Image

വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റം: നിയമപോരാട്ടമോ രാഷ്ട്രീയ സ്റ്റണ്ടോ? (ജെയിംസ് വര്‍ഗീസ്)

Published on 13 July, 2026
വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റം: നിയമപോരാട്ടമോ രാഷ്ട്രീയ സ്റ്റണ്ടോ? (ജെയിംസ് വര്‍ഗീസ്)

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള പ്രമുഖ ഷിപ്പിങ് ശൃംഖലയായ എം.എസ്.സി ഗ്രൂപ്പിന്റെ ഉപകമ്പനിക്ക് കൈമാറാനുള്ള നീക്കം കേരളത്തിൽ വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഏകദേശം 13,000 കോടിയിലധികം രൂപയുടെ (1.397 ബില്യൺ ഡോളർ) ഈ ഇടപാട് ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഈ ഇടപാടുമായി ബന്ധപ്പെട്ട പ്രധാന നിയമവിവാദം തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചാണ്. വിഴിഞ്ഞം കൺസെഷൻ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി കരാർ ഒപ്പിട്ടെന്നും ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാൽ തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാൽ ഓഹരി പങ്കാളിത്തം 74% വരെ കുറയ്ക്കാൻ ാൻ നിയമപരമായി അവകാശമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായതിനാൽ സെബി (SEBI) ചട്ടപ്രകാരം പ്രാഥമിക കരാർ വിവരം ആദ്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുകയായിരുന്നെന്നും, തുടർന്ന് സർക്കാരിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

നിയമപരമായി നോക്കിയാൽ ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആർക്കും തടസ്സമില്ലെങ്കിലും, വിഴിഞ്ഞം ഒരു തന്ത്രപ്രധാന പൊതുമുതലായതിനാൽ സംസ്ഥാന സർക്കാരിന്റെയും, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെയും അന്തിമ ക്ലിയറൻസ് ഈ ഇടപാടിന് അത്യാവശ്യമാണ്. നിലവിൽ അദാനി നൽകിയ അപേക്ഷ സർക്കാർ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്.

വിവാദങ്ങൾക്കപ്പുറം, പ്രായോഗികമായി നോക്കിയാൽ എം.എസ്.സിയുടെ പങ്കാളിത്തം കേരളത്തിന് വലിയ രീതിയിൽ ഗുണം ചെയ്യാനാണ് സാധ്യത. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിങ് ലൈനായ എം.എസ്.സിക്ക് സ്വന്തമായി ആയിരക്കണക്കിന് ഭീമൻ കപ്പലുകളുടെ വലിയൊരു ശൃംഖല തന്നെയുണ്ട്. അവർ നേരിട്ട് തുറമുഖത്തിന്റെ ഭാഗമാകുന്നതോടെ, വിഴിഞ്ഞത്തേക്ക് സ്ഥിരമായി വലിയ തോതിൽ കപ്പലുകൾ എത്തിക്കാൻ അവർക്ക് സാധിക്കും. ഇത് തുറമുഖത്തെ വളരെ വേഗത്തിൽ ഒരു ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റും. കൂടുതൽ കപ്പലുകൾ വരുന്നതുവഴി നികുതിയിനത്തിലും ലാഭവിഹിതമായും കേരള സർക്കാരിന് വൻ വരുമാനം ലഭിക്കാനും അനുബന്ധ വ്യവസായങ്ങളും പ്രാദേശിക തൊഴിലവസരങ്ങളും വേഗത്തിൽ വളരാനും ഇത് വഴിയൊരുക്കും. 49% ഓഹരികൾ കൈമാറിയാലും 51% ഓഹരികളും തുറമുഖത്തിന്റെ ഭരണനിയന്ത്രണവും അദാനി പോർട്ലിന്റെ പക്കൽ തന്നെയായിരിക്കും എന്നതിനാൽ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുന്നുമില്ല. എങ്കിലും തുറമുഖം ഏതെങ്കിലും ഒരു കമ്പനിയുടെ മാത്രം കുത്തകയാകാതെ എല്ലാ ലൈനുകൾക്കും തുല്യ അവസരം നൽകുന്ന ഇടമായി തുടരുന്നു എന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.

നിലവിലെ ആരോപണങ്ങളെ പൂർണ്ണമായും ഒരു രാഷ്ട്രീയ സ്റ്റണ്ട് എന്ന് തള്ളിക്കളയാനാവില്ലെങ്കിലും ഇതിൽ കൃത്യമായ രാഷ്ട്രീയ അജണ്ടകളുമുണ്ട്. കേരളത്തിൽ വിഴിഞ്ഞം പദ്ധതിയുടെ തുടക്കം മുതൽ തന്നെ കൺസെഷൻ കരാറിലെ വ്യവസ്ഥകളെച്ചൊല്ലി രാഷ്ട്രീയ തർക്കങ്ങൾ നിലനിന്നിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷം ഈ വിഷയം സജീവമായി ഉയർത്തുന്നത് സ്വാഭാവികമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണ്. അതേസമയം, വൻകിട വിദേശ നിക്ഷേപങ്ങൾ വരുമ്പോൾ സുരക്ഷാ പരിശോധനകളും കരാർ വ്യവസ്ഥകളുടെ സുതാര്യതയും ഉറപ്പാക്കണമെന്ന ആവശ്യം പ്രസക്തവുമാണ്. ആവശ്യമായ എല്ലാ സർക്കാർ ക്ലിയറൻസുകളും സുതാര്യമായി നടക്കുകയാണെങ്കിൽ ഈ ങ്കിൽ ഈ വിവാദം ഉടൻ തന്നെ അവസാനിക്കാനാണ് സാധ്യത.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക