
ന്യു യോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ്, 79, (പുന്നത്തനാട്ടു പുത്തൻ പുരയിൽ (തെക്കേടത്തു വീട്) അന്തരിച്ചു.
ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.
കൽക്കട്ട മലയാളി അസ്സോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.
നാടകങ്ങളും കഥകളും ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.
(അദ്ദേഹവുമായി ഇ-മലയാളി മുൻപ് നടത്തിയ അഭിമുഖം അന്യത്ര കാണുക)
ഭാര്യ: മേരി പൗലോസ്
മകൾ: സ്മിത പോൾ
മരുമകൻ: ജെനു പോൾ
കൊച്ചുമക്കൾ: ജോഹന്ന ജെനു, ജുവാൻ ജെനു, ജിയ ജെനു
ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നാലെ.
ഇ-മലയാളിയുടെ പ്രധാന എഴുത്തുകാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ ഈ ലിങ്കിൽ വായിക്കാം: https://www.emalayalee.com/writer/62
അദ്ദേഹത്തിന്റെ വേർപാടിൽ ഇ-മലയാളി അഗാധമായ ദുഖത്തെ രേഖപ്പെടുത്തുന്നു.
മരണത്തെപറ്റി മുൻപ് അദ്ദേഹം എഴുതിയത്
നന്ദിയാരോട് ചൊല്ലേണ്ടു ഞാൻ (പി. ടി. പൗലോസ്)
ഇന്നെനിക്ക് ബോണസ്സായി ഒരു വയസ്സുകൂടി കിട്ടി. ചേർത്തുപിടിച്ച വീട്ടുകാർക്കും കൂടെനിന്ന കൂട്ടുകാർക്കും ഒരുപാട് നന്ദി.
ഒരു കാലവര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് നീന്തലറിയാവുന്ന കൂട്ടുകാരുടെകൂടെ നീന്തലറിയാത്ത ഞാൻ എടുത്തുചാടി ഒഴുക്കിൽപ്പെട്ട് മരണത്തിലേക്ക് ഒഴുകിപോയപ്പോൾ എവിടെനിന്നോ നീന്തിവന്ന് എന്നെ കരയ്ക്കടുപ്പിച്ച എന്റെ അഞ്ചാം ക്‌ളാസ്സിലെ സഹപാഠി ഓന്നാന്‍കുഞ്ഞ് ! വർഷങ്ങൾക്കുശേഷം ജനുവരിയിലെ കൊടുംതണുപ്പിൽ ജനത്തിരക്കേറിയ ഹൗറാ സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദിക്കറിയാതെ തരിച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായി പിറകിൽനിന്നും പിടിച്ചെഴുന്നേൽപ്പിച്ച കൂത്താട്ടുകുളത്തെ കൂട്ടുകാരൻ വെണ്ടർ രാജൻ ! കൽക്കട്ടയിലെ തിരക്കേറിയ തെരുവുകളിലൂടെ എനിക്കുവേണ്ടി ജോലി തെരക്കിയലഞ്ഞ കൂട്ടുകാരൻ വെങ്കടേശ്വരൻ ! മദ്രാസ് സെൻട്രൽ സ്റ്റേഷന്റെ മുൻപിലുണ്ടായ റോഡപകടത്തിൽ രക്തംവാർന്ന് മണിക്കൂറുകൾ കിടന്ന എന്നെ, ഓടുന്ന ബസ്സിൽനിന്നും ചാടിയിറങ്ങി തൊട്ടപ്പുറത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ബോധം തെളിയുന്നതുവരെ കാത്തിരുന്ന് ആരോടും മിണ്ടാതെ സ്ഥലംവിട്ട ഇരുണ്ടു മെലിഞ്ഞ തമിഴൻ പയ്യൻ !
ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടർന്ന് പ്രക്ഷുബ്ദമായ ഹരിദ്വാറിലെ ഗുരുനിവാസ് ഹോട്ടൽ കലാപകാരികൾ തീയിട്ടപ്പോൾ കത്തിയെരിയുന്ന ഹോട്ടൽ മുറിയിൽനിന്നും ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെ എന്നെ സുരക്ഷിതമായി താഴെയിറക്കി തീയിലേക്ക് സ്വയം തിരിച്ചുപോയ റൂംബോയി കാക്കിനിക്കറും മഞ്ഞബനിയനുമിട്ട തെലുങ്കൻ പയ്യൻ ! കൽക്കട്ട ബിഹാല ചൗരാസ്ഥയിലെ ഡോ. ടി. കെ. ബാസുവിന്റെ ക്ലിനിക്കിന്റെ വരാന്തയിൽ മഞ്ഞപ്പിത്തം മൂർച്ഛിച്ച് ആരുമില്ലാതെ ഞാൻ മൃതപ്രായനായി കിടന്നപ്പോൾ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് എന്നെ സഹോദരതുല്യം സംരക്ഷിച്ച ചന്ദ്രമണിച്ചേച്ചി !
നക്സൽ സമയത്ത് നോർത്ത് കൽക്കട്ടയിലെ ബർത്തല പോലീസ് സ്റ്റേഷനിൽനിന്നും ഒരു മുൻപരിചയവുമില്ലാതെ എന്നെ പുറത്തിറക്കിക്കൊണ്ടുവന്ന പത്രപ്രവർത്തകൻ ശേഖരൻ നമ്പ്യാർ ! പലരും മൺമറഞ്ഞെങ്കിലും എന്റെ ജീവിതവഴികളിൽ ഞാൻ കണ്ടു കൈകൂപ്പിയ ദൈവങ്ങളാണവർ. ചേർത്തുനിർത്തിയവരെ വിസ്മരിച്ചാൽ പ്രവാസജീവിതത്തിന്റെ വിശുദ്ധി നഷ്ടപ്പെടുമെന്ന ബലമായ തിരിച്ചറിവോടെ പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ദേശവും കാലവും മാറിയെങ്കിലും ഞാനിന്നും യാത്ര തുടരുന്നു പ്രവാസത്തിന്റെ മാറാപ്പും തോളിലേറ്റി മറ്റൊരു ബോണസ്സിനായി....