
104 മത്സരങ്ങള്‍. 2022 ലെക്കാള്‍ 40 മത്സരങ്ങള്‍ അധികം. 32ല്‍ നിന്ന് 48ടീമുകളുടെ ലോകകപ്പ് ആയപ്പോള്‍ പ്രത്യകത അതായിരുന്നു. അതില്‍ 100 മത്സരങ്ങളും പൂര്‍ത്തിയായി. 44 ടീമുകള്‍ പുറത്ത്. ഇനി നാലു ടീമും നാലു മത്സരവും ബാക്കി. രണ്ടു സെമി, മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം. പിന്നെ കലാശക്കൊട്ട്. ഒരു വശത്ത് ഗള്‍ഫില്‍ യുദ്ധം തുടരുന്നു. മറുവശത്ത് യു.എസില്‍ ഫുട്‌ബോള്‍ ആവേശം. യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ തല്‍ക്കാലമെങ്കിലും ഫുട്‌ബോള്‍ ആവേശത്തിന് വഴിമാറുകയാണ്.
പ്രീ ടൂര്‍ണമെന്റ് റാങ്കിങ്ങിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമി ഫൈനലിനു മുമ്പ് മുഖാമുഖം വരാതിരിക്കും വിധമാണ് ഫിഫ മത്സരക്രമം നിശ്ചയിച്ചത്. സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് ക്രമത്തിലായിരുന്നു ഒന്നു മുതല്‍ നാലു വരെ റാങ്ക്. സ്‌പെയിന്‍-ഫ്രാന്‍സ്, അര്‍ജന്റീന-ഇംഗ്ലണ്ട് സെമി ഫൈനല്‍ എന്ന സ്ഥിതി ആവേശകരം. ഇനി അറിയേണ്ടത് ഫിഫ ലോകകപ്പ് ആര്‍ക്കെന്നു മാത്രം. കപ്പ് നിലനിര്‍ത്താന്‍ അര്‍ജന്റീന, ഖത്തറിലെ ഫൈനല്‍ തോല്‍വിക്കു പകരം വീട്ടാന്‍ ഫ്രാന്‍സ്, 1966 നു ശേഷം രണ്ടാമതൊരു കിരീട നേട്ടത്തിന് ഇംഗ്ലണ്ട്. 2010ലെ വിജയം ആവര്‍ത്തിക്കാന്‍, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍. ഫ്രാന്‍സ്-സ്‌പെയിന്‍ സെമിഫൈനല്‍ ആയിരിക്കും യഥാര്‍ത്ഥ ഫൈനല്‍ എന്നാണു പൊതു വിലയിരുത്തല്‍.
കിരീടം നിലനിര്‍ത്താനായാല്‍ അര്‍ജന്റീനയ്ക്ക് ഇറ്റലിയുടെയും(1934,38), ബ്രസീലിന്റെയും(1958,62) തുടര്‍ച്ചയായ കപ്പ് വിജയം ആവര്‍ത്തിക്കാം. ക്വാര്‍ട്ടര്‍ ഫൈനല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായത് ഇക്കുറിയും ഒന്‍പതാമതൊരു ടീം ലോകകപ്പ് നേടുകയില്ല എന്നതാണ്. ലോകകപ്പിന്റെ ഇരുപത്തി മൂന്നാം പതിപ്പാണിത്. ഇതുവരെ കപ്പ് നേടിയത് എട്ടു ടീമുകള്‍ മാത്രം. അതില്‍ നാലു ടീമുകളാണ് സെമിയില്‍ എത്തിയിരിക്കുന്നത്. പുതിയൊരു ചാമ്പ്യന്‍ ഇക്കുറിയും ഉണ്ടാകില്ല.
ഖത്തര്‍ ലോകകപ്പില്‍ രണ്ടു യൂറോപ്യന്‍ ടീമും(ഫ്രാന്‍സ്, ക്രൊയേഷ്യ), ഒരു ആഫ്രിക്കന്‍ ടീമും(മൊറോക്കോ)ഒരു ദക്ഷിണ അമേരിക്കന്‍ ടീമും(അര്‍ജന്റീന) ആണ് സെമിയില്‍ എത്തിയത്. ഇപ്പോള്‍ യു.എസില്‍ യൂറോപ്പിനു പുറത്തുനിന്ന് അര്‍ജന്റീന മാത്രം. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും അര്‍ജന്റീന ഏറെ വിയര്‍ത്തു. റഫറി അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നെന്ന് ആരോപണവും വ്യാപകമായി. ഇതുവരെയുള്ള മത്സരങ്ങള്‍ നോക്കിയാല്‍ കടുത്ത എതിരാളികള്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ വന്നില്ല.
പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടത്തിനിടെ ഗാലറിയില്‍ ഒരു ബാനര്‍ കണ്ടു 'ലെജന്‍ഡും ഫ്യൂച്ചറും' ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലെമിനെ യമാലിനെയും ആണ് ഉദ്ദേശിച്ചത്. നാല്‍പത്തൊന്നുകാരന്‍ റൊണാള്‍ഡോയ്ക്കിത് അവസാന ലോകകപ്പ്, പതിനെട്ടുകാരന്‍ യമാലിന് ഇത് ആദ്യ ലോകകപ്പ്. നാലു വര്‍ഷം മുമ്പ് ഖത്തറിലെ കലാശപ്പോരില്‍ മെസിയും എംബാപ്പെയും മുഖാമുഖം വന്നപ്പോഴും ഇതുപോലെ തോന്നി. എംബാപ്പെ ഇത്തവണത്തെ ജ്വലിക്കുന്ന താരങ്ങളിലൊന്നായി തുടരുമ്പോള്‍ മെസിയുടെ തിളക്കം ഒട്ടും കുറഞ്ഞിട്ടില്ല. ഇനിയൊരു ലോകകപ്പ് മുപ്പത്തൊമ്പതുകാരന്‍ മെസിക്കും എളുപ്പമല്ല.
ഇംഗ്ലണ്ടിന്റെ ബെല്ലിഗ്ഹാമാണ് ഭാവിയുടെ മറ്റൊരു താരം. ഹാരി കെയ്‌നില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങാന്‍ പ്രാപ്തന്‍. എന്നാല്‍ അര്‍ജന്റീനക്ക് മെസിക്കൊരു പിന്‍ഗാമിയെ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിട്ടില്ല. ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് തോറ്റ് പുറത്തായപ്പോഴും സ്ഥിതി അതായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി നെയ്മര്‍ ജൂനിയര്‍ എന്ന ഒറ്റപ്പേരില്‍ കേന്ദ്രീകരിച്ചിരുന്ന ബ്രസീലിന് മറ്റൊരാളെ ഭാവിക്കായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി അറിയേണ്ടത് സെമിയിലും ഫൈനലിലും ഇതിഹാസങ്ങള്‍ തിളങ്ങുമോ എന്നാണ്.