
കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കൊടും ക്രിമിനല്‍ ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. 2020-ല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ജോളി ഇപ്പോള്‍ ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ്. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി. എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഈ പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ്.എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പരീക്ഷകള്‍ ഉണ്ടാവും.
സ്വത്തുക്കള്‍ തട്ടിയെടുക്കാനായി 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പര കേരളത്തെ ഞെട്ടിച്ചിരുന്നു. 14 വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നു. പ്രതി കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍.ഐ.ടി പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെയാണ് കേട്ടത്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.
റിട്ടയേഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ടയേഡ് അധ്യാപിക അന്നമ്മ തോമസ് (58), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍ ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോളിക്ക് പിന്നാലെ ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധു മഞ്ചാടിയില്‍ എം.എസ്. മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സി.പി.എം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസില്‍ പ്രതി ചേര്‍ത്തു.
കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോാര്‍ട്ടം നടത്തിയത്. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. റോയ് തോമസിന്റെ വധക്കേസില്‍ വിചാരണ നടപടികള്‍ മാറാട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുന്നുണ്ട്. ജോളിയുടെ ജാമ്യാപേക്ഷകള്‍ വിചാരണ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനിടെ 2020 ഫെബ്രുവരിയില്‍ കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം, ജോളിയെപ്പോലെ സീരിയല്‍ കില്ലറായ സ്ത്രീകളുടെ മനഃശാസ്ത്രം വിശകലനം ചെയ്താല്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന പല കാര്യങ്ങളുണ്ട്. ഇവരുടെ മനഃശാസ്ത്രം പുരുഷന്മാരായ കൊലപാതകികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ക്രിമിനല്‍ സൈക്കോളജിസ്റ്റുകളും അന്വേഷണ ഏജന്‍സികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, ഇത്തരം സ്ത്രീകളുടെ മനഃശാസ്ത്രപരമായ സവിശേഷതകള്‍ പരിശേധിക്കാം.
പുരുഷ പരമ്പര കൊലപാതകികള്‍ സാധാരണയായി ഇരകളെ ശാരീരികമായി ആക്രമിക്കാനോ, ക്രൂരമായി മുറിവേല്‍പ്പിക്കാനോ ആണ് താല്പര്യപ്പെടുന്നത്. എന്നാല്‍ സ്ത്രീകള്‍ കൂടുതല്‍ 'നിശബ്ദമായ' രീതികളാണ് തിരഞ്ഞെടുക്കാറുള്ളത്. കെമിക്കലുകള്‍, മരുന്നുകള്‍, അല്ലെങ്കില്‍ സയനൈഡ് പോലുള്ള മാരക വിഷങ്ങള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുക എന്നതാണ് ഇവരുടെ പ്രധാന രീതി. വിഷം ഉള്ളില്‍ച്ചെന്ന് മരിക്കുമ്പോള്‍ അത് ഹൃദയാഘാതമോ മറ്റ് സ്വാഭാവിക രോഗങ്ങളോ ആയി ചിത്രീകരിക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിക്കുന്നു. കൂടത്തായില്‍ വര്‍ഷങ്ങളോളം മിക്ക മരണങ്ങളും സ്വാഭാവിക മരണങ്ങളായി കണക്കാക്കപ്പെട്ടത് ഇതിന് ഉദാഹരണമാണ്.
സ്ത്രീ കൊലപാതകികള്‍ പലപ്പോഴും സമൂഹത്തിലോ കുടുംബത്തിലോ വളരെ മാന്യമായ, സ്‌നേഹമുള്ള, മറ്റുള്ളവരെ പരിചരിക്കുന്ന ഒരു മുഖംമൂടി അണിയാറുണ്ട്. ഒരു വശത്ത് ഇരകള്‍ക്ക് മരുന്ന് നല്‍കി പരിചരിക്കുന്നതോടൊപ്പം തന്നെ, മറുവശത്ത് അവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇത് ഇരകള്‍ക്ക് ഇവരില്‍ പൂര്‍ണ്ണ വിശ്വാസം ജനിപ്പിക്കാന്‍ സഹായിക്കുന്നു. പുരുഷന്മാരായ സീരിയല്‍ കില്ലര്‍മാര്‍ പലപ്പോഴും ലൈംഗിക വൈകൃതങ്ങള്‍ക്കോ, മാനസികമായ വന്യമായ ആനന്ദത്തിനോ വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഇത് കൂടുതല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്: സ്വത്ത് കൈക്കലാക്കുക, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യം.
ഇതിനായി കുടുംബത്തിലോ പങ്കാളിയുടെ മേലോ പൂര്‍ണ്ണ നിയന്ത്രണം നേടുന്ന ഇവര്‍ തങ്ങളുടെ വഴിയിലെ തടസ്സങ്ങളായി നില്‍ക്കുന്നവരെ (അത് ഭര്‍ത്താവോ, കുട്ടികളോ, പ്രായമായവരോ ആകട്ടെ) യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇല്ലാതാക്കും. ഇത്തരം സ്ത്രീകള്‍ക്ക് സമൂഹവുമായി വളരെ എളുപ്പത്തില്‍ ഇണങ്ങിജീവിക്കാന്‍ കഴിയും. ജോളി ജോസഫ് താന്‍ ഒരു എന്‍.ഐ.ടി (അധ്യാപിക ആണെന്ന് കള്ളം പറഞ്ഞ് വര്‍ഷങ്ങളോളം ജീവിച്ചതുപോലെ, വലിയൊരു കള്ളം ആരും സംശയിക്കാത്ത രീതിയില്‍ കൊണ്ടുപോകാന്‍ ഇവര്‍ക്ക് അസാധാരണമായ മനക്കരുത്തും അഭിനയശേഷിയും ഉണ്ടായിരിക്കും. പിടിക്കപ്പെടില്ല എന്ന അമിതമായ ആത്മവിശ്വാസം ഇവരെ കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
ഇത്തരം കൊലപാതകികള്‍ക്ക് സഹതാപം അല്ലെങ്കില്‍ കുറ്റബോധം അനുഭവപ്പെടാനുള്ള ശേഷി വളരെ കുറവായിരിക്കും. സ്വന്തം കുഞ്ഞിനെയോ, പ്രായമായ അമ്മായിയമ്മയെയോ കൊല്ലുമ്പോള്‍ പോലും ഇവര്‍ക്ക് യാതൊരു മാനസിക ബുദ്ധിമുട്ടും തോന്നാറില്ല. മനഃശാസ്ത്രപരമായ തകരാറുകളായ ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍, നാര്‍സിസിസം അഥവാ അഹംഭാവം എന്നിവ ഇവരില്‍ പ്രകടമായിരിക്കും. ഇരകളുടെ വേദനയേക്കാള്‍ സ്വന്തം താല്പര്യങ്ങള്‍ക്കാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. സ്ത്രീ കൊലപാതകികള്‍ വര്‍ഷങ്ങളോളം കാത്തിരുന്ന്, കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. കൂടത്തായി കേസില്‍ 14 വര്‍ഷത്തിനിടയിലാണ് 6 കൊലപാതകങ്ങള്‍ നടന്നത്. ഓരോ മരണത്തിന് ശേഷവും വര്‍ഷങ്ങളുടെ ഇടവേളയെടുത്ത്, സംശയങ്ങള്‍ പൂര്‍ണ്ണമായും മാറിയ ശേഷമാണ് ഇവര്‍ അടുത്ത കൊലപാതകത്തിലേക്ക് കടക്കുന്നത്. ഇത് ഇവരുടെ ഉയര്‍ന്ന ആസൂത്രണ മികവിനെ കാണിക്കുന്നു.
പുരുഷ കൊലപാതകികള്‍ കാട്ടുന്ന അക്രമ സ്വഭാവത്തേക്കാള്‍ ഭയപ്പെടുത്തുന്നതാണ് സ്ത്രീ കൊലപാതകികളുടെ ആസൂത്രിതവും, ശാന്തവും, വിശ്വാസം പിടിച്ചുപറ്റിയുള്ളതുമായ സമീപനം. സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും മുഖംമൂടിയണിഞ്ഞ് തങ്ങളുടെ ഇരകളെ സാവധാനം മരണത്തിലേക്ക് തള്ളിവിടാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നതാണ് അവരെ കൂടുതല്‍ അപകടകാരികളാക്കുന്നത്.