്ടും അവര്‍ക്ക് മക്കളുണ്ടായില്ല . പതിമൂന്നാമത്തെ വര്ഷം ഒരു കുഞ്ഞു പിറക്കുമ്പോള്‍ ,ആ രാത്രി തന്നെ സിദ്ധാര്‍ഥന്‍ നാടുവിട്ടുപോകാന്‍ തെരഞ്ഞെടുത്തത് എന്തിനാവണം?
ആ രാത്രിയുടെ ഓര്മ അത്രമേല്‍ അയാളെ പൊള്ളിക്കുന്നത് കൊണ്ടോ ?

.ഗോപ തന്റെ ഭര്‍ത്താവിന്റെ ,മകന്‍റെ അച്ഛന്റെ വരവിനു കാത്തിരുന്നു .തന്നെയും മകനെയും സ്വീകരിക്കുന്ന നിമിഷത്തിനായി വേദനയോടെ,എതിര്‍പ്പോടെ കാത്തിരുന്നു .മറ്റൊരു വിവാഹത്തിനുള്ള  ദേവദത്തന്റെ  നിര്‍ബന്ധങ്ങളെ അവഗണിച്ചു .അമ്മ എന്ന നിലയിലുള്ള ഗോപയുടെ ശ്രദ്ധയും കരുതലും ആശങ്കയും ഭരതവാക്യം വരെ നമുക്ക് കാണാം .
വഴിമുടക്കി എന്ന് നാമകരണം ചെയ്യപെട്ട, അച്ഛന്‍റെ വാത്സല്യം ഒരിക്കലും അറിയാനിട വന്നിട്ടില്ലാത്ത ഹതഭാഗ്യന്‍ ആയിരുന്നു രാഹുല്‍.മകന്‍ കൊണ്ട് വരുന്ന ജലം കമിഴ്ത്തി തന്റെ അകലം കാട്ടുന്ന അഛനായി ബുദ്ധന്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് നോവലില്‍ . .സര്‍വ സ്നേഹത്തിന്റെ പ്രവാചകന്‍ ഒരു നിമിഷം ക്ഷുഭിതനായോ?ലൌകിക ജീവിതത്തിലെ രാജകുമാരനല്ല കര്മബന്ധങ്ങള്‍ ഉപേക്ഷിച്ച ശ്രീ ബുദ്ധന്‍ .പക്ഷെ  ഭക്തന്റെ കണ്ണില്‍ കൂടി മാത്രമല്ലല്ലോ  നാം ശ്രീ ബുദ്ധനെ സമീപിക്കേണ്ടത് .
ദേവദത്തന്‍റെ കരുത്തുറ്റ  ചലനങ്ങളിലും രൂക്ഷമായ പ്രതികരണങ്ങളിലും  ശ്രദ്ധ ചെലുത്തുന്ന നോവലിസ്റ്റ്‌ അയാളിലൂടെ 
 സിദ്ധാര്‍ത്ഥ രാജകുമാരന്‍റെ ഈ അവഗണനയ്ക്കെതിരെ ശബ്ദമുയത്തുന്നുണ്ട്.ബുദ്ധന്‍റെ ഗോപയോടുള്ള പെരുമാറ്റം അദ്ദേഹത്തെ ക്ഷുഭിതന്‍ ആക്കുന്നു .ബുദ്ധനെതിരെ അജാത ശത്രുവുമായി ചേര്‍ന്ന്  പട നയിക്കാന്‍ പോലും ഒരുങ്ങുന്നുണ്ട് ദേവ ദത്തന്‍ .ഒരു പ്രതിനായകന്റെ തലത്തിലേക്ക് അദ്ദേഹം നോവലില്‍ ഉയരുന്നു ബുദ്ധന്റെ തേജസ്സും സ്നേഹവും ചിന്തയുടെ പരപ്പുമെല്ലാം വ്യക്തമാക്കുന്നുവെങ്കിലും അത് അദ്ദേഹത്തിനു ദിവ്യ ശക്തി കല്പിച്ചു നല്‍കുന്നില്ല . കമലക്കോ ദേവദത്തനോ അംഗീകരിക്കാനാവാത്ത ഒന്നാണ് അതു .നോവലിസ്റ്റും ആ  കണ്ണോടെയാണ്  നോവലില്‍ ബുദ്ധനെ കാണുന്നത് .കോള്ളിയരുടെ യുവരാജാവായ ദേവദത്തന്റെ മനസ്സ് കാണുക :

ഓര്‍ക്കുംതോറും ഉള്ളില്‍ ക്രോധം പടര്‍ത്തുന്ന ഒരു മുഖം അയാളുടെ മനസ്സിലുണ്ട് .
ഏഴു കൊല്ലം മുന്‍പ് ,ഒരു പാതിരാവില്‍ ,പിറന്നു വീണ് രണ്ടു യാമം പോലും കഴിയാത്ത മകനെയും ഈറ്ററയില്‍ ബോധം തിരിച്ചു വരാതെ കിടക്കുന്ന ഭാര്യയേയും ഉപേക്ഷിച്ചു നാടുവിട്ടുപോയ ഒരാളുടെ മുഖം .
ശത്രുവിന്റെ മുഖം 
ആ മുഖത്തിന്റെ ഓര്‍മ്മയില്‍ അയാളുടെ ദേഹം വിറച്ചുതുടങ്ങി ..

ആ മുഖമായിരുന്നു അപ്പോള്‍ ഗോപയുടെയും മനസ്സില്‍ തെളിഞ്ഞുവന്നത്‌ 
മന്ദഹസിക്കുന്ന  കണ്ണുകള്‍ക്കും വടിവേഴുന്ന പുരികങ്ങള്‍ക്കും മേലെ നെറ്റിയില്‍ ഒരു ചുഴിയുണ്ടായിരുന്നു .നെടുനീളത്തില്‍ ഒരു ചുഴി .
  
എത്ര വെള്ളമൊഴിച്ചാലും  കെടാത്ത തീയാണ് ദേവദത്തനെന്നു  തുടക്കത്തിലെ പരാമര്‍ശമുണ്ട് ആ  തീയുടെ  കഥകൂടിയാണ്‌ ഈ നോവല്‍ .മരണം കാത്തിരിക്കുമ്പോള്‍ പോലും പകയുടെ അഗ്നിയുമായി കോള്ളിയരുടെ യുവരാജാവ് വിധിക്ക് വഴങ്ങുന്നത് നോവലിലെ അസാധാരണമായ ഒരു മുഹൂര്‍ത്തമാണ് മറ്റൊരു യുദ്ധത്തിനു ഒരുങ്ങാന്‍ കൊടിയ വിദ്യ കണ്ടു പിടിച്ചിട്ടുണ്ട് എന്ന് പറയുന്ന കോകാലികനോടു ദേവദത്തന്‍ പറയുന്നു :
"എന്തിനു?വിഹാരത്തില്‍ അവന്റെ പരിചാരികയായി എന്റെ പെങ്ങള്‍ ജീവിക്കുന്നു അവന്റെ കണ്മുന്‍പില്‍ രാഹുലന്‍എന്ന ഹതഭാഗ്യനായ കുഞ്ഞ് ഭിക്ഷ യാചിക്കുന്നു .കോളിയരുടെ വംശമഹത്വം ഇനി പഴങ്കകഥ  മാത്രമാണ് ഈ ദേവദത്തന്‍ ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ സംഭവിച്ചു ആ അപമാനത്തെ മറയ്ക്കാന്‍ ഇനി വിദ്യയെന്ത്?തന്ത്രമെന്ത്?
.......
"അവസാനിക്കുകയാണ് കോകാലിക .എല്ലാം അവസാനിക്കുകയാണ് .കൂടു വിട്ടു പറന്നിട്ടും  വിധി എന്നെ ജയിക്കാന്‍ അനുവദിച്ചില്ല .പരാജിതനായി ജീവിക്കാന്‍ ദേവദത്തന്‍ ആഗ്രഹിക്കുന്നുമില്ല ."

പക്ഷെ ഈ ബുദ്ധ ഭൂമിയില്‍  അറിയാതെ അത്ഭുതങ്ങള്‍ സംഭവിച്ചു പോകുന്നു .പിതൃഹത്യ നടത്തി അധികാരത്തില്‍ എത്തിയ അജാതശത്രു പോലും ബുദ്ധശിഷ്യനായി  മാനസാന്തരപ്പെടുന്നു .ദേവദത്തന്‍ ഇവിടെ ബുദ്ധന്റെ മുന്‍പില്‍ പരാജയപ്പെടുന്നു .പുത്രരൂപത്തില്‍ എത്തിയ പിതാവ് ,കോസല മഹാറാണിയിലൂടെ അജാത ശത്രുവിന്റെ കണ്ണ് തുറപ്പിക്കുന്നു.ദേവദത്തന്‍ നിഷ്ക്കാസിതനാകുന്നു .ബുദ്ധന്‍ വിജയിക്കുന്നു .വിചിത്രമായ ജിവിത നിയോഗങ്ങള്‍ 

സ്വന്തം കണ്ണുനീര്‍ കൊണ്ടു,,കാരാഗൃഹത്തില്‍  മരണം കാത്തു കഴിയുന്ന മഹാരാജാവായ ബിംബിസരന്റെ അന്ത്യദാഹം അടക്കി   തീര്‍ക്കുന്ന  കോസല മഹാ റാണിയുടെ കരളലിയിപ്പിക്കുന്ന ചിത്രവും ഈ നോവലില്‍ കാണാം .

ബുദ്ധന്‍ അധികാരം ഉപേക്ഷിച്ചതോടെ ആലംബമറ്റ കപിലവസ്തുവിലെ രാജാവായ ശുദ്ധോദനന്റെയും പ്രജകളുടെയും ദയനീയതയാണ് ഹൃദയത്തില്‍  തട്ടുന്ന മറ്റൊരു കാഴ്ച  കാളുദായിയോടു ഛന്നന്‍ പറയുന്നു:

നിന്‍റെ കണ്ണുകളില്‍വരെ മുറിവേറ്റിട്ടുണ്ടല്ലോ ഛന്നാ!"
"കപിലവസ്തുവില്‍ ഇപ്പോള്‍ മുറിവേല്‍ക്കാത്തവരായി ആരാണുള്ളത് കാളുദായി?രാജകുമാരി ,രാഹുലകുമാരന്‍ ,മഹാരാജാവ് ,മഹാറാണി ,പ്രജകള്‍ ,ഞാന്‍,നീ...പറയൂ ആര്‍ക്കാണ് മുറിവേല്കാത്തത് ?"

ബുദ്ധനു , ഭൂമിയുടെ നൂറ്റാണ്ടുകളുടെ ഭ്രമണങ്ങള്ക്കി‍ടയില്‍  ഒരു കൊച്ചു രാജ്യവും അതിലെ ജനതയുമെല്ലാം നിസ്സാരമാകാം . പക്ഷെ അവിടെ അദ്ദേഹത്തെ പിന്തുടര്‍ന്നു എല്ലാം ഉപേക്ഷിച്ചു എത്തിയ കാളൂദായി  ഉണ്ട് നന്ദനും ബന്ധുക്കളും ഉണ്ട് എന്തിനു ശാക്യ വംശത്തിലെ  ഓരോ പ്രതിനിധിയുമുണ്ട്.വംശനാശത്തിനിരയായ ആ ജനവിഭാഗത്തിന്റെ വേദന ബുദ്ധന്‍ അറിഞ്ഞില്ലേ ?ഭരണാധികാരി എന്ന നിലയിലും ബുദ്ധന്‍ തന്റെ കടമ നിര്‍വഹിച്ചുവോ?

ഒരേ സമയം ബുദ്ധന്റെ ജീവിതത്തെ സ്വാധീനിച്ച  വ്യക്തികളെ അവതരിപ്പിക്കുകയും അവരിലൂടെ   ബുദ്ധന്‍ നേരിട്ട  സമസ്യകള്‍ പ്രതിപാദിക്കുകയും  ചെയ്യുന്ന നോവലിസ്റ്റ് ബുദ്ധന്റെ ഭൌതികജീവിതത്തിലെ പാളിച്ചകളെ കര്‍ക്കശമായി  വിമര്‍ശിക്കുന്നു 

ഒരു അവിശ്വാസിയുടെ കണ്ണുകളിലൂടെ .ആധുനിക ചിന്തകളുടെ അളവുകോല്‍ വെച്ചു രണ്ടായിരത്തി അഞ്ഞൂറ് കൊല്ലം മുന്‍പ് ജീവിച്ചിരുന്ന സരവസംഗപരിത്യാഗിയായ ബുദ്ധനെ  പൂര്‍ണ്ണമായി അളക്കാനാവില്ല .ഇന്നും തീക്ഷ്ണമായ ചിന്തകളുടെ പാരാവാരമാണ് ബുദ്ധചിന്തകള്‍ .അതെ പോലെ ചരിത്രത്തിലെ യാഥാര്‍ഥ്യമാണോ നോവലിലെ വസ്തുതകള്‍ എന്ന സംശയവും നിലനില്‍ക്കുന്നു 

എങ്കിലും ആ ജീവിതത്തിലെ സംഘര്‍ഷഭരിതമായ നിമിഷങ്ങളിലേക്ക് രാജേന്ദ്രന്‍ എടത്തുംകര നിര്‍ഭയം കടന്നു ചെല്ലുന്നു ബഹുമാനത്തോടെ തന്നെ , നമ്മുടെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്ത്താ‍ന്‍ അദ്ദേഹത്തിനു കഴിയുന്നു .ആ പൌരാണികകാലം അദ്ദേഹം നമ്മെ അനുഭവിപ്പിക്കുന്നു ...124 പേജുകളില്‍ ഒരു വലിയകാലം അദ്ദേഹം അടയാളപ്പെടുത്തുന്നു .

വടക്കെ ഇന്ത്യയിലെ തന്റെ അധ്യാപക ജീവിതത്തിലെ ഏക സമ്പാദ്യം  എന്നാണു ഈ പുസ്തകത്തെ  രാജേന്ദ്രന്‍ ഏടത്തുംകര വിശേഷിപ്പിക്കുന്നത്   അതാകട്ടെ, മലയാള  നോവല്‍ സാഹിത്യത്തിനും സുവര്‍ണഖനിയായി മാറിയിരിക്കുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക