Image

'വല്ലാതെ പേടിച്ചുപോയി, കള്ളുഷാപ്പ് മാറ്റിത്തരണം സര്‍': മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി

Published on 15 July, 2026
 'വല്ലാതെ പേടിച്ചുപോയി, കള്ളുഷാപ്പ് മാറ്റിത്തരണം സര്‍': മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ അവറാച്ചന്‍ ഉന്നതിയില്‍ പുതിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി. മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇവാനിയ മരിയ സജേഷാണ് നാട്ടുകാരുടെ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് കത്തെഴുതിയത്.

അന്പതിലധികം കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ഓടിക്കളിച്ചു വളരുന്ന പ്രദേശത്താണ് ഇപ്പോള്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ഇവാനിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഷാപ്പിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികളും കുട്ടികളുടെ മാതാപിതാക്കളും ചേര്‍ന്ന് വലിയ സമരത്തിലാണ്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ക്ലാസില്ലാതിരുന്നതിനാല്‍ തങ്ങളും സമരപ്പന്തലില്‍ പോയിരുന്നുവെന്ന് കത്തില്‍ പറയുന്നു.

എന്നാല്‍ അവിടെ പോലീസും കള്ളുഷാപ്പുകാരുടെ ആളുകളും നാട്ടുകാരും തമ്മില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ഇത് കണ്ട് തങ്ങളെല്ലാം വല്ലാതെ ഭയന്നുപോയെന്നും കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.

'സര്‍, കള്ളുഷാപ്പ് ഇവിടെനിന്നും മാറ്റിത്തരുവാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാണ് കത്ത് എഴുതുന്നത്.

അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിക്കുന്നു,' എന്ന വൈകാരികമായ വരികളോടെയാണ് ഇവാനിയ കത്ത് അവസാനിപ്പിക്കുന്നത്. പ്രദേശത്ത് ജനകീയ സമിതിയുടെ സമരം ശക്തമായി തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അഞ്ചാം ക്ലാസുകാരി കത്തയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക