
മറ്റാരുടേയോ ഒരു തോന്നൽ
കൂടെ നടക്കുന്നതു പോലെ..!
നടത്തത്തിനിടയിൽ
പ്രഭാതമെൻ്റെ
ചെവിയിൽ
കുശുകുശുക്കുന്നു..!
മറ്റാരുടേയോ ഒരു തോന്നൽ
മരങ്ങൾക്കിടയിൽ
അനങ്ങുന്നതുപോലെ..!
നട്ടുച്ച വന്ന് ചൂടോടെൻ്റെ
ചെവിയിൽ മന്ത്രിക്കുന്നു..!
മറ്റാരുടേയോ ഒരു തോന്നൽ
കൂടെയിരിക്കുന്നതുപോലെ..!
പുഴക്കരയിലെ
വൈകുന്നേരവും കാറ്റും
വന്നെൻ്റെ ചെവിയിൽ
സ്വകാര്യം പറയുന്നു..!
രാത്രിയിൽ,
പെരും മഴയത്ത്
കതകടയ്ക്കാൻ
തുടങ്ങുമ്പോൾ കണ്ടു...
ഈറനുടുത്തൊരോർമ്മ
നനഞ്ഞു വിറച്ചു
മുറ്റത്തു നിൽക്കുന്നു...