Image

കൂവള്ളൂര്‍ജി വന്നാല്‍...കരുവന്നൂരില്‍ ചരിത്രം വഴിമാറും!

Published on 14 July, 2026
കൂവള്ളൂര്‍ജി വന്നാല്‍...കരുവന്നൂരില്‍ ചരിത്രം വഴിമാറും!

''ഗുരുവും ഈശ്വരനും ഒരുമിച്ചു നില്‍ക്കുമ്പോള്‍

ഞാനാദ്യം ഗുരുപാദങ്ങളില്‍ വീഴും.

എന്തെന്നാല്‍, അവിടുന്നാണെന്നെ ഈശ്വരനിലേക്കു നയിച്ചത്.''

(കബീര്‍ദാസ് - ദോഹ)


2000-ാം ആണ്ടിന്റെ തുടക്കത്തില്‍ യുഎസ്സിലെ ടെക്‌സസില്‍ കേരളത്തില്‍നിന്നുള്ള പേരുകേട്ട ചില മെത്രാന്മാരുടെയും വൈദികശ്രേഷ്ഠന്മാരുടെയും മേല്‍നോട്ടത്തില്‍ അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളികളെ ലക്ഷ്യമിട്ട് രൂപീകൃതമായ ഒരുവമ്പന്‍ കമ്പനി ആയിരുന്നു കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് എന്ന കമ്പനി. ഇതിന് കൈരളി ഹോംസ് എന്നപേരും ഉണ്ട്. ഒരുപക്ഷേ കൈരളി ടിവിയും, കൈരളി പത്രവും, കൈരളിയുടെ പേരിലുള്ള പല പ്രസ്ഥാനങ്ങളും ഈ പ്രസ്ഥാനവുമായി ബന്ധമുള്ളവയായിരുന്നോ എന്നുള്ളത് ഇനിയും വെളിച്ചത്തുവരേണ്ടിയിരിക്കുന്നു. 2000ന്റെ തുടക്കത്തില്‍ കൈരളി ടിവി യു.എസ്സ്.എയിലും പത്രങ്ങളിലുമെല്ലാം ഈ പ്രസ്ഥാനത്തിന്റെ പരസ്യങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ഏതായാലും കേരളാക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ വരവോടെ അമേരിക്കയിലെമ്പാടും കൂണുകള്‍ മുളച്ചതുപോലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളികള്‍ ഉയര്‍ന്നുവന്നതായി കാണാം. ഒരു എക്യുമെനിക്കല്‍ പ്രസ്ഥാനമായിട്ടായിരുന്നു കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ വരവ്. കേരളാക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ ചുരുക്കപ്പേര് കെ.സി.എ.എച്ച്.എന്നാണ്.

അമേരിക്കയിലെ പത്രമാധ്യമങ്ങളിലും, ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, എന്നിവയിലെല്ലാം കെ.സി.എ.എച്ചിന്റെ വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നു. 'A DREAM COMES TRUE, A MINI KERALA IN USA' എന്ന വലിയ അക്ഷരത്തിലുള്ള തലക്കെട്ട് ഏതൊരു കേരളക്കാരന്റെയും ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു. കമ്പനി ന്യൂ ജേഴ്‌സിയില്‍ രജിസ്റ്റര്‍ ചെയ്തു എന്നും 150 പ്രീഫറന്‍സ് ഷെയറുകള്‍ കമ്പനി കൊടുക്കുമെന്നും, അത്തരത്തിലുള്ള ഒരു ഷെയറിന്റെ വില 25,000 അമേരിക്കന്‍ ഡോളര്‍ ആയിരിക്കുമെന്നും പ്രായമായ ദമ്പതികള്‍ക്ക് ഒരു ഷെയര്‍ മാത്രമേ കൊടുക്കുകയുള്ളൂ എന്നും, അത്തരത്തിലുള്ള ഷെയര്‍ വാങ്ങുന്നവര്‍ കമ്പനിയുടെ ഉടമകള്‍ ആയിരിക്കുമെന്നും, ഷെയര്‍ ഉടമകള്‍ക്ക് വോട്ടവകാശവും ലാഭവിഹിതവും പ്രത്യേകം വാഗ്ദാനം നല്‍കിയിരുന്നു. അത്തരത്തിലുള്ള ഒരു ഷെയര്‍ വാങ്ങാന്‍ അല്‍പം പണം കരുതിവച്ചിരുന്ന മലയാളികള്‍ നെട്ടോട്ടമായി. 2005 ല്‍ തന്നെ അത്തരത്തിലുള്ള 150 ഷെയറുകള്‍ കെ.സി.എ.എച്ച് വിറ്റതായി കണക്കുകളില്‍ കാണാന്‍ കഴിയുന്നു. ആയിനത്തില്‍ മൂന്നേമുക്കാല്‍ മില്ല്യന്‍ ഡോളര്‍ കമ്പനിയുടെ നടത്തിപ്പുകാര്‍ വാങ്ങിയതായും രേഖയുണ്ട്. പക്ഷേ, കമ്പനിയുടെ നടത്തിപ്പുകാര്‍ വാങ്ങിയ 432 ഏക്കർ സ്ഥലം ആരുടെപേര്‍ക്ക് വാങ്ങി എന്നുള്ളതിന്റെ രേഖ അമേരിക്കയിലെ കുറ്റാന്വേഷകര്‍ ഇപ്പോഴും തപ്പിക്കൊണ്ടിരിക്കുന്നു എന്നുള്ളത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇതിന്റെ പിന്നാമ്പുറം എന്താണെന്ന് ഊഹിക്കാമല്ലോ...

2005 ല്‍ നിസ്സാരതുകയ്ക്കുവാങ്ങിയ പ്രസ്തുതസ്ഥലത്തിന്റെ ഇന്നത്തെ വിലകേട്ടാല്‍ മലയാളികള്‍ ഞെട്ടിപ്പോയെന്നിരിക്കും. ഏക്കറിന് കുറഞ്ഞ വില 400,000 അമേരിക്കന്‍ ഡോളര്‍. 432 ഏക്കര്‍ സ്ഥലം വാങ്ങിയത് രൊക്കം പണം കൊടുത്താണെന്ന് ഓര്‍ക്കണം. യാതൊരു ബാദ്ധ്യതകളും ഇല്ലാത്തസ്ഥലം. നിയമപ്രകാരം ഓരോ ഷെയര്‍ ഉടമയ്ക്കും 2 ഏക്കര്‍ 88 സെന്റ് സ്ഥലം സ്ഥലമായി കിട്ടേണ്ടതാണ്. സ്ഥലത്തിനുവേണ്ടി മുടക്കാത്തപണം പലിശസഹിതം ഷെയര്‍ ഉടമകള്‍ക്കു തിരികെ കൊടുക്കാനും ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നഭിമാനിക്കുന്ന കമ്പനിയുടെ നടത്തിപ്പുകാരായ വൈദികര്‍ക്കും പ്രാര്‍ത്ഥനാഗ്രൂപ്പിനും കടമയുള്ളതാണ്. ഇത്തരത്തിലുള്ള തട്ടിപ്പുനടത്തുന്നവരെ അമേരിക്കന്‍ ഗവണ്‍മെന്റ് കണ്ടില്ലെന്നു നടിയ്ക്കുമെന്നു തോന്നുന്നുണ്ടോ? ഈ തട്ടിപ്പിന്റെ കഥ മുഴുവനായും ഇതേവരെ പുറംലോകം അറിഞ്ഞിട്ടില്ല. അമേരിക്കയിലെ മലയാളിമാധ്യമ പ്രവര്‍ത്തകരും, പൊതുപ്രവര്‍ത്തകരും ഗുരു കൂവള്ളൂര്‍ പുറത്തുകൊണ്ടുവന്ന യഥാര്‍ത്ഥ സംഭവം മൂടിവച്ചിരിക്കുന്നതുപോലെ തോന്നുന്നു. ഏതായാലും ഗവണ്‍മെന്റ് അന്വേഷണം ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ആരംഭിച്ചുകഴിഞ്ഞു എന്നുള്ളതാണ് വാസ്തവം.

2017 ല്‍ കമ്പനി പാപ്പരായതായി അതിന്റെ പ്രസിഡന്റും, സ്ഥാപന മേധാവിയായ സി.ഇ.ഒയും പ്രഖ്യാപിച്ചു. അങ്ങിനെ കമ്പനി എഴുതിതള്ളിക്കളയാന്‍ തീരുമാനമെടുത്ത അവസരത്തിലാണ് ഗുരു കൂവള്ളൂര്‍ എന്ന നിമയവിദഗ്ധന്‍ രംഗപ്രവേശനം ചെയ്യുന്നത് അതെങ്ങിനെ സംഭവിച്ചു എന്ന് ചരിത്രാന്വേഷികള്‍ പഠിച്ചു മനസ്സിലാക്കേണ്ടതാണ്.

രാവണ സൈന്യത്തെ അമ്പേ പരാജയപ്പെടുത്തി പ്രിയ പത്‌നിയെ വീണ്ടെടുത്ത ശ്രീരാമനെപ്പോലെ, തിന്മയുടെ ശക്തികളെ തകര്‍ത്തെറിഞ്ഞ് അനേകര്‍ക്കു നഷ്ടപ്പെട്ട നീതി വീണ്ടെടുത്തുകൊടുത്ത ഒരു മനുഷ്യന്‍! ഇതാണ് ഗുരു കൂവള്ളൂര്‍ എന്ന ജി.കെ.

അതേസമയം, യുഎസ്സിലെ ടെക്സസില്‍ ഈ വന്‍തട്ടിപ്പ് അരങ്ങേറുമ്പോള്‍ ജീകെയുടെ സ്വന്തം നാടായ കേരളത്തില്‍ തന്റെ മുന്‍കര്‍മമേഖലകളിലൊന്നായ തൃശൂരില്‍ മറ്റൊരു വന്‍തട്ടിപ്പ് അരങ്ങേറുന്നുണ്ടായിരുന്നു - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്!

വയോജനഭവനപദ്ധതിയുമായി കത്തനാര്‍മാര്‍ ഗുരു കൂവള്ളൂരിനെ സമീപിക്കുന്നതിന്റെ തൊട്ടുതലേവര്‍ഷം തൃശൂരിലെ കരുവന്നൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ഭരിക്കുന്ന സഹകരണ ബാങ്കില്‍ പാര്‍ട്ടിക്കാരായ ഭരണസമിതിക്കാരും പാര്‍ട്ടി അനുഭാവികളും തിരിമറി നടത്തിയതായി കേസ്. അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ വന്‍തുകകള്‍ വായ്പ എടുക്കുക; എടുത്തതുമാത്രം പോരാ, അത് തിരിച്ചടയ്ക്കാതിരിക്കുക, നിസ്സാരവിലയുള്ള ഭൂമിയുടെ മൂല്യം പെരുപ്പിച്ചുകാട്ടി ആനുപാതികമല്ലാത്ത വന്‍തുക വായ്പയെടുത്ത് മുങ്ങുക, പ്രവര്‍ത്തനപരിധിക്കു പുറത്തും തട്ടിപ്പ് ഇടപാടുകള്‍ നടത്തുക, പണമെല്ലാം അടിച്ചുമാറ്റി കൊള്ളപ്പലിശ ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് തിരിമറികളും നടത്തുക എന്നിങ്ങനെ...

മനസ്സറിഞ്ഞ് എടുക്കാത്ത വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് വരികയും ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു സമ്പാദിച്ച നിക്ഷേപത്തുക അടിയന്തിരഘട്ടത്തില്‍പ്പോലും കിട്ടാതെവരികയും ബാങ്ക് ഓഡിറ്റില്‍ വന്‍ക്രമക്കേടുകള്‍ കണ്ടുപിടിച്ചത് പാര്‍ട്ടി ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തിവെച്ചതായി വാര്‍ത്ത വരികയും ചെയ്തപ്പോള്‍ ജനം പരിഭ്രാന്തരായി. പോലിസ് അന്വേഷണം വന്നു. ബാങ്ക് ഭരിക്കുന്നതും നാടു ഭരിക്കുന്നതും ഒരേകൂട്ടര്‍തന്നെ ആയപ്പോള്‍ അന്വേഷണം ഇഴയാന്‍ തുടങ്ങി. കിട്ടിയ സമയംകൊണ്ട് തട്ടിപ്പുകാര്‍ തെളിവുകള്‍ തേച്ചുമാച്ചു. ഒടുക്കം കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഉണര്‍ന്ന് ഇടപെടാന്‍ തുടങ്ങി. ഇ.ഡി വന്നു, ഇന്‍കം ടാക്സുകാര്‍ വന്നു, ഭാവി എം.പി സുരേഷ് ഗോപിവരെ പ്രതിഷേധജാഥയും നയിച്ചു വന്നു...

പക്ഷേ, ക്യാന്‍സറും സ്ട്രോക്കും ബാധിച്ച് നിക്ഷേപകര്‍ കൈയില്‍ ചില്ലിക്കാശില്ലാതെ നട്ടംതിരിഞ്ഞു, പെണ്‍മക്കളെ കെട്ടിക്കാന്‍നേരത്ത് ഇത്തിരി പൊന്നു വാങ്ങാന്‍വെച്ച കാശ് തട്ടിപ്പുകാരുടെ പിടിയിലായി, കല്യാണം മുടങ്ങി.. അതേസമയം, ഭരിക്കുന്ന പാര്‍ട്ടിക്ക് ബാങ്കിലുള്ള കോടികളുടെ അനധികൃതനിക്ഷേപം കണ്ടെത്തുകയും ചെയ്തു. പാര്‍ട്ടിയാപ്പീസില്‍നിന്ന് ബാങ്കിലേക്ക് ക്യാഷായി അടയ്ക്കാന്‍ കൊണ്ടുപോയ വമ്പന്‍തുക ആദായനികുതി ക്കാര്‍ പിടിച്ചെടുക്കുന്ന അവസ്ഥ വന്നു. എന്നിട്ടും പാവം നിക്ഷേപകര്‍ക്കു കിട്ടിയതു നക്കാപ്പിച്ചമാത്രം!

ഇ.ഡിയുടെ അന്വേഷണം കുറ്റപത്രസമര്‍പ്പണത്തില്‍ എത്തിനില്‍ക്കുകയാണ് ഇത് എഴുതുമ്പോള്‍. മുഖ്യഭരണകക്ഷിയും കക്ഷിയുടെ തൃശൂര്‍ ജില്ലയിലെ എംപിയും എംഎല്‍എയുമടക്കം മൂന്നു സമുന്നതനേതാക്കളും അതില്‍ പ്രതികളായി.

എന്താണു കാരണം? ടെക്സ്സസില്‍ പണം നഷ്ടപ്പെട്ട മലയാളി വയോജനങ്ങള്‍ക്കുവേണ്ടി പോരാടിയ ഗുരു കൂവള്ളൂരിനെപ്പോലെ മറ്റൊ രാള്‍ കരുവന്നൂരില്‍ ഇല്ലാതെപോയി! ടെക്സസിലെ മലയാളികളുടെ നേട്ടം; കരുവന്നൂരിലെ മലയാളികളുടെ നഷ്ടം: ഗുരു കൂവള്ളൂര്‍ എന്ന തോമസ് ജെ. കൂവള്ളൂര്‍ എന്ന പാലാക്കാരനെപ്പോലെ മറ്റൊരാള്‍ ഇല്ല; കേരളത്തിലും, യു.എസ്സിലും! വിഷയം യോഗയാകട്ടെ, നിയമമാകട്ടെ, മനുഷ്യവകാശങ്ങളാകട്ടെ, പരിസ്ഥിതി സംരക്ഷണമാകട്ടെ, ആരോഗ്യമാകട്ടെ, കൃഷിയാകട്ടെ, വന്‍സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കലാകട്ടെ ജികെയെപ്പോലെ മറ്റൊരാള്‍ ജികെ മാത്രം!

ആ ജികെയുടെ ജീവിതകഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.

Read More: https://www.emalayalee.com/writer/114

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക