
സംഗീത സംവിധായകനും ഗായകനുമായ എന്‍.എ. അലക്സ് (കൊച്ചിന്‍ അലക്സ്- 82) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. കുണ്ടന്നൂര്‍ നെടുംപറമ്പില്‍ കുടുംബാംഗമായ കൊച്ചിന്‍ അലക്‌സ് കാലങ്ങളായി ചെന്നൈയിലാണ് താമസം.
1981-ല്‍ പുറത്തിറങ്ങിയ നീയരികെ ഞാന്‍ അകലെ എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനെന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനായത്.
സ്നേഹ സമ്മാനം, ലില്ലിപ്പൂക്കള്‍ ചുവന്നപ്പോള്‍, ജന്‍മശത്രു, കാമലോല തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. ഒട്ടേറെ ആല്‍ബങ്ങള്‍ക്കും നാടകഗാനങ്ങള്‍ക്കും ഈണം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്.
കെ.ജെ. യേശുദാസ്, വാണി ജയറാം, എസ്.പി ബാലസുബ്രഹ്മണ്യം, എസ്. ജാനകി, സുജാത മോഹന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള കലൈഞ്ജര്‍ കണ്ണദാസന്റെ പ്രമുഖ നാടകട്രൂപ്പിലും ഇദ്ദേഹം ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ലില്ലി (ലളിത). മക്കള്‍: എ. വിമല്‍ ആന്റണി, എന്‍.എ. രാജീവ് സോളമന്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നൈയില്‍.