
പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ എം. എസ്. വിശ്വനാഥൻ്റെ 11-ാം ഓർമ്മദിനം ഇന്ന്... സ്മരണാഞ്ജലി!
എം. എസ്. വി.- എന്നാൽ 'മഹാസംഗീത വിശാരദൻ' എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അരനൂറ്റാണ്ടോളം നീണ്ട അദ്ദേഹത്തിൻ്റെ സംഗീത ജീവിതത്തിൽ സമാനതകളില്ലാത്ത മുദ്രകൾ ചാർത്തിയ പ്രതിഭാസം...
അൻപത് വർഷത്തിലേറെ നീണ്ട സംഗീത ഈ സപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ 'മെല്ലിസൈ മന്നർ' എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ ചില സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി, 1928 ജൂൺ 24-ന്, മനയങ്കത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ എന്ന 'എം.എസ്. വിശ്വനാഥൻ' ജനിച്ചു. അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോൾ അച്ഛൻ സുബ്രഹ്മണ്യൻ മരണമടഞ്ഞു.
ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായ എം എസ് വി കടുത്ത ദാരിദ്ര്യത്തിൽ ആണ് വളർന്നത്. സിനിമ കൊട്ടകയിൽ ഭക്ഷണം വിറ്റു നടന്നായിരുന്നു അന്ന് അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്നത്. എങ്കിലും അന്നേ സംഗീതം ഒരു ജീവവായുവായി അദ്ദേഹത്തിൽ ലയിച്ചു ചേർന്നിരുന്നു. ആ നൈസർഗ്ഗിക വാസനയിലും ലഭിച്ച ശിക്ഷണത്തിലും പതിമൂന്നു വയസ്സു കഴിഞ്ഞ ശേഷം അരങ്ങേറ്റം നടത്താൻ കഴിഞ്ഞു.
പ്രമുഖ സംഗീത സംവിധായകരായ റ്റി. ആർ. സുബ്ബരാമന്റേയും എസ്. എം. സുബ്ബയ്യ നായിഡുവിന്റേയും സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് ആദ്യകാലങ്ങളിൽ ഇദ്ദേഹം. രാമമൂർത്തി എന്ന വയലിസ്റ്റിനോടൊപ്പവും കുറെക്കാലം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
20-ാം വയസ്സിൽ,1948-ൽ, റിലീസ് ആയ എം.ജി.ആർ.-ന്റെ ഏക മലയാള ചലച്ചിത്രമായ 'ജനോവ'യിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം.
തുടർന്ന് 1952-ൽ 'പണം' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി തമിഴിലും തുടക്കം കുറിച്ചു.
അറുപത് - എഴുപത് കാലഘട്ടങ്ങളിൽ തമിഴ് സംഗീത സംവിധാന രംഗത്തു് മുടിചൂടാ മന്നനായിരുന്നു എം. എസ്. വിശ്വനാഥൻ.
"എന്നാ പാർവൈ ഉന്തൻ പാർവൈ:.."
(സിനിമ: 'കാതലിക്ക നേരമില്ലൈ' - 1964) പി. സുശീല & യേശുദാസ്; രചന: കണ്ണദാസൻ - സംഗീതം: എം.എസ് വി.യും രാമമൂർത്തിയും. (യൂട്യൂബ് ലിങ്കുകൾ കമൻ്റ് ബോക്സിൽ)
അയത്നലളിതമെന്ന് തോന്നുമെങ്കിലും ഗഹനമായിരുന്നു അദ്ദേഹത്തിന്റെ സംഗീത ചിട്ടകൾ. മനസ്സിനെ ഒരു തൂവൽ പോലെ എടുത്തുയർത്തുന്ന ചാരുത അതിനുണ്ടായിരുന്നു.... ചിലപ്പോൾ അത് കുതിച്ചൊഴുകുന്ന നദിയായി മാറും, ചിലപ്പോൾ ശാന്തമായ സമുദ്രമായും!
എം.എസ്.വിശ്വനാഥന്‍ ചെയ്ത ഒരു പ്രസിദ്ധമായ നാടൻപാട്ട് :
'അടി എന്നാടി രാക്കമ്മ'
സിനിമ: 'പട്ടിക്കാടാ പട്ടണമാ'
തമിഴകത്ത് കത്തി നിൽക്കുന്ന കാലത്താണ് അദ്ദേഹം മലയാളത്തിൽ സജീവമായി വന്നത്. ശ്രീകുമാരൻ തമ്പി, 'മലയാള മനോരമ' പത്രത്തിന്റെ ഞായറഴ്ചപ്പതിപ്പിൽ എഴുതി വരുന്ന 'കറുപ്പും വെളുപ്പം മായാവർണ്ണങ്ങളും' സ്മരണാ പരമ്പരയിൽ ഇതിന് പശ്ചാതലമൊരുക്കിയ സംഭവ പരമ്പരകൾ വളരെ വിശദമായി തന്നെ ഏതാനും നാൾമുമ്പ് എഴുതിയിരുന്നു. തമ്പിയെഴുതി എം.സി.വി. സംഗീതം നൽകിയ 1971-ലെ 'ലങ്കാദഹന'മെന്ന ചിത്രത്തിലെ 'സ്വർഗ നന്ദിനീ', 'ഈശ്വരനൊരിക്കൽ', 'തിരുവാഭരണം ചാർത്തിവിടർന്നു' തുടങ്ങിയ ഗാനങ്ങൾ ഇന്നും ഗാനപ്രേമികൾക്ക് മറക്കാൻ കഴിയാത്തതാണ്. തുടർന്ന്, 'ജീവിക്കാൻ മറന്നു പോയ സ്ത്രീ'യിലെ 'വീണപൂവേ, കുമാരനാശാന്റെ വീണപൂവേ' എന്ന ഗാനം ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി.
'രാജശില്പി' എന്ന സ്വന്തം ബാനറിൽ 1974-ൽ ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ച് പുറത്തിറങ്ങിയ 'ചന്ദ്രകാന്ത'ത്തിലെ ഗാനങ്ങളും അതേപോലെ ഹിറ്റ് ആയിരുന്നു. ശ്രീകുമാരൻ തമ്പിയുടേതായിരുന്നു ഗാനരചനയും. യേശുദാസ് ആലപിച്ച 'ആ നിമിഷത്തിന്റെ നിർവൃതിയിൽ', 'സ്വർണ്ണ ഗോപുര നർത്തകീ ശില്പം' ('ദിവ്യ ദർശനം' | രചന: ശ്രീകുമാരൻ തമ്പി | സംഗീതം: എം എസ് വി | പാടിയത്: ജയചന്ദ്രൻ) എന്ന ഗാനങ്ങളും എടുത്തു പറയേണ്ടതായിട്ടുണ്ട്. എം.എസ്.വി.-യുടെ സംഗീത പ്രതിഭയെ ദർശിക്കാൻ ആ ഗാനങ്ങളിലൂടെ അനായാസം കഴിയും. ഇതിലെ ആദ്യ ഗാനത്തിലെ 'ആത്മദളത്തിൽ തുളുമ്പി' എന്ന ഭാഗത്തിന്റെ അവസാനം തുളുമ്പുന്ന ആ അനുഭൂതി ജനിപ്പിക്കുവാൻ അദ്ദേഹം പ്രയോഗിച്ച സംഗതിയുടെ മധുരിമ ചാരുത തുളുമ്പുന്നതാണ്.
എന്നാൽ അതിന്നെല്ലാം വ്യത്യസ്തമായിരുന്നു 'ചന്ദ്രകാന്ത'ത്തിലെ തന്നെ 'സ്വർഗമെന്ന കാനനത്തിൽ' എന്ന ഗാനം. ശാന്തവും വികാരതീവ്രവുമായി ദുഃഖത്തിന്റെ അന്തർധാരയിൽ ദാർശനിക ഉപരിതലങ്ങളെ സ്പർശിച്ചു കടന്നു പോകുന്നു അതിലെ ഓരോ വരിയും അതിൻ്റെ ഇണവും. അദ്ദേഹം തന്നെ രൂപപ്പെടുത്തിയ പശ്ചാത്തല സംഗീതം അധികം ബഹളങ്ങളില്ലാതെ സാന്ദ്രമായി ഗാനത്തിനോടൊപ്പം ആസ്വാദക ഹൃദയങ്ങളെ അതിലേക്ക് വലിച്ചടുപ്പിക്കുന്നു.
'നാടൻ പാട്ടിന്റെ മടിശീല കിലുക്കി'- യായിരുന്നു പിന്നെ അദ്ദേഹം കടന്നു വന്നത്. ഏതു തരം ഗാനങ്ങളായാലും നിരന്തരമായ പരീക്ഷണങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും സമ്പന്നമാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിഭ ഒന്നു വേറേ തന്നെ ആയിരുന്നു. വീരരസം തുളുമ്പുന്ന 'അഠാണ' എന്ന രാഗത്തെ പ്രേമലോലമാക്കി അദ്ദേഹത്തിന്റെ വിരൽതുമ്പുകൾ. വരികൾക്ക് സംഗീതം നൽകുമ്പോൾ സംഗീത സംവിധായകനു നഷ്ടമാകുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു തരിപോലും അവശേഷിപ്പിക്കാതെ വരികളെ ആകെ തന്നിലേക്കടുപ്പിക്കുന്ന കാന്തികത അവകാശപ്പെടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 'കഥകളി കേളി തുടങ്ങി നെഞ്ചിൽ കാഞ്ചനത്തിരശ്ശീലയനങ്ങി', തമിഴ് ശൈലിയിൽ ചിട്ടപ്പെടുത്തിയ 'ദൈവം തന്ന വീട് വീഥിയെനിക്ക്' എന്നീ ഗാനങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പു കാണാൻ ഒരു പ്രയാസവുമുണ്ടാകില്ല. എന്നാൽ വളരെ വ്യത്യസ്തമായാണ് 'നാണം കള്ള നാണം' എന്ന ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയത്. പരമ്പാരഗതവും ആധുനികവുമായ സങ്കേതങ്ങൾ അദ്ദേഹം പശ്ചാത്തല സംഗീതത്തിൽ ഉപയോഗിച്ചിരുന്നു. 'സിംഹാസനം' എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ശ്രോതാക്കൾക്ക് അനുഭൂതിയായിരുന്നു. 'എന്റെ മനസ്സൊരു പൊന്നൂഞ്ഞാല്', 'ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ', 'പുലരിയോടോ സന്ധ്യയോടോ' തുടങ്ങിയ ഗാനങ്ങൾ വ്യതിരിക്തമായ അനുഭവം കൊണ്ട് ശ്രദ്ധേയമായി.
'ജീവിതം ഒരു ഗാന'ത്തിലെ 'സത്യനായകാ മുക്തി ദായകാ' എന്ന ഗാനം മതഭേദമില്ലാതെ ഗാനാസ്വാദകർക്ക് ഇന്നും പവിത്രമാകുന്നതും ആ സംഗീതത്തിന്റെ അനുഭൂതിയിലൂടെയാണ്.
നമ്മുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെ കരിയർ ഗ്രാഫിൽ എം.എസ്.വി.-ക്കുള്ള സ്ഥാനം ചെറുതല്ല. അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്നവ എം.എസ്.വി.-യുടെ സംഗീത നിർവ്വഹണത്തിലായിരുന്നു. 'തിരുവാഭരണ'ത്തിൽ തുടങ്ങി 'നീലഗിരിയുടെ സഖികൾക്ക് സുപ്രഭാതം' പറഞ്ഞ്, 'രാജീവ നയന'യിലൂടെയും 'അഷ്ടപദിയിലെ ഗായിക'യിലൂടെയും കടന്ന് ഇന്നും ഗാനാസ്വാദകരിൽ രോമഹർഷങ്ങൾ അണിയിച്ചുകൊണ്ടിരിക്കുന്നു.
" രാജീവ നയനേ...."
സിനിമാഗാനങ്ങൾ പോലെതന്നെ ലളിതഗാന -ഭക്തിഗാന ശാഖയിലും അദ്ദേഹത്തിന്റേതായ സംഭാവനകൾ കാണാൻ കഴിയും. 'തുളസീ കൃഷ്ണത്തുളസീ' എന്ന ഗാനം മറക്കാൻ ആർക്കാണു സാധിക്കുന്നത്. നാമജപം ചെയ്യും ചിന്തയിലെന്നും, ഹരിഹരപുത്രനേ എന്നീ ഗാനങ്ങൾ ഭക്തിയുടെ പാരമ്യത്തിലേക്ക് ഭക്തനെ ഉയർത്തുന്ന മധുര സംഗീതങ്ങളാണ്.
ഗായകനാകാൻ വന്ന് സംഗീത സംവിധായകൻ ആയവരുടെ പട്ടികയിൽ ആണെങ്കിലും കൈവച്ച മേഖലയിലെല്ലാം തന്നെ പൊന്നുവിളയിച്ച സംഗീത കാരനായി രുന്നു എം.എസ്.വി. വളരെക്കുറച്ചു ഗാനങ്ങളേ അദ്ദേഹം മലയാളത്തിൽ പാടിയിട്ടുള്ളൂ എങ്കിലും പാടിയതൊക്കെയും പതിരില്ലാത്ത കതിർമണികളായിരുന്നു. തമിഴ് ശൈലിയാണ് ആലാപനത്തിൽ തുടിച്ചു നിൽക്കുന്നതെങ്കിലും അവയെല്ലാം മലയാളം ദേശഭേദം മറന്നു നെഞ്ചിൽ സ്വീകരിച്ച മുത്തുകളായിരുന്നു.
1973-ൽ 'പണിതീരാത്ത വീട്' എന്ന ചിത്രത്തിലെ 'കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ' എന്ന ഗാനം ഒന്നു മാത്രം മതി ഗായകനെന്ന നിലയിൽ ആ പ്രതിഭയുടെ മാറ്റളക്കാൻ. 'ഹൃദയവാഹിനീ ഒഴുകുന്നു നീ' എന്ന ഗാനം കേൾക്കുന്ന ഓരോ വട്ടവും മനസ്സിലൂടെ അനുസ്യൂതം പ്രവഹിക്കുന്ന ഭാവധാരയായി മാറുന്നു.
"കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച..."
2015 ജൂലൈ 14-ന്, 87-ാം വയസ്സിൽ, ചെന്നൈയിലെ ഫോർട്ടിസ് മലർ ആശുപത്രിയിൽ വച്ച് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
അമേരിക്കയിലെ ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് കോമ്പോസിഷനു പഠന വിഷയമാക്കാൻ തിരഞ്ഞെടുത്തിട്ടുള്ള ഏക സൗത്തിൻഡ്യൻ സംഗീത സംവിധായകൻ ആണ് എം.എസ്.വി എന്നത് അദ്ദേഹത്തിന്റെ ആഴവും വൈവിദ്ധ്യവും എത്രയെന്ന് വ്യക്തമാക്കുന്നു. തമിഴ് ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ന്റെ സംഗീത ശിൽപ്പിയായ അദ്ദേഹത്തിന് 'കലൈമാമണി' പുരസ്കാരം നൽകി തമിഴ്നാടു സർക്കാർ ആദരിച്ചിട്ടുണ്ട്. കമുകറ അവാർഡ്, ഗോൾഡ് മെറി അവാർഡ്, പരമാചാര്യ പുരസ്കാരം, കഴിഞ്ഞ വർഷം പി. ഭാസ്കരൻ അവാർഡ് തുടങ്ങി അനവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഒരു നീരുറവപോലെ നിർമ്മലവും നിരുപമവും ആയിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ, അത് ആലാപനമായാലും ഈണമായാലും പശ്ചാത്തല സംഗീതമായാലും.