
ജനീവ: മല്ലി, കറിവേപ്പില, വലിയ ഏലയ്ക്ക (ലാർജ് കാർഡമം) എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് പുതിയ ആഗോള നിലവാര മാനദണ്ഡങ്ങൾ അംഗീകരിച്ച് കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ. ജനീവയിൽ നടന്ന കമ്മീഷന്റെ 49-ാമത് സമ്മേളനത്തിലാണ് ഇന്ത്യയുടെ അധ്യക്ഷതയിലും സഹഅധ്യക്ഷതയിലും തയ്യാറാക്കിയ ഏഴ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അംഗീകരിച്ചത്.
കശുവണ്ടിപ്പരിപ്പിന് പ്രത്യേക ആഗോള നിലവാര മാനദണ്ഡം രൂപീകരിക്കണമെന്ന ഇന്ത്യയുടെ നിർദേശത്തിനും കമ്മീഷൻ അംഗീകാരം നൽകി. ലോകത്ത് ഏറ്റവും വ്യാപകമായി വ്യാപാരം നടക്കുന്ന വൃക്ഷവിളകളിലൊന്നായ കശുവണ്ടിയുടെ കയറ്റുമതിക്ക് ഇത് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ കശുവണ്ടിപ്പരിപ്പിന് പ്രത്യേക കോഡെക്സ് മാനദണ്ഡം ഇല്ല. പുതിയ മാനദണ്ഡം നിലവിൽ വരുന്നതോടെ അന്താരാഷ്ട്ര ഗുണനിലവാര-സുരക്ഷാ ആവശ്യകതകൾ ഏകീകരിക്കാനും വ്യാപാരത്തിലെ സാങ്കേതിക തടസ്സങ്ങൾ കുറയ്ക്കാനും ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനും സഹായിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ലോകവിപണിയിൽ വ്യാപകമായി വ്യാപാരം നടക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ ഉണക്ക മല്ലിക്ക് പുതിയ മാനദണ്ഡം അന്താരാഷ്ട്ര വ്യാപാരം കൂടുതൽ സുഗമമാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, കറികളിൽ വ്യാപകമായി ഉപയോഗിക്കുന്ന കറിവേപ്പിലയ്ക്ക് ആദ്യമായി ആഗോള നിലവാര മാനദണ്ഡം രൂപീകരിച്ചതും ശ്രദ്ധേയമാണ്.
ആഗോളതലത്തിൽ വ്യാപാരം നടക്കുന്ന വാനില, വലിയ ഏലയ്ക്ക എന്നിവയുടെ ഗുണനിലവാരത്തിനും ഏകീകൃത മാനദണ്ഡങ്ങൾ പുതിയ തീരുമാനങ്ങളിലൂടെ നിലവിൽ വരും.
ഇതിനൊപ്പം ഭക്ഷ്യോത്പാദനത്തിലും സംസ്കരണത്തിലും വെള്ളം സുരക്ഷിതമായി ഉപയോഗിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങളുടെ അനുബന്ധ വ്യവസ്ഥകൾ, കോഴിയിറച്ചിയുമായി ബന്ധപ്പെട്ട ക്യാംപിലോബാക്റ്റർ, സാൽമൊണെല്ല പോലുള്ള രോഗാണുബാധകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ സംയുക്ത അവതരണവും മൾട്ടിപാക്ക് രീതികളും സംബന്ധിച്ച വ്യവസ്ഥകളും കമ്മീഷൻ അംഗീകരിച്ചു.
ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയും (FAO) സംയുക്തമായി രൂപീകരിച്ച കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ ആഗോള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന പ്രധാന അന്താരാഷ്ട്ര സ്ഥാപനമാണ്. പുതിയ തീരുമാനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.