
മുവാറ്റുപുഴ നിന്നും രണ്ടു മൈൽ തെക്കോട്ട് (മാറിയാൽ) മാറാടി. വീണ്ടും ഒരു ഏഴെട്ടു മൈൽ തെക്കോട്ട് മാറിയാൽ തിരുമാറാടി. രണ്ടും ഗ്രാമ പഞ്ചായത്തുകൾ. ഇന്നത്തെപ്പോലെ അന്ന് ഗ്രാമ- ബ്ലോക്ക്- ജില്ലാ വേർതിരിവുകൾ ഒന്നുമില്ല. എല്ലാം വെറും പഞ്ചായത്തു മാത്രം. പിന്നെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ അങ്ങനെ പോകും.
മുവാറ്റുപുഴയാറ് മാറാടിയുടെയും, ഞങ്ങളുടെ പറമ്പിന്റെയും പടിഞ്ഞാറെ അതിരിനെ തഴുകി - തലോടി തെക്കോട്ടൊഴുകി, പിന്നെ അതിന്റെ ഗതി തെക്കു പടിഞ്ഞാറോട്ട് മാറി പിറവത്തെ രണ്ടായി കീറിമുറിച്ചുകൊണ്ട് വൈക്കത്തിനടുത്തുള്ള വേമ്പനാട്ടു കായലിലേക്ക് പായുന്നു.
മാറാടിയുടെ കിഴക്കു ഭാഗത്തു കൂടി പോകുന്ന എം സി (M. C .Road) റോഡും, പടിഞ്ഞാറു ഭാഗത്തു കൂടി പോകുന്ന പിറവം റോഡുമാണ് പ്രധാന പാതകൾ.
റോഡിലൂടെ പായുവാൻ അധികം വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സൈക്കിൾ പോലും വിരളമായിരുന്നു.
“മാറാടി ദേശം മഹാദേശം മഹാന്മാരുടെ ജന്മദേശം" എന്നൊക്കെ അക്കാലത്തെ കുടിയന്മാരായ ‘മഹാന്മാർ' രണ്ടു കുപ്പി കള്ള് അകത്താക്കിയിട്ട് പാടി നടക്കുമായിരുന്നു.
പഞ്ചായത്തായിരുന്നു ആകെ ഉണ്ടായിരുന്ന സർക്കാർ ഓഫീസ്. പിന്നെ സർക്കാർ വക മൂന്നുനാല് പ്രൈമറി സ്കൂളുകൾ. അതിലൊന്ന് പിൽക്കാലത്തു് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
പഞ്ചായത്തു ഭരിച്ചിരുന്നത് തെര ഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും, നാലോ അഞ്ചോ മെമ്പർമാരും കൂടിയാണ്. സർക്കാർ ജോലിക്കാരായി ഒന്നുരണ്ടു പേർ കൂടി പഞ്ചായത്തിൽ ഉണ്ടാകും.
സ്ഥലത്തെ ഏറ്റവും വലിയ പ്രമുഖനും പ്രമാണിയുമായിരിക്കും പ്രസിഡന്റ്. നാട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിച്ചിരുന്നത് പഞ്ചായത്താണ്.
അന്ന് പഞ്ചായത്തിനോട് ചേർന്ന് ഒരു പൗണ്ട് (Animal pound ) ഉണ്ടായിരുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളേയും കൃഷി നശിപ്പിക്കുന്ന വളർത്തു മൃഗങ്ങളേയും നാട്ടുകാർ അവിടെ ഏൽപ്പിക്കും. ഉടമസ്ഥന് മൃഗത്തെ തിരികെ കിട്ടണമെങ്കിൽ ഒരു ചെറിയ പിഴയടക്കണം.
അന്നൊക്കെ പണിക്കാർ പണി തേടി വീടുകളിൽ വരുമായിരുന്നു. ഒട്ടുമിക്ക പണികളും ഉച്ചവരെ ആയിരിക്കും. പണികഴിഞ്ഞു കിട്ടുന്ന കൂലിയും വാങ്ങി ആൺ -പെൺ വ്യത്യാസമില്ലാതെ കള്ളുഷാപ്പിലേക്കു പോകും. ഒന്നോ രണ്ടോ കുപ്പി കള്ളും വാങ്ങി, കറിയും തൊട്ടു കൂട്ടികൊണ്ടു വൈകുന്നേരം വരെ ഷാപ്പിൽ വർത്തമാനം പറഞ്ഞിരിക്കും. ശരിക്കും ഒരു പാശ്ചാത്യ ശൈലിയിൽ അവർ ജീവിതം ആസ്വദിച്ചിരുന്നു.
വൈകുന്നേരമാകുമ്പോൾ ബാക്കിയുള്ള പൈസക്ക് അരിയും സാമാനങ്ങളും വാങ്ങി ഭാര്യാ ഭർത്താക്കന്മാർ വീടുകളിലേക്ക് തിരിക്കും. പോകുന്ന വഴി കള്ളിന്റെ ലഹരിയിൽ ഭാര്യമാർ തമ്മിലും കൂട്ടുകാർ തമ്മിലുമൊക്കെ വഴക്കുണ്ടാക്കും. പിറ്റേന്ന് രാവിലെ തലേന്നത്തെ കാര്യങ്ങളൊക്കെ മറക്കും.
പുഴയും, മണൽപ്പുറവും, പിന്നെ കരിമ്പും കരിമ്പാട്ടുമൊക്കെ ഉള്ളതിനാൽ വേനലവധിക്ക് ഞങ്ങളുടെ സമപ്രായക്കാരായ ബന്ധുമിത്രാതികൾ ഞങ്ങളുടെ വീട്ടിലേക്കാവും വരിക. അതുകൊണ്ട് മറ്റെങ്ങും പോയി അവധിക്കാലം ചെലവൊഴിക്കുവാൻ ഞങ്ങൾക്ക് അധികം അവസരം ലഭിക്കാറില്ല.
അങ്ങനെയിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ മണ്ണത്തൂര് പോയി രണ്ടു മൂന്നു ദിവസം താമസിക്കുവാനുള്ള അവസരം തരപ്പെടുന്നത്. തിരുമാറാടി പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് മണ്ണത്തൂർ. അപ്പന്റെ അമ്മവീട് . അങ്ങോട്ട് പോകുമ്പോൾ വീട്ടുപേരിനു പ്രാധാന്യം കൊടുക്കാതെ മണ്ണത്തൂർക്ക് പോകുന്നു എന്ന് ഞങ്ങളും, അവർ ഞങ്ങളുടെ വീട്ടിലേക്കു വരുമ്പോൾ മാറാടിക്കു പോകുന്നു എന്നുമാണ് പറയുന്നത്.
മണ്ണത്തൂർകാർക്കു മാറാടിക്കാരോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. അതുപോലെ ഞങ്ങൾക്ക് അവരോടും. അതുകൊണ്ടു് അവിടെ പോകുന്നു എന്ന് കേട്ടപ്പോൾ രണ്ടു നാൾ ഉറങ്ങുവാൻ പോലും കഴിഞ്ഞില്ല.
കോളേജ് ഹോസ്റ്റലിൽ നിന്നും അവധിക്കു വന്ന സഹോദരിയുമൊത്താണ് യാത്ര. ഞാൻ മൂന്നിലോ നാലിലോ മറ്റോ പഠിക്കുന്നു. ഞങ്ങൾ രണ്ടാളും വളരെ ആകാംക്ഷയിലാണ്.
മുവാറ്റുപുഴ നിന്നും മാറാടി- മണ്ണത്തൂർ വഴി കൂത്താട്ടുകുളത്തേക്കുള്ള ഒരേ ഒരു ബസ് ആണ് ‘രാജൻ'. രാവിലെ ഏഴു മണിയോടെ രാജൻ ഞങ്ങളുടെ സ്റ്റോപ്പിൽ എത്തും. അന്ന് അങ്ങനെ കൃത്യമായ സ്റ്റോപ്പ് ഒന്നുമില്ല. എവിടെ നിന്ന് കൈ കാണിച്ചാലും ബസ് നിറുത്തും. എവിടെ ഇറങ്ങണമെന്നു പറഞ്ഞാലും ഇറക്കുകയും ചെയ്യും.
ഞങ്ങൾ നേരത്തെ തന്നെ സ്റ്റോപ്പിൽ എത്തി. ഏഴു മണിയോടെ ഇരച്ചും ഇരമ്പിയും, മുക്കിയും മൂളിയും, പ്രൊ പ്രൊ എന്ന് ഹോൺ മുഴക്കിയും രാജൻ ദൂരെനിന്നും ദുരിതം പേറി വരുന്നുണ്ട്. വളഞ്ഞിരിക്കുന്ന സർപ്പത്തിന്റെ വായിൽ ബലൂൺ വീർപ്പിച്ചു കെട്ടിയിരിക്കുന്നത് പോലത്തെ ഹോൺ ഡ്രൈവറുടെ കൈ എത്തും ദൂരത്തു കെട്ടിയുറപ്പിച്ചിരിക്കുന്നു.
എട്ടോ പത്തോ യാത്രക്കാരെ അതിൽ ഉണ്ടായിരുന്നുള്ളു. അവരിൽ മിക്കവരും മഴുവും വടവുമൊക്കെയായി പോകുന്ന മരം വെട്ടുകാരായിരുന്നു.
ഞങ്ങൾ മുന്നിലെ സീറ്റിൽ തന്നെയിരുന്നു. വളവും തിരിവുമെല്ലാം വളരെ ആയാസത്തോടെ ആയിരുന്നു ഡ്രൈവർ തിരിക്കുന്നത്. സ്റ്റീയറിങ് എത്ര പ്രാവശ്യം കറക്കുമ്പോഴാണ് ഓരോ വളവും തിരിഞ്ഞു കയറുന്നതെന്നു ഞാൻ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ബസ് മുന്നോട്ടോടുമ്പോൾ മരങ്ങളും വീടുകളുമെല്ലാം പിറകോട്ടോടുന്നു.
രണ്ടു മൂന്ന് മൈൽ ഓടിയപ്പോഴേക്കും മാറാടിയുടെ അതിർ കടന്നു. പിന്നെ വലിയൊരു കയറ്റമാണ്. റോഡിന്റെ ഒരു വശം ഉയർന്ന മലയും മറുവശം വലിയൊരു കൊക്കയുമാണ്. ഞങ്ങൾ ഇരിക്കുന്ന വശത്താണ് കൊക്ക.
റോഡിൽ നിന്നും കുറച്ചു താഴെയായി കാട്ടുമരങ്ങളുടെ ഇടയിൽ ഒരു കൊച്ചു ക്ഷേത്രമുണ്ട്. അവിടത്തെ ദേവി ചിലപ്പോഴൊക്കെ കോപിക്കുമത്രേ!. ആയിടെ അവിടെ ഒരു വാഹനം മറിഞ്ഞു രണ്ടു പേർ മരിച്ചിട്ടുണ്ട്.
ബസ്സിൽ നിന്നും ചില അസാധാരണ ശബ്ദങ്ങളൊക്കെ കേട്ടുതുടങ്ങി. ബസ് മുന്നോട്ട് വലിക്കുന്നില്ല. ഞങ്ങൾക്ക് പേടിയായി തുടങ്ങി. കണ്ടക്ടർ വന്ന് ഗീയർ ലിവർ വലിച്ചു പിടിക്കുന്നുണ്ട്. ഗീയർ വഴുതി മാറുകയാണെന്ന് തോന്നുന്നു. പിടിച്ചു കെട്ടുവാൻ ഞങ്ങളുടെ വടം വേണോ എന്ന് മരംവെട്ടുകാർ തമാശരൂപേണ ചോദിക്കുന്നുണ്ട്.
ഡ്രൈവർ ഒരുവിധേന ബസ് നിറുത്തി. പോർട്ടർ ചാടിയിറങ്ങി പിന്നിലത്തെ ടയറുകൾക്ക് ഊടു വെച്ചു.
എല്ലാവരും ബസ്സിൽ നിന്നും പുറത്തിറങ്ങി. പ്രശ്നം പരിഹരിക്കുവാൻ ബസ്സിലെ ജീവനക്കാർ ആവുന്നത്ര ശ്രമിച്ചു നോക്കി.
