Image

കൊടുക്കാക്കടം (കഥ) അമ്പഴയ്‌ക്കാട്ട് ശങ്കരൻ (പുസ്തക പരിചയം തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 15 July, 2026
കൊടുക്കാക്കടം (കഥ) അമ്പഴയ്‌ക്കാട്ട് ശങ്കരൻ  (പുസ്തക പരിചയം തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

അമേരിക്കൻ മലയാളിയും എഴുത്തുകാരനും കലാ - സാംസ്‌കാരിക പ്രവർത്തകനുമായ അമ്പഴയ്‌ക്കാട്ട് ശങ്കരൻ്റെ 'കൊടുക്കാക്കടം' എന്ന കഥാസമാഹാരത്തിലെ രചനകളെല്ലാംതന്നെ തികഞ്ഞ മാനുഷികതയുടെ ആഖ്യാന രൂപങ്ങളാണ്. കേരളത്തിലെയും ഡൽഹിയിലെയും അമേരിക്കയിലെയും ജീവിത ചിത്രങ്ങളും സംസ്‌കാരിക മുദ്രകളും ഈ കഥകളിൽ നിറഞ്ഞിരിക്കുന്നു. വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ ലളിതമായ ഭാഷയിൽ വായനക്കാരെ ഒട്ടും മടുപ്പിക്കാതെ കഥ പറഞ്ഞിരിക്കുന്നു. 
പുസ്തകത്തിൻ്റെ ശീർഷകം ഉള്ള 'കൊടുക്കാക്കടം' എന്ന കഥ നാട്ടിൻപുറത്തെ ഓർമ്മകളിലൂടെയാണ് മുന്നേറുന്നത്. നാട്ടിലെത്തുമ്പോഴെല്ലാം ഗൃഹാതുരത്വത്തിൻ്റെ മനസ്സൂണരുന്നതിനായി ബസ് യാത്ര നടത്തുന്ന കഥാനായകനെ കാണാം. കാർ യാത്രയിൽ ഒരിക്കലും കിട്ടാത്ത അനുഭവങ്ങളും കാഴ്ചയും ബസ് യാത്ര നൽകുന്നുണ്ട്. കാറിൻ്റെ സ്വകാര്യതയും ബസ്സിൻ്റെ സാമൂഹികതയും തന്നെ അതിനടിസ്ഥാനം. 

ആ നാട്ടിലെ നല്ല വായനക്കാരനും വിമർശകനുമായിരുന്ന രാഘവേട്ടൻ, താൻ കഥ എഴുതാറുണ്ടെന്ന് മനസ്സിലാക്കി, കഥ വായിക്കാനായി ചോദിച്ചിരുന്നു. അന്ന് കഥ നൽകാതിരുന്നത് കുറ്റബോധത്തോടെ പിന്നീട് ഓർക്കുന്നുണ്ട്. ആ വലിയ മനുഷ്യൻ്റെ മുൻപിൽ കഥയെഴുത്തുകാരനായി നിൽക്കാനുള്ള ഭയവും മടിയും സങ്കോചവുമായിരുന്നു അന്ന് അയാളെ അതിൽ നിന്നും വിലക്കിയത്. സ്വപ്നവും യാഥാർത്യവും ഇടകലർത്തി അനുഭവത്തിൻ്റെയും അനുഭൂതിയുടെയും അനായാസമായ ഇടകലരിലൂടെയാണ് കഥ മുന്നേറുന്നത്. പിന്നീട് കഥകൾ കാണിച്ച് രാഘവേട്ടൻ്റെ പരിഭവം തീർക്കുവാനായി ഏത്തുമ്പോഴേക്കും വളരെ താമസിച്ചു പോയിരുന്നു. ആ കടം എന്നും ഒരു കൊടുക്കാക്കടമായി അവശേഷിക്കുന്നത് വായനക്കാർക്ക് വ്യസനത്തോടു കൂടിയേ വായിച്ചു തീർക്കാനാവൂ. കഥ വായിച്ചു കഴിയുമ്പോൾ വായനക്കാർ ഇന്നു ചെയ്യേണ്ടുന്ന കാര്യങ്ങൾ, ഇന്നുതന്നെ ചെയ്യാൻ മനസ്സിലുറപ്പിക്കും. 
'മാറ്റം' എന്ന കഥയിൽ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമേരിക്കയിൽ നിന്നും കേരളത്തിലെത്തുന്ന ഒരാൾ, അവിടെ വന്നു ചേർന്നിട്ടുള്ള മാറ്റങ്ങളെ കൗതുകപൂർവ്വം എന്നാൽ തെല്ല് ആശങ്കയോടെ നിരീക്ഷിക്കുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വലിയ മാറ്റങ്ങൾ വന്നു ചേർന്നതായി മനസ്സിലാക്കുന്നു. 

കഴിഞ്ഞ അരനൂറ്റാണ്ട് കാലം ചിതറിയ ഓർമ്മകളിലൂടെ കഥയിൽ ആവിഷ്‌കൃതമാകുന്നുണ്ട്. ഭൂതകാല സ്മൃതികളിലൂടെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളിലൂടെയും കാലത്തിനും ലോകത്തിനും വന്നു ചേർന്ന മാറ്റങ്ങളെ കഥാകാരൻ സൂക്ഷ്മ സ്വഭാവത്തോടെ ആഖ്യാനം ചെയ്യുന്നു. അതി തീവ്രമായ ഓർമ്മകളുടെ കെട്ടുപാടുകൾക്കിടയിൽ നിന്നും അവയെ വേർപെടുത്തി വൈകാരികതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലാണ് 'മാറ്റം'.

'ഹിന്ദോളം' എന്ന കഥ നടക്കുന്നത് രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ്. സൂവർണ്ണ ക്ഷേത്രം, അടിയന്തിരാവസ്ഥ, ഇന്ദിരാഗാന്ധി വധം, അതിനു ശേഷം രാജ്യത്ത് അരങ്ങേറിയ അക്രമങ്ങൾ തുടങ്ങിയ ചരിത്ര സംഭവങ്ങളിലൂടെ കഥ പറയുന്നു. ഡൽഹിയിലെ സവിശേഷമായ രാഷ്ട്രീയ സംസ്‌കാരത്തെയും സംഗീത സംസ്‌കാരത്തെയും ഇണക്കിച്ചേർത്തുകൊണ്ടുള്ള കഥ കഥാകൃത്തിൻ്റെ സംഗീത പരിജ്ഞാനത്തെയും രാഷ്ട്രീയ ബോധത്തെയും കൃത്യമായി വരച്ചു കാട്ടുന്നു. 

' ജലനാണയങ്ങൾ' എന്ന നീണ്ട കഥ അമേരിക്കൻ ജീവിത പശ്ചാത്തലത്തിലാണ് അരങ്ങേറുന്നത്. ആഗ്രഹ സഫലീകരണത്തിനായി ജലത്തിലേക്കു നാണയങ്ങൾ എറിയുന്ന ഒരു വിശ്വാസം ലോകത്തു പലയിടത്തും ഉണ്ട്. രണ്ടു നാണയം ഏറിഞ്ഞാൽ വിവാഹം നടക്കും. മൂന്നെറിഞ്ഞാൽ വിവാഹമോചനം. വാട്ടർ ഫൗണ്ടന് മുഖം തിരിഞ്ഞ് നിന്ന് വലതു കൈകൊണ്ട് ഇടതു തോളിലൂടെ ഏറിഞ്ഞാൽ ഉദ്ദിഷ്ടകാര്യം സാധിക്കും. അങ്ങനെ അങ്ങനെ... ഇതിൽ കാര്യമൊന്നും ഇല്ലെങ്കിലും ഇത്തിരി ആശ്വാസവും പ്രതീക്ഷയും ലഭിക്കാതിരിക്കില്ല. അസ്വസ്ഥത നിറഞ്ഞ മനസ്സിൻ്റെ അടയാളമാണ് ജലത്തിലേക്കെറിയുന്ന നാണയങ്ങൾ.
വെനസ്വേലക്കാരൻ മൈക്കിളും ഭാര്യ ലിൻഡയും കഴിഞ്ഞ നാലു വർഷമായി ചാന്ദ്നി എന്ന ഇന്ത്യൻ പെൺകുട്ടിയുടെ വിദ്യാഭാസത്തിനായി പണം അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാലുമാസം മുൻപ് അത് സ്വീകരിക്കാൻ ആളില്ലാതെ തിരിച്ചു വന്നു. പിന്നീട് ഒരിക്കൽ കൂടി അയച്ചു. അതും തിരിച്ചു വന്നു. അവധിക്ക് നാട്ടിൽ പോകുന്ന, അടുത്ത വീട്ടിൽ താമസിക്കുന്ന അമേരിക്കൻ മലയാളി മഹാദേവനെയും ഭാര്യ ലക്ഷ്മിയേയും ചാന്ദിനിമോളെക്കുറിച്ച് അന്വേഷിക്കാനായി ഫോട്ടോയും അഡ്രസ്സും കൊടുത്ത് ഏൽപ്പിക്കുന്നു. തുടർന്നുള്ള കഥാവികാസം ആകാംക്ഷയോടെയെ വായിക്കാനാവൂ.

ഒഴുകി നടക്കുന്ന ഓർമ്മകളെ ചാണകം കൂട്ടി മെഴുകി കൈയടക്കത്തോടെ ആവാഹിച്ചു വരുത്താമെന്ന് 'നീലിമ' എന്ന കഥയിൽ പറയുന്നുണ്ട്. നീരജിൻ്റെ ഓർമ്മകളുടെ ആവാഹനമാണ് നീലിമ എന്ന കഥ. സ്വന്തം പരിശ്രമത്തിലൂടെ നഗരത്തിലെ വ്യാപാര വ്യവസായ രംഗത്ത് ചുവടുറപ്പിച്ച നീലിമയും, അലസതയും ദുരഭിമാനവും അഹംബോധവും കൈവിടാതെ അലച്ചിലിൻ്റെ പാതയിൽ തുടരുന്ന നീരജും ഒരിക്കലും സന്ധിക്കാനിടയില്ലാത്ത സമാന്തര പാതകളാണ്.

ഹോട്ടൽ മുറിയിൽ സ്വയം സമർപ്പിതരായതിൻ്റെ മറക്കാനാവാത്ത ഓർമ്മയുടെ പിൻബലത്തിൽ ഒരുമിച്ചുള്ള ജീവിതത്തിനായ് കാത്തിരിക്കുന്നവളാണ്  നീലിമ. എല്ലാം നിഷേധിച്ചും പരിത്യജിച്ചും പൊങ്ങുതടി പോലെ ഒഴുകിപ്പോകുന്നവനാണ് നീരജ്.  വാഖ്യാനങ്ങളും സാധൂകരണങ്ങളും രണ്ടു പക്ഷത്തും ഉണ്ടാകും. കഥാകൃത്തിന് ഒരു പക്ഷം ഉണ്ടെങ്കിലും, രണ്ടുപേരുടെ നിലപാടുകളിൽ ശരി ഏതെന്നു നിശ്ചയിക്കേണ്ടത് വായനക്കാരുതന്നെയാണ്. 
'അലയുന്നവർ അന്വേഷിക്കുന്നവർ' എന്ന കഥയുടെ പേരുതന്നെ ആധുനികതയുടെ ശക്തമായ സൂചനയാണ്.  ഈ കഥയിലെ കരുണൻ അസ്തിത്വാന്വേഷിയായ ആധുനിക മനുഷ്യൻ്റെ പ്രതിനിധിയാണ്. വിചിത്രമെന്നോ ഭ്രാന്തമെന്നോ വിളിക്കാവുന്ന വിചാരങ്ങളും പെരുമാറ്റങ്ങളും പ്രവർത്തികളുമാണ് കരുണനിൽ കാണുന്നത്. 

ഒന്നിനും വേണ്ടിയല്ലാതെയുള്ള യാത്രയിൽ എവിടെയൊക്കയോ എത്തിച്ചേരുകയും, ഒന്നും നേടാനില്ലാതെ നിസ്സംഗനായി തിരിച്ചു പോവുകയും ചെയ്യുന്ന കരുണൻ്റെ സഞ്ചാരജീവിതം സകല ഭൗതികതകളെയും നിരാകരിക്കുകയാണ്. അമ്മയും സഹോദരിയും പ്രണയിനിയും കൂട്ടുകാരനും കരുണൻ്റെ ജീവിതത്തിൽ ഉണ്ടെങ്കിലും ആത്യന്തികമായി അവരൊന്നും അയാളുടെ അസ്ഥിത്വത്തിൻ്റെ ഭാഗമാകുന്നില്ല. മനസ്സും ശരീരവും തമ്മിലുള്ള അന്തരമാണ് കരുണൻ്റെ പ്രശ്നങ്ങൾക്ക് അടിസ്ഥാനം. 
മേൽപ്പറഞ്ഞ കഥകൾ കൂടാതെ 'ആതിരിപ്പള്ളി' എന്ന കഥ ഉൾപ്പെടെ ഏഴു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിലെ ഓരോ കഥകളുടെയും പ്രമേയവും വ്യത്യസ്ഥമാണ്. ആഴത്തിലുള്ള ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളോടെ മുതലാളിത്ത വ്യവസ്ഥിതിയിൽ ജീവിക്കേണ്ടി വരുന്ന ഒരാളുടെ നിസ്സഹായത മിക്ക കഥകളിലും നിഴലിക്കുന്നുണ്ട്. 
പ്രമേയത്തിലും രൂപഘടനയിലും അഖ്യാന രീതിയിലും മികവാർന്ന ഇതിലെ കഥകൾ മലയാള ചെറുകഥാ സാഹിത്യത്തിൽ എന്നും അടയാളപ്പെട്ടു കിടക്കും എന്നതിൽ സംശയം ഇല്ല എന്ന് 'അനുഭവങ്ങളുടേ മേഘരൂപങ്ങൾ' എന്ന അവതാരികയിൽ പ്രൊഫ. എം കൃഷ്ണൻ നമ്പൂതിരി പറയുന്നു. പുലിസ്റ്റർ ബുക്സാണ് 76 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 150 രൂപ.    

അമ്പഴയ്‌ക്കാട്ട് ശങ്കരൻ

തൃശ്ശൂർ ജില്ലയിൽ മാളക്കടുത്ത് പൂപ്പത്തിയിൽ ജനനം. 1996 മുതൽ അമേരിക്കയിലെ ടെന്നീസ്സി സംസ്ഥാനത്ത് നാഷ് വില്ലിൽ താമസം. സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ പി. ജി. ഡിപ്ളോമയും നേടിയിട്ടുണ്ട്. വിവര സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്നു.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡൻ്റായിരുന്നു. ഇപ്പോൾ കേരള അസോസിയേഷൻ നാഷ് വില്ലിൻ്റെ പ്രസിഡൻ്റാണ്. നാഷ് വിൽ സാഹിതിയുടെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നു.
വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥ), ഹൃദയപക്ഷചിന്തകൾ (ലേഖനം) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അച്ഛൻ :- അമ്പഴയ്‌ക്കാട്ട് മേയ്‌ക്കാട് ശങ്കരൻ നമ്പൂതിരി, അമ്മ :- ശ്രീദേവി അന്തർജ്ജനം ഭാര്യ :- അനിത ശങ്കരൻ, മക്കൾ :- പ്രിയ ശങ്കരൻ, വിഷ്ണൂ ശങ്കരൻ,  email : ambazhakkattu@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക