
സബ് ജയിലിന്‍റെ അടഞ്ഞ വാതിലിന് പുറത്ത് അത്തുണ്ണി കാത്തുനിന്നു. സൂപ്രണ്ട്
അനിരുദ്ധൻ നമ്പൂതിരി നാട്ടുകാരനാണ്. കോടതിയിലേയ്ക്ക് പോയ അദ്ദേഹത്തെ
കാത്തിരിക്കാനാണ് കാവൽ ഡ്യൂട്ടിയിലുള്ള ചെറുപ്പക്കാരൻ ഉപദേശിച്ചത്. നമ്പൂരിക്ക്
കൊടുക്കാനായി കൊണ്ടുവന്ന വെറ്റിലക്കെട്ടിൽ നിന്ന് നനവുപടർന്ന് അയാളുടെ
കക്ഷം കുതിർന്നിരുന്നു. കാത്തിരിപ്പിൽ നടത്തവും ഉൾപ്പെടുമെന്ന് അത്തുണ്ണിയ്ക്ക്
തോന്നി. റോഡിന്‍റെ കവലയിലെത്തിയപ്പോൾ അയാൾക്കുവേണ്ടി ഒരു തണൽ
ഒഴിഞ്ഞു കിടന്നിരുന്നു. പൂ കൊഴിഞ്ഞ തുമ്പക്കഴുത്തുപോലുള്ള ട്രാഫിക് സിഗ്നലിന്
താഴെ വെറുതെ നിൽക്കുകയായിരുന്നു പോലീസുകാരനപ്പോൾ.
മകനെ കാണണം. സെൻട്രൽ ജയിലിൽ നിന്നും ചെറുപ്പക്കാരായ കുറച്ചു തടവുകാരെ
പുതിയ കെട്ടിടത്തിന്‍റെ പണികൾക്കായി കൊണ്ടുവരുന്നുണ്ടെന്ന് അനി നമ്പൂരി
പറഞ്ഞിരുന്നു. തന്‍റെ മകൻ മുത്തുവും അക്കൂട്ടത്തിലുണ്ടാവും. പണി നടക്കുന്നത്
ദൂരെയാണ്.
വീണ്ടും ഗേറ്റിൽ മുട്ടിയപ്പോൾ ചെറുപ്പക്കാരൻ ചോദിച്ചു: “നിങ്ങളിതുവരെ പോയില്ലേ? ”
“ഇല്യ അനി നമ്പൂരിയെ കാണേണ്ട അത്യാവശ്യണ്ട്."
മുറുക്കുകാരനായ സാറിന് അത്തുണ്ണിയോടുള്ള അടുപ്പത്തെ സാക്ഷ്യപ്പെടുത്താനായി
വെറ്റിലക്കെട്ട് അയാളുടെ കയ്യിലേക്ക് ഊർന്നിറങ്ങിയത് ചെറുപ്പക്കാരൻ ശ്രദ്ധിച്ചു.
അയാൾ അറിയിച്ചു: “സാറ് പോകുമ്പോ വെറ്റിലച്ചെല്ലം കൊണ്ടായിട്ടില്യ. അതുകൊണ്ട്
ഇനിയും വൈകില്യ .
കൂടെക്കൂടെ വാതിലിൽ മുട്ടുന്നതിൽ അത്തുണ്ണിയ്ക്ക് മടുപ്പുതോന്നി, വെറ്റില
കൈമാറിക്കൊണ്ട് അയാൾ പറഞ്ഞു: “ഞാൻ പിന്നെ വന്ന് കണ്ടോളാം”
വാതിൽ വീണ്ടും അടഞ്ഞപ്പോൾ അയാളുടെ നിഴൽ വേർപെട്ട് ജയിലിനകത്ത്
കുടുങ്ങിപ്പോയി.
മകൻ പോയതിനു ശേഷം അയാളുടെ കോഴിക്കച്ചവടം നിന്നുപോയിരുന്നു.
നാടൻകോഴികളെ വാങ്ങാനായി മകന്‍റെ കൂടെ അലഞ്ഞു നടക്കാൻ എന്തുരസമായിരു
ന്നു! ചെക്കന് താൽപര്യമുണ്ടായിട്ടല്ല. “കോയിണ്ടോ ... കോയ്" എന്ന് അത്തുണ്ണി
വിളിച്ചുചോദിക്കുമ്പോൾ പിറകെ നടക്കുന്ന മുത്തു ബാപ്പ കാണാതെ വാ പൊത്തി
ചിരിക്കും. സ്കൂളിന്‍റെ മുന്നിലൂടെ പോകുമ്പോൾ അവൻ അകലം പാലിക്കാറുണ്ട്.
ബാപ്പയുടെ ചോദ്യം അവസാനിച്ച ഉടനെ കുട്ടികൾ സംഘം ചേർന്ന് ഉത്തരം തരും:
“കോഴി തൂറാൻ പോയ്..."അന്നേരം കൈകൊണ്ട് തല്ലിക്കെടുത്താനാവാതെ
മുത്തുവിന്‍റെ ചിരി ബാപ്പയുടെ മുന്നിലേക്ക് ചാടും. എല്ലാ കുട്ടികൾക്കും വേണ്ടി അവൻ
വേദനയില്ലാത്ത അടി ഏറ്റുവാങ്ങുന്നതപ്പോഴാണ്. സ്കൂളിനടുത്ത ചായക്കടയിൽ
വെച്ചാണ് ഒത്തുതീർപ്പ്.יי

വര : പി ജി ദിനേശ്
നാടൻ കോഴികളെ കിട്ടുന്ന വീടുകളെല്ലാം അത്തുണ്ണിക്ക് പരിചിതമാണ്. ഓരോ ദിവസം
ഓരോ വഴിക്ക്. ശനിയാഴ്ചയായാൽ അയാളുടെ കൂട്ടിൽ കോഴികൾ നിറഞ്ഞു കൂവും.
അന്നാണ് ആഴ്ചച്ചന്ത. ക്ഷണിക്കാതെ തന്നെ മുത്തുവും കൂട്ടുപോകും, കോഴികളുടെ
കനം ചുമന്ന് ബാപ്പയെ സഹായിക്കാൻ. കോഴികളുടെ തൂക്കം അവൻ കൂട്ടിപ്പറയുന്നത്
തന്നെ സന്തോഷിപ്പിക്കാനാണെന്ന് അത്തുണ്ണിയ്ക്കറിയാം. അതുകേൾക്കാൻ ഒരു
രസമാണ് അയാൾക്ക്.
2
“ബാപ്പാ, നമ്മടെ പെരേന്ന് ചന്തവരെ എത്ര പാലണ്ട്ന്ന് ങ്ങക്കറിയോ?” ആർക്കറിയാം.
ഒഴിഞ്ഞകുട്ടയുമായി മടങ്ങുമ്പോൾ മുത്തു ചോദിച്ചു.
“ന്ത് പാലോ?"
ലാഭനഷ്ടങ്ങളുടെ മനക്കണക്ക് മുറിഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം വന്നു. അവൻ
പറഞ്ഞു: “അല്ല ബാപ്പാ പാല... പാലമരം” “അനക്കെന്താ നൊസ്സുണ്ടോ?”
അത്തുണ്ണിയ്ക്ക് നിയന്ത്രണം വിട്ടു. “ഞാൻ മരങ്ങളെണ്ണി നടക്കില്ല. യ്യ് കാല് നോക്കി
നടന്നോ
പാലകളുടെ കണക്കെടുത്തുതന്നെയാണ് അവൻ നടന്നത്. മുത്തുവിന് ബാപ്പയുടെ
ലാഭനഷ്ടങ്ങൾ ഒരുവിഷയമേയല്ല. തുലാക്കാറ്റിൽ പാലകൾ ഉണരുകയായി. ധനു
ആയാൽ പൂക്കളെകൊണ്ട് ഭ്രാന്ത് പിടിച്ച് അവ കൂട്ടത്തോടെ അവനെ
അന്വേഷിച്ചെത്തും. കിടപ്പുമുറിയ്ക്ക് വാതിലില്ലാതിരുന്നിട്ടും തട്ടിയും മുട്ടിയും
വരവറിയിക്കും. പുറത്തെ നിലാവു നോക്കി മുത്തു കരയുന്നതപ്പോഴാണ്.
“അനക്കെന്തുപറ്റി മുത്തേ, ഇയ്യ് ഉമ്മാനെ കിനാക്കണ്ടോ?"; അത്തുണ്ണി സങ്കടപ്പെട്ടു.
അവന്‍റെ ഉമ്മയ്ക്കും പാലപ്പൂക്കളെ ഏറെ പ്രിയമായിരുന്നു. ആ ഓർമ്മയിൽ അയാൾ
കൂടെക്കൂടെ പിറകോട്ടുപോകും.
അനി നമ്പൂരിയുടെ ഇല്ലത്തേയ്ക്ക് 10 മിനിറ്റ് ദൂരമേയുള്ളൂ. അത്തുണ്ണി
ഇല്ലത്തെത്തിയപ്പോൾ അകത്ത് കാര്യമായ എന്തോ തർക്കം നടക്കുകയായിരുന്നു. പല
പ്രായക്കാരായ നാലഞ്ചുപേരുണ്ട്. അയാൾ പുറം കോലായിലിരുന്നു. ഇല്ലത്തിനും
മുറ്റത്തിനും എവിടെയോ കണ്ടപോലുള്ള മുഖഛായ. ആലോചിച്ചപ്പോൾ മനസ്സിലായി,
അത് ജയിലിന്‍റെ തന്നെ ഛായയാണെന്ന്. വലിയ പരിചരണം ആവശ്യമില്ലാത്ത
പൂച്ചെടികൾ പോലും രക്തയോട്ടമില്ലാതെ കാലാവധി കാത്ത് വിളറിനിൽക്കുന്നു.
മുറുക്കി തുപ്പാനായി പുറത്തുവന്ന നമ്പൂ രിയോട് അത്തുണ്ണി വിനയം നടിച്ചു: “അനി
നമ്പൂയെ കാണാൻ വന്നതാ.
“താനറിഞ്ഞിലേ... ?" ചോദ്യം കേട്ടപ്പോൾ അകത്തളത്തിലെ ഉയർന്ന ശബ്ദക്കാരനെ
അയാൾ തിരിച്ചറിഞ്ഞു. നമ്പൂരി തുടർന്നു. “അനിരുദ്ധനെ വള്ളത്തോള്
ജയിലിലാക്കീത്! താൻ കേട്ടിട്ടില്യാന്നുണ്ടോ, ബന്ധനസ്ഥനായ വള്ളത്തോളെന്നൊക്കെ ?
ഞങ്ങളിപ്പോ അത് പറഞ്ഞോണ്ടിരിക്ക്വാ...
നമ്പൂരിയുടെ ചിരി ശബ്ദത്തെക്കാൾ വേഗത്തിൽ അകത്തേയ്ക്ക് കയറിപ്പോയി.
അത്തുണ്ണിയ്ക്ക് ഒന്നും മനസ്സിലായില്ല. ബഹളത്തിന്‍റെ പഴുതിലേയ്ക്ക് ഒന്നു ചുമച്ചു
നോക്കിയാലോ? പക്ഷെ, തർക്കം പഴുതുകളെ നികത്തിക്കൊണ്ട് ഉരുകിയൊലിച്ചു
കൊണ്ടിരുന്നു. കാത്തിരുന്നേ പറ്റൂ.
അകത്തളത്തിൽ വെടിവട്ടം കത്തിക്കയറിയ നേരത്താണ് അയാൾ ഇല്ലത്തെത്തിയത്.
സബ് ജയിൽ സൂപ്രണ്ടായ അനി നമ്പൂരി പൊട്ടനോ സമർത്ഥനോ എന്നതായിരുന്നു
വിഷയം. അവതാരകൻ വെടിമരുന്നിന് തീ കൊടുത്ത് കൗശലം നടിച്ചിരുന്നു.
ബ്രാഹ്മണ്യത്തിന്‍റെ ഔന്നത്യവും" തൊഴിൽപരമായ അധമത്വവും" ഇഴകീറി വിശകലനം
ചെയ്യപ്പെട്ടപ്പോൾ പൊട്ടത്തരത്തിന്‍റെ ആരോഹണാന്ത്യമായി മാത്രമേ സാമർത്ഥ്യത്തെ
കാണാനൊക്കും എന്നും പൊട്ടന്‍ വിഡ്ഢി, മണ്ടൻ, മഠയൻ തുടങ്ങിയ മാറ്റപ്പദങ്ങളു
ണ്ടെന്നും അർത്ഥവ്യാപനത്തിനിടെ സദസ്സ് കണ്ടെത്തി. പൊട്ടൻ എന്ന വാക്കിന്‍റെ
പച്ചയായ ശൂദ്രപ്രകൃതവും പരാമർശവിധേയമായി.
“മൂഢൻ ഇതിൽ പെട്വോ” ? ചർച്ചയിൽ തന്‍റെ ശബ്ദം ഉൾപ്പെടുത്താനായി ഒരാൾ
ചോദിച്ചു. ഉടൻതന്നെ ഉത്തരമുണ്ടായി. “ ഇല്യ താൻ വെറെ ഗണത്തിലാ"വെറുമൊരു
പ്രജയായി ഒതുങ്ങിയിരുന്നു അനി നമ്പൂരി. താനിപ്പോൾ പരീക്ഷണശാലയിലെ
തവളയാണല്ലോ.

വര : പി ജി ദിനേശ്
3
പരാതിയില്ല. കൂട്ടത്തിലെ മറ്റൊരാൾ വേറൊരു വിഷയത്തിലാകും തവളയാകുന്നത്.
വിദ്യ തീണ്ടാത്ത ഒരു ഇളമുറക്കാരന്‍റെ പെട്ടന്നുള്ള കണ്ടെത്തലിൽ കളിയായി തുടങ്ങിയ
അന്നത്തെ വെടിവട്ടം വല്ലാതെ ഉലഞ്ഞുപോയി. അയാൾ ചോദിച്ചു: “ അല്ല നമ്പൂരാരേ,
എന്തുകൊണ്ടാണ് പൊട്ടനും പര്യായങ്ങൾക്കുമെല്ലാം " വർഗ്ഗം?"
ചോദ്യത്തിലെ ബുദ്ധിയുടെ ലാഞ്ചന കണ്ട് വെടിവട്ടം കോരിത്തരിച്ചു.
പുനരന്വേഷണത്തിനായി പൊട്ടൻ, മണ്ടൻ, വിഡ്ഢി, മഠയൻ എന്നീ പദങ്ങളിലൂടെ വിധി
കർത്താക്കൾക്ക് വീണ്ടും സഞ്ചരിക്കേണ്ടിവന്നു. തന്നെ അഛൻ നമ്പൂരി
ഓമനിക്കാറുള്ള "മഠയൻ"എന്നതിലെ പ്രാമാണികഭാവമുള്ള ചക്രത്തെ തനിക്ക് ഏറെ
പത്ഥ്യമാണെന്നും ഇളമുറക്കാരൻ സത്യബോധപ്പെടുത്തിയപ്പോൾ അനി നമ്പൂരി
ചെറിയൊരു പ്രതികാരത്തിനായി ചർച്ചയിലേക്ക് വലതു കാൽ വെച്ചു: “എന്നാ
നമ്പൂരിക്കുട്ടിയ്ക്ക് കേക്കണോ?"അയാൾ ചോദിച്ചു: “മഠയന്‍റകത്ത് ശ്രീചക്രോ,
ശ്രീവിദ്യയോ ഒന്ന്വല്ല. വട്ടാണ്, വട്ട്! മഠയനെന്നാൽ വട്ടനെന്നും അർത്ഥം.
കോരിത്തരിപ്പിൽ നിന്നും മുക്തരാവാത്തതിനാൽ ആർക്കും ഇതുകേട്ട്
ഞെട്ടലുണ്ടായില്ല.
"മടയൻ" എന്നായാലും മതി, ചക്രത്തെ നമുക്ക് പഞ്ചറാക്കാം എന്ന ഭേദഗതിക്ക്
പൊതുവെ സ്വീകാര്യതയുണ്ടായില്ല. “പ്രയോഗത്താൽ സാധു"; എന്ന വ്യവസ്ഥയിൽ
നമ്പൂരിക്കുട്ടിയ്ക്ക് "മഠയ"ദം തന്നെ പതിച്ചുനൽകി അന്നത്തെ വെടിവട്ടം പിരിഞ്ഞു.
അനിരുദ്ധൻ നമ്പൂരിയ്ക്ക് ജയിൽ വകുപ്പിൽ ജോലി കിട്ടിയപ്പോൾ സ്വന്തക്കാർക്കെല്ലാം
എതിർപ്പായിരുന്നു. അതും ഒരു ശിക്ഷ തന്നെയാണെന്നായിരുന്നു തീർപ്പ്. "
വർഗ്ഗത്തിലായാലും അഷ്ടിക്ക് മുട്ടില്ലല്ലോ എന്നായിരുന്നു അയാളുടെ ശരി.
വെടിവട്ടം കത്തിയമർന്ന തളത്തിലേയ്ക്ക് മരയഴികൾക്കിടയിലൂടെ അത്തുണ്ണി
എത്തിനോക്കി. തർക്കത്തിന്‍റെ പൊട്ടും പൊടിയും കളയാൻ ഉടുമുണ്ടഴിച്ച് കുടഞ്ഞ്
എല്ലാവരും എഴുന്നേറ്റിരുന്നു. അത്തുണ്ണിയ്ക്ക് ഒന്നുമാത്രമേ മനസ്സിലായുള്ളൂ.
ഇവരിതുവരെ തർക്കിച്ചത് തന്‍റെ കാര്യത്തിലല്ല.
അനി നമ്പൂതിരി ചോദിച്ചു: “താൻ വന്നിട്ട് ശ്ശി നേരായോ ... ? വിളിക്കാർന്നിലേ?"
“ങ്ങള് കാര്യായിട്ട് കുടുംബക്കാര്യങ്ങള് പറേണേന്‍റെടേല് വിളിക്കണ്ടാന്ന് വെച്ചു"
കുടുംബകാര്യം ! ജയിലിൽപ്പോയ ഏക മകനെയോർത്ത് ആധി മൂത്ത പിതാവിന് എന്ത്
സ്വര-വ്യഞ്ജനങ്ങൾ! ട, ഠ, ഡ, ഢ, ണ എന്നത് വെടിവട്ടത്തിലെ തർക്കങ്ങളിൽ
അഭിരമിക്കുന്നവരുടെ കുടുംബ കാര്യം മാത്രം. ദിവസവും നിരവധി റിമാൻഡ് പ്രതികളെ
കൈകാര്യം ചെയ്യുന്ന അനി നമ്പൂരിക്ക് തോന്നി അത്തുണ്ണിയാണ് ശരി. നമ്പൂരി
അന്വേഷിച്ചു: “സബ് ജയിലില് വന്നീർന്നു, ലേ ?"
“വന്നീർന്നു, കുറച്ച് കാത്തിരിക്കേം ചെയ്തു." അറിഞ്ഞു....
അറിഞ്ഞു. ഞാനിത്തിരി തെരക്കിലേർന്ന്. നമ്പൂരി തുടർന്നു: “എടോ
തന്‍റെ മകൻ ന്തിനാ ജയിലിൽ പോയത്?. കണ്ടാ ഒരു സാധുവാണല്ലോ"
അത്തുണ്ണിയുടെ മൗനത്തിൽ തട്ടി ചോദ്യം അയാളിലേയ്ക്ക് തന്നെ തിരിച്ചു പോയി.
കച്ചവടത്തിനായി ഊരു തെണ്ടിയിരുന്ന കാലം അത് പഴയതല്ല. കുട്ട ചുമന്ന് കൂടെ
നടന്ന മകന്‍റെ ശ്രദ്ധ എപ്പോഴും വഴിയോരത്തെ മരങ്ങളിലാണ്. അപ്പോഴെല്ലാം
താനവനെ ശാസിക്കാറുണ്ടായിരുന്നു. അവൻ ചോദിച്ച ഒരു കുസൃതി ഓർമ്മ വരുന്നു.
“ബാപ്പാ ങ്ങള് ചൂടാവിലെങ്കില് ഒരു കാര്യം ചോയ്ക്കട്ടെ? ങ്ങളെ കണ്ടാല്
കോയ്യോളൊക്കെ ഓടിയൊളിക്കുംന്ന് പറയണത് ശര്യാ” ?
4
മകനായാൽപ്പോലും തൊഴിലിനെക്കുറിച്ചുള്ള തമാശ ഇഷ്ടപ്പെടാതെ അയാൾ പറ
ഞ്ഞു: “അത് ആ പറഞ്ഞാന്‍റെ ബപ്പാനെ കണ്ടാലാവും”.
അത് ശരിയാണെന്ന് കൊട്ടയിലെ കോഴികൾ കലപിലകൂട്ടി. മുത്തു ഏന്തിവലിഞ്ഞ്
പുറത്തേക്ക് തല നീട്ടിയ പൂവ്വന് ഒരു കിഴുക്ക് കൊടുത്ത് തൃപ്തനായി.
ചില പ്രത്യേക സ്ഥലങ്ങളിൽ കോഴികൾക്കായി അത്തുണ്ണി കൂവുന്നത്
യാന്തികമായിട്ടാണ്. “കോയിണ്ടാ... കോയ്” സ്കൂളെത്തിയപ്പോൾ അതുപോലൊരു
കൂവലാണുണ്ടായത്. അവധി ദിവസമായതിനാൽ സ്കൂൾ മറുപടി പറയാതെ
നിലകൊണ്ടു. പകരം മുത്തു മനസ്സിൽ പറഞ്ഞു: “കോയി തൂറാൻ പോയ്,
അതുകേട്ടപോലെ അത്തുണ്ണിയ്ക്ക് ദേഷ്യം വന്നു. “ചെക്കാ, ഇയ്യ് മുമ്പില് നടന്നോ”.
അവൻ ചിരിയമർത്തി പറഞ്ഞു: “ങ്ങ ളെന്നെ നടന്നോളീ”.
തർക്കത്തിനിടയിൽ കുട്ടയിലെ കനം കൊണ്ട് അവൻ തടഞ്ഞുവീണതും രക്ഷപ്പെടാൻ
ശ്രമിച്ച കോഴികൾക്ക് മേലേ അത്തുണ്ണി പറന്നിറങ്ങി. മുത്തുവിന്
ചിരിയ്ക്കാതിരിയ്ക്കാനായില്ല. “എടാ ബലാലെ, ആ പൂവനെ പിടിക്കെടാ”. അയാൾ
ആക്രോശിച്ചു. പക്ഷെ അവന്‍റെ ന്യായീകരണം മറ്റൊന്നാണ്. കൊട്ടയിലേയ്ക്ക് തന്നെ
മടങ്ങിവരാൻ കോഴികൾക്കും ബാധ്യതയില്ലേ?.
കടലിനോട് സന്ധി ചെയ്താണ് നബീസുവും, ഉമ്മയും, കുറെ കോഴികളും വീട്ടിൽ
കഴിയുന്നത്. തെങ്ങോലകൊണ്ടുള്ള വേലിയ്ക്ക് പുറത്ത് മുത്തുവിനെ കണ്ടാൽ ബാപ്പ
കാണാതെ അവൾ കളിയാക്കാറുണ്ട്. “കോയി....
അവളുടെ പറമ്പിലെ പാലമരം വെട്ടിമാറ്റിയിരുന്നു. ആ ശൂന്യതയിലേയ്ക്ക്
കടൽച്ചൂരുള്ള ആകാശം തൂങ്ങിനിന്നു. മുത്തു സങ്കടപ്പെട്ടു: “ന്ത് രസേർന്ന്”!
നബീസു അന്വേഷിച്ചു, ";ന്ത്?"
മുത്തു ചോദിച്ചു: “പാലപ്പൂ അനക്ക് ഇഷ്ടം ല്യേ ? ക്ക് പെരുത്തിഷ്ടാ അവൾ
കളിയാക്കി: “അന്‍റെ മേല് വല്ല ജിന്നും കൂടീട്ടുണ്ടാവും. ന്‍റെ ഇക്ക സൗദീന്ന് വര്ണ്ണ്ട്
കല്ല്യാണത്തിന്. അനക്ക് ഞാൻ അറബികൾ പൂശ്‌ണ് അത്തറ് തരണ്ട്. ഭൂമീലെ എല്ലാ
പൂക്കൾടെ ചൂരും ള്ള അത്തറ്"
അവൻ വിട്ടുകൊടുത്തില്ല. “ക്ക് സുവർക്കത്തിലെ പാലപ്പൂവിന്‍റെ അത്തറ് മതി. നമ്പൂരി
അത്തുണ്ണിയെ ഉണർത്തി ആട്ടെ, താനൊന്നും പറഞ്ഞില്യ. മോനെ ഞാൻ കണ്ടീർന്നു.
അവനെ എല്ലാർക്കും വല്യ ഇഷ്ടാ. നല്ലോം പണിയെടുക്കും. അതുകഴിഞ്ഞാ ഒരു
ഭാഗത്ത് മിണ്ടാണ്ടിരിക്കും. പാവം! അയാൾ തുടർന്നു. കയ്യിന്‍റെ മസിലൊക്കെണ്ടല്ലോ
അയാൾ ഉണക്കകമ്പുപോലുള്ള കൈകൾ മടക്കി നിവർത്തി. മുത്തു ഇതുപോലെ
ചെയ്താല് പൂച്ചക്കുട്ടികള് ഉരുണ്ടുകളിക്കും. മിടുക്കൻ!
"ന്‍റെ മോൻ പാവന്ന്യാ നമ്പൂരിശ്ശാ", അത്തുണ്ണി പറഞ്ഞു: "വഴീല് ഒരു പൂവ് കണ്ടാല്
അതന്നെ നോക്കി നിക്കും. അവ്ട്ന്ന് മാറണെങ്കി ആരെങ്കിലും വന്ന് ഉന്തണം. ചെക്കന്
പാലപ്പൂവ് വല്യ ഇഷ്ടാർന്ന്. ഓന്‍റെ ഉമ്മാക്കും അതെ"
പറഞ്ഞുതീർന്നതും അയാൾ തേങ്ങി. ";ക്ക് ന്‍റെ മോനെ ഒന്ന് കാട്ടി തര്വോ?". നമ്പൂരി
പറഞ്ഞു:"കാണാം. വഴീണ്ടാക്കാം. കൊറച്ചീസം അവൻ തന്നെണ്ടാവും"t;.
"കണ്ടാൽ പോര നമ്പൂരിശ്ശാ, ഒരുരാത്ര്യങ്കിലും ക്ക് ന്‍റെ കുട്ട്യോടൊപ്പം കയിയണം"
പരമാവധി നിയന്ത്രിച്ചുകൊണ്ട് നമ്പൂരി പറഞ്ഞു:";എന്താ താൻ പറേണ്. ഇത് ജയിലാ.
വീടും ഹോട്ടലും ഒന്നല്ല.
അത്തുണ്ണി അതു കേട്ടില്ലെന്നുതോന്നുന്നു.

വര : പി ജി ദിനേശ്
5
";ഇല്യെങ്കി ന്ത് ചെയ്യണന്ന് ഇക്കറിയാം. കൊല്ലം രണ്ടാവാറായി ന്‍റെ കുട്ടീനെ പെരേന്ന്
പിടിച്ചോണ്ടുപോയിട്ട്. ജയിലീന്ന് പൊറത്തെറങ്ങാനല്ലേ പറ്റാണ്ടുള്ളൂ. അകത്താവാൻ
ഈ അത്തുണ്ണി വിചാരിച്ചാലും പറ്റും"
നമ്പൂരിക്ക് പ്രയാസമായി. ";ഇത് പറയാനാ താൻ ഇല്ലത്ത് വന്നത്?. സമാധാനിക്കെടോ.
ഇത്രയോക്കെ ആയില്യേ ?. അന്വേഷിച്ച് വേണ്ടത് ചെയ്യാം";. അയാൾ തുടർന്നു: താൻ
ഇക്കാര്യത്തിന് നടന്ന് ബുദ്ധിമുട്ടണ്ട. ഞാൻ തന്‍റെ വീട്ടില് വരാം. അത്ര ദൂരൊന്നുല്യല്ലോ.
അങ്ങാടീടെ ഏത് ഭാഗത്തോ വീട്?";
"അങ്ങാടീല് വന്ന് ആരോട് ചോയ്ച്ചാലും കാണിച്ചുതരും". ഒന്നു നിർത്തി അത്തുണ്ണി
തുടർന്നു: ഇല്യെങ്കീ വേണ്ട, കോയിവളം വിക്കണ ന്‍റെ ഷെഡ് അവടെണ്ട്. അതിന്‍റെ
മുമ്പില്."അത്തുണ്ണ്യോട് ചോയിക്കാതെ കോയിക്കാട്ടം എടുക്കരുത്" ന്ന് എയ്‌ത്യെ വല്യ
പലകണ്ട്. തൊട്ട് പെറകിലാണ് പെര. ങ്ങള് വര്വാണെങ്കില് ഇമ്മിണി വൈകണ്ട.
ഇതിനേക്കാൾ കൃത്യമായ ഒരു ദിശാ സൂത്രമുണ്ടാകില്ലെന്ന് നമ്പൂരി പുഞ്ചിരിച്ചു.
ഇല്ലത്തു നിന്ന് മടങ്ങുമ്പോൾ അത്തുണ്ണിയ്ക്കൊരു സംശയം: പാലകളെ തിരയുന്നത്
തനിക്കും ഒരു ശീലമാകുന്നുണ്ടോ? മുത്തുവിന് കൊടുക്കാറുള്ള ശാസന സ്വയമൊന്ന്
നടത്തിനോക്കി: കാൽക്കല് നോക്കി നടക്ക് മനിശാ!
"ആരെയാ ങ്ങള് ചീത്ത പറേണ് ? ആരേം കാണാല്യല്ലോ". നബീസുവാണ്. തന്‍റെ
കോഴിക്കച്ചവടം നിന്നുപോയതിനാൽ അവളുടെ കോഴികൾ ചിക്കിയും ചിനക്കിയും
ദീർഘായുസ്സ് ആഘോഷിക്കുവാൻ തുടങ്ങിയിരുന്നു. അവൾ ചോദിച്ചു: "അത്തുണ്ണി
മുത്തു വന്നാ?" അനക്ക് തോന്നുമ്പോ വരാൻ ഓൻ കൊച്ചീലും കൊയിലാണ്ടീലും
ഒന്ന്വല്ലല്ലോ എന്ന് പറയാനാണ് ആദ്യം വിചാരിച്ചത്. നബീസു തുടർന്നു: "ക്ക്
ങ്ങളോടൊരുകാര്യം പറയാണ്ട്. ന്‍റെ ഒരു സമാധാനത്തിന്."
അയാൾ നിന്നു. അവൾക്ക് സമാധാനം വേണം. അത് അനുവദിക്കാനായി താൻ
പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. വെറുതെ കേട്ടുനിന്നാൽ മതിയാവും.
കൊടുക്കുന്തോറും കുറയാൻ തന്‍റെയടുത്ത് അതില്ലാത്തത് എത്ര ഭാഗ്യം!
നബീസു കിതച്ചു. ";ന്‍റെ പെരെന്ന് പൊന്ന് കട്ട ആളെ പിടിച്ചു, അത്തുണ്ണിക്കാ";ന്ത്,
അതിന് ഞാനെന്തുവേണം?" സമാധാനത്തിലേക്കുള്ള അവളുടെ പ്രവേശന വഴി
അത്തുണ്ണിയ്ക്ക് പിടിച്ചില്ല. അത് കാര്യമാക്കാതെ അവൾ തുടർന്നു: ";നിക്കാഹിന്‍റെ
തലേന്ന് മോന്തിക്ക് അത്തറ് വാങ്ങാനാണ് മുത്തു ന്‍റെ പേരെല് വന്നത്. ഞാൻ പറ
ഞ്ഞിട്ട്. അപ്പോത്തന്നെ പോവും ചെയ്തു. അവൾ സങ്കടത്തോടെ തുടർന്നു: "ഓനെ
ആരോ ചതിച്ചതാ";.
ഇത്തവണ അയാൾക്ക് മനസ്സിനെ ശാസിക്കേണ്ടി വന്നില്ല.
കാര്യകാരണങ്ങളെക്കുറിച്ചുള്ള ചിന്ത കാലഹരണപ്പെട്ടുകഴിഞ്ഞതിനാൽ. യാത്ര
പറയാനായി പെട്ടെന്നു തന്നെ അയാൾക്കൊരു ചോദ്യം കിട്ടി: "ന്ന്ട്ട് മൂത്തൂന് മോള്
അത്തറ് കൊടുത്തീർന്നോ ? കൊടുത്തെന്ന് അവൾ തലയാട്ടി.
വീടെത്തി. മുത്തുവിന്‍റെ മുറിയിലേയ്ക്കാണ് അയാൾ ആദ്യം പോയത്. ചെന്നയുടൻ
മുത്തു കിടന്നിരുന്ന പായയെടുത്ത് ചുരുൾ നിവർത്തി. ക്ഷീണമുണ്ടെങ്കിലും ഉറക്കം
വരുന്നില്ല. മുറിയുടെ മൂലയിൽ അവന്‍റെ തകരപ്പെട്ടിയിരിക്കുന്നു. തുറക്കുമ്പോള്‍
തകരത്തിന്‍റേതായ മുരൾച്ചയൊന്നുമില്ലാത്ത പാവം പെട്ടി. അത് സമ്മാനിച്ച
ഉറുമാലുമായി
6
അയാൾ എഴുന്നേറ്റിരുന്നു. ഉറുമാലിന്‍റെ കെട്ടിലെ മുറുക്കത്തിൽ മോൻ കാത്തുവെച്ച
മണമിരിക്കുന്നു! ആ മണത്തിലും, അവന്‍റെ മനസ്സിലും തൊട്ടു കൊണ്ട് അയാൾ
കുറച്ചുനേരം കണ്ണടച്ചിരുന്നു.
അത്തുണ്ണിയുടെ വലിയ പരസ്യപ്പലക അങ്ങാടിയെ ചെറുതാക്കിക്കൊണ്ട് ഉയർന്നു
നിൽക്കുന്നത് നമ്പൂരി എളുപ്പത്തിൽ കണ്ടുപിടിച്ചു. കരിക്കട്ടയിലുള്ള
അക്ഷരത്തെറ്റുകൾ അയാളുടെ കച്ചവടത്തെ നന്നായി പരസ്യപ്പെടുത്തുന്നുണ്ടാവും.
തെറ്റുകൾക്കുവേണ്ടി കരിക്കട്ട തന്നെ തെരഞ്ഞെടുത്തതും നന്നായി.
മൂന്നാം ക്ലാസ്സുവരെ അത്തുണ്ണി തന്‍റെ സതീർത്ഥ്യനായിരുന്നു. രാജ്യത്തിന്‍റെ
നാലതിരുകൾ ഏതെന്ന് സാമൂഹ്യപാഠത്തിന്‍റെ മാഷ് ചോദിച്ചപ്പോഴൊക്കെ ഒരതിര്
മാത്രമേ അയാൾ പറയുമായിരുന്നുള്ളൂ- പടിഞ്ഞാറ് അറബിക്കടൽ. അടികൊണ്ടാലും
പടിഞ്ഞാറിൽ ഉറച്ചുനിന്ന് മറ്റതിരുകളെ തന്‍റെ ജ്ഞാനത്തിൽ നിന്നും
അകറ്റിനിർത്താൻ അയാൾക്ക് വാശിയുള്ളപോലെ! പിന്നീടെപ്പോഴോ സ്കൂളുപേക്ഷിച്ച്
നാലിലേതോ അതിരിലൂടെ അയാൾ ജീവിതത്തിലേക്ക് ഒളിച്ചു
കടക്കുകയാണുണ്ടായത്.
നമ്പൂരി കയറിച്ചെന്നപ്പോൾ വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ ചോർച്ചയിൽ തുപ്പല്
തേച്ച്, പുകയുടെ സ്രോതസ്സ് ഭദ്രമാക്കുകയായിരുന്നു അത്തുണ്ണി, ബീഡി കമ്പനിയെ
ശപിച്ചുകൊണ്ട്.
"ഇന്ന് പൊറത്തൊന്നും പോയില്യേ?" വിനയത്തോടെ എഴുന്നേറ്റുനിന്ന അയാളോട്
നമ്പൂരി ചോദിച്ചു.
"ഇല്യ. പഴയപോലെ ഊരുതെണ്ടാനൊന്നും വയ്യ";.
"മകന്‍റെ പേര് മുസ്തഫ. മുത്തൂന്ന് വിളിക്കും. ഇപ്പോ വയസ്സ് ഇരുപത്. കുറ്റം-മോഷണം.
ശര്യല്ലേ?. ഉറപ്പുവരുത്തിയ ശേഷം നമ്പൂരി തുടർന്നു; അവനോട് ഞാൻ സംസാരിച്ചു.
ഇല്ലത്തൊക്കെ വന്നിട്ട്ണ്ട്‌ന്ന് പറഞ്ഞു. കാലാവധി തീരാൻ ഇനി അധികല്യല്ലോ,
അത്തുണ്യേ.";
"ക്ക് ഇനി അതൊന്നും കേക്കണ്ട, നമ്പൂരിശ്ശാ";, അയാളുടെ വാക്കുകൾ കരച്ചിലിന്
സമീപമെത്തി മുറിഞ്ഞു പോയി. അത്തുണ്ണിയുടെ നരച്ച് ഇടതൂർന്ന കൺപീലികൾ
ആദ്യമായിട്ടെന്നപോലെ നമ്പൂരിയുടെ ശ്രദ്ധയിൽ പെട്ടു. അതിൽ നിന്നും വാർദ്ധക്യം
ചോർന്നിറങ്ങി അയാളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്. പിന്നീടൊരു തേങ്ങലാണ്."; ന്‍റെ
കുട്ടീടെ ചെല്ലപ്പേര് മുയുവനും വിളിച്ചു തീർന്നിട്ടില്ല. നമ്പൂരിശ്ശാ";
അയാളുടെ തോളിൽ നിന്നും കയ്യെടുത്ത് നമ്പൂരി ആശ്വസിപ്പിച്ചു. തന്നെ കരയിക്കാനല്ല
ഞാൻ വന്നത്. വൈന്നേരം വന്നോളൂ. ഞാനവിടെ ണ്ടാവാം."
അക്ഷരത്തെറ്റുകളെ നോക്കാതെ തിരിച്ചുനടക്കുമ്പോൾ അയാൾ സ്വയം ചോദിച്ചു:
അത്തുണ്ണി വിളിച്ചു തീരാത്ത ചെല്ലപ്പേരുകളിൽ ഒരു പൂവുണ്ടോ ? ഉണ്ടെങ്കിൽ അതിന്
പാലപ്പൂവിന്‍റെ മണമായിരിക്കട്ടെ.
വെയിലാറിയിട്ടും സബ്‌ജയിലിന്‍റെ വരാന്തയിലെ ചൂട് കുറഞ്ഞിട്ടില്ല. ഓഫീസിനു
പുറത്ത് നമ്പൂരി കൊടുത്ത ഡെറിയിൽ അത്തുണ്ണി ഇരുന്നു, ഉറുമാലും അതിലെ
അത്തറു സൂക്ഷിച്ച കുരുക്കും കീശയിൽ ഭദ്രമാണെന്ന തൃപ്തിയോടെ. അയാളുടെ
മുഖത്തെ ശാന്തത കണ്ടപ്പോൾ മുറുക്കാൻ വായിലിട്ടുകൊണ്ട് നമ്പൂരി
അടഞ്ഞുകിടന്നിരുന്ന ജനൽ തുറന്നു. പടിഞ്ഞാറ് അറബിക്കടൽ.
7
"കടൽ അലറുന്നത് കേട്ടീലേ?
കടലിന് മൂത്ത പിരാന്താണേ"
പാടുന്നത് അത്തുണ്ണിയാണ്, മലയാളം ക്ലാസ്സിൽ.
ഇരുട്ടിന് കനം പെരുത്തു. ഗന്ധതന്മാത്രകൾക്ക് പൊട്ടിയൊഴുകാനായി പൂക്കളുടെ
നിശാഗ്രന്ഥികൾ പരുവപ്പെടുന്ന നേരമായി. മെല്ലെ അതിന്‍റെ ഉറവയിലേയ്ക്ക്
അത്തുണ്ണി ചാഞ്ഞു