Image

അയൽപക്കത്തെ ജനകീയ മാധ്യമം (കമ്യൂണിറ്റി റേഡിയോ: ഡി.പ്രദീപ് കുമാർ)

Published on 14 July, 2026
അയൽപക്കത്തെ ജനകീയ മാധ്യമം (കമ്യൂണിറ്റി റേഡിയോ: ഡി.പ്രദീപ് കുമാർ)

ഓരോ പ്രദേശത്തിൻ്റെയും സ്വന്തം റേഡിയോ നിലയങ്ങള്‍.പ്രക്ഷേപകരും ശ്രോതാക്കളും തമ്മിൽ ഇവിടെ വേർതിരിവില്ല.ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ . അവയിൽ മുഴങ്ങുന്നത്
ബഹുസ്വരതയും സ്വത്വാവിഷ്കാരങ്ങളും

തൊട്ടയൽപക്കത്തെ പ്രക്ഷേപണ കേന്ദ്രങ്ങളാണ് കമ്യൂണിറ്റി റേഡിയോ
നിലയങ്ങൾ .തേച്ചു മിനുക്കാത്ത തനി നാട്ടുഭാഷയിലും ,ലിപി പോലും ഇല്ലാത്ത ഒട്ടേറെ
ഭാഷാവകഭേദങ്ങളിലുമൊക്കെ അവ നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുന്നു.
ഓരോ പ്രദേശത്തിൻ്റെയും സ്വന്തം റേഡിയോ നിലയങ്ങളാണവ.
പ്രക്ഷേപകരും ശ്രോതാക്കളും തമ്മിൽ ഇവിടെ വേർതിരിവില്ല.തങ്ങൾക്ക്
ചുറ്റുമുള്ളവരോട് അവർ തന്നെ സംസാരിക്കുന്നു, വിവരങ്ങൾ കൈമാറുന്നു,
ആത്മാവിഷ്കാരം നടത്തുന്നു. ബീഹാറിലെയും ഛത്തിസ്ഗഢിലെയുമൊക്കെ
വിദൂരസ്ഥമായ ഗ്രാമങ്ങളിൽ മുതൽ മെട്രോ നഗരങ്ങളിലെ ക്യാമ്പസുകളിൽ
വരെ ഇത് വ്യാപിച്ചു കിടക്കുന്നു. കാർഗിൽ,ബാരാമുള്ള പ്രദേശങ്ങളിലെ
ദുർഘട പ്രദേശങ്ങളിൽ പോലുമുണ്ട് ഈ ചെറു റേഡിയോ നിലയങ്ങൾ.
മറ്റു മാധ്യമങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത ഒട്ടേറെ മേഖലകളിലെ ചെറിയ
ജനസമൂഹങ്ങൾക്ക് പ്രിയപ്പെട്ട സ്വന്തം റേഡിയോയാണ് അവ. അവരുടെ
നിത്യജീവിതത്തിലെ സന്തത സഹചാരി.

മാധ്യമപ്രളയത്തിന് നടുവിലും കമ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ സംഖ്യ
അനുദിനം വർദ്ധിക്കുകയാണ്.2024 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാർത്താ വിതരണ
പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം, ഇന്ത്യയിലെ
മൊത്തം കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ 491. കേരളത്തിൽ അത് 21.
2008 ഒക്ടോബർ 15 ന് തെലങ്കാനയിലെ മേദക് ജില്ലയിലെ മച്നൂരിൽ
നിന്നാണ് തുടക്കം. ഡെക്കാൺ സർവീസ് സൊസൈറ്റി ആരംഭിച്ച ";റേഡിയോ
സംഗമം " ദളിതരായ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യ
റേഡിയോ നിലയം കൂടിയാണ് . പത്താം ക്ലാസ് വരെ മാത്രം
വിദ്യാഭ്യാസമുള്ള പത്തിലധികം സ്ത്രീകളാണ് ഈ നിലയത്തിൻ്റെ മുഴുവൻ
പ്രവർത്തനങ്ങളും നടത്തുന്നത്. അവർക്ക് നേതൃത്വം നൽകുന്നത് എ.
നരസമ്മയും ജി. നരസമ്മയും. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ,
ഈ ആദ്യ കമ്യൂണിറ്റി റേഡിയോ നിലയത്തിന് അൻപത്തിയഞ്ച്
ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ശ്രോതാക്കളുണ്ട്.

ഊഷ്മാവ് മൈനസ് 24 വരെ താഴുന്ന അതിശൈത്യ കാലാവസ്ഥയുള്ള
കാർഗിലിലെ ദ്രാസ് താഴ് വരയിലും (Radio DRASS) ലഡാക്കിലും (Radio Rgazom)
കമ്യൂണിറ്റി റേഡിയോ നിലയങ്ങളുണ്ട്. അവ നടത്തുന്നത് കരസേനയാണ് .
ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തുള്ള റേഡിയോ നിലയമാണ്
ലഡാക്കിലേത്. കാഷ്മീരി ഭാഷയെക്കൊപ്പം ഉർദു, ഷൈന,പർഗി തുടങ്ങിയ
പ്രാദേശിക ഭാഷാന്തരങ്ങളിൽ ഇവിടെ നിന്ന് പ്രക്ഷേപണങ്ങളുണ്ട്.
കാലാവസ്ഥാവ്യതിയാനം കാരണം കൊടും വരൾച്ച നേരിടുന്ന
ബുന്ദേൽഖണ്ഡിലും വെളളപ്പൊക്കവും ഉരുൾപൊട്ടലുകളും നാശം
വിതയ്ക്കുന്ന ഉത്തരാഖണ്ഡിലും ചുഴലിക്കാറ്റ് താണ്ഡവമാടുന്ന
ഒഡീഷയിലുമൊക്കെ ദുരന്തസമയങ്ങളിൽ കൈത്താങ്ങായത് അവിടങ്ങളിലെ
കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ . മറ്റ് വാർത്താവിനിമയ
സംവിധാനങ്ങൾ താറുമാറായപ്പോഴും അവ പ്രവർത്തിച്ചു.അവിടങ്ങളിലെ
പ്രാദേശിക ഭാഷാഭേദങ്ങളിൽ അറിയിപ്പുകളും വിവരങ്ങളും നൽകിയും
ജനങ്ങൾക്ക് സമാശ്വാസമരുളിയും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും തുടർ
നടപടികൾക്കും അവ ശക്തിപകർന്നു. ബുന്ദേലി, മാർവാരി, അവധി,
ലമ്പാഡി, പഹാഡി , ഗുജാർ തുടങ്ങി വയനാട്ടിലെ ആദിവാസി
ഭാഷാഭേദങ്ങളിൽ വരെ കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ പ്രക്ഷേപണം
നടത്തുന്നുണ്ട്. സൂക്ഷ്മ തലത്തിൽ, സമൂഹത്തിൻ്റെ ഏറ്റവും താഴെയുള്ള
ജനസമൂഹങ്ങളിൽ വരെ എത്തുന്നതാണ് (narrowcasting)അവയുടെ
പ്രക്ഷേപണം.വികസനത്തിൻ്റെ സന്ദേശവാഹകരാണ് ആ നിലയങ്ങൾ .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താഴെത്തലം വരെ
എത്തിച്ച് ,പാർശ്വവല്കൃതരെ ശക്തിപ്പെടുത്തകയും ശബ്ദമില്ലാത്തവരുടെ
നാവായി മാറുകയും ചെയ്യുന്നുണ്ട്, അവ.
എല്ലാം എഫ്.എം നിലയങ്ങൾ . പ്രസരണ ശേഷി അൻപത് വാട്ട് മാത്രം
.അത് കേൾക്കാനാവുന്നത് പരമാവധി 20-25 കിലോമീറ്റർ ചുറ്റളവിൽ
.റേഡിയോ പ്രക്ഷേപണം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്കപ്പുറം,
ഇൻറർനെറ്റിലൂടെ ലോകമെമ്പാടും ലഭ്യമാകുന്ന ഇക്കാലത്ത്, ചുറ്റുവട്ടത്തെ
വിശേഷങ്ങളുമായി ഈ നിലയങ്ങളും ഓൺലൈനിലൂടെ, ലോകത്തിൻ്റെ
മുക്കിലും മൂലയിലും എത്തുന്നുണ്ട്.പുറംനാടുകളിൽ ഇരുന്ന്,
ഗൃഹാതുരതയോടെ നാട്ടിലെ വിശേഷങ്ങൾ ഇപ്പോൾ കേൾക്കുകയും ചെയ്യാം.

നാട്ടുകാർ തന്നെ മുഴുവൻ പ്രക്ഷേപണ പ്രവർത്തനങ്ങളും നടത്തുന്ന ,
പൂർണ്ണ അർത്ഥത്തിലുള്ള ജനകീയ പ്രക്ഷേപണ നിലയങ്ങളാണ് അവ.
വിജയകരമായി നടക്കുന്ന കമ്യൂണിറ്റി റേഡിയോ നിലയങ്ങളിൽ
ഭൂരിപക്ഷവും പിന്നാക്ക പ്രദേശങ്ങളിലാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കമുള്ള
സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ,കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ,
പബ്ലിക് ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയാണ് , ലാഭേച്ഛ
കൂടാതെ ഈ ചെറു റേഡിയോ നിലയങ്ങൾ നടത്തുന്നത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇതിനുള്ള ലൈസൻസ്
നൽകുന്നത്. ഏറെ ശ്രമകരമായിരുന്നു അനുമതി കിട്ടുന്നത്. ഇപ്പോൾ
നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.
മിക്ക നിലയങ്ങളിലും ജനങ്ങൾ തന്നെ പരിപാടികളുടെ ഉള്ളടക്കം ചർച്ച
ചെയ്ത് തീരുമാനിക്കും. അതിനായി വിവിധ ജനവിഭാഗങ്ങൾ ഉൾക്കൊളളുന്ന
സമിതികളുണ്ട്.പരിപാടികളുടെ അവതാരകരും പ്രൊഡ്യൂസർമാരും അവർ
തന്നെയാകുന്നു. ഓരോ പ്രദേശത്തെയും ആവശ്യങ്ങൾക്കനുസരിച്ചാണ്
പ്രക്ഷേപണം.

വാർത്തകളോ വാർത്താധിഷ്ഠിത പരിപാടികളോ പ്രക്ഷേപണം ചെയ്യാൻ
അനുമതിയില്ല. പക്ഷേ, ആകാശവാണിയുടെ വാർത്താപ്രക്ഷേപണങ്ങൾ റിലേ
ചെയ്യാം. കേരളത്തിലെ മിക്ക കമ്യൂണിറ്റി റേഡിയോ നിലയങ്ങളും മലയാളം
വാർത്തകൾ റിലേ ചെയ്യുന്നുണ്ട്. നിശ്ചിത തോതിൽ പരസ്യങ്ങളും
സ്വീകരിക്കാം.ഇവയുടെ ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ്ബുകളും
ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാണ്. 2018ലെ പ്രളയവും തുടർന്നു
വന്ന കോവിഡ് മഹാമാരിയും മുതൽ കവളപ്പാറ, പുത്തുമല, മുണ്ടകൈ
ഉരുൾപൊട്ടൽ വരെയുള്ള ദുരന്ത ഘട്ടങ്ങളിൽ കേരളത്തിലെ കമ്യൂണിറ്റി
റേഡിയോ നിലയങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ
സജീവമായി.അതിജീവനത്തിൻ്റെ സാന്ത്വന സന്ദേശവുമായി അവ ജനങ്ങൾക്ക്
കൈത്താങ്ങായ അസംഖ്യം ഉദാഹരണങ്ങളുണ്ട്.


കേരളത്തിലെ ആദ്യ കമ്യൂണിറ്റി റേഡിയോ നിലയം റേഡിയോ
ഡി.സി.എഫ്.എം ആണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷനു കീഴിൽ,
കഴക്കൂട്ടത്ത് ഡി.സി. സ്ക്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി,
ക്യാമ്പസ് റേഡിയോയായി 2006 ജനുവരി 6നാണ്
ആരംഭിച്ചത്.സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ നിലയമായിരുന്നു ഇത്. 2018
ലെ പ്രളയകാലത്ത് താഴത്തെ നിലയിൽ നിന്ന് ട്രാൻസ്മിറ്ററും മറ്റും ഏതാനും
മണിക്കൂറുകൾ കൊണ്ട് മുകളിലത്തെ നിലയിലേക്ക് മാറ്റി പ്രക്ഷേപണം
അഭംഗുരം തുടർന്ന ചരിത്രമുണ്ട് , ഈ നിലയത്തിന് . കഴക്കൂട്ടത്തെ
തീരദേശമത്സ്യത്തൊഴിലാളികൾക്കായുള്ള "കടലിനക്കരെ പോണോരേ"
കൃഷിക്കാർക്കുളള അറിയിപ്പുകൾ, കുടുംബശ്രീ, അംഗനവാടി
അംഗങ്ങൾക്കായുള്ള പരിപാടികൾ തുടങ്ങിയ ശ്രദ്ധേയ ഇനങ്ങൾ
പ്രക്ഷേപണം ചെയ്തിരുന്ന ഈ നിലയം 2023ൽ പ്രക്ഷേപണം നിർത്തി.
വെറും വിനോദത്തിന് വേണ്ടിയുള്ളതല്ല കമ്യൂണിറ്റി റേഡിയോകൾ ."അവ
കൊമേഴ്സ്യൽ റേഡിയോ നിലയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ;ബഹുജന
മാദ്ധ്യമങ്ങൾക്ക് ബദലുമല്ല"കൊല്ലത്തെ റേഡിയോ ബൻസിഗർ ഡയറക്ടർ
ഫാ. ഫെർഡിനാന്റ് പീറ്റർ പറഞ്ഞു. 2010 നവം. 7 നാണ് ബൻസിഗർ
ആശുപത്രിയുടെ ആഭിമുഖ്യത്തിലുള്ള ഈ റേഡിയോ നിലയം ആരംഭിച്ചത്.
"റേഡിയോ പ്രവർത്തകർ ആക്ടിവിസ്റ്റുകളാണ്. സമൂഹത്തിൽ മാറ്റങ്ങൾ
സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണിത്. ഏറ്റവും താഴെ
തട്ടിലുള്ളവരുടെ അടുത്തു വരെ മൈക്കുമായെത്തി, അവരുടെ ശബ്ദം പുറം
ലോകത്തിന് കേൾപ്പിച്ചു കൊടുക്കുന്നു:Walking the last mile to reach the unreached.
ജനപക്ഷത്തുറച്ചുനിന്നു കൊണ്ടുള്ള പ്രക്ഷേപണ പ്രവർത്തനമാണിത്.
ബഹുജന മാദ്ധ്യമങ്ങളിൽ ഒരിക്കലും മുഖം കാണിക്കാൻ കഴിയാത്തവർക്ക്,
ഒരു ടെലിഫോൺ കോളിലൂടെ ലോകത്തോട് സംസാരിക്കാൻ ഇവ അവസരം
നൽകുന്നു"..

ഈ നിലയങ്ങളുടെ ഉടമസ്ഥർ പ്രാദേശിക ജനസമൂഹങ്ങളാണ്. അവരാണ്
നയം രൂപീകരിക്കുകയും പരിപാടികൾ നിർമ്മിക്കുകയും
ചെയ്യുന്നത്.കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ എല്ലാവരെയും
ഉൾക്കൊള്ളുന്ന പ്രാതിനിദ്ധ്യ പ്രക്ഷേപണത്തിന്റെ മാതൃകകളാണ്. ഒരു
മൈക്കിനു ചുറ്റുമിരുന്ന് അവർ തങ്ങളുടെ സുഖങ്ങളും ദുഖങ്ങളും
അറിവുകളുമൊക്കെ പങ്കു വയ്ക്കുന്നു.നമ്മുടെ ജനാധിപത്യ സംവിധാനത്തെ
ശക്തിപ്പെടുത്തുന്ന മാധ്യമ പ്രവർത്തനമാണിത്.
ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന ജില്ലയായ കൊല്ലത്ത് ,
മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ഈ നിലയം ആരംഭിച്ച
പരമ്പരയാണ്, ";അരുത്, ആത്മഹത്യ" അത്തരം സാന്ത്വന പ്രക്ഷേപണങ്ങൾ
(therapeutic broadcasts) കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ
മുഖമുദ്രയാണ്."കാതോട് കാതോരം" എന്ന ഫോൺ - ഇൻ പരിപാടിയിലേക്ക്
വിളിച്ച്, ഒറ്റപ്പെട്ടു ജീവിക്കുന്നവർ ദു:ഖങ്ങൾ പങ്കു വയ്ക്കാറുണ്ട്.

കാഴ്ചവൈകല്യമുള്ളവർ മിക്ക നിലയങ്ങളിലേക്കും സ്ഥിരമായി
വിളിക്കുന്നുണ്ട്. .
ഒന്നരലക്ഷം ആദിവാസികളുള്ള വയനാട്ടിൽ , അവരുടെ പ്രാദേശിക
ഭാഷകളിലും ശബ്ദിക്കുന്ന ഒരു റേഡിയോ നിലയമുണ്ട് -മാനന്തവാടിയിലെ
റേഡിയോ മാറ്റൊലി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ
ആഭിമുഖ്യത്തിലുള്ള ഇത് ആരംഭിച്ചത് 2009 ജൂൺ ഒന്നിനായിരുന്നു.
വിവിധ ആദിവാസിഭാഷകളിൽ തുടിച്ചെത്തം,ഊരുവട്ടം തുടങ്ങിയ
പരിപാടികളുണ്ട്. ആദിവാസി ഭാഷകളിലേക്ക് മറ്റു പരിപാടികൾ
മാറ്റുന്നുമുണ്ട്. അവർ തന്നെയാണ് ഈ പരിപാടികളുടെ പ്രൊഡ്യൂസർമാരും
അവതാരകരും .ആദിവാസികൾക്കും കർഷകർക്കും വേണ്ടിയുള്ള
പരിപാടികളുടെ 60 ശതമാനവും ജനങ്ങൾ തന്നെയാണ് നിർമ്മിക്കുന്നത്.
പരിപാടികളുടെ പേരിടൽ മുതൽ , എല്ലാ തലങ്ങളിലും,
ജനാധിപത്യമുണ്ട്.‘മാറ്റൊലിക്കൂട്ടം‘ എന്ന പേരിൽ 50 റേഡിയോ
ക്ളബ്ബുകളുണ്ട്. ഗ്രാമങ്ങളിൽ ചെന്ന് ജനങ്ങളുടെ യോഗങ്ങൾ
വിളിച്ചുചേർത്ത് ,അവരുടെ പരിപാടികൾ ശബ്ദലേഖനം ചെയ്യുന്നുണ്ട്.
2017 മുതൽ തുടർച്ചയായി കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ
പുരസ്കാരങ്ങൾ,സംസ്ഥാന സർക്കാരിൻ്റെ ഡോ. ബി. ആർ അംബേദ്കർ
മാദ്ധ്യമപുരസ്കാരം,ക്ഷീര വികസന വകുപ്പിന്റെ മാധ്യമ
അവാർഡ്,ഹരിതമുദ്ര അവാർഡ് തുടങ്ങി മുപ്പതോളം പുരസ്കാരങ്ങൾ
റേഡിയോ മാറ്റൊലിക്ക് കിട്ടിയിട്ടുണ്ട്.കൊറോണക്കാലത്ത് എൻ.
എച്ച്.ആർ.എമ്മിൻ്റെ സഹകരണത്തോടെ 18 മാസം തുടർച്ചയായി
ബോധവല്ക്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. അതിനായി ഡോ.
സന്തോഷ് കുമാറിനെ സർക്കാർ നിയോഗിച്ചു.
റേഡിയോ മാറ്റൊലി, വയനാട് ജില്ലയിൽ 6000 റേഡിയോ സെറ്റുകൾ
വിതരണം ചെയ്തു. ആദിവാസി മേഖലകളിൽ 1000 റേഡിയോകളും
നൽകിയതായി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ് പറഞ്ഞു.
"ഞങ്ങളുടെ എല്ലാ പരിപാടികളിലും പോസിറ്റീവായി എന്തെങ്കിലും
ഉണ്ടാകും.“നെഗറ്റീവായ കാര്യങ്ങളുള്ള സ്ക്രിപ്റ്റുകൾ തിരുത്തി എഴുതിച്ച്,
പോസിറ്റീവാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അല്ലാത്തവ നിഷ്കരുണം
നിരാകരിക്കും"



ആകാശവാണിയുടെ സംസ്കൃത വാർത്ത റിലേ ചെയ്യുന്ന ഒരു കമ്യൂണിറ്റി
റേഡിയോ നിലയമുണ്ട് -2012 ഒക്ടോബർ 2നു പ്രക്ഷേപണം ആരംഭിച്ച
പാനൂരിലെ ജൻവാണി എഫ്. എം. ഹിന്ദി,ഇംഗ്ളീഷ് ഉൾപ്പെടെ 14
വാർത്താബുള്ളറ്റിനുകൾ റിലേ ചെയ്യുന്നുണ്ട്-മൊത്തം 3 മണിക്കൂർ 35 മിനിറ്റ്
"ആകാശവാണി വാർത്തകൾ ജനങ്ങളുടെ രക്തത്തിലലിഞ്ഞുചേർന്ന
സംസ്ക്കാരമാണ്", സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി
പറയുന്നു.ഗ്രാമവൃത്താന്തം, തമിൾവാണി,ആദിവാസികൾക്കായുള്ള
പരിപാടികൾ തുടങ്ങിയവയുമുണ്ട്."t;കഴിവുണ്ടായിട്ടും മുഖ്യധാരയിലെത്താൻ
കഴിയാത്ത സാധാരണക്കാരെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ
പ്രോത്സാഹിപ്പിക്കുന്നു. അവർക്കായി എപ്പോഴും വാതിലുകൾ
തുറന്നുവച്ചിരിക്കുന്നു";.

ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ
ആഭിമുഖ്യത്തിലുള്ള റേഡിയോ മീഡിയ വില്ലേജ് 2012 ഫെബ്രുവരി 10 നാണ്
പ്രക്ഷേപണം ആരംഭിച്ചത്.&"സാധാരണക്കാർക്ക് എപ്പോഴും കടന്നുചെല്ലാവുന്ന
ഒരു മാധ്യമം.തങ്ങളുടെ പ്രശ്നങ്ങൾ എപ്പോഴും സംസാരിക്കാവുന്ന ഒരിടം",
പ്രോഗ്രാം ഹെഡ് പറയുന്നു.എല്ലാ മേഖലകളിലുമുള്ള ജനങ്ങളുടെ
പങ്കാളിത്തം ഉറപ്പു വരുത്തുന്നു.മുന്നൂറോളം സന്നദ്ധ
പ്രവർത്തകരുണ്ട്.അവർക്ക് പരിശീലനം നൽകിയാണ് , പ്രക്ഷേപണത്തിന്
ഒരുക്കുന്നത്.

കിടപ്പ് രോഗികൾക്ക് സഹായമെത്തിക്കാനായി "തണൽ"; എന്ന പേരിൽ ,
അവരുടെ വേദനകൾ പ്രക്ഷേപണം ചെയ്ത പരമ്പരയ്ക്ക് വലിയ
പ്രതികരണമാണ് ലഭിച്ചത്. അതു കേട്ട് പലരും സഹായിക്കാനായി
മുന്നോട്ടുവന്നു.ഈ പരിപാടി കോവിഡ് കാലംവരെ തുടർന്നു.ഇതിലൂടെ
നൂറ്റി ഇരുപതോളം രോഗികളെ സഹായിച്ചു.ഈ പ്രവർത്തനങ്ങൾക്കായി
പ്രത്യാശ എന്ന ധനസഹായ ഗ്രൂപ്പ് രൂപീകരിച്ച് പഞ്ചായത്തുകളുടെ
സഹായത്തോടെ 42 കോടി രൂപ സമാഹരിച്ചു.
ചങ്ങനാശ്ശേരി അതിരൂപതയുടേയും മറ്റും സഹായത്തോടെ വലിയ
ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 2018ലെ പ്രളയകാലത്ത്
കുട്ടനാട്ടിൽ നിന്ന് അയ്യായിരത്തോളം പേരെ രക്ഷിച്ചു. പെട്ടിമുടി
ദുരന്തമുണ്ടായപ്പോഴും മറ്റ് ഏജൻസികളുടെ സഹായത്തോടെ കോവിഡ്
കാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.";ഇന്ത്യയിൽ ആദ്യമായാണ്
ഒരു കമ്മ്യൂണിറ്റി റേഡിയോ നിലയത്തിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ
പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം
കൊടുക്കുന്നത്.സാമൂഹികമാറ്റത്തിന്റെ , വികസനത്തിന്റെ
ചാലകശക്തിയാകാൻ ഈ കമ്മ്യൂണിറ്റി റേഡിയോയ്ക്ക് കഴിഞ്ഞു"t;.

കാർഷിക മേഖലയായതിനാൽ ധാരാളം കാർഷിക പരിപാടികളും മേളകളും
.കർഷകർക്കായി റിയാലിറ്റി ഷോയും നടത്തി. പത്ത് ദിവസം വീതമുള്ള
രണ്ട് ചങ്ങനാശ്ശേരി മെഗാ ഫെസ്റ്റുകൾ വൻ വിജയമായി. അതിന്റെ ലാഭം
ഉപയോഗിച്ച്, പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചു പേർക്ക് അവ
പുനർനിർമ്മിച്ച് നൽകി. 2000 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റും
നൽകി.

സർവ്വതലസ്പർശിയായ 65ഓളം പരിപാടികൾ ഓരോ ആഴ്ചയും
പ്രക്ഷേപണം ചെയ്യുന്നുണ്ട്."എം.എൽ.എ ഓൺ ലൈവ്", തത്സമയ
പ്രക്ഷേപണം ,സമകാലിക വിഷയങ്ങളെക്കുറിച്ച് എല്ലാ ദിവസവും
വൈകുന്നേരം "കമോൺ , മലയാളീസ്";  തുടങ്ങിയവ ഇതിൽ ശ്രദ്ധേയം.
"മോസ്റ്റ് സസ്റ്റൈനബിൾ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ" ദേശീയ പുരസ്കാരം
രണ്ടു തവണ റേഡിയോ മീഡിയ വില്ലേജിന് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി
ഏഴു തവണ പുരസ്ക്കാരങ്ങൾ കിട്ടി.
2014 ജനവരി മുതലാണ് അഹല്യ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന
എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ പാലക്കാട് നിന്ന് അഹല്യ എഫ്.എം.
പ്രക്ഷേപണം ആരംഭിച്ചത്. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കൃഷിക്കാർ
എന്നിവരെ ലക്ഷ്യമാക്കിയാണ് പ്രക്ഷേപണം. അഹല്യ ക്യാമ്പസിൽ തന്നെ
മൂവായിരത്തോളം വിദ്യാർത്ഥികളുണ്ട്. അവരിൽ നിന്ന് തെരത്തെടുത്ത്
പരിശീലനം നൽകിയ അവതാരകരുണ്ട്. മൂന്ന് വശവും മലകളാൽ ചുറ്റപ്പെട്ട
പ്രദേശമാണ്. തമിഴ് സംസാരിക്കുന്നവരുള്ളതിനാൽ, സർക്കാരിന്റെ
അറിയിപ്പുകൾ തമിഴിലും കൊടുക്കാറുണ്ട്. പ്രതിദിന കാർഷിക പരിപാടി,
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികൾ തുടങ്ങിയവയ്ക്ക്
ശ്രോതാക്കളേറെയുണ്ട്. ജനകീയ പ്രശ്നങ്ങളിൽ അഹല്യ എപ്പോഴും
അവർക്കൊപ്പം നില്ക്കുന്നുണ്ട്.

