
''ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി ഒരുപക്ഷേ, ഞാനാകും. പക്ഷേ, അവസാനത്തേത് ഞാനാകില്ലെന്ന് പറയുന്നതില്‍ എനിക്കഭിമാനമുണ്ട്. എന്റെ കുടുംബത്തിനടുത്തുള്ള പ്രശാന്ത് നായര്‍ അടുത്തതായി എത്തും. കേരളം അവിടെ നന്നായിത്തന്നെ പ്രതിനിധാനം ചെയ്യപ്പെടും...'' ഡോ. അനില്‍ മേനോന്‍.
ലോക മലയാളകള്‍ക്ക് അഭിമാനമായി നാസ ബഹിരാകാശ സഞ്ചാരിയും പാതി മലയാളിയുമായ ഡോ. അനില്‍ മേനോന്‍ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിക്കൊണ്ട് അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളി എന്ന സുവര്‍ണ്ണ നേട്ടം 49 കാരനായ അനില്‍ മേനോന്റെ പേരില്‍ എഴുതപ്പെട്ടപ്പോള്‍ കേരളവും കോരിത്തരിച്ചു. അനില്‍ മേനോന്‍, രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പമാണ് കസാഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എട്ട് മാസത്തെ ദൗത്യത്തിനായി യാത്ര തിരിച്ചത്. സംഘം അടുത്തവര്‍ഷം അതായത് 2027 ഏപ്രില്‍ ആയിരിക്കും തിരികെ ഭൂമിയിലെത്തുക.
മിനിയാപൊളിസില്‍ ഉക്രേനിയന്‍-ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകനായി ജനിച്ച മേനോന്‍, ഒരു എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യനും യു.എസ് സ്‌പേസ് ഫോഴ്‌സിലെ കേണലുമാണ്. യു.എസ് എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ 'ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം' സമയത്ത് അഫ്ഗാനിസ്ഥാനിലെ മുന്‍നിര പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂറോബയോളജി പഠിച്ച ഡോ. മേനോന്‍, പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും മെഡിക്കല്‍ ബിരുദവും നേടി.
തുടര്‍ന്ന് എമര്‍ജന്‍സി മെഡിസിനിലും എയറോസ്‌പേസ് മെഡിസിനിലും അദ്ദേഹം വൈദഗ്ധ്യം നേടി. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അദ്ദേഹം ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുണ്ട്. പിന്നഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനില്‍ സന്നദ്ധപ്രവര്‍ത്തകനായി ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കി.
2014-ല്‍ നാസയില്‍ ഫ്‌ളൈറ്റ് സര്‍ജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചു ജോലി ചെയ്യുന്ന ബഹിരാകാശ യാത്രികര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2018-ല്‍ സ്‌പേസ് എക്‌സില്‍ ചേര്‍ന്ന അനില്‍ കമ്പനിയുടെ മെഡിക്കല്‍ പ്രോഗ്രാമിന് തുടക്കം കുറിക്കുകയും, അവരുടെ ആദ്യത്തെ മനുഷ്യ നിയന്ത്രിത ബഹിരാകാശ യാത്രകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുകയും ചെയ്തു. ചന്ദ്രന്‍, ചൊവ്വ എന്നിവടങ്ങളിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്കായി തയ്യാറാക്കുന്ന സൂപ്പര്‍ ഹെവി റോക്കറ്റായ 'സ്റ്റാര്‍ഷിപ്പിന്റെ' വികസനത്തിലും അദ്ദേഹം പങ്കാളിയായി. 2021 ഡിസംബറിലാണ് അനില്‍ മേനോന്‍ നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത്, തൊട്ടടുത്ത മാസം തന്നെ രണ്ട് വര്‍ഷത്തെ പരിശീലന പരിപാടിയില്‍ പങ്കുചേര്‍ന്നു.
ഡോ. മേനോന്റെ കുടുംബ വേരുകള്‍ കേരളത്തിലാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ പി ശങ്കര മേനോന്റെയും ഉക്രൈനിയന്‍ വംശയായ എലിസബത്ത് സമോലൈങ്കോയുടെയും മകനാണ് അനില്‍ മേനോന്‍. ബ്രിട്ടീഷ് ഭരണകാലത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വക്കീലും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അദ്ദേഹത്തിന്റെ മുത്തശ്ശനാണ്. അനില്‍ മേനോന്റെ ഭാര്യ അന്നാ മേനോന്‍ (അന്നാ വില്‍ഹെം) പ്രശസ്തമായ സ്‌പേസ് കമ്പനിയിലെ ലീഡ് സ്‌പേസ് ഓപ്പറേഷന്‍ എന്‍ജിനീയറാണ്. 2024 സെപ്റ്റംബറില്‍ സ്‌പേസ് എക്‌സ് നിയന്ത്രിച്ച പോളാരിസ് ഡോണ്‍ ദൗത്യത്തിന്റെ ഭാഗമായി 2024 സെപ്റ്റംബറില്‍ അവര്‍ ബഹിരാകാശ യാത്ര നടത്തി. ഈ യാത്ര ഏകദേശം അഞ്ച് ദിവസത്തോളം നീണ്ടുനിന്നു. ഈ ദമ്പതികള്‍ക്ക് ജെയിംസ്, ഗ്രേസ് എന്നീ രണ്ട് കുട്ടികളുണ്ട്.
ഡോ. മേനോന്‍ പല അഭിമുഖങ്ങളിലും തന്റെ കേരളബന്ധത്തെക്കുറിച്ച് വാചാലനാകാറുണ്ട്. ഏതാനും വര്‍ഷം മുമ്പ് അന്ന മേനോനൊടൊപ്പം കേരളം സന്ദര്‍ശിച്ചിരുന്നു. അന്ന് കൊച്ചി, ആലപ്പുഴ, മലബാര്‍ മേഖലകളില്‍ യാത്ര ചെയ്തു. കേരളത്തിന്റെ ആതിഥ്യമര്യാദയും ജനങ്ങളുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും പല അവസരങ്ങളിലും പങ്കു വെച്ചിട്ടുണ്ട്. ഭാര്യ മലയാളത്തില്‍ എണ്ണാന്‍ പഠിച്ച രസകരമായ ഓര്‍മ്മയും പങ്കു വെച്ചിരുന്നു. അനില്‍ മേനോന്‍ ബഹിരാകാശത്തെത്തുന്നതോടെ പാലക്കാട് ജില്ലയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരാളെക്കൂടി ലഭിക്കും. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലെ എയര്‍ കമ്മഡോര്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും പാലക്കാട് സ്വദേശിയാണ്. അടുത്ത സുഹൃത്തുക്കളാണിരുവരും. ഒരുമിച്ച് ഹൂസ്റ്റണില്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. അവിടെയാണ് സൗഹൃദം വളര്‍ന്നത്.
ബഹിരാകാശ നിലയത്തില്‍ ആയിരിക്കുമ്പോള്‍ ഡോ. മേനോന്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ ശരീരത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തും. കൂടാതെ, ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ ബഹിരാകാശ യാത്രികരുടെ രക്തയോട്ടം, നാഡീഘടന, രക്തത്തിന്റെ ഘടന എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കും. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ദ്രാവകങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ പരിശോധിക്കാന്‍ അദ്ദേഹം സഹായിക്കും. മെഡിക്കല്‍ സപ്ലൈകള്‍ പരിമിതമായ ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വളരെ നിര്‍ണായകമാകും.
ഉയര്‍ന്ന ശേഷിയുള്ള കമ്പ്യൂട്ടറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെച്ചപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം സാധ്യമാക്കുന്നതിനായി, ബഹിരാകാശത്തെ സെമികണ്ടക്ടര്‍ ക്രിസ്റ്റല്‍ നിര്‍മ്മാണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണം അദ്ദേഹം തുടരും. ഓഗ്‌മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് അള്‍ട്രാസൗണ്ട് പരിശോധനകളും നടത്തും. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തിന്റെ ആവശ്യം ഇല്ലാതാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിച്ചേക്കും.
1984-ല്‍ ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യന്‍ പൗരന്‍ മുതല്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന ചരിത്രപരമായ ദൗത്യങ്ങള്‍ വരെ, ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ വികാസിച്ചിട്ടുണ്ട്. ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യന്‍ പൗരനാണ് രാകേഷ് ശര്‍മ്മ.1984 ഏപ്രില്‍ 3-ന് സോവിയറ്റ് യൂണിയന്റെ സോയൂസ് ഠ11 ബഹിരാകാശ പേടകത്തില്‍ സല്യൂട്ട് 7 ബഹിരാകാശ നിലയത്തിലേക്കാണ് അദ്ദേഹം പറന്നത്. 2025 ജൂണില്‍ ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയം (കടട) സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പൗരനുമായി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല മാറി. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റായിരുന്ന അദ്ദേഹം, അവിടെ വെച്ച് സൂക്ഷ്മ ഗുത്വാകര്‍ഷണത്തെക്കുറിച്ച് വിപുലമായ പരീക്ഷണങ്ങള്‍ നടത്തി.
ഇന്ത്യന്‍ വംശജരായ ബഹിരാകാശ യാത്രികരാണ് കല്‍പ്പന ചൗള, സുനിത വില്യംസ്, രാജാ ചാരി. ഇപ്പോള്‍ അനില്‍ മേനോനും. ഇവരുള്‍പ്പെടെ ഇന്ത്യന്‍ പശ്ചാത്തലമുള്ള നിരവധി ബഹിരാകാശ യാത്രികര്‍ നാസയ്‌ക്കൊപ്പം ആഗോള ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ, 2021-ല്‍ വിര്‍ജിന്‍ ഗലാറ്റിക്കിനൊപ്പം ഒരു സബ്ഓര്‍ബിറ്റല്‍ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ വനിതയായി സിരിഷ ബാന്‍ഡ ്ല മാറി. ഇന്ത്യയുടെ അഭിമാനകരമായ ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളിലൊരാളാണ് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. മനുഷ്യരെ ഭ്രമണപഥത്തിലേക്ക് അയക്കാനുള്ള ഇന്ത്യയുടെ സ്വന്തം തദ്ദേശീയ ശേഷി ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായിരിക്കും.