
ചെന്നൈ: 45-ാം വയസില്‍ പഠിക്കാനിറങ്ങിയപ്പോള്‍ ജിഗിഷ ടെയ്ലര്‍ എന്ന ഗുജറാത്ത് സ്വദേശിനി നിരവധി ചോദ്യങ്ങളെ അഭിമുഖീകരിച്ചു. ബന്ധുക്കളുടേതടക്കമായിരുന്നു ആ ചോദ്യങ്ങള്‍. 'ഇപ്പോള്‍ എന്തിന് പഠിക്കുന്നു?, ജോലിയുടെ ആവശ്യം എന്ത്, ഈ പ്രായത്തില്‍ പഠിക്കണോ' തുടങ്ങിയ ചോദ്യങ്ങളായിരുന്നു അവ. എന്നാല്‍ ആ ചോദ്യങ്ങളെയെല്ലാം ജിഗിഷ ചിരിച്ചു തള്ളി. 'എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നതാണ് ആഗ്രഹം' എന്ന് അവര്‍ക്ക് മറുപടി നല്‍കി ജിഗിഷ പഠിച്ചു. 45-ാം വയസില്‍ മദ്രാസ് ഐഐടിയില്‍ നിന്ന് ഡേറ്റ സയന്‍സ് പ്രോഗ്രാമില്‍ ബിരുദം നേടിയിരിക്കുകയാണ് ജിഗിഷ. 21കാരനായ മകനൊപ്പം ഓണ്‍ലൈനായായിരുന്നു ജിഗിഷയുടെ പഠനം. കഴിഞ്ഞ ദിവസം നടന്ന ബിരുദധാന ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തത് കൗതുകമായി.
ഗുജറാത്തിലെ ബറൂച്ചിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ പതിനാറ് വര്‍ഷത്തോളം ജിഗിഷ അധ്യാപികയായി ജോലി ചെയ്തു. കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ കൂടിയതോടെ 2019ല്‍ ജിഗിഷ ജോലി രാജിവെച്ചു. ഇതിനിടെ 2021ല്‍ മകന്‍ ആദിത്യ മദ്രാസ് ഐഐടിയില്‍ ഡേറ്റ സയന്‍സ് പ്രോഗ്രാം കോഴ്സിന് ചേര്‍ന്നു. കൊവിഡ് വന്നതോടെ പഠനം ഓണ്‍ലൈനായി. ഇതിനിടെ ആദിത്യ അഹമ്മദാബാദിലെ ഒരു കോളേജില്‍ ഡിപ്ലോമ കോഴ്സിന് ചേര്‍ന്നു. എന്നാല്‍ അത് തുടരാന്‍ കഴിയാതെ വന്നതോടെ ആദിത്യ ഡിപ്ലോമ കോഴ്സ് വേണ്ടെന്നുവെയ്ക്കുകയും ഐഐടി മദ്രാസില്‍ ഡാറ്റ സയന്‍സ് പ്രോഗ്രാം കോഴ്സ് തുടരുകയും ചെയ്തു.
വീട്ടിലിരുന്നുള്ള മകന്റെ പഠനം ജിഗിഷയെ സ്വാധീനിച്ചു. മകന്‍ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ 2022ല്‍ ജിഗിഷ അതേ കോഴ്സിന് ജോയിന്‍ ചെയ്തു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി മദ്രാസ് ഐഐടി സംഘടിപ്പിച്ച ലൈവ് സെക്ഷനില്‍ ജിഗിഷ പങ്കെടുത്തു. ഇതിന് പുറമേ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സഹപാഠികളുടെ സഹായവും ലഭിച്ചു. ദിവസവും പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ് ജിഗിഷ പഠിച്ചു. രണ്ടര മണിക്കൂറായിരുന്നു പഠനം. ഇതിന് ശേഷം വീട്ടിലെ ജോലികള്‍ ചെയ്യും. വീട്ടുജോലികള്‍ ചെയ്ത ശേഷം വീണ്ടും പഠനം തുടരുന്നതായിരുന്നു ജിഗിഷയുടെ രീതി. പഠന കാര്യങ്ങളില്‍ അടക്കം കോളേജ് പ്രൊഫസര്‍ കൂടിയായ ഭര്‍ത്താവ് ജിഗിഷയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. മകന്‍ ആദിത്യയും പഠന കാര്യങ്ങളില്‍ അമ്മയെ സഹായിച്ചു. ഇതോടെ ജിഗിഷയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഒടുവില്‍ ഐഐടിയില്‍ നിന്ന് മികച്ച ഗ്രേഡോടെ ജിഗിഷ ബിരുദം സ്വന്തമാക്കി. അധ്യാപന ജോലിയിലേക്ക് തിരികെ പോകണമെന്നാണ് ജിഗിഷയുടെ ആഗ്രഹം. ഇതോടൊപ്പം പഠനം തുടരണമെന്ന ആഗ്രഹവും ജിഗിഷയ്ക്കുണ്ട്. കുടുംബത്തിന് മാത്രമല്ല, സ്വപ്നം പിന്തുടരുന്നവര്‍ക്ക് പ്രചോദനമാവുകയാണ് ഈ 45കാരി.