
ബൈക്കനൂർ: ഇന്ത്യൻ-യുക്രേനിയൻ വംശജനും മലയാളി വേരുകളുമുള്ള നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) തന്‍റെ ചരിത്രപരമായ യാത്ര ആരംഭിച്ചു. രണ്ട് റഷ്യൻ ബഹിരാകാശ ഗവേഷകർക്കൊപ്പം സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം നടന്നത്. എട്ടു മാസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം പൂർത്തിയാക്കി സംഘം അടുത്ത വർഷം ഏപ്രിലിലാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുക.
അമേരിക്കയിലെ മിനസോട്ടയിലുള്ള മിനിയാപൊളിസിൽ ജനിച്ച് വളർന്ന അനിൽ മേനോന്‍റെ പിതൃകുടുംബം കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒറ്റപ്പാലം സ്വദേശികളാണ്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് ഡോ. അനില്‍ മേനോന്റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ അന്ന മേനോനാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
വൈദ്യശാസ്ത്രം, മെക്കാനിക്കൽ എൻജിനീയറിങ്, യുഎസ് സ്പേസ് ഫോഴ്സ് ഫ്ലൈറ്റ് സർജൻ, പൈലറ്റ് എന്നീ നിലകളിലെല്ലാം തന്‍റെ പ്രതിഭ തെളിയിച്ച ശേഷമാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സംഘത്തിന്‍റെ ഭാഗമാകുന്നത്. തന്‍റെ ആദ്യ ബഹിരാകാശ യാത്രയിൽ, ദീർഘകാലത്തെ ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറത്തേക്കുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ കണ്ടെത്തലുകൾ നിർണായകമാകും.
ഡോ. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്സിലെ സേവനത്തിനിടയില്‍ 'ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം' എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
2014-ല്‍ ഫ്ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്പേസ് എക്സില്‍ ചേര്‍ന്നു. സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്.