
കുബേരന്‍ എന്ന ദിലീപ് ചിത്രത്തിലെ നായിക ഉമ ശങ്കരിക്ക് സ്തനാര്‍ബുദം. നടി തന്നെയാണ് ചികിത്സയുടെ വിവരങ്ങള്‍ പങ്കുവച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവില്‍ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും അറിയിച്ചു.
''കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ആരാധകര്‍ക്കും നന്ദി. ഞാന്‍ എന്റെ ഭാഗം ചെയ്യുന്നു, സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയില്‍ ശ്രദ്ധയൂന്നുന്നു. പുരോഗതി പരിപൂര്‍ണല്ല, പക്ഷേ അത് യാഥാര്‍ഥ്യമാണ്.''നടിയുടെ പറഞ്ഞു.
സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയപ്പോള്‍, രോഗം അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് കടന്നുവന്നതെന്നും ആദ്യ നിമിഷങ്ങളില്‍ വലിയ മാനസികാഘാതമാണ് അനുഭവപ്പെട്ടതെന്നും ഉമ ശങ്കരി പറഞ്ഞിരുന്നു. 'എന്തുകൊണ്ട് ഇപ്പോള്‍ എന്തുകൊണ്ട് എനിക്ക് എന്ന ചോദ്യങ്ങളാണ് ആദ്യം മനസില്‍ ഉയര്‍ന്നതെന്നും താരം വ്യക്തമാക്കിയിരുന്നു
എന്നാല്‍ പിന്നീട് യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാന്‍ തീരുമാനിച്ചതായും ചികിത്സയുമായി മുന്നോട്ടുപോകുകയാണെന്നും ഉമ ശങ്കരി അറിയിച്ചു.
''ഇത് എളുപ്പമുള്ള കാര്യമാണെന്ന് പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നില്ല. എനിക്ക് സ്താനാര്‍ബുതത്തിന്റെ ആദ്യ ഘട്ടമാണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വാര്‍ത്തയറിഞ്ഞ ആദ്യത്തെ ഞെട്ടലില്‍ നിന്നും, ഇതൊരിക്കലും എനിക്ക് വരില്ലെന്ന ചിന്തയില്‍ നിന്നും, ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഉള്‍ക്കൊള്ളാന്‍ ഒട്ടും കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക് എന്തുകൊണ്ട് ഇപ്പോള്‍ ഇനി എന്റെ ഭാവി എന്താകും എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങളായിരുന്നു മനസില്‍.
നമ്മള്‍ എത്രതന്നെ മുന്‍കൂട്ടി തയാറെടുത്താലും, ജീവിതത്തില്‍ ഇങ്ങനെ ഒരു വിധി വരുമ്പോള്‍ അത് നേരിടാന്‍ നമുക്ക് ഒട്ടും മനക്കരുത്ത് ഉണ്ടാവില്ല. എന്റെ കാര്യത്തിലും എന്റെ കുടുംബത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിട്ടും എന്നോടുള്ള സ്നേഹം പുറത്തു കാണിക്കുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് തകരുകയാണ്.
എങ്കിലും, ഒരുപാട് കണ്ണീരൊഴുക്കിയ നാളുകള്‍ക്ക് ശേഷം, തുടര്‍ച്ചയായ പ്രാര്‍ഥനകളിലൂടെയും വീട്ടുകാരുടെ പിന്തുണയിലൂടെയും ആ ഞെട്ടലില്‍ നിന്നും ഇതിനെ നേരിടാനുള്ള മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാനോ കീഴടങ്ങാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജീവിതം അതിന്റെ കഠിനമായ യാഥാര്‍ഥ്യത്തോടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ അതിനെ നേരിടാന്‍ ഞാന്‍ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു.
എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്, എനിക്ക് കൂട്ടിരുന്ന് ഈ പ്രതിസന്ധി ഘട്ടത്തിലും ധൈര്യം കാണിച്ചതിന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും നന്ദി പറയുന്നു. മകനേ, നിന്റെ കരുത്തിന് നന്ദി. ഒപ്പം സ്നേഹവും പിന്തുണയും പ്രതീക്ഷയുമായി കൂടെയുള്ള എന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. നിങ്ങളുടെ ധൈര്യമാണ് എന്റെയും കരുത്ത്.
ഇന്ന് ഇതിനായുള്ള പോരാട്ടത്തിന്റെ ആദ്യ ദിവസമായിരുന്നു. ഇനി വരുന്ന ഓരോ ദിവസത്തെയും അതിന്റെ വഴിക്ക് തന്നെ ഞാന്‍ നേരിടും. എന്നിലുള്ള മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞാന്‍ ഇതിനോട് പോരാടും, പൂര്‍ണ ആരോഗ്യത്തോടെ ഞാന്‍ ഇതിനെ അതിജീവിച്ച് തിരികെ വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ദയവായി എനിക്കായി പ്രാര്‍ത്ഥിക്കുക. ഈ യാത്രയില്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞാന്‍ തേടുന്നു.''കാന്‍സര്‍ വിവരം അറിഞ്ഞ ശേഷം നടി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന താരം ഈ വര്‍ഷം ജൂണിലാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പ്രേക്ഷകരുമാമയി പങ്കുവച്ചത്.