
ഇത്തിരി കാറ്റ് കൊള്ളാന്ന് വെച്ച് പൊറത്തെറങ്ങീതാ. ഒൾഗ മക്കളെ ഫോൺ ചെയ്ത് മടുത്തിട്ട് കെടക്കാൻ പോയേക്കാർന്നു. മക്കളൊക്കെ തെരക്കിലായോണ്ട് നിൻ്റെ ഫോണെടുക്കാൻ അവർക്കിപ്പോ സമയം ഇല്ലാന്ന് പറഞ്ഞ് മനസ്സിലാക്കി ഞാനും മടുത്താർന്നു.
വൈകിട്ട് വീടിൻ്റെ പൊറക് വശത്ത് നല്ല തണലാ. ഏകദേശം വടക്കുകിഴക്കായി വരും എന്നാണനുമാനം. സൂര്യാസ്തമനം നോക്കിയാ ഞാനത് കണ്ടുപിടിച്ചത്. ഈയിടെയായി ഞാനകത്തൊക്കെ ചെരുപ്പിടാണ്ട് നടക്കും. ടൈലിന് നല്ല തണവാ..... ഓൾഗ വഴക്കു പറയും. എന്നാലും .....എൻ്റെ പീക്കിരി പറയണോണം ഒരു സുഖം. പീക്കിരി തണുപ്പുകാലത്തും സോക്സ് ഊരിക്കളയും. സോക്സിടുമ്പോ " ഈ കാലാവത്ത ഒരു സുകോല്ല്യാ..." ന്നാ അവൾടെ അഭിപ്രായം. എവടന്നോ കേട്ടു കാലാവസ്ഥ ന്ന വാക്ക്
അങ്ങനെ പുറത്ത് കുറച്ച് നേരം ഇരുന്നു. നല്ല കാറ്റ്. കാറ്റിൻ്റെ ശബ്‌ദം കേട്ടിരിക്കാൻ നല്ല രസാലേ..... ടൈല് വിരിച്ച മുറ്റം കഴിഞ്ഞ് ഒരു സ്‌റ്റെപ് താഴേക്കിറങ്ങുമ്പോ പുല്ല് ചെത്തി നിർത്ത്യ മുറ്റം പോലൊരുസ്ഥലം ണ്ട്. ഇപ്പോ കൃഷി ചെയ്യണ കാലാ ഇവിടെ . വല്ല തക്കാളിം വഴുതനേം ഒക്കെ നട്ടുപിടിപ്പിക്കാർന്നു. ഈ വീട്ടുകാർക്ക് അതിനോടൊന്നും വല്ല്യ താൽപര്യം ഇല്ലാന്നാ തോന്നണെ.
കൊറേ ചീവീടോള് ഓളിയിടുന്ന ശബ്‌ദം. ഒരാള് തൊട്ടപ്പുറത്ത് നിക്കണ മരത്തിലിരുന്നാ കരയണെ. എന്തോര് ഒച്ചയാണോ? പിന്നെ കുറച്ച് ദൂരേന്ന് പിന്നേം ദൂരേന്ന് അങ്ങനങ്ങനെ കൊറേ ദൂരേന്നൊള്ള നേരിയ ശബ്‌ദം വരെ കേക്കാം.
ഇവിടെ കൊറേ കുഞ്ഞു കിളികൾ ഉണ്ട്. നമ്മടെ ലൗ ബേഡ്സിൻ്റെ കലപില പോലാ അവരുടെ ശബ്‌ദം. അത് ബേഗ്രൗണ്ടിൽ എപ്പോഴും കേൾക്കാം. പിന്നെ ഞാനിവിടെ ശ്രദ്ധിച്ച മറ്റൊരു പക്ഷിസ്വരം ....നെടിലാൻ്റെ പോലൊരു മൊഴങ്ങ്യ ശബ്‌ദം വല്ലപ്പോഴും കേൾക്കാറുണ്ട് ട്ടാ.
ഞാൻ മുറ്റം പോലത്തെ സ്‌ഥലത്തേക്കിറങ്ങണ സ്‌റ്റെപ്പിൽ ഇതൊക്കെ കേട്ടോണ്ട് അങ്ങനെ ഇരുന്നു. മുറ്റത്തിൻ്റെ അപ്പറത്ത് ഒരു പറമ്പാ. എടാലൊരു കമ്പിവേലി അതിരുണ്ട്. പറമ്പ് പുല്ലൊക്കെ ചെത്തി വൃത്തിയാക്കി ഇട്ടേക്കുന്നു. എടക്ക് മഴ പെയ്തോണ്ട് പുല്ല് കിളിത്ത് പച്ചച്ച് നിക്കണ കാണുമ്പോ നാട്ടിലെ പറമ്പ് ഓർമ്മവരും. നാട്ടില് മാവും പ്ലാവും കശുമാവും തെങ്ങും തൊടങ്ങ്യ കൊറേ മരങ്ങളും അതിൻ്റെ ടേല് വാഴം ചെനേം ചേമ്പും തൊടങ്ങി നട്ടു വളർത്ത്യ ചെടികളും നട്ടുവളർത്താത്ത വേറേം ചെടികളും ഒക്കെ ഉണ്ടാവൂലോ .
ഇവടെ അതൊന്നും ഇല്ല. കൊറച്ച് ഒലിവ്മരങ്ങൾ. പിന്നെ ഒരു പീർ മരം നെറയെ കായ്ച്ച് നിക്കണു. പേരറിയാത്ത
രരണ്ടുമൂന്നെണ്ണം വേറെ ഇണ്ട്. കൊറച്ച് നേരം ഇരന്നപ്പോ എനിക്ക് ചെരുപ്പ് ഇടാണ്ട് ആ പുല്ലിക്കോടെ നടക്കാൻ മോഹം . ഉടനെ ചെരുപ്പൂരി വച്ച് ആ ചിവീട് കരയണ മരത്തിൻ്റെ അടുത്തേക്ക് നടന്നു. ഞാനടുത്ത് എത്താറായപ്പ അവൻ സൈലൻ്റായി. പിന്നെ നോക്കുമ്പോ പിന്നക്കും പിന്നാലെ ചിവീടുകളുടെ കോറസ് നിന്നു. പരിചയമില്ലാത്ത ഒരു സാന്നിധ്യം അവരെത്ര പെട്ടെന്നാ പിടിച്ചെടുത്തത്. എന്തായാലും..... ചെവിക്ക് സൊര്യം കിട്ടി.
പിന്നേം കൊറേ നേരം കാറ്റൊക്കെ കൊണ്ട് നിന്നിട്ട് ഞാൻ വീണ്ടും ആ സ്റ്റെപ്പി പോയി ഇരുന്നു. ചെരുപ്പ് അപ്പഴും ഇട്ടില്ലാർന്നു. കൊറച്ച് കഴിഞ്ഞപ്പോ പൊറകിലാരോ ഇണ്ടല്ലോ? എന്ന് ഒരു തോന്നല്. തിരിഞ്ഞു നോക്കിപ്പോ ഓൾഗ . എന്നെ നോക്കി ചിരിച്ചോണ്ട് നിക്കണു. ഈ ചിരി വല്ലപ്പോഴും മാത്രം വിരിയണതാണേ.... ചിരി കണ്ട് ഞാൻ ചാടി എണീറ്റു.
ഓൾഗ പുറകു വശത്തക്ക് അങ്ങനെ വരാറില്ലാത്തതാ.
" നീ ചെരുപ്പ് ഇട്ടിട്ടില്ല അല്ലേ....?" എന്ന ചോദ്യം കൂടി കേട്ടതോടെ ഞാൻ ചെരുപ്പ് എടുത്തിട്ട് വേഗം സ്കൂട്ടായി .
രണ്ട് ദെവസം മുമ്പാ ഞാൻ " ഗ്രാനി"കണ്ടത്. അതോണ്ട് ആ ചിരി കണ്ടപ്പോ ..... സിനിമ കണ്ട് പേടിച്ചില്ലെങ്കിലും .....