ശ്രോതാക്കൾ മുൻകൈയെടുത്ത് അഹല്യ ചങ്ങാതിക്കൂട്ടം എന്ന കൂട്ടായ്മ
രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ ധാരാളം ജീവകാരുണ്യ
പ്രവർത്തനങ്ങൾ നടന്നു വരുന്നു .കോവിഡ് കാലത്ത് പാലക്കാട്ടെ മൂന്ന്
അതിർത്തി ചെക്ക്പോസ്റ്റുകളിലുള്ളവർക്ക് ഭക്ഷണപ്പൊതികൾ വിതരണം
ചെയ്തു.

2017 ജൂലൈ 29ന് ആലപ്പുഴ കോസ്റ്റൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ
നേതൃത്വത്തിൽ പ്രക്ഷേപണം ആരംഭിച്ച നിലയമാണ് റേഡിയോ നെയ്തൽ.
കടൽത്തീരം എന്ന അർത്ഥത്തിലാണ് നെയ്തൽ എന്ന വാക്ക്
ഉപയോഗിച്ചിട്ടുള്ളതെന്ന് നിലയം ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി
പറഞ്ഞു. തീരദേശ വിമോചനം ലക്ഷ്യംവച്ചാണ് പ്രക്ഷേപണം
ആരംഭിച്ചത്.എല്ലാ ദിവസവും നാല്പതോളം പരിപാടികൾ പ്രക്ഷേപണം
ചെയ്യുന്നുണ്ട്.

മുപ്പതോളം വോളണ്ടിയർമാരാണ് പരിപാടികൾ നിർമ്മിക്കുന്നത്. ഇതിൽ
മത്സ്യത്തൊഴിലാളികളും വിദേശത്ത് താമസിക്കുന്നവരും ഉൾപ്പെടുന്നു.2018
ലെ മഹാപ്രളയ കാലത്ത് റേഡിയോ നെയ്തൽ രക്ഷാപ്രവർത്തനങ്ങളിൽ
സജീവമായി പങ്കെടുത്തു.ആലപ്പുഴ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ
ഡയറക്ടർ കൂടിയായ ഫാദർ സേവ്യർ കുടിയാംശ്ശേരി മുൻകൈയെടുത്ത്
കുട്ടനാട്ടിലേക്കും ചെങ്ങന്നൂരിലേയ്ക്കും 211 വള്ളങ്ങൾ അയച്ചു.
അറുന്നൂറോളം മത്സ്യത്തൊഴിലാളികളേയും രക്ഷാപ്രവർത്തനത്തിന്
നിയോഗിച്ചു. അന്നത്തെ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അഭ്യർത്ഥന
മാനിച്ചായിരുന്നു ഇത്. ആ സമയത്ത് നിലയം 24 മണിക്കൂറും തത്സമയ
പ്രക്ഷേപണം നടത്തി.

കോവിഡ് കാലത്ത് ";ആരോഗ്യാമൃതം","അതിജീവനം"എന്നീ പേരുകളിൽ
ബോധവല്ക്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. റേഡിയോ നെയ്തൽ
തുറന്ന ഹെൽപ്പ് ഡസ്കിലൂടെ മത്സ്യത്തൊഴിലാളികൾക്ക് മാസ്ക്കും,
സാനിറ്റൈസും ഭക്ഷണവും മറ്റും വിതരണം ചെയ്തു.
പ്രളയത്തെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ റേഡിയോ പരിപാടികൾ
അവതരിപ്പിക്കാൻ ആരംഭിച്ചത്. അവരുടേതായ ദേവാസ്തുവിളി,
ചവിട്ടുനാടകം എന്നീ കലാരൂപങ്ങളും പ്രക്ഷേപണം
ചെയ്യുന്നുണ്ട്."പ്രക്ഷേപണങ്ങളിൽ അവരുടെ ഭാഷ തന്നെയാണ്
ഉപയോഗിക്കുന്നത്".
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് ജനകീയ പ്രശ്നങ്ങളിൽ സജീവമായി
ഇടപെടാനുള്ള ശേഷി ഉണ്ടെങ്കിലും സാമ്പത്തികമായി സ്വന്തം കാലിൽ
നിൽക്കാൻ വലിയ പ്രയാസമാണന്ന് ഫാദർ സേവിയർ കുടിയാംശ്ശേരി
പറഞ്ഞു.

കിഡ്നി ഫെഡറേഷൻ ഓഫ് ഓഫ് ഇന്ത്യ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ
ആഭിമുഖ്യത്തിൽ 2017 ഏപ്രിൽ 20നാണ് തൃശൂരിൽ ഹലോ റേഡിയോ 90.8
എഫ്.എം പ്രക്ഷേപണം ആരംഭിച്ചത്.ആരോഗ്യ,കാർഷിക
പ്രക്ഷേപണങ്ങൾക്കാണ് മുൻഗണന.പ്രളയ കാലത്തും കോവിഡ് നാളുകളിലും
നാടൻ കലകൾ, കഥാപ്രസംഗം, രൂപകങ്ങൾ ഉൾപ്പെടെയുള്ളവ
ബോധവൽക്കരണത്തിന് ഉപയോഗപെടുത്തി. കാർഷിക പരിപാടിയായ
"ഹരിതാഭ"വുമായി വെറ്റിനറി,കാർഷിക സർവകലാശാലകൾ
സഹകരിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നിലയം 24 മണിക്കൂറും പ്രവർത്തിച്ചു .
ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച്
തൃശൂരിലെ "കില"യുമായി ചേർന്ന് പരിപാടികൾ പ്രക്ഷേപണം
ചെയ്തു.തന്റെ നേതൃത്വത്തിൽ നടക്കുന്ന വൃക്ക -അവയവദാന
പ്രവർത്തനങ്ങൾക്ക് റേഡിയോയിലൂടെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന്
ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു. വൃക്കരോഗികൾക്കായി
ലക്ഷക്കണക്കിന് രൂപ സംഭരിച്ച് നൽകി. ജില്ലയിലെ വാഹനാപകട
വിവരങ്ങൾ അപ്പപ്പോൾ തന്നെ റേഡിയോയിലൂടെ അറിയിക്കുന്നുണ്ട്.
"കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ താഴെതട്ടിലുള്ളവരുടെ ആത്മാവായി
മാറണം.മയക്കുമരുന്നിനെ തിരെ വിദ്യാർത്ഥികളെയും യുവതലമുറയെയും
ബോധവൽക്കരിക്കുന്ന പരിപാടികൾ ഉണ്ടാകണം.ഹലോ എഫ്.എം രാത്രി
പ്രക്ഷേപണം ചെയ്യുന്ന കഥകൾ ധാർമികപാഠങ്ങൾ നല്കുന്നവയാണ്",, ഫാ.
ഡേവിസ് ചിറമേൽ പറഞ്ഞു.

തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് 2009
നവം.1 നാണ് റേഡിയോ മാക്ഫാസ്റ്റ് ആരംഭിച്ചത്.പൂർണ്ണമായും
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്യൂണിറ്റി
റേഡിയോ നിലയമാണ്..അപ്പർ കുട്ടനാട്ടിലെ കർഷകരും സ്ക്കൂൾ
വിദ്യാർത്ഥികളുമാണ് പ്രധാന ശ്രോതാക്കൾ.ആദ്യ കാലം മുതൽ
കർഷകർക്കായി ";കൃഷി ജാലകം";കുട്ടികൾക്കായി "കിലുക്കാംപെട്ടി" എന്ന
ഫോൺ-ഇൻ പരിപാടി, ആരോഗ്യ പരിപാടിയായ ";മെഡിടോക്"'
തുടങ്ങിയവയുണ്ട്."നിക്ഷേപ ജാലകം",";ഡിജിറ്റൽ വേൾഡ് ", തുടങ്ങിയ
പരിപാടികൾ അവതരിപ്പിക്കുന്നത് മാക്ഫാസ്റ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന
വിദ്യാർത്ഥികളായ വോളന്റിയർമാരാണന്ന് സ്റ്റേഷൻ ഡയറക്ടർ
രാധാകൃഷ്ണൻ കുറ്റൂർ പറഞ്ഞു.

നിലയം തിരുവല്ല മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രവർത്തിച്ച്, അവരുടെ
"ക്ലീൻ ആന്റ് ഗ്രീൻ"പദ്ധതിയുടെ മീഡിയാ പാർട്ട്ണറായി. കർഷക
പ്രശ്നങ്ങളിലും നിലയം ഇടപെട്ടു. മുൻപ് ശ്രോതാക്കളുടെ സംഗമം കോളേജ്
കാമ്പസിൽ നടത്തിയിട്ടുണ്ട്. അവർക്കായി ഒരു പരിപാടിയുമുണ്ട് -
"ലിസണേഴ്സ് കോർണ്ണർ "ശ്രോതാക്കളിൽ ഭൂരിപക്ഷവും സ്ത്രീകളും 40
വയസിൽ കൂടുതലുള്ളവരുമാണ്. "നാട്ടിൻപുറ"ത്തിന് സംസ്ഥാന
സർക്കാറിന്റെ ";ഹരിതമുദ്ര"; ഉൾപ്പെടെ രണ്ട് പുരസ്ക്കാരങ്ങൾ കിട്ടി.

2018 ലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12
ലക്ഷം രൂപ സംഭരിച്ച് നൽകി. കോവിഡ് കാലത്ത് "സാന്ത്വനം" എന്ന
പേരിൽ , ഡോക്ടർമാരെ പങ്കെടുപ്പിച്ച് ഓൺ ലൈൻ കൗൺസലിങ്ങ്
പരിപാടികൾ പ്രക്ഷേപണം ചെയ്തു.അപ്പർ കുട്ടനാട്ടിലെ കൂമ്പുമ്മൂട് എന്ന
ഒറ്റപ്പെട്ട തുരുത്തിനെ റേഡിയോ ഗ്രാമമായി 2021ൽ റേഡിയോ മാക് ഫാസ്റ്റ്
ദത്തെടുത്തു.

എറണാകുളം സെന്റ് തെരാസാസ് കോളേജിന്റ ആഭിമുഖ്യത്തിലുള്ള
റേഡിയോ കൊച്ചി 90 എഫ്.എം 2021 ജൂലൈ 16 നാണ് ഔദ്യോഗികമായി
ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കോവിഡ് രൂക്ഷമായ കാലത്തായിരുന്നു,തുടക്കം. വലിയ
വെല്ലുവിളയായിരുന്നു, അത്. ആരോഗ്യം, വിദ്യാഭ്യാസം,തീരദേശ സംരക്ഷണം
തുടങ്ങി പന്ത്രണ്ട് മേഖലകളിലൂന്നിയാണ് പ്രക്ഷേപണമെങ്കിലും,ജില്ലാ
ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ
കോവി ഡ് ബോധവല്ക്കരണ പരിപാടികൾക്കായിരുന്നു മുൻതൂക്കം
നൽകിയത്. കോവിഡുമായി ബന്ധപ്പെട്ട ധാരാളം പരിപാടികൾ തുടർച്ചയായി
നൽകി. സന്ദേശങ്ങൾ സ്കിറ്റുകളുടെ രൂപത്തിലും പ്രക്ഷേപണം ചെയ്തു.
ജനങ്ങളെ ഭയപ്പെടുത്താത്ത രീതിയിലായിരുന്നു അവ നൽകിയത്.
സമാശ്വസിപ്പിക്കാനായി , അവയ്ക്കിടയിൽ ശ്രുതിമധുരമായ പാട്ടുകളും
നൽകി.

മംഗളം കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് 2016 നവംബർ ഒന്നിനാണ്
ഏറ്റുമാനൂരിൽ റേഡിയോ മംഗളം ആരംഭിച്ചത്.മഹാപ്രളയകാലത്ത്
സമൂഹത്തിനുപകരിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ നൽകാൻ നിലയം 24
മണിക്കൂറും പ്രവർത്തിച്ചു. ആർ.ജെമാരും രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തു.
ശ്രോതാക്കളും സഹകരിച്ചു. അവർ ആഹാരം,മരുന്ന്,വസ്ത്രം തുടങ്ങിയവ
സംഭാവന ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ റേഡിയോ സെറ്റുകളും
നൽകി.
സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു റേഡിയോ നിലയം മാത്രമാണ്
കേരളത്തിലുള്ളത് കുട്ടനാട് എഫ് എം .സംസ്ഥാന കൃഷി വകുപ്പിന്റെഫാം
ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ വി.എസ് സുനിൽകുമാർ
കൃഷിവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ നിലയം
ആരംഭിച്ചത്.കർഷകർക്ക് വേണ്ടിയുള്ള പരിപാടികളാണ് ഉള്ളടക്കത്തിൽ
അധികവും.

കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ ഇവയാണ്;റേഡിയോ
മാറ്റൊലി (മാനന്തവാടി),റേഡിയോ ബെൻസിഗർ (കൊല്ലം),റേഡിയോ മീഡിയ
വില്ലേജ് (തിരുവല്ല),റേഡിയോ മാക്ക്ഫാസ്റ്റ് (ചങ്ങനാശ്ശേരി),എൻ്റെ റേഡിയോ
(കരുനാഗപ്പള്ളി ) ,ഗ്ലോബൽ റേഡിയോ (അമ്പലപ്പുഴ),റേഡിയോ നെയ്തൽ(
ആലപ്പുഴ),ജൻവാണി എഫ്.എം (പാനൂർ ) ,ഹലോ എഫ്.എം
(തൃശൂർ),അഹല്യ റേഡിയോ ( പാലക്കാട്), കുട്ടനാട് എഫ്.എം
(ആലപ്പുഴ),റേഡിയോ മംഗളം (ഏറ്റുമാനൂർ ) ,റേഡിയോ കൊച്ചി
(കൊച്ചി),സർഗ്ഗക്ഷേത്ര എഫ്.എം (മാന്നാനം),റേഡിയോ സാന്ത്വനം
(കൊല്ലം),മൈ റേഡിയോ (തൃശ്ശൂർ),90 എഫ്.എം ( കാഞ്ഞിരപ്പള്ളി )
,കരുണാസായി 91.2 എഫ്.എം(വെള്ളനാട് ),റേഡിയോ മലബാർ ( മട്ടന്നൂർ )
,ആശ്രയ എഫ്.എം (കൊട്ടാരക്കര), കെയർ എഫ്.എം (പൂനൂർ ) .
കേരളത്തിൽ, ഇലക്ടോണിക് മാദ്ധ്യമ രംഗത്ത് സമീപകാലത്ത് ഉണ്ടായ,
അധികമൊന്നും ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ് കമ്മ്യൂണിറ്റി റേഡിയോ
നിലയങ്ങളുടെ വ്യാപനവും പ്രചാരവും .ഏറ്റവും താഴെത്തട്ടിൽ
ചുവടുറപ്പിക്കുകയാണ് ഈ ചെറിയ റേഡിയോനിലയങ്ങൾ .ലോകമെമ്പാടും
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ തികച്ചും പ്രാദേശികമായ
ഉള്ളടക്കത്തിന് കൂടുതൽ പ്രാധാന്യം നൽകി ,തങ്ങളുടെ പ്രചാരം
നിലനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് സാമൂഹിക സേവനരംഗത്ത് കൂടി
ഇടപെട്ടുകൊണ്ട്, ഈ റേഡിയോ നിലയങ്ങൾ ചുവട് ഉറപ്പിക്കുന്നത്. അടുത്ത
നാളുകളിൽ കൂടുതൽ കമ്യൂണിറ്റി നിലയങ്ങൾ വരും.
മാദ്ധ്യമരംഗത്ത് ഇവ ക്രമേണ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. ജനകീയ
മുഖമുള്ള ,സാമൂഹിക പ്രതിബദ്ധ പ്രക്ഷേപണത്തിന്റെ പുതിയ ഘട്ടമാണിത്.
ഇവ പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു
തുടങ്ങിയിട്ടുണ്ട്.കൈയിൽ മൈക്കുമായി ഇറങ്ങുന്ന ജനകീയ പ്രക്ഷേപകർ,
ആക്റ്റിവിസ്റ്റുകൾ കൂടിയായേക്കും. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്
കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ . അവയിൽ മുഴങ്ങുന്നത്
ബഹുസ്വരതയും സ്വത്വാവിഷ്കാരങ്ങളും.
___________
(ആകാശവാണി മുൻ അസിസ്റ്റൻ്റ് ഡയറക്ടറും പ്രക്ഷേപണ
ചരിത്രകാരനുമാണ് ലേഖകൻ . ഫോൺ 944718006)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക