
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ 'ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിര്‍മ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ടീസര്‍ പുറത്തിറക്കിയത്. ഒരു കൊച്ചു പെണ്‍കുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പര്‍ശിയുമായ നിമിഷങ്ങള്‍ ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. തുടര്‍ന്ന്, പെണ്‍കുട്ടിയെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് വാഗ്ദാനം ചെയ്യുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നത്.