
ണ്നി ണ്ണീം ണ്ണ്ണീo . നിർത്താതെ സൈക്കിൾ ബെൽ കേൾക്കുമ്പോൾ അറിയാം അത് ജോസേട്ടൻ ആണെന്ന്. ജോസേട്ടൻ അമ്മയുടെ ബന്ധുവാണ്. ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. കാലം 70 കളുടെ അവസാനം. അവധിക്കാലത്ത് അമ്മ വീട്ടിൽ ചെല്ലുമ്പോഴാണ് ഈ മണിയടി കേൾക്കുക. ജോസേട്ടന് 25, 26 വയസ്സ് പ്രായം. വിവാഹം കഴിഞ്ഞിട്ടില്ല ചേറൂരിലുള്ള തന്റെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് പൊങ്ങണംകാട്, അമ്മയുടെ വീട്ടിലേക്ക് വരുന്നത്.
അവധിക്കാലത്ത് ഞങ്ങൾ അവിടെ ഉണ്ടാകും എന്നതുകൊണ്ട് വരവ് മിക്കവാറും എല്ലാ ദിവസവും ഉണ്ടാകും. എന്നെ കാരിയറിലും അനുജനെ മുന്നിലും ഇരുത്തി ഒരു കറങ്ങാൻ പോക്കുണ്ട്. താണിക്കുടം വഴി പോയി കുറ്റിമുക്ക് വഴി കയറിവരുന്ന ഒരു യാത്ര. പാഠങ്ങളും പറമ്പുകളും ഇടവഴികളും കടന്ന് ഒരു മഹാ യാത്ര കഴിഞ്ഞ് എത്തുന്ന സുഖമാണ് ഞങ്ങൾക്കപ്പോൾ. സൈക്കിൾ അന്ന് അത്ര സാധാരണമല്ല ഞങ്ങളുടെ ബന്ധുവീടുകളിൽ തന്നെ ആകെ ഈ ഒരാൾക്ക് മാത്രമേ സൈക്കിൾ ഉണ്ടായിരുന്നുള്ളൂ. പൊടിമൺ പാതകളിലൂടെ സൈക്കിൾ അങ്ങനെ മുന്നോട്ടു പോകുമ്പോൾ വഴിയിൽ കളിക്കുന്ന കുട്ടികൾ ഞങ്ങളെ കൗതുകത്തോടെ നോക്കും. അവർക്ക് കൈവീശി കാണിക്കുമ്പോൾ വലിയ ഒരു അഭിമാനം തോന്നുമായിരുന്നു.
വലിയ ഹെർക്കുലീസ് സൈക്കിൾ ആയതുകൊണ്ട് സൈക്കിൾ ചവിട്ട് പഠിക്കാൻ ഒന്നും ആ സൈക്കിളിൽ കഴിയുമായിരുന്നില്ല.
എന്നാൽ സൈക്കിൾ ചവിട്ട് പഠിക്കണം എന്ന് വലിയ ആഗ്രഹം ആ സൈക്കിൾ സവാരികൾ ഞങ്ങളിൽ ഉണ്ടാക്കി.
പിന്നെ എങ്ങനെയെങ്കിലും സൈക്കിൾ ചവിട്ട് പഠിക്കണം എന്ന ആഗ്രഹമായി. എങ്ങനെ പഠിക്കും ? ആര് പഠിപ്പിക്കും ഇതൊന്നും ഒരു നിശ്ചയവുമില്ല ആ സമയത്താണ് ഞങ്ങളുടെ ഗ്രാമത്തിൽ ഒരു സൈക്കിൾ യജ്ഞം വരുന്നത് മകരക്കൊയ്ത്ത് കഴിഞ്ഞ സ്കൂളിന് താഴെയുള്ള കണ്ടെത്തിൽ ഒരു നാടോടി കുടുംബം സൈക്കിളുമായി എത്തി. വൈകുന്നേരം ആകുന്നതോടെ അവർ കയ്യിലുള്ള തകരപ്പാട്ട കൊട്ടി സൈക്കിൾ യജ്ഞ കലാപരിപാടികളുടെ അറിയിപ്പുകൾ തുടങ്ങും. അത്ര തെളിച്ചമില്ലാത്ത ശബ്ദ മുണ്ടാക്കുന്ന ഒരു കോളാമ്പി മൈക്കും അവർക്കുണ്ട്. 10 പൈസ ടിക്കറ്റ് വച്ചാണ് സൈക്കിൾ യജ്ഞേo നടക്കുന്നത്.
പഴയ തുണികൾ കൊണ്ട് വലിച്ചു കെട്ടിയ ചെറിയ ഒരു കൂടാരത്തിനുള്ളിലാണ് സൈക്കിൾ യജ്ഞം. മൂന്ന് ചെറിയ കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബം. എല്ലാവരും തീരെ മെലിഞ്ഞവരാണ്. അച്ഛനാണ് സൈക്കിൾ കയറി വട്ടത്തിൽ ചവിട്ടി അഭ്യാസങ്ങൾ കാണിക്കുന്നത്. സാവധാനത്തിൽ തുടങ്ങുന്ന സൈക്കിൾ ചവിട്ട് പിന്നീട് വേഗത കൂടുകയും സൈക്കിളിൽ നിന്നും,കിടന്നും , ഒറ്റക്കാലിലും എല്ലാം അയാൾ സൈക്കിൾ ചവിട്ടുമ്പോൾ നെടുവീർപ്പോടെ ശ്വാസമടക്കിപ്പിടിച്ച് അയാൾക്കൊന്നും പറ്റരുത് എന്ന് പ്രാർത്ഥിച്ചു ഉള്ളിൽ. ആ റൗണ്ട് കഴിഞ്ഞാൽ പിന്നീട് കുട്ടികളുടെ ഊഴമാണ്. കുട്ടികൾ ഓരോരുത്തരായി സൈക്കിൾ ചവിട്ടുന്ന അച്ഛന്റെ ചുമലിലേക്ക് ചാടിക്കയറുന്നു. സൈക്കിൾ ചവിട്ടിക്കൊണ്ട് തന്നെ അയാൾ ഒരു അഭ്യാസിയെ പോലെ ഒറ്റക്കൈ കൊണ്ട് കുട്ടികളെ മുകളിലേക്ക് പിടിച്ചു കയറ്റുന്നു അങ്ങനെ മൂന്നു കുട്ടികളും ഒരാൾക്ക് മുകളിൽ ഒരാളായി അയാളുടെ ചുമലിൽ ഇരിക്കുന്നു അങ്ങനെ നാലു പേരുമായി സൈക്കിളിൽ അഭ്യാസപ്രകടനം ഗംഭീരമാണ്. കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണാൻ വന്നു വേനൽക്കാലം ആയതിനാൽ കുട്ടികൾക്ക് പൈസ ഉണ്ടാക്കാൻ അക്കാലത്ത് നാട്ടിൻപുറത്ത് ഒരു എളുപ്പവഴി ഉണ്ടായിരുന്നു. എന്തെന്നാൽ അക്കാലത്ത് ഗ്രാമ ങ്ങളിൽ വഴിയോരത്തും പറമ്പുകളിലും നിറയെ കശുമാവ് ഉണ്ടായിരുന്നു. കശുമാങ്ങയും കശുവണ്ടിയും ഉണ്ടാകുന്ന കാലമാണല്ലോ വേനൽക്കാലം . മധുരനാരങ്ങ കഴിക്കുന്ന സുഖത്തോടെയാണ് അന്ന് ഗ്രാമത്തിലുള്ളവർ ചുവപ്പും മഞ്ഞയും നിറത്തിലുള്ള തുടുത്ത കശുമാങ്ങകൾ കടിച്ച് ഈമ്പി തിന്നിരുന്നത്. ഏതു വഴിയിലൂടെ പോയാലും ഒരാൾക്ക് 10 അണ്ടിയെങ്കിലും കിട്ടും. ഒരു അണ്ടിക്ക് കടയിൽ കൊടുത്താൽ അന്ന് ഒരു പൈസയാണ് വില. അങ്ങനെ പാല ഐസ് വാങ്ങാനും സൈക്കിൾ ചവിട്ട് കാണാനും ഉള്ള പണം ഉച്ചനേരത്ത് ഇടവഴികളിലൂടെ ഇറങ്ങി നടന്നാൽ ശേഖരിക്കാം. സ്വന്തം വീടുകളിൽ നിന്ന് ചില ചെറിയ കശുവണ്ടി മോഷണവും ഇതിനെ സഹായിക്കും.
അടുത്ത അവധിക്കാലത്താണ് ഗ്രാമത്തിൽ ഒരു സൈക്കിൾ ഷാപ്പ് തുടങ്ങിയത്. സൈക്കിൾ വാടകയ്ക്ക് കൊടുക്കും എന്നു് മരപ്പലകയിൽ ചുണ്ണാമ്പു കൊണ്ട് എഴുതിയ അത്യാവശ്യം വലിയ ബോർഡ് കടയുടെ മുന്നിൽ തൂങ്ങിക്കിടന്നു. കുട്ടികൾക്കും വലിയവർക്കും ഉള്ള സൈക്കിൾ അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂറിന് ഒരു രൂപയാണ് വാടക. സൈക്കിൾ വാടകയ്ക്ക് എടുത്ത് സൈക്കിൾ ചവിട്ടു പഠിക്കാൻ ഞങ്ങളുടെ കുടുവ സംഘം തീരുമാനിച്ചു. ഞങ്ങൾ മുന്നു പേരുണ്ടായിരുന്നു. എല്ലാവരും ഉച്ചമയക്കത്തിൽ അമരുന്ന് നേരത്ത് ഞങ്ങൾ ഇടവഴികളിലൂടെ അലഞ്ഞു നടന്നു. കശുവണ്ടി പറക്കി,വർക്കിയേട്ടന്റെ കടയിൽ കൊടുത്ത്,. 3 മുതൽ 5 വരെ സൈക്കിൾ വാടകക്കെടുക്കും,
അന്ന്. ഗ്രാമങ്ങളിൽ കൃഷിപ്പണി ചെയ്യുന്നവരെല്ലാം ഉച്ചക്കഞ്ഞി കഴിഞ്ഞാൽ അല്പമൊന്നു മയങ്ങും. മുത്താഴം കഴിഞ്ഞാൽ മുള്ളലും കിടക്കണം; അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം ഇതാണ് രീതി. സാധാരണ ദിവസങ്ങളിൽ ഉച്ചമയക്കം കഴിഞ്ഞ് പണിക്കിറങ്ങിയാൽ നല്ലതുപോലെ വെയിലാറിയിട്ടേ പണി മാറ്റു ഏകദേശം വിളക്കു വെക്കാറാകും. അതാണ് ആ സമയം സൈക്കിൾ ചവിട്ടു പഠിക്കാൻ തെരഞ്ഞെടുത്തത്. വീട്ടുകാർ തന്നെ കാണണം എന്നില്ല. ആരു കണ്ടാലും വീട്ടിലറിയും. അതോടെ സൈക്കിൾ പഠനം അവസാനിക്കും എന്നത് ഉറപ്പാണ്.
കാലുകുത്തി ഉന്താൻ പറ്റുന്ന ചെറിയ സൈക്കിളാണ് വാടകക്ക് എടുത്തത്. ചെറിയ വിഴ്ചയും മുട്ടുപൊട്ടലുകളും ഉണ്ടായെങ്കിലും വലിയ പരിക്കുകളില്ലാതെ കൊയ്ത്തു കഴിഞ്ഞ് സെവൻസിന് ഒരുക്കിയിട്ട കണ്ടത്തിൽ ഞങ്ങൾ മൂന്നുപേരും വേഗം സൈക്കിളിൽ ബാലൻസ് ഉള്ളവരായി.
പിന്നെ ഉച്ച സമയങ്ങളിൽ ഞങ്ങൾ സൈക്കിൾ വാടകക്കെടുക്കും അതിരുകളിലെ മരനിഴൽ വീന്നു കിടക്കുന്ന ഇടവഴികളിലുടെ ഓരോ ദിവസവും വേറേ വേറേ വഴികൾ കണ്ടെത്തി ലോകസഞ്ചാരo നടത്തി.
കൗമാര കാലമായപ്പോൾ പ്രിയമുള്ളൊരാളുടെ സൈക്കിൾ ബല്ലിന് കാതോർക്കുകയായി.
കൃത്യം വൈകീട്ട് അഞ്ചു മണിക്ക് കുളി കഴിഞ്ഞ് മുടി കുരുവിക്കൂടാക്കി പൊടിമീശയും മുണ്ടും ഫുൾകൈ ഷർട്ടുമിട്ടൊരാൾ സൈക്കിൾ ബല്ല് നിർത്താതെ അടിച്ച് പടിക്കലൂടെ തിരിഞ്ഞു നോക്കാതെ സ്ഥിരം കടന്നുപോകുന്നത് എനിക്കു വേണ്ടി മാത്രമാണെന്നറിഞ്ഞിട്ടും കണ്ടിട്ടും കാണാത്ത പോലെ നിന്നു രസം കൊണ്ടത് സൈക്കിൾ ഓർമ്മയിൽ ഇപ്പോഴും സുഖമുള്ള കാര്യമാണ്.
പിന്നീട് സൈക്കിൾ ഒഴിവായി.
മക്കൾ രണ്ടു പെൺകുട്ടികളും സൈക്കിളിൽ സവാരി തുടങ്ങി.
അവരുടെ വളർച്ചക്കൊപ്പം ഇടവഴിയിലെ സൈക്കിൾ ബല്ലുകളുടെ എണ്ണവും കൂടിവന്നു. അതും കടന്നുപോയി
ഇപ്പോൾ പേരക്കുട്ടി സൈക്കിൾ യാത്രികനാണ്.
വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പോകുന്ന വണ്ടി ഏതാ? ഒരു കടം കഥയായിരുന്നു.
സൈക്കിൾ ഒരു വാഹനം മാത്രമല്ല എനിക്ക് ബാല്യ കൗമാരങ്ങളുടെ സ്വപ്ന ഭൂമിയായിരുന്നു. സെക്കിളെടുത്ത് ഒന്നു കറങ്ങി വരുന്നത് ലോകം ചുറ്റി വരുന്നതിന്റെ ആത്മവിശ്വാസമാണ് തന്നിരുന്നത്. പെൺകുട്ടികളുടെ സൈക്കിളിന് എന്തു മനോഹരമായ പേരായിരുന്നു. ലേഡി ബേർഡ് .
ഇപ്പോഴും സൈക്കിളിൽ പോകുന്നവരെ കാണുമ്പോൾ കാമാരം തെളിഞ്ഞു വരും.
യുറോപ്പ്യന്‍ യാത്രക്കിടയില്‍ മിലാനിലും ഫ്രാൻസിലും ധാരാളം സൈക്കിൾ യാത്രക്കാരെ കണ്ടു. അവിടെ പല സ്ഥലങ്ങളിലും സൈക്കിളുകൾ കാണാം. നമക്ക് അത് ഉപയോഗിച്ചു അവശ്യമുള്ള ദൂരം പോകാം. പിന്നെ സൈക്കിൾ എത്തിയിടത്തു വെക്കാം. അവിടെ പ്രധാന പാതയോടു ചേർന്ന് സൈക്കിൾ യാത്രക്കാർക്ക് ചെറുപാതയുണ്ട്. യാത്രയിൽ കിട്ടിയ ചെറിയ ഇടവേളകളിൽ ഈഫൽ ടവറിനു അരികിലൂടെ സൈക്കിൾ ഓടിച്ചത് ഒരു മനോഹരമായ ഓർമ്മയാണ്. അതു പോലെ കൊടെക്കനാലിൽ തടാകത്തിനു ചുറ്റും രാത്രി നില, വെളിച്ചത്തിൽ പ്രിയപ്പെട്ടവരോടൊപ്പം സൈക്കിളിൽ അലസമായി കറങ്ങി നടന്നതും ഓർമ്മയിൽ തന്നെ എന്നു സന്തോഷ മാണ് തരുന്നത്.
ഇപ്പോൾ നമ്മുടെ റോഡുകൾ സൈക്കിൾ യാത്രക്ക് സുരക്ഷിതമല്ല. നടപ്പാത പോലെ സൈക്കിൾ പാതയും നമുക്കും വേണം. ഏതു പ്രായത്തിലും മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണ് സൈക്കിൾ യാത്ര . അത് അതിവേഗം പായുന്ന നമ്മുടെ ജീവീതത്തെ അല്പം slowdown ചെയ്യാൻ സഹായിക്കും. കുറച്ചു കൂടി സാവാധാനം ജീവിതം ആസ്വദിക്കാൻ അത് നമ്മെ പ്രാപ്തരാക്കും. സുരക്ഷിതമായൊരു വഴിയുന്നെങ്കിൽ ദിവസവും ഒരു പ്രാവശ്യം പുറത്തിറങ്ങുന്നത് വൈക്കിളിൽ ആയാൽ തന്നെ നമ്മുടെ ജീവീത ശൈലി രോഗങ്ങൾ മാഞ്ഞു തുടങ്ങും.