
എറണാകുളം ജില്ലയിൽ പൈനാപ്പിളിന്റെ ലോകതലസ്ഥാനത്താണ് എസ്തപ്പാനോസ് ജനിച്ചത്. വിയർപ്പൊഴുക്കി പണിയെടുത്ത് ജീവിച്ച അദ്ദേഹത്തിനു ജീവിത ശൈലി രോഗങ്ങൾ ഒന്നുമില്ല. നൂറ്റിപതിനൊന്നു വയസിനുള്ളിൽ പത്തു മക്കൾ, പന്ത്രണ്ടു കൊച്ചുമക്കൾ, അവർക്ക് ഏഴു മക്കൾ.
ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം നൂറു കവിഞ്ഞ 4042 പേരുള്ള കേരളത്തിൽ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് നിലവിൽ വന്നു. അന്നാട്ടിൽ എസ്തപ്പാനോസിനെപ്പോലുള്ളവർ ജീവിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. എസ്തപ്പാനെ കുടുംബം ഒന്നാകെ ചേർത്തു പിടിക്കുന്നു.

അപ്പച്ചന് മുത്തവുമായി ഹ്യുസ്റ്റണിൽ നിന്ന് പേരക്കിടാവ് ഹെനീമ
അഞ്ചു പേരക്കിടാങ്ങൾ വിദേശത്താണ്. എങ്കിലും മുത്തശ്ശന്റെ പിറന്നാളിന് പറന്നെത്താൻ കഴിഞ്ഞത് ടെക്‌സസിലെ ഹ്യുസ്റ്റനിലുള്ള ഹെനീമയ്ക്ക് മാത്രം. മൂന്നു വിമാനങ്ങളിൽ മാറികയറി ദോഹ വഴി എത്തിയ ഹെനീമയുടെ വരവിനായി ജൂൺ 4ലെ പിറന്നാൾ ആഘോഷം 12ലേക്ക് മാറ്റുകയായിരുന്നു.
ഹെനീമ ഹ്യുസ്റ്റണിൽ എം. എസ്സി നഴ്‌സാണ്. മൂത്തമകൻ എ.എ. എബ്രഹാമിന്റെ മകൾ. ഭർത്താവ് വിത്സൺ ജോർജ് കണ്ടത്തിൽ അന്തരിച്ചു. മൂന്നു മക്കൾ-ക്രിസ്റ്റഫർ (25), ഫെയിത്, (19), ഗ്രേസ് (15). ഹെനീമ ആദ്യം ചേക്കേറിയത് ന്യുയോർക്കിൽ. ലോങ്ങ് ഐലൻഡിലെ സൗത്ത് നാസു കൗണ്ടി കമ്മ്യുണിറ്റി ഹോസ്പിറ്റലിൽ ഒന്നര വർഷം ജോലി ചെയ്തു.
ടെക്‌സസിലേക്കു കുടിയേറിയിട്ടു രണ്ടു പതിറ്റാണ്ടായി. അസാമാന്യ വിപദിധൈര്യത്തോടെ ജോലി ചെയ്തു കുട്ടികളെ വളർത്തി, സൈക്കിയാട്രി നഴ്‌സിംഗ്ൾ എംഎസി എടുത്തു. പപ്പയും മമ്മിയൂം മാറിമാറി പത്തു തവണയെങ്കിലും പറന്നെത്തി കൂട്ടിരുന്നത് മറക്കാനാവില്ല. ഇനി പി എച് ഡി ചെയ്യണണം. കേരളത്തിനു കൂടി സാംഗത്യമുള്ള ജെറിയാട്രിക് നഴ്‌സിംഗിൽ ഗവേഷണമാണ് ലക്‌ഷ്യം.

ജോർജ്, എബ്രഹാം, തങ്കച്ചൻ ഒപ്പം, പിന്നിൽ ഹെനീമ, മിനി,ചിന്നമ്മ, ഗ്രേസ്, സാലി, മിനി
വ്യോമ സേനാ ഉദ്യോഗസ്ഥനായിരുന്നു എബ്രഹാം (82). റിട്ടയർ ചെയ്തശേഷം ബാംഗ്ലൂരിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 20 വർഷം സേവനം ചെയ്തു. ഭാര്യ ചിന്നമ്മയോടും ഇളയമകൾ മിനിയോടുമൊപ്പം രണ്ടു പതിറ്റാണ്ടു മുമ്പ് മൂവാറ്റുപുഴ-കോലഞ്ചേരി റൂട്ടിലെ വാളകം പഞ്ചായത്തിൽ മേക്കടമ്പിലേക്കു തിരികെ വന്നു വീടുവച്ചു.
മേക്കടമ്പിൽ തന്നെ കഴിയുന്ന ഇളയ മകൻ പൈനാപ്പിൾ കർഷകനായ തങ്കച്ചന്റെ (58) കൂടെയാണ് എസ്തപ്പാനോസിന്റെ താമസം. സൗദിയിലെ ടാഫ് (Taif) എന്ന ഹിൽ സ്റ്റേഷനിൽ 20 വർഷം ഫർമസിസ്റ്റ് ആയിരുന്നു തങ്കച്ചന്റെ ഭാര്യ മിനി. ഇപ്പോഴും നാട്ടിൽ അതേ മേഖലയിൽ ജോലി ചെയ്യുന്നു.

തലമുറകളുടെ നടുവിൽ എസ്തപ്പാനോസ്
എസ്തപ്പാനോസിന്റെ അഞ്ചു കൊച്ചുമക്കൾ വിദേശത്താണെന്നു പറഞ്ഞല്ലോ. ഹെനിമയെക്കൂടാതെ പോളിന്റെ മക്കൾ അഞ്ജലിയും ബേസിലും തെക്കു പടിഞ്ഞാറേ ഇംഗ്ളണ്ടിൽ ബ്രിഡ്‌ജ് വാട്ടറിലാണ്. ഏലി യാസിന്റെ മകൾ എയ്ഞ്ചൽ ലണ്ടനിലും തങ്കച്ചന്റെ മകൾ സോന അയർലണ്ടിലെ ഡബ്‌ളിനിലുമാണ്.
കോതമംഗത്തിനടുത്ത് ചേലാട് അതിരംപുഴ കുടുംബത്തിൽ 1915 ജൂലൈ 4നു ജനിച്ച എസ്തപ്പാനോസ് രണ്ടു വിവാഹം കഴിച്ചു. ഏലമ്മയെയും മരണശേഷം മറിയാമ്മയെയും. രണ്ടു വിവാഹത്തിലൂടെയാണ് പത്തു മക്കൾ. എബ്രഹാം, ജോർജ്, ആലീസ്, പോൾ, ഏലിയാസ്, ജേക്കബ്, തങ്കച്ചൻ, സിബി എന്നിവർ. രണ്ടുപേർ ചെറുപ്പത്തിലെ മരിച്ചു.

ഏകമകൾ സിബിയോടൊപ്പം; വിദേശത്തെ കൊച്ചുമക്കൾ
മക്കളിൽ എബ്രഹാം (82), ജോർജ് (75), ഏലിയാസ് (63), തങ്കച്ചൻ (58) എന്നീ പുത്രന്മാരും സിബി (55) എന്ന പുത്രിയും ജീവിച്ചിരിക്കുന്നു. ഇവരെല്ലാം അപ്പച്ചന്റെ ജന്മദിനത്തിൽ ഒന്നിച്ചു കൂടി.
രാജഭരണകാലത്തും ജനായത്ത കാലത്തുമായി എത്രയോ തവണ വോട്ടു ചെയ്തിരിക്കുന്നു! 2026 ജൂലൈയിൽ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബാലറ്റ് പെട്ടിയുമായി വീട്ടിലെത്തി വോട്ടു ചെയ്യിച്ചു. പണ്ടു മുതലേ കോൺഗ്രസ് അനുഭാവിയാണ് എസ്തപ്പാനോസ്.
കർഷക കുടുംബം ആയതിനാൽ ചെറുപ്പത്തിലേ കൃഷിപ്പണിയിൽ ഏർപെട്ടു. നാലാം ക്‌ളാസ് വരെയേ പഠിച്ചുള്ളൂ. വെളുപ്പിന് നാലു മണിക്ക് പണിക്കിറങ്ങിയാൽ രാത്രി വൈകും വരെ തുടരും. നെൽക്കൃഷിക്ക് കാളപൂട്ടുന്നതും റബർ വെട്ടുന്നതും പതിവായിരുന്നു. ഇടയ്ക്കിടെ തമിരു കൊണ്ട് പാറ പൊട്ടിക്കാൻ പോകും.

ഇളയമകൻ തങ്കച്ചനും മിനിയും സോനയും അലീനയുമൊപ്പം
തങ്കച്ചൻ 2015ൽ മേക്കടമ്പിൽ പുതിയ രണ്ടുനില വീടു വച്ചു. മുറ്റത്തു ടൈൽ വിരിച്ചു. വീടിനുചുറ്റുമുള്ള പ്ലാവ്, മാവ്, ജാതി മരങ്ങളിൽ നിന്നു വീഴുന്ന ഇലകൾ അടിച്ചുവാരിക്കളയുന്നതു മുത്തശ്ശന് ഹരമായിരുന്നു. പ്രായം ഏറെയായിട്ടും പറമ്പിൽ ഇറങ്ങി നടക്കണം, കഴിയുമെങ്കിൽ ഒരു വെട്ടു കത്തിയോ കൈക്കോടാലിയോ തൂമ്പയോ കരുതണം.
അടുത്തകാലത്തു വീട്ടിനുള്ളിൽ തെന്നിവീണതിനു ശേഷം ചുറ്റി നടക്കണമെങ്കിൽ വീൽ ചെയർ വേണം. ഇതുവരെ ഡയബെറ്റീസോ, കൊളസ്ട്രോളോ, പ്രഷറോ ഹാർട്ടോ ഒന്നും അലട്ടിയിട്ടില്ല. തന്മൂലം വീട്ടിൽ അടച്ചുപൂട്ടിക്കഴിയുന്നതു ഓർക്കുമ്പോൾ ശ്വാസം മുട്ടും.

ചായകുടിക്കുന്നു, ചക്കയൊരുക്കുന്നു
ഉണക്കുകപ്പ വേവിച്ചതും മീൻ കറിയും/ഇറച്ചിക്കറിയും കട്ടൻകാപ്പിയുമായിരുന്നു ഇഷ്ട്ടപെട്ട പ്രഭാത ഭക്ഷണം. അതിപ്പോൾ പുഴുങ്ങിയ രണ്ടു ഏത്തപ്പഴമായി മാറി. നാലുമണിക്ക് ചായ, കടി, ഉച്ചക്കും വൈകിട്ടും സാധാരണ ചോറും കറിയും.
ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നവരോ പഠിക്കുന്നവരോ ആയി ഏഴെട്ടു പേർ എസ്തപ്പാനോസിന്റെ കുടുംബത്തിൽ തന്നെയുണ്ട്. എല്ലാവരും പരമ്പരാഗതമായ കേരളീയ രീതിപ്രകാരം പ്രായമായവരെ ചേർത്തുപിടിക്കുന്നതിനാൽ പ്രായം ഒരു പ്രശ്‌നമായി ആർക്കും തോന്നിയിട്ടില്ല.

2026ൽ പോളിംഗ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നു
യുഎസിലുംയൂറോപ്പിലും ഇസ്രയേലിലും ഓസ്‌ട്രേലിയയിലും ജപ്പാനിലും ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിച്ച് അനുയോജ്യമായ മാർഗങ്ങൾ കണ്ടെത്തി കേരളത്തിൽ നടപ്പാക്കണം. അതാവും പുതിയ വയോജന വകുപ്പിന്റെ ആത്യന്തിക ലക്ഷ്യം.
ജനസംഖ്യയിൽ മുപ്പതു ശതമാനം 65 വയസ് കവിഞ്ഞവർ ഉള്ള 'സൂപ്പർ ഏജ്‌ഡ് രാഷ്ട്രം' ആണ് ജപ്പാൻ. ഞാൻ അവിടെ പോയിട്ടുണ്ട്. ഷിങ്കാൻസെൻ എന്ന ഹൈ സ്പീഡ് ട്രെയിനിൽ രാജ്യമൊട്ടാകെ സഞ്ചരിച്ചു. അവിടെ നാൽപതു വയസുമുതൽ ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധിതമാക്കിയിരിക്കയാണ്. 2000ൽ നടപ്പാക്കിയ ദീർഘകാല കെയർ ഇൻഷ്വറൻസ് ഈ രംഗത്ത് വിപ്ലകരമായ മാറ്റം കൊണ്ടുവന്നു.

മുറ്റമടിക്കാൻ ചൂൽ; അദ്ധ്വാനിക്കാൻ പ്ലാവിൻചോട്
വ്യക്തികൾക്ക് പകരം സമൂഹം പ്രായമായവരെ സംരക്ഷിക്കണം എന്നതാണ് ജപ്പാന്റെ നയം. ഇൻഷ്വറൻസ് പ്രീമിയത്തിനു പുറമെ വേണ്ടി വരുന്ന ചെലവിൽ പകുതി കേന്ദ്ര ഗവർമെന്റും സംസ്ഥാനഗവർമെന്റുകളും പ്രാദേശിക ഭരണകൂടങ്ങളും വഹിക്കുന്നു.
എന്നിട്ടും എഴുപത്തഞ്ചു കഴിഞ്ഞവരുടെ എണ്ണം കുതിച്ചു കയറുകയും ഇൻഷ്വറൻസ് എടുക്കാൻ കെൽപ്പുള്ള ചെറുപ്പക്കാരുടെ എണ്ണം ഇടിയുകയും ചെയ്യുന്നത് ജപ്പാന് വലിയ വെല്ലുവിളി ആയിട്ടുണ്ട്. കേരളത്തിന്റെ മുമ്പിലുള്ള വെല്ലുവിളിയും അതു തന്നെ.

ഹെനീമ, മക്കൾ ക്രിസ്റ്റഫർ, ഫെയിത്, ഗ്രേസ്

സുവർണ്ണ സായാഹ്നത്തിൽ കൊച്ചുമകൾ അലീനയുടെ പുഷ്‌പാർച്ചന