“ബസ്സിനി പോവില്ല. വർക്ക് ഷോപ്പിൽ നിന്നും ആളുവന്നു നന്നാക്കണം.”. കണ്ടക്ടർ പറഞ്ഞു. കുറച്ചു പേർക്കൊക്കെ പൈസയും തിരികെ കൊടുത്തു.,
കയറ്റം കയറി രണ്ടു മൈൽ കൂടി പോയാൽ മണ്ണത്തൂർ ആകുമെന്ന് കണ്ടക്ടർ ഞങ്ങളോട് പറഞ്ഞു.
“മക്കൾ ഞങ്ങളുടെ കൂടെ നടന്നോ. ഞങ്ങൾ മണ്ണത്തൂർക്കാണ്". ബസ്സിലുണ്ടായിരുന്ന മരംവെട്ടുകാർ പറഞ്ഞു. ഞങ്ങൾ അവരുടൊപ്പം നടന്നു. അവർ പണിസ്ഥലത്തെ തമാശകളൊക്കെ പറഞ്ഞും രസിച്ചുമായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.
മെറ്റൽ ഇളകിക്കിടക്കുന്ന വഴിയിലൂടെ കയറ്റം കയറിയും ഇറക്കം ഇറങ്ങിയുമൊക്കെ നടന്ന് ഞങ്ങൾ തളർന്നു. വല്ലാതെ വിശക്കുന്നുമുണ്ട്. യാത്രയുടെ തിടുക്കത്താലും പിന്നെ അതിരാവിലേയുമൊക്കെ ആയതിനാൽ വീട്ടിൽ നിന്നും കാര്യമായൊന്നും കഴിച്ചതുമില്ല..
വഴിയിൽ ഒരു ചായക്കട കണ്ടപ്പോൾ സഹയാത്രികർ ചായ കുടിക്കുവാൻ അങ്ങോട്ട് കയറി. ഞങ്ങളെയും ക്ഷണിച്ചു. ഞങ്ങൾക്ക് എന്തോ ഒരു നാണക്കേട്. പപ്രത്യേകിച്ച് പെൺകുട്ടികൾ അന്നൊന്നും ചായക്കടകളിൽ കയറാറില്ല. “ഞങ്ങൾക്ക് വിശക്കുന്നില്ല. വീട്ടിൽ നിന്നും കഴിച്ചിട്ടാണ് പോന്നത്". ചേച്ചി പറഞ്ഞു. എനിക്കാണെങ്കിൽ കണ്ണാടി അലമാരയിൽ ഇരിക്കുന്ന പലഹാരങ്ങൾ കണ്ടിട്ട് സഹിക്കുന്നില്ല. അന്നൊന്നും ആഗ്രഹമുണ്ടെങ്കിലും വാങ്ങിത്തരണമെന്നു പറഞ്ഞു കുട്ടികൾ ശാഠ്യം പിടിക്കാറില്ല. പ്രത്യേകിച്ച് പലഹാരങ്ങൾക്ക്. പിന്നെ അതും പറഞ്ഞു വീട്ടിൽ എപ്പോഴും കളിയാക്കുകയും ചിലപ്പോൾ അടി കിട്ടുകയും ചെയ്യും. എവിടെ ചെന്നാലും പെരുമാറേണ്ട ‘പെരുമാറ്റച്ചട്ടങ്ങൾ' പഠിപ്പിച്ചിട്ടേ എവിടെയും കൊണ്ട് പോകൂ.
അവർ ചായകുടി കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ നടപ്പ് വീണ്ടും തുടർന്നു . ഞാനാകെ തളർന്നു.
“നമ്മൾ എപ്പോഴാ മണ്ണത്തൂർ എത്തുന്നത്?” ഞാൻ കൂടെ കൂടെ ചോദിച്ചുകൊണ്ടിരുന്നു.
“നമ്മൾ ഇപ്പോൾ മണ്ണത്തൂര് കൂടെയാണ് പോകുന്നത്". കൂടെയുള്ള ചേട്ടന്മാർ പറയും. ഞാൻ ഉദ്ദേശിച്ചത് ഞങ്ങൾക്ക് പോകേണ്ട വീടിനെയാണ്.
‘അത്താണിക്കൽ' എത്തിയപ്പോൾ മരംവെട്ടുകാർ അവരുടെ പണിസ്ഥലത്തേക്കു തിരിഞ്ഞു. ചേച്ചിക്കാണെങ്കിൽ വഴി നല്ല നിശ്ചയമില്ല. ബസ്സ്റ്റോപ്പിൽ നിന്നും പോകാനറിയാം. വീട്ടുപേര് പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല. ഞങ്ങളുടെ അന്ധാളിപ്പ് കണ്ടപ്പോൾ ഒന്ന് രണ്ടു പേര് സാഹത്തിനെത്തി.
വീട്ടിലെ ആളുകളുടെ രൂപ സാദൃശ്യങ്ങളും അവിടത്തെ ഒരപ്പച്ചൻ സ്കൂൾമാഷ് ആണ് എന്നൊക്കെ പറഞ്ഞപ്പോൾ അവർക്ക് വീട് മനസ്സിലായി.
“ഇനി ഒരു മൈൽ കൂടി പോകണം. ഞാൻ അവിടെ പണിക്കൊക്കെ പോയിട്ടുണ്ട്. എന്റെ കൂടെ പോന്നോളൂ. ഞാൻ വഴി കാണിച്ചു തരാം.” അതിൽ ഒരു ചേട്ടൻ പറഞ്ഞു.
അന്നൊക്കെ ആരെയും വിശ്വസിക്കാം. ഞങ്ങൾ ആ ചേട്ടന്റെ പിന്നാലെ പുറപ്പെട്ടു.
“നമുക്ക് പാടത്തുകൂടി പോകാം. അതാണെളുപ്പം" ആ ചേട്ടൻ പറഞ്ഞു.
‘രണ്ടും മൂന്നും തവണ കൃഷിയേറ്റുന്ന കണ്ടങ്ങളെയും, വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ചങ്ങളെയും കണ്ടുംകൊണ്ടാ’ പാടത്തിന്റെ നടുവിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന തോട്ടുവരമ്പിലൂടെയുള്ള യാത്രയിലെ കാഴ്ചകൾ അതിമനോഹരമായിരുന്നു. വയലുകളെ, ചുറ്റുമുള്ള ചെറിയ മലകൾ ഒരു കോട്ടപോലെ കാത്തു സൂക്ഷിക്കുന്നു.
തോട്ടിറമ്പിൽ പൂത്തും കായ്ച്ചും നിൽക്കുന്ന കാട്ടുചെത്തികൾ. പൂജക്ക് പൂ പറിക്കുവാൻ വരുന്ന പെൺകിടാങ്ങൾ. തോട്ടിൽ കളിച്ചും കുളിച്ചും തിമിർത്താടുന്ന ആൺകിടാങ്ങൾ.
എല്ലാം ‘കണ്ടുംകൊണ്ടാ’ തോട്ടു വരമ്പിലൂടെ നടന്നപ്പോൾ വീട്ടുപടിക്കൽ എത്തിയത് അറിഞ്ഞില്ല. ഇനി തോട് മുറിച്ചു അക്കരെ എത്തണം. ഒരു തെങ്ങിൻതടിയാണ് പാലം. ഇത്തരം പാലത്തിലൂടെ നടന്ന് ഞങ്ങൾക്ക് പരിചയമില്ല. ആ ചേട്ടന്റെ കൂടി സഹായത്താൽ ഞങ്ങൾ അക്കരെ എത്തി.
ഇനി കുറെ പടികൾ കയറണം മുറ്റത്തെത്തുവാൻ.
മുൻവശത്തെ ഇറയത്തു ചാരുകസേരയിൽ പാടത്തേക്ക് നോക്കി വല്യപ്പച്ചനും, അതിനടുത്തു മുറുക്കാൻ ചെല്ലവുമായി വല്യമ്മച്ചിയും ഇരിപ്പുണ്ട് ആരെയോ കാത്തിരിക്കുന്നത് പോലെ.
ഞങ്ങൾ ചെല്ലുന്നതു അപ്രതീക്ഷിതമായിട്ടായിരുന്നു. അപ്പോഴേക്കും അവിടത്തെ അപ്പച്ചനും, അമ്മച്ചിയും അവരുടെ മക്കളായ ഞങ്ങളുടെ കസിന്സും മുൻവശത്തേക്കു വന്നു. അവരുടെ സ്നേഹത്താൽ ഞങ്ങളെ വീർപ്പുമുട്ടിച്ചു.
വല്യപ്പച്ചനും, വെല്യമ്മച്ചിക്കും പത്തെൺപതു വയസ്സിനു മുകളിൽ പ്രായം കാണും. രണ്ടു പേരുടെയും വായിൽ പല്ലുകളൊന്നും ഉണ്ടായിരുന്നില്ല. സുന്ദരിയായ വെല്യമ്മച്ചിയുടെ വലിയ വട്ടത്തിലുള്ള കാതുകൾ തൂങ്ങിക്കിടക്കുന്നത് ഓർക്കുന്നു.
രണ്ടു പേർക്കും മുറുക്കുന്ന ശീലമുണ്ടായിരുന്നു. ഇടികല്ലിൽ വച്ച് മുറുക്കാൻ ചതച്ചിട്ടാണ് മുറുകുന്നത്. മുറുക്കാൻ ചതച്ചു അവരുടെ വായിൽ വച്ചുകൊടുക്കുന്നതിനു കൊച്ചുമക്കൾ മത്സരിക്കുമായിരുന്നു.
ഞങ്ങൾ കുട്ടികൾ എല്ലാവരും നടുത്തളത്തിൽ പുൽപ്പായ വിരിച്ചു അവിടെയാണ് കിടന്നുറങ്ങിയത്. ഉറങ്ങുന്നത് വരെ ഓരോരോ കഥകളും വീരസാഹസങ്ങളും പറഞ്ഞുകൊണ്ടിരുന്നു. തോട്ടിൽ ചാടുന്നതും, കുളത്തിൽ നീന്തുന്നതുമെല്ലാമായിരുന്നു അവരുടെ വീരകഥകൾ. ഏതു പെരുവെള്ളത്തിലും പുഴയിൽ ചാടി അക്കരക്കു നീന്തുമെന്നൊക്കെ ഞാനും തട്ടി വിട്ടു.
മാമ്പഴവും, കശുമാങ്ങയുമൊക്കെ പെറുക്കിയും, തോട്ടിലും കുളത്തിലുമൊക്കെ ചാടിക്കളിച്ചും രണ്ടു മൂന്നു ദിവസം പോയത് പെട്ടെന്നായിരുന്നു.
തിരികെ പോരാറായപ്പോൾ ഞങ്ങൾ കുട്ടികൾക്ക് ആകെ സങ്കടമായി.
ബസ്സ്റ്റോപ് വരെ അവർ ഞങ്ങളുടെ കൂടെ വന്നു.
‘രാജൻ' പണിപ്പുരയിൽ ആയതിനാൽ രാജന്റെ സഹോദരി ‘ഗോമതി'യാണ് ഞങ്ങളെ തിരികെ മാറാടിയിൽ എത്തിച്ചത്.
മറക്കാനാവാത്ത ഓർമ്മകളാണ് ഇതൊക്കെയും. കുന്നിൻ ചെരുവിൽ പാടത്തേക്കു അഭിമുഖമായി നിന്നിരുന്ന ആ തറവാടും, മുൻവശത്തെ വരാന്തയും, നടുത്തളവും, അതിൽ വസിച്ചിരുന്ന കാരണവന്മാരും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും, എന്ന് നാട്ടിൽ പോയാലും ഞാൻ മണ്ണത്തൂർക്ക് പോകാതിരിക്കില്ല, ചാരുകസേരയിൽ ചാരിക്കിടക്കുന്ന വല്യപ്പച്ചനും, മുറുക്കാൻ ചെല്ലവുമായി വല്യപ്പച്ചന് കൂട്ടിരിക്കുന്ന വെല്യമ്മിച്ചിയും എന്റെ മനസ്സിന്റെ വരാന്തയിൽ പാടത്തേക്കു നോക്കി ആരെയോ കാത്തിരിക്കുന്നു.
Read More:https://www.emalayalee.com/writer/319