Image

മിസ്സിസാഗ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ; ആഘോഷങ്ങൾ ജൂലൈ 17 മുതൽ 26 വരെ

Published on 15 July, 2026
മിസ്സിസാഗ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ; ആഘോഷങ്ങൾ ജൂലൈ 17 മുതൽ 26 വരെ

ടൊറന്റോ: കാനഡയിലെ മിസ്സിസാഗ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 17 മുതൽ 26 വരെ ഭക്തിനിർഭരമായ ആത്മീയ ശുശ്രൂഷകളോടും വിവിധ പരിപാടികളോടും കൂടി ആഘോഷിക്കും. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുനാൾ കമ്മിറ്റി അറിയിച്ചു.

ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തയിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, പൂർവികരുടെ അനുസ്മരണം എന്നിവ നടക്കും. ജൂലൈ 17 മുതൽ 24 വരെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടും.

ജൂലൈ 19 ഞായറാഴ്ച രാവിലെ 8.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും. അന്നത്തെ തിരുക്കർമ്മങ്ങൾക്ക് മിസ്സിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മുഖ്യകാർമികത്വം വഹിക്കും.

ജൂലൈ 24, 25, 26 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ജൂലൈ 24 ദിവ്യകാരുണ്യ ദിനമായി ആചരിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും. സ്കാർബറോ സെന്റ് തോമസ് തീർത്ഥാടന ദേവാലയ വികാരി ഫാ. ജോർജ് ചങ്ങനാത്തുടത്തിൽ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

ജൂലൈ 25 ശനിയാഴ്ച കുടുംബദിനമായി ആചരിക്കും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള വിഭാഗത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യകാർമികനാകും. തുടർന്ന് നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ മാർഗംകളി ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും.

ജൂലൈ 26 ഞായറാഴ്ചയാണ് തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ. തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ട് തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം പ്രാപിക്കാനും തിരുനാൾ ആത്മീയ അനുഗ്രഹങ്ങളിൽ പങ്കുചേരാനും എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തയിൽ, സഹവികാരി ഫാ. ആന്റണി ഔസേപ്പ് (ജസ്റ്റിൻ) എന്നിവർ ക്ഷണിച്ചു.ട്രസ്റ്റിമാരായ സണ്ണി കയ്യാനിയിൽ, ജോയ്സ് ജോസ്, സോഷ്യൽ കോ-ഓർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും വിവിധ കമ്മിറ്റികളുടെ സഹകരണത്തോടെയും തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക