Image

'ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍നിരയില്‍ നവ്യ ഉണ്ടാകണം'; ധ്യാനിന് മറുപടിയുമായി താരം

Published on 16 July, 2026
'ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍നിരയില്‍ നവ്യ ഉണ്ടാകണം'; ധ്യാനിന് മറുപടിയുമായി താരം

നടി നവ്യാ നായരെക്കുറിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്റെ തമാശ നിറഞ്ഞ പരാമര്‍ശവും അതിന് നവ്യ നല്‍കിയ രസകരമായ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താന്‍ എന്നെങ്കിലുമൊരിക്കല്‍ മുഖ്യമന്ത്രിയാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് നവ്യാ നായര്‍ സാരിയുടുത്ത് മുന്‍നിരയില്‍ത്തന്നെ ഉണ്ടാകണമെന്നുമാണ് ധ്യാന്‍ പറഞ്ഞത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതുകാണാന്‍ തൃഷ വന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു ധ്യാനിന്റെ തമാശ.

വിസിറ്റര്‍ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസനും നവ്യാ നായരും തമ്മിലുള്ള രസകരമായ സംവാദം നടന്നത്.  'നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ് ഞാനെന്റെ ഇന്റര്‍വ്യൂ ജീവിതം തുടങ്ങുന്നതുതന്നെ. ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത്, കണ്ണുനിറച്ചുകൊണ്ട് മുന്‍നിരയില്‍ നവ്യ ഉണ്ടാവണം.' ചടങ്ങില്‍ ധ്യാന്‍ തന്റെ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ എന്നെങ്കിലും ഒരു വിഷമംതോന്നിയാല്‍ അതിനെ മറികടക്കാന്‍ യുട്യൂബില്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ തിരഞ്ഞുപിടിച്ച് കാണുമെന്നാണ് ഇതിനോട് നവ്യാ നായര്‍ പ്രതികരിച്ചത്.


'ഇതിനുമുന്‍പ് ഞാന്‍ സേര്‍ച്ച് ചെയ്തിരുന്നത് ശ്രീനിവാസന്‍ ഇന്റര്‍വ്യൂ എന്നാണ്. ശ്രീനിവാസന്‍ സാറിന്റെ നര്‍മം എനിക്ക് രസകരമായി തോന്നിയിട്ടുണ്ട്.  സംസാരിക്കുമ്പോള്‍ വ്യക്തത കുറഞ്ഞിരുന്ന സമയത്തുപോലും അദ്ദേഹം പറഞ്ഞിരുന്ന കൗണ്ടറുകളുടെ അത്രയൊന്നും ധ്യാനിന് കഴിയില്ല. ഞാനുള്‍പ്പെടെ ഒരുപാട് മലയാളികള്‍ക്ക് ആശ്വാസമാണ് ധ്യാനിന്റെ തമാശകള്‍. വെട്ടിത്തുറന്ന് സംസാരിക്കുന്നു എന്നതാണ് ധ്യാനിനോട് എല്ലാവര്‍ക്കും തോന്നുന്ന കണക്ഷന്‍. അങ്ങനെയുള്ള ആ ധ്യാനാണ് എന്നോട് പരസ്യമായി ഒരു കാര്യം ആവശ്യപ്പെട്ടത്. ധ്യാന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ വെള്ളയില്‍ പച്ചക്കളര്‍ ബോര്‍ഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസിട്ട്, കണ്ണില്‍ ഈറനണിഞ്ഞ്, ധ്യാനിനുവേണ്ടി ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര വെച്ചിട്ടുണ്ടാവില്ലേ ധ്യാന്‍? സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ ധ്യാന്‍ എന്നെ മറക്കില്ലെന്നാണ് വിശ്വാസം.''  നവ്യാനായര്‍ രസകരമായി പ്രതികരിച്ചതിങ്ങനെ.

ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രമാണ് 'വിസിറ്റര്‍'. രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറില്‍ അബ്ദുല്‍ ഗഫൂറാണ്. അനൂപ് ഹോര്‍മീസ്, അനില്‍ തമലം എന്നിവര് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്.  ഹൊറര്‍ ചിത്രമായാണ് 'വിസിറ്റര്‍' ഒരുക്കുന്നത്.

സിദ്ധാര്‍ഥ് ഭരതന്‍, റോണി ഡേവിഡ്, മധു വാര്യര്‍, വിഷ്ണു ജി വാര്യര്‍, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നത്. 
88

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക