Image

അന്ന് ഷാജി സാറിന്റെ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍, ഇന്ന് നായകനായി, നന്ദി പറഞ്ഞ് ജോജു ജോര്‍ജ്

Published on 13 July, 2026
 അന്ന് ഷാജി സാറിന്റെ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍, ഇന്ന് നായകനായി, നന്ദി പറഞ്ഞ് ജോജു ജോര്‍ജ്

 

ജൂനിയര്‍ താരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയ നടനാണ് ജോജു ജോര്‍ജ്. നടന്റേതായി തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം വരവ് ആണ്. സിനിമയുടെ പ്രീ-റിലീസ് ചടങ്ങില്‍ ജോജു പറഞ്ഞ വാക്കുകള്‍ന ശ്രദ്ധ നേടുന്നത്. ജോസഫ് എന്ന ചിത്രം ചെയ്യുമ്പോഴാണ് പൊറിഞ്ചു മറിയം ജോസഫിലേക്ക് ജോഷി ക്ഷണിച്ചതെന്ന് ജോജു പറഞ്ഞു. പൊറിഞ്ചു എന്ന കഥാപാത്രം അവതരിപ്പിക്കാനുള്ള ധൈര്യം തന്നത് സംവിധായകന്‍ ജോഷിയാണെന്നും ജോജു പറഞ്ഞു. ഷാജി കൈലാസ് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ താന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നായകനായതിലെ സന്തോഷവും ജോജു പങ്കിട്ടു.

'എന്നെ ഇടിക്കാന്‍ പഠിപ്പിച്ചയാളാണ് ജോഷി സാര്‍. ഞാന്‍ മുടി കളറൊക്കെ ചെയ്ത് നരച്ച ലുക്കില്‍ 'ജോസഫ്' ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എന്നെ വിളിച്ച് പൊറിഞ്ചുവാക്കിയത്. ആ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നുപോലും ഐഡിയ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം തന്ന് എനിക്ക് ധൈര്യം തന്നത് ജോഷി സാറാണ്. അതിനുശേഷം ആന്റണി എന്ന ചിത്രം ചെയ്തു. ജോഷി സാറിന്റെ സിനിമയില്‍ ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടുണ്ട്.

ഷാജി സാറിന്റെ ബാബാ കല്യാണി എന്ന ചിത്രത്തില്‍ ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. ലാലേട്ടനെ തൊട്ടടുത്ത് കാണുന്നത് ആ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു. അതിനുമുന്‍പ് വല്യേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റിന് പുറത്തുനിന്ന് ഷൂട്ടിങ് കാണാനുള്ള അവസരമുണ്ടായി. അവിടെനിന്ന് ഇവിടെയെത്തി നില്‍ക്കുമ്പോള്‍ ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. ഇതില്‍പരം വലിയ അനുഗ്രഹം വേറെയില്ല. എല്ലാവരേയും പോലെ ഈ സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്. തിരക്കഥാകൃത്ത് എ.കെ. സാജനുമായി മുപ്പതുവര്‍ഷത്തോളമായുള്ള ബന്ധമാണ്,' ജോജു ജോര്‍ജ് പറഞ്ഞു.

ശ്രീ ഗോകുലം മൂവീസാണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളില്‍ എത്തിക്കുന്നത്. മലയാള സിനിമയുടെ മാസ്സ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതാന്‍ ജോജു ജോര്‍ജ് - ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോള്‍, ആ വരവിനെ കൂടുതല്‍ ഗംഭീരമാക്കുകയാണ് ശ്രീ ഗോകുലം മൂവീസ്. ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, ഹൃദയത്തെ സ്പര്‍ശിക്കുന്ന കുടുംബ വികാരങ്ങളും ഒരുമിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക