Image

എംഎല്‍എ ആയതില്‍പ്പിന്നെ അങ്ങനെയൊക്കെ ചോദിക്കാന്‍ പഠിച്ചു: രമേഷ് പിഷാരടി

Published on 14 July, 2026
 എംഎല്‍എ ആയതില്‍പ്പിന്നെ അങ്ങനെയൊക്കെ ചോദിക്കാന്‍ പഠിച്ചു: രമേഷ് പിഷാരടി

 

സിനിമാ താരത്തില്‍ നിന്നും എംഎല്‍എ ആയി മാറിയതിന് പിന്നിലെ അനുഭവം പറഞ്ഞ് രമേശ് പിഷാരടി. എംഎല്‍എ ആകാനുള്ള തീരുമാനം വേണ്ടായിരുന്നു അല്ലേ എന്നു ചോദിക്കുന്നവരുണ്ടെന്നും എന്നാല്‍ തനിക്ക് അത് അങ്ങനെയല്ലെന്നും രമേശ് പറയുന്നു.

'വളരെ സജീവമായി രാഷ്ട്രീയത്തില്‍ നിന്ന സമയത്താണ് എംഎല്‍എയായി വരുന്നത്. എംഎല്‍എ എന്ന നിലയില്‍ പല കാര്യങ്ങള്‍ക്കും ആളുകള്‍ എന്നെ വിളിക്കും. സര്‍.. വണ്ടി ഇടിച്ച് ഒരു പട്ടി ഇവിടെ ചത്ത് കിടക്കുന്നുണ്ട്, എംഎല്‍എ അടിയന്തരമായി ഇടപെടണമെന്ന് പറയുന്നത് മുതല്‍ വലിയ പ്രശ്‌നങ്ങള്‍ വരെ ആളുകള്‍ വിളിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.

ഇതിലെല്ലാം നമ്മളാല്‍ കഴിയുംവിധം ഇടപെടുന്ന സാഹചര്യത്തില്‍ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എംഎല്‍എ ആകാനുള്ളത് എന്നെങ്കിലും ശരിയായ തീരുമാനമായി തോന്നിയിട്ടുണ്ടോ ഇങ്ങനെ മാറേണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്നിങ്ങനെ. കാരണം ഇതിലൂടെ ഉണ്ടാകുന്ന ശത്രുക്കളുടെ എണ്ണം  വളരെ കൂടുതലാണ്. നമ്മള്‍ ആക്രമിക്കപ്പെടും, സൈബറിടങ്ങളില്‍ കൂടിയോ അല്ലാതെയോ എങ്ങനെയാണേലും ആക്രമിക്കപ്പെടും.

ഇതൊക്കെ ചേര്‍ത്ത് വയ്ക്കുമ്പോള്‍ ഈ തീരുമാനം വേണ്ടായിരുന്നല്ലോ എന്ന് ഒരാള്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഒരു ദിവസം അതിനെ കുറിച്ച് ആലോചിച്ചു. പക്ഷേ, എനിക്ക് പിന്നീട് മനസിലായൊരു കാര്യം, കഴിഞ്ഞ ദിവസം എന്റെ ഓഫിസില്‍ നടന്ന ഒരു കാര്യവുമായി ചേര്‍ത്ത് ഞാന്‍ പറയാം.

ഏക മകന്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ട് പോയ, ജീവിതം വാര്‍ധക്യത്തിലേക്ക് കടന്ന ഒരു ഭര്‍ത്താവും ഭാര്യയും എന്നെ കാണാനായി  വന്നു. മകന്‍ അപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കോമയിലായിരുന്നു. എല്ലാം നല്‍കി പണം മുടക്കി അവര്‍ ആ മകനെ ചികിത്സിച്ചെങ്കിലും അവന്‍ മരണപ്പെടുകയായിരുന്നു.

വീടുവരെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. ഇവര്‍ ഈ വേദന എന്നോട് ഇങ്ങനെ പറയുകയാണ്. ഞാന്‍ പറഞ്ഞു നമുക്കൊരു വീടു വയ്ക്കാന്‍ നോക്കാം, വേണ്ടതൊക്കെ ചെയ്യാം. പക്ഷേ ഇവര്‍ക്ക് സ്വന്തമായി സ്ഥലമില്ല. സ്ഥലമുണ്ടേല്‍ നമുക്ക് വിവിധ പദ്ധതികളിലൊക്കെ ഉള്‍പ്പെടുത്തി ചെയ്യാമായിരുന്നെന്ന് ഞാന്‍ പറഞ്ഞു. കുഴപ്പമില്ല, ഞാന്‍ എന്റെ സൗഹൃദങ്ങള്‍ വഴി നിങ്ങള്‍ക്ക് ഒരു സ്ഥലം മേടിച്ചു തരാന്‍ പറ്റുമോയെന്ന് നോക്കട്ടെ എന്ന് പറഞ്ഞു.

ഈ സംഭവം നടക്കുമ്പോള്‍ ഇവരുടെ നേരെ പുറകിലായി ഇരിക്കുന്നത് എന്നെ കല്യാണത്തിന് ക്ഷണിക്കാനായി എത്തിയ കുറച്ചുപേരാണ്. അവരില്‍ ഒരാള്‍ പെട്ടെന്ന് പറയുകയാണ്, മകന്റെ കല്യാണത്തോട് ചേര്‍ന്ന് ഇവര്‍ക്കൊരു മൂന്ന് സെന്റ് സ്ഥലം ഞാന്‍ കൊടുക്കാം എന്ന്. ഇത് കേട്ടതും ഈ രണ്ട് പേര്‍ തമ്മില്‍ ഇത് സത്യമാണോ അതോ നുണയാണോ എന്ന ഭാവത്തില്‍ ഇരിക്കുകയാണ്.

തുടര്‍ന്ന് അവര്‍ ഇമോഷനലാകുന്നു, കരയുന്നു. ഈ നിമിഷം സ്‌ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്താല്‍ കിട്ടുന്ന സുഖമല്ല ഈ ജോലി ചെയ്യുമ്പോള്‍, ഇത് കാണുമ്പോള്‍, അവിടെ ആയിരിക്കുമ്പോള്‍ കിട്ടുന്ന സുഖം. ഇത് മാത്രമല്ല ഞാന്‍ പല പരിപാടിയ്ക്കും പോകുമ്പോള്‍, ഉദാഹരണത്തിന് സൈക്കിള്‍ കട ഉദ്ഘാടനത്തിന് പോകുമ്പോള്‍ രണ്ട് സൈക്കിള്‍ പിള്ളേര്‍ക്ക് കൊടുക്കാമോ എന്നും തുണിക്കടയിലെ ചടങ്ങിന് വിളിച്ചാല്‍ ഓണത്തിന് ഒരു 250 സാരി കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ ഞാനിപ്പോള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതൊക്കെ കിട്ടാനും തുടങ്ങിയിട്ടുണ്ട്. പിഷാരടി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക