Image

ആമിർ ഖാൻ 'ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ'; മൂന്നാം വിവാഹത്തിന് പിന്നാലെ നടനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ഷിർസാത്

Published on 15 July, 2026
ആമിർ ഖാൻ 'ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ'; മൂന്നാം വിവാഹത്തിന് പിന്നാലെ നടനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ഷിർസാത്

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു. വെൽനസ്-ബ്യൂട്ടി പ്രൊഫഷണലായ ഗൗരി സ്പ്രാറ്റുമായുള്ള നടന്റെ വിവാഹത്തിന് പിന്നാലെ, ആമിർ ഖാനെതിരെ രൂക്ഷവിമർശനവുമായി ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ഷിർസാത് രംഗത്തെത്തി. താരം 'ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ' ആണെന്നാണ് ഷിർസാത് ആരോപിച്ചത്. നേരത്തെ ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെയും ആമിർ ഖാനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ഷിർസാതും താരത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

​സിനിമാതാരങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഹിന്ദു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം. ഈ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് ഷിർസാത് സംസാരിച്ചത്. ഒരു വലിയ നടനെന്ന നിലയിൽ ജനങ്ങൾ പിന്തുടരുമ്പോൾ ഇത്തരം പ്രവർത്തികൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു താരം രണ്ടും മൂന്നും തവണ കല്യാണം കഴിക്കുമ്പോൾ ആളുകൾ എന്താണ് ചിന്തിക്കുകയെന്നും, അദ്ദേഹത്തിന് വേണമെങ്കിൽ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ ആകാമെങ്കിലും സാധാരണക്കാരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടാനാകില്ലെന്നും ഷിർസാത് കൂട്ടിച്ചേർത്തു.

​വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം പ്രതിഷേധങ്ങളും ശക്തമാവുകയാണ്. ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ബിഹാറിലെ ഫോർബ്‌സ് ഗഞ്ചിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ആമിർ ഖാന്റെ കോലം കത്തിച്ചു. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഹിന്ദു സ്ത്രീകളെ ആവർത്തിച്ച് വിവാഹം കഴിച്ചുകൊണ്ട് ആമിർ ഖാൻ ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് ബജ്‌റംഗ്ദൾ നേതാവ് മനോജ് സോണി ആരോപിച്ചു. ജൂലൈ 5-ന് മുംബൈ ബാന്ദ്രയിലെ പാലി ഹിൽസിലുള്ള വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു അമ്പത്തിയൊൻപതുകാരനായ ആമിർ ഖാന്റെയും ഗൗരിയുടെയും വിവാഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക