Image

സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാനിടയില്ല; നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം കേസ് വീണ്ടും ചര്‍ച്ചകളിലേക്ക് (എ.എസ് ശ്രീകുമാര്‍)

Published on 12 July, 2026
സുകുമാരക്കുറുപ്പ്  ജീവിച്ചിരിക്കാനിടയില്ല; നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം കേസ് വീണ്ടും ചര്‍ച്ചകളിലേക്ക് (എ.എസ് ശ്രീകുമാര്‍)

കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ കൊലപാതകങ്ങളിലൊയ 'സുകുമാര കുറുപ്പ് കേസ്' വീണ്ടും ചര്‍ച്ചയാകുകയാണ്. 1988-ല്‍ ഗുരുതരമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബൊക്കാറോ ജനറല്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സ തേടേണ്ടി എത്തിയ സുകുമാര കുറുപ്പ്, തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി രക്ഷപ്പെട്ടെങ്കിലും തകരാറിലായ ഹൃദയവുമായി അയാള്‍ എത്ര കാലം ജീവിച്ചു കാണും എന്ന ചോദ്യത്തില്‍ നിന്നാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. ദീര്‍ഘനാളായി തീര്‍പ്പാക്കാതെ കിടക്കുന്നതും തെളിയാത്തതുമായ ക്രിമിനല്‍ കേസുകള്‍ പുനഃപരിശോധിക്കാനുള്ള ക്രൈംബ്രാഞ്ച് തീരുമാനത്തെ തുടര്‍ന്ന് പ്രമാദമായ ഈ കേസും പൊടിതട്ടിയെടുത്തിരിക്കുകയാണ്.

ജാര്‍ഖണ്ഡിലുള്ള (പഴയ സൗത്ത് ബീഹാര്‍ പ്രദേശം) ഒരു ആശുപത്രിയില്‍ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടിരുന്നു എന്ന് 1980-കളുടെ അവസാനത്തില്‍ അവകാശപ്പെട്ട ഹരിപ്പാട് ചിങ്ങോലി സ്വദേശിനി രത്‌നമ്മ ശിവരാജന്റെ (60) മൊഴി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച വീണ്ടും രേഖപ്പെടുത്തി. 1988-ല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി തന്നെയാണ് പുതിയ സംഘത്തിന് മുന്നിലും താന്‍ ആവര്‍ത്തിച്ചതെന്ന് രത്‌നമ്മ പറഞ്ഞു.

''ബൊക്കാറോ ജനറല്‍ ആശുപത്രിയില്‍ ജോഷി എന്ന പേരില്‍ പ്രവേശിപ്പിച്ച രോഗി സുകുമാരക്കുറുപ്പ് തന്നെയായിരുന്നു എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഞാന്‍ ആ ആശുപത്രിയിലെ ഒന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഐ.സി.യുവില്‍ ഒരു മലയാളി രോഗിയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സീനിയര്‍ നേഴ്‌സുമാരാണ് എന്നോട് പറഞ്ഞത്. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത് കുറുപ്പ് ആകാം എന്ന് എനിക്ക് സംശയം തോന്നി...'' രത്‌നമ്മ പറഞ്ഞു. ഐ.സി.യുവില്‍ ചെന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ താന്‍ ചെറിയനാട് സ്വദേശിനിയാണെന്നും കുറുപ്പിന്റെ പിതാവ് ശിവശങ്കരക്കുറുപ്പിനെ അറിയാമെന്നും പരിചയപ്പെടുത്തിയതായി രത്‌നമ്മ ഓര്‍ത്തെടുത്തു. ഇത് കേട്ടതോടെ അദ്ദേഹം മൗനം പാലിച്ചു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹം അവിടെനിന്ന് അപ്രത്യക്ഷനായെന്ന് അവര്‍ പറഞ്ഞു.

ഈ സംഭവം പോലീസില്‍ അറിയിക്കുകയും അവര്‍ ആശുപത്രിയിലെത്തി രത്‌നമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് അവധിക്ക് നാട്ടിലെത്തിയപ്പോഴും സംസ്ഥാന പോലീസ് പലതവണ ഈ സംഭവത്തെക്കുറിച്ച് തന്നോട് ചോദിച്ചറിഞ്ഞിരുന്നതായി അവര്‍ വ്യക്തമാക്കി. ഇതേ ആശുപത്രിയില്‍ നേഴ്‌സിംഗ് ജീവനക്കാരിയായി ചേര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിച്ച രത്‌നമ്മ നിലവില്‍ ചിങ്ങോലിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള തെളിയാത്ത കേസുകള്‍ ക്രൈംബ്രാഞ്ച് പുനഃപരിശോധിക്കുന്നുണ്ടെന്നും, അതിന്റെ ഭാഗമായി പഴയ കേസ് ഡയറികള്‍ പരിശോധിക്കുകയും രത്‌നമ്മ ഉള്‍പ്പെടെയുള്ള പ്രധാന സാക്ഷികളുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തുകയുമാണെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുത്ത ഹൃദ്രോഗിയായ കുറുപ്പ് ഇതിനോടകം മരിച്ചുവെന്നാണ് പലരും അനുമാനിക്കുന്നത്. എന്നിരുന്നാലും, സുകുമാരക്കുറുപ്പ് കേസില്‍ പുതിയ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രത്യേക ഡ്രൈവിന്റെ ഭാഗമായി നടക്കുന്ന പതിവ് പരിശോധന മാത്രമാണ് പഴയ ഫയലുകള്‍ പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാവേലിക്കര കോടതിയുടെ പരിഗണനയിലുള്ള ഏറ്റവും പഴയതും തെളിയാത്തതുമായ ക്രിമിനല്‍ കേസുകളില്‍ ഒന്നാണിത്. മുന്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്ത് അലി കുറുപ്പിനെ കണ്ടെത്താനായി അന്വേഷണം വീണ്ടും ആരംഭിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ്, സുകുമാരക്കുറുപ്പ്. 1984-ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ഇയാള്‍ കൊലപ്പെടുത്തി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ അയാള്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പണമായ മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. 1984 ജനുവരി 21-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴ തത്തംപള്ളി സ്വദേശിയും ഫിലിം റെപ്രസെന്റേറ്റീവുമായ എന്‍.ജെ ചാക്കോയെ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്ത ഇന്‍ഷുറന്‍സ് തട്ടിപ്പിന്റെ ഭാഗമായി കൊലപ്പെടുത്തുകയായിരുന്നു.

കരുവാറ്റയിലെ ശ്രീഹരി തിയേറ്ററില്‍ നിന്ന് സിനിമ വിതരണത്തിന്റെ പണം വാങ്ങി ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയ്ക്ക്, കുറുപ്പും അളിയന്‍ ഭാസ്‌കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും കൂട്ടാളി ചാവക്കാട് സ്വദേശി ചിന്നക്കല്‍ ഷാഹുവും ചേര്‍ന്ന് കാറില്‍ ലിഫ്റ്റ് നല്‍കി പ്രലോഭിപ്പിച്ചു കയറ്റുകയായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുകുമാരക്കുറുപ്പുമായി പ്രകടമായ സാദൃശ്യമുണ്ടായിരുന്ന ചാക്കോയെ കാറിനുള്ളില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തഴക്കര പഞ്ചായത്തിലെ കുന്നം പാടശേഖരത്തിന് സമീപം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, അതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കാറിന് തീയിടുകയായിരുന്നു.

ഗള്‍ഫിലെ ജോലി വഴി കുറുപ്പിന്റെ പേരിലുണ്ടായിരുന്ന 8 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍, താന്‍ അപകടത്തില്‍ മരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. ുറുപ്പ് അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത ഭാസ്‌കരപിള്ളയും പൊന്നപ്പനും ചേര്‍ന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍, അന്നത്തെ മാവേലിക്കര എസ്.ഐ പി തങ്കച്ചന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ സംശയം തോന്നി. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത വിദേശ നിര്‍മ്മിതമെന്ന് കരുതുന്ന ഒരു ഗ്ലൗസ് കേസില്‍ നിര്‍ണ്ണായക സൂചനയായി.

തുടര്‍ന്ന് പോലീസ് പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും ചോദ്യം ചെയ്യുകയും ചെറിയനാടുള്ള കുറുപ്പിന്റെ ഭാര്യയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. പൊന്നപ്പന്റെയും ഭാസ്‌കരപിള്ളയുടെയും ശരീരത്തിലുണ്ടായിരുന്ന പൊള്ളലേറ്റ പാടുകളാണ് ചാക്കോയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പോലീസിനെ സഹായിച്ചത്. അപ്പോഴേക്കും സുകുമാരക്കുറുപ്പ് ഒളിവില്‍ പോയിരുന്നു. സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ളയുടെയും സഹായിയായിരുന്ന പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ പൊന്നപ്പനേയും ഭാസ്‌കരപിള്ളയേയും കോടി ജീവപര്യന്തം ശിക്ഷിക്കുകയും സരസമ്മയേയും തങ്കമണിയേയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.

കാര്‍ ഡ്രൈവര്‍ ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി.  ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക്, സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കി. (ചാക്കോയുടെ മരണസമയത്ത് ഇവര്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു).സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് തനിക്ക് കഴിഞ്ഞ ദിവസവും ഫോണ്‍ വന്നിരുന്നുവെന്ന് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ് പറഞ്ഞിരുന്നു. സുകുമാരകുറുപ്പ് മലേഷ്യയിലാണെന്നും കുടുംബത്തോടൊപ്പം ജീവിക്കുന്നുണ്ടെന്നും പറഞ്ഞാണ് തനിക്ക് ഫോണ്‍ വന്നതെന്ന് എസ്.പി പറഞ്ഞിരുന്നു. എന്നാല്‍ 1984 മുതല്‍ കേരള പോലീസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന പിടികിട്ടാപ്പുള്ളിയായി കുറുപ്പ് തുടരുന്നു. ഇതിനിടെ സുകുമാരകുറുപ്പിന്റെ ജീവിത കഥയെ ആസ്പദമാക്കി ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'കുറുപ്പ്' എന്ന ചിത്രം 2021-ല്‍ റിലീസ് ചെയ്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക