
പ്രത്യേകം റിങ്ടോൺ സെറ്റ് ചെയ്ത് വെച്ചതു കാരണം കോൾ ആരുടേതാണെന്നറിയാൻ പ്രയാസമുണ്ടായില്ല. സ്ക്രീനിൽ നോക്കാതെ തന്നെ ഞാനത് സൈലന്റ് മോഡിലാക്കി. അതുകണ്ട് നിത്യ ചോദിച്ചു.
“തനിക്കെന്താ ആ കോളൊന്ന് അറ്റന്റ് ചെയ്താൽ?”
“മുനീറാണ് വിളിക്കുന്നത്. അവന്റെകൂടെ ബംഗളൂരുവരെ പോകാനായിരിക്കും”
“എടോ തന്നോടത്രയുമടുപ്പമുള്ളതു കൊണ്ടല്ലേ അവൻ തന്നെത്തന്നെ കൂട്ടിനു വിളിക്കുന്നെ. നിനക്കാണേൽ പ്രത്യേകിച്ചൊരു പണിയുമില്ല. ഒന്നു പോയാലെന്താ. ആസ്വദിച്ചു പോയ് വരാവുന്ന ഒരു യാത്ര എന്തിനാ വെറുതെ കളയുന്നേ..”
“നിനക്കറിയാഞ്ഞിട്ടാ നിത്യ. ചെറുപ്പം തൊട്ടേയുള്ള കൂട്ടുകാരാണെങ്കിലും അവനിന്ന് കോടീശ്വരനാ.”
“അതിനെന്തു കുഴപ്പം. ഈ ചീപ്പ് കോംപ്ലക്സ് ആദ്യം മനസ്സിൽ നിന്നെടുത്തു കളയ്. ഇൻഫീരിയറാണെന്നുള്ളത് വെറും തോന്നലാണ്”
“അതു തന്നെയാണു നിത്യ എന്റെ പ്രശ്നം. മറ്റുള്ളവരുടെ മുന്നിൽ സ്റ്റാൻ്റേർഡ് ലൈഫ് എന്നു കരുതുന്ന ഒന്നും എന്നിലില്ല. ചായ കുടിക്കാനായി ഹോട്ടലിൽ കയറിയാൽ സ്കാൻ ചെയ്യാനുള്ള ഒരു അക്കൌണ്ട് പോലും..”
“നിന്നോട് വേദമോതിയിട്ട് കാര്യമില്ല. താനിങ്ങു വന്നേ..”
നിത്യ പിടിച്ച പിടിയിൽ എഴുന്നേൽപ്പിച്ച് നിർബന്ധിച്ചതു കൊണ്ടാണ് മുനീറിന്റെ കൂടെയുള്ള ഈ യാത്ര സാധ്യമായത്. മുനീർ ഒരു ധനികന്റെ പരിവേഷമില്ലാതെയാണ് ജീവിക്കുന്നത്. പ്രത്യേകിച്ചും സഹപാഠിയായ തന്നോട്. ബിസിനസ്സ് കാര്യങ്ങളുമായി ലോകം കറങ്ങി നാട്ടിലെത്തുമ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് കൂട്ടുപിടിക്കുന്നത് എന്നെയാണ്. നാടൻ രുചികൾ തേടിയുള്ള യാത്ര, ഏതെങ്കിലും ഫെസ്റ്റിവെൽ ഫങ്ഷൻ, കല്യാണം എന്നിവയിലൊക്കെ സംബന്ധിക്കാൻ അവന്റെ കാറിലാവും നമ്മൾ പോവുന്നത്. അതിനുള്ള ചെലവൊക്കെ അവൻ തന്നെ വഹിക്കും. ഈയിടെയായി അക്കാര്യത്തിൽ വല്ലാത്ത മടിയാണെനിക്ക്. പഴയ ചെരിപ്പുകൾ, ഒരേ ഷർട്ടും മുണ്ടും. പ്രസരിപ്പു വറ്റിയ ഭാവം. ആകപ്പാടെ മറ്റുള്ളവരുടെ മുമ്പിൽ നിൽക്കാൻ ഒരു ചമ്മലാണ്.

വര : പി ആര്‍ രാജന്‍
വ്യക്തിത്വത്തിന്റെ ഉരകല്ല് പുറം മോടിയിലല്ല എന്നത് പറയാനും എഴുതാനുമൊക്കെ കൊള്ളാം. പക്ഷെ ജീവിക്കേണ്ടത് ചുറ്റുമുള്ളവർക്കിടയിലല്ലേ. പലർക്കും പല ഭാവങ്ങൾ കാണിച്ച് കാണിച്ച് എന്റെ യഥാർത്ഥ വ്യക്തിത്വമേതാണെന്ന് അറിയാത്ത അവസ്ഥയിലാണിപ്പോൾ.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും നിത്യയുടെ നിർബന്ധത്തിനു വഴങ്ങി ഇത്തവണ മുനീറിനൊപ്പം നടത്തിയ ബംഗളൂരു യാത്ര കേമമായിരുന്നു. യാത്രകളിലാണ് മുനീറിന്റെ ഓർമകൾക്ക് ചിറകു മുളക്കുക. വിസ്മൃതിയുടെ ആഴങ്ങളിൽ നിന്ന് അവനോരോ മുത്തുകൾ മുങ്ങിയെടുക്കും. കാലത്തിന്റെ ആൽബത്തിൽ കിടക്കുന്ന ആ പ്രത്യേക നിമിഷത്തെ പൊലിപ്പിച്ച് പൊലിപ്പിച്ച് നമ്മൾ തിളക്കമാർന്നതാക്കും. അതിനുള്ളിലെ ഓരോ നേർത്ത ഭാവത്തെയും വിശദാംശങ്ങൾ കൊണ്ട് ആടയാഭരണങ്ങളണിയിക്കും.
കഴിഞ്ഞ തവണ കുറെ കത്തുകളുമായിട്ടായിരുന്നു മുനീർ വന്നത്. അതിൽ ഞാൻ അവനെഴുതിയ ഇൻലന്റുകളുമുണ്ടായിരുന്നു. നാൽപതു വർഷങ്ങൾക്കു മുമ്പുള്ള പലരുടെയും കൈപ്പടകൾ. അവയിലമർന്നു കിടന്ന വികാരങ്ങളുടെ പേരറിയാ ഗന്ധങ്ങൾ. എഴുതിയവരിൽ പലരും പിന്നീട് എവിടെയാണെന്നറിയാതെ നിശ്ശബ്ദതയിൽ മുഖം കുത്തി വീണവർ..
വഴിയിലുടനീളം മൊബൈൽ സ്നാപ്സുകളുമായി ചുരം കയറിയുള്ള ഡ്രൈവിനിടയിൽ പെട്ടെന്നാണ് വിഷയം ചായയിലേക്ക് മുനീർ കൊണ്ടെത്തിച്ചത്. കോളേജ് കാന്റീനിലെ കടുപ്പം കുറഞ്ഞ ചായ മുതൽ കോഫീ ഹൌസുകളിലെ സാഹിതീ ചർച്ചകളിലെ സ്നേഹക്കൂട്ടായ്മ വരെ ചായ നൽകിയ ജീവിത മുഹർത്തങ്ങൾ മുനീർ ഓർത്തെടുത്തു.
“ചായയുടെ രുചിയേക്കാൾ സന്ദർഭങ്ങളടെ മധുരിമയാണ് അവയെ പ്രിയതരമാക്കുന്നത്.”
“ശരിയാണ്. പിൽക്കാലത്ത് വിദേശത്തടക്കമുള്ള വില കൂടിയ തേയില സൽക്കാരങ്ങൾ നമ്മുടെ രതീശന്റെ കടയിലെ കട്ടൻചായയോളം വരില്ല. അല്ലേ.”
ഡ്രൈവിൽ പലപ്പോഴും മനസ്സിനിണങ്ങിയ ചായക്കടകൾ തേടൽ എങ്ങുമെത്താതെ പോകാറാണു പതിവ്. വഴിയോരത്ത് ഒരു തട്ടുകട കണ്ട് നിർത്താൻ പറയുമ്പോഴേക്കും അത് കടന്നു പോയിരിക്കും. അങ്ങനെ കിലോമീറ്ററുകളോളം സഞ്ചരിച്ച് ഒടുവിൽ എത്തിപ്പെടുന്നതോ സങ്കൽപത്തിൽ മെനഞ്ഞുവെച്ച നാടൻ കടയുടെ വികലമായ ഒരനുകരണത്തിലുമായിരിക്കും.
“ഇത്തവണ എന്തായാലും നമുക്കു തെറ്റില്ല. രംഗണതിട്ടു ജങ്ഷനു മുമ്പ് ഒരു ഒറ്റപ്പെട്ട കടയുണ്ട്. മലയാളിയായ മനാഫ് എന്നൊരാൾ നടത്തുന്നത്. കഴിഞ്ഞ തവണ ഞാൻ അവിചാരിതമായാണ് അവിടെ എത്തിപ്പെട്ടത്. ഇന്ന് നമുക്കവിടെയൊന്ന് ട്രൈ ചെയ്യാം. തീർച്ചയായും നിനക്കിഷ്ടപ്പെടും.”
സംസാരിച്ചിരിക്കെ അവൻ പറഞ്ഞ ചായക്കടയെത്തി. അടുത്തെങ്ങും മറ്റൊരു കട പോലുമില്ല. വളർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ മെയ് ഫ്ലവറുകൾക്കിടയിൽ വലിയ ചെലവില്ലാതെ പണിതിരിക്കുന്ന ഒരു ഷെഡ്. അതിനുള്ളിലായാണ് തട്ടുകടയുടെ ഒരു മോഡൽ ഉണ്ടാക്കി വെച്ചിരിക്കുന്നത്. സമോവറിൽ നിന്നും ചൂടുള്ള ചായ. വൺ ബൈ ടു വേണ്ടവർക്ക് അത്. ചില്ലലമാരയിൽ വാഴയിലയിൽ പൊതിഞ്ഞ് കിടുത്ത, കൈപ്പോള, ഇലഞ്ചി, തലശ്ശേരി തേങ്ങാമുറി.. ബെഞ്ചിലിരുന്നു ചായ കുടിക്കുന്നതിനിടയിൽ മുനീർ ചോദിച്ചു.
“എങ്ങനുണ്ട്?”
“കൊള്ളാം.” ഞാൻ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
പരിസരത്തിന്റെ മാധുര്യം നുണയുന്നതിനിടയിൽ മനാഫ് അരികിലെത്തി. മുനീറിനെ ഒരു തവണയേ കണ്ടിട്ടുള്ളൂവെങ്കിലും അയാൾ ചിരിച്ചു കൊണ്ട് പേരു വിളിച്ചാണ് എതിരേറ്റത്. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമായിരുന്നു മനാഫിന്. എഴുപതിലധികം വയസ്സ്. ജീവിതമേൽപിച്ച ഓർമവരകൾക്കു മുകളിലായ് പാകതയുടെ ആവരണമിട്ട മുഖം. എന്നെക്കൂടി പരിചയപ്പട്ടതിനു ശേഷം മനാഫ് പറഞ്ഞു.
വരൂ.
ഞങ്ങളയാൾക്കു പിന്നിലായി നടന്നു. മുളവേലി കൊണ്ടുള്ള കൈവരികൾക്കിടയിലെ നടപ്പാത കടന്ന് മനാഫ് ഞങ്ങളെ കൊണ്ടു പോയത് അയാളുടെ തമസസ്ഥലത്തേക്കായിരുന്നു. ആർക്കും ഇഷ്ടപ്പെട്ടു പോകുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു കൊച്ചു മുറി. വായിക്കാനുള്ള പുസ്തകങ്ങൾ, പഴയ ഗ്രാമഫോൺ റിക്കോർഡിൽ നിന്നുള്ള ഗാനങ്ങൾ, വാർത്തകൾ കേൾക്കാനായി ഒരു കൊച്ചു റേഡിയോ അങ്ങനെ ആകെക്കൂടി ഒരു കിളിക്കൂടു പോലുള്ള ആ ഇടം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

വര : പി ആര്‍ രാജന്‍
“എന്തൊക്കെയോ സവിശേഷതകളുള്ള അന്തരീക്ഷം.” ഞാൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
“അങ്ങനെയൊന്നുമില്ല. നമ്മൾക്ക് പ്രത്യേകത ചാർത്തിത്തരുന്നവർ അകലുമ്പോഴാണ് യഥാർത്ഥത്തിൽ ജീവിതം സൌന്ദര്യമുള്ളതാക്കേണ്ടത് എന്നു മാത്രം.”
അങ്ങനെയായിരുന്നു മനാഫ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അയാൾ നാൽപത് വർഷക്കാലം ഗൾഫിലെ മണലാരണ്യത്തിൽ ജോലി ചെയ്തവനായിരുന്നു. എല്ലാ പ്രവാസികളെയും പോലെ നാട്ടിലുള്ള കുടുംബത്തിന് വേണ്ടതെല്ലാം നൽകി. സ്വയം ജീവിക്കാൻ മറന്നു.
“അതൊരു പുതിയ കാര്യമല്ലല്ലോ..”
ഉവ്വ്. അയാൾ തുടർന്നു.
“ജീവിതം കസാൻസാക്കീസിന്റെ നോവലിലെ സോർബയുടെ നൃത്തം പോലെയാണ്. അതനുഭവിച്ചു തീർക്കയല്ലാതെ വേറെ വഴിയില്ല.”
“നാട്ടുമ്പുറത്തുകാരന്റെ മട്ടും ഭാവവുമുള്ള ഒരാളിൽ ഇത്രയും അതുല്യതയോ..?”
ഞാൻ മുനീറിന്റെ ചെവിയിൽ ചോദിച്ചു.
“അതാണ് ഒരാളെക്കുറിച്ചും മുൻധാരണ പാടില്ലെന്നു പറയുന്നത്.”
മുനീറും ശബ്ദം താഴ്ത്തിയാണു പറഞ്ഞത്. എങ്കിലും അത് കേട്ടിട്ടാണോ എന്തോ മനാഫ് തന്നെക്കുറിച്ച് അൽപം കൂടി വാചാലനായി.
“എല്ലാവരിലുമുള്ളതു പോലെ കൊച്ചു കൊച്ചു സങ്കടങ്ങളല്ലാതെ എന്റെ ജീവിതത്തിൽ വലിയ ട്രാജഡികളൊന്നുമില്ല. ആർക്കും ഉപദ്രവമില്ലാത്ത ചില ശീലങ്ങൾ. ചില ഇഷ്ടങ്ങൾ. തിരക്കിനിടയിൽ അത് മാറ്റി വെച്ചു മാറ്റി വെച്ചു ആയുസ്സു തീർന്നു. രണ്ടു വർഷത്തെ ഇടവേളയിൽ നാട്ടിലെത്തിയാൽ വലിയ ആരവങ്ങളായിരുന്നു. ലീവ് തീരുന്നതറിയില്ല. അതു തരുന്ന ഊർജ്ജമാണ് വീണ്ടും അദ്ധ്വാനിക്കാനുള്ള പ്രചോദനമായിരുന്നത്. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് നാട്ടിൽ വന്നപ്പോൾ..”
“എന്തുപറ്റി?”
മുനീറിന്റെ ചോദ്യത്തിൽ ഒരു ഓൾഡ് ഏജ് ഹോം മണക്കുന്നുണ്ടയിരുന്നു.
“കുഴപ്പമൊന്നുമില്ല. പണമില്ലെങ്കിൽ പിന്നെ നമ്മളൊന്നിനും കൊള്ളില്ല. ഒറ്റപ്പെടുത്തിക്കളയുന്നതിനേക്കാൾ ഭീകരമാണ് പരിഗണിക്കാതിരിക്കൽ.”
“അതു രണ്ടും ഒന്നല്ലേ..”
ഞാൻ ഇടക്കു കയറി ചോദിച്ചു.
“അല്ല. മറ്റുള്ളവർക്ക് നമ്മെ ഒറ്റപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ തിരസ്കരിക്കാൻ കഴിയും.”
പിന്നെ കുറച്ചു നേരം ഒന്നും പറയാതെ ഞങ്ങൾ ചുറ്റുമുള്ള കാഴ്ചകൾ കണ്ടിരുന്നു. ഞാൻ മേശപ്പുറത്തിരുന്ന പുസ്തകമെടുത്തു മറിച്ചു നോക്കി. അതിനിടയിൽ മനാഫിന്റെ ജോലിക്കാരൻ ഞങ്ങൾക്ക് ഓരോ ചായ കൂടി കൊണ്ടു വന്നു. കൂടെ കർണ്ണാടക സ്പെഷൽ ദഹിപുരിയും.

വര : പി ആര്‍ രാജന്‍
മനാഫ് തന്റെ സംസാര വിഷയത്തിന് വിരാമമിട്ടു കൊണ്ട് പറഞ്ഞു.
“ഭാഗ്യത്തിന് കുറച്ചു പണം ആരുമറിയാതെ സൂക്ഷിച്ചു വെച്ചത് തുണയായി. ഒരു ബംഗളൂരു യാത്രയിൽ നിങ്ങളെപ്പോലെ അവിചാരിതമായി ചായ കുടിക്കാൻ കയറിയതായിരുന്നു ഇവിടെ. ഇഷ്ടപ്പെട്ടപ്പോൾ ഈ കടയ്ക്കു തന്നെ വില പറഞ്ഞു. വാങ്ങിച്ചു. ഇപ്പോൾ ഇവിടെയാണു ജീവിതം. ജോലിയും വിശ്രമവും ആസ്വാദനവുമൊക്കെയായി ഇങ്ങനെ പോവുന്നു.”
“നാട്ടിൽ പോകാറില്ലേ?”
“ഇടയ്ക്ക് പോകും. എല്ലാറ്റിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കുന്നതാണ് എല്ലായ്പോഴും നല്ലത്.”
ഞങ്ങൾ കൈ കൊടുത്തു മനാഫിനോട് യാത്ര പറഞ്ഞു. ഏറെ നിർബന്ധിച്ചിട്ടും അയാൾ ചായയുടെ പൈസ വാങ്ങാൻ കൂട്ടാക്കിയില്ല.
ഉറഞ്ഞു പോയ മൌനം കണക്കെ ചുറ്റിലും മഞ്ഞ്. ഏതോ പ്രണയാർത്ഥിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ പോലെ നിയോൺ വിളക്കുകൾ വിന്റ് സ്ക്രീനിനു മുകളിലൂടെ ഒന്നിനു പിറകെ ഒന്നായി ഒഴുകിയകന്നു.
“എന്താണാലോചിക്കുന്നത്..?”
സീറ്റ്ബെൽറ്റ് ഊരി മാറ്റുന്നതിനിടയിൽ മുനീർ എന്റെ തോളിൽ തട്ടി ചോദിച്ചു. നോക്കിയപ്പോൾ വണ്ടി എവിടെയോ നിർത്തിയിട്ടിരിക്കുന്നു.
“ഇറങ്ങ്. രംഗണതിട്ടു ജങ്ഷനെത്തി. ഇതാണ് മനാഫിന്റെ ചായക്കട.” എന്നെ കാത്തു നിൽക്കാതെ മുനീർ മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു.
---------------------------------------------------