Image

മഞ്ഞണിപ്പൂനിലാവ് അസ്തമിച്ചു...(അനുസ്മരണം:സുധീർ പണിക്കവീട്ടിൽ)

Published on 12 July, 2026
മഞ്ഞണിപ്പൂനിലാവ് അസ്തമിച്ചു...(അനുസ്മരണം:സുധീർ പണിക്കവീട്ടിൽ)

മഞ്ഞണിപ്പൂനിലാവ് അസ്തമിച്ചു. സന്ധ്യ കണ്ണീരുമായി കേഴാൻ തുടങ്ങി. ആ പൂങ്കുയിലിന്റെ നാദം നിലച്ചു. ദക്ഷിണേന്ത്യയിലെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന എസ്. ജാനകി ജൂലൈ 11, 2026 ഇൽ ഈ ലോകത്തോട് യാത്ര പറഞ്ഞു.. അവർക്ക് 88 വയസ്സായിരുന്നു. ശ്വസന സംബന്ധമായ അസുഖം മൂലം അവരെ മൈസൂരു അപ്പോളോ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. എസ് ജാനകി എന്ന ഗാനകോകിലം ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായിരുന്നു. 1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു അവരുടെ ജനനം. അവരുടെ ഗാനാലാപന ജീവിതത്തിൽ അവർ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് കന്നഡ ഭാഷയിലാണെന്നു രേഖകൾ കാണിക്കുന്നു. നമ്മുടെ മലയാളത്തിൽ 1277 പാട്ടുകളെ അവർ പടിയിട്ടുള്ളുവെന്ന് കാണുന്നുണ്ട്. എണ്ണങ്ങളിലെ കൃത്യത രേഖകളെ വിശ്വസിക്കുക തന്നെ. ആന്ധ്രായിൽ ജനിച്ച ഗായികയെങ്കിലും അവരെ മലയാളികൾ അവരുടെ സ്വന്തമായി കണ്ടു. 

ജാനകിയമ്മയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത് അവർക്ക് ഓൾ  ഇന്ത്യ റേഡിയോ സംഘടിപ്പിച്ച ലളിതഗാനത്തിൽ ലഭിച്ച രണ്ടാം സ്ഥാനവും അന്നത്തെ രാഷ്ട്രപതിയിൽ നിന്നും അതിനു ലഭിച്ച സമ്മാനവുമായിരുന്നു.  എം എൽ എ എന്ന തെലുഗ് ചിത്രത്തിനുവേണ്ടി ഘണ്ടശാല വെങ്കിടേശ്വര റാവുമൊത്ത് പാടിയ പാട്ടായിരുന്നു എസ് ജാനകിയുടെ സ്വരത്തിൽ പുറത്തുവന്ന ആദ്യഗാനം.
സവിശേഷമായ ശബ്ദമാധുരികൊണ്ട് ആസ്വാദകമനസ്സുകളിൽ തേന്മഴ പെയ്യിച്ച എസ് ജാനകിയമ്മ ആദ്യമായി മലയാളത്തിൽ പാടിയത് 1957 ഇൽ ആണ്. എന്നാൽ 1963 ഇൽ എം.എസ് ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ മൂടുപടം എന്ന സിനിമക്കുവേണ്ടി അവർ പാടിയ "തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ" എന്ന ഗാനം മലയാളക്കരയെ ഇളക്കിമറിച്ചു. പ്രണയാനുഭൂതികളുമായി സ്വപ്നം കണ്ടിരുന്ന  കൊച്ചു സുന്ദരിമാർ ആ ഗാനത്തിന്റെ ഈരടികൾ പാടി അവരുടെ മനസ്സിലെ മോഹങ്ങൾക്ക് ചിറകു നൽകി. ശാലീനസുന്ദരമായ  അവരുടെ ശബ്ദത്തിന്റെ മാസ്മരികതയിൽ യുവതികൾ മോഹാലസ്യരായി. അടുത്ത വീട്ടിലെ ചെറുക്കന്മാർ അവരുടെ വിരുന്നുകാരാകാൻ വെമ്പി നടന്നു. പ്രണയാതുരരായവരെ ഗാനങ്ങളുടെ മധുരിമ സ്വാധീനിക്കുന്നു. മലയാളികളുടെ മനസ്സിൽ പ്രണയസുധ പൂശിയ അനവധി ഗാനങ്ങൾ അവർ പാടി. പ്രണയ ഹോർമോൺ' (love hormone) എന്നറിയപ്പെടുന്ന ഓക്സിറ്റോസിൻ ഉൽപ്പാദിപ്പിക്കാൻ ഒരു ശബ്ദം തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഇത് നിങ്ങളെ കൂടുതൽ സന്തോഷവാനും ഒപ്പം കൂടുതൽ ശാന്തനുമാക്കുന്നു എന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തൽ.

തേൻതുള്ളികൾ പോലെയുള്ള അവരുടെ ശബ്ദത്തിനു മനുഷ്യവികാരങ്ങളെ ഉണർത്താനും സ്വാധീനിക്കാനും കഴിഞ്ഞിരുന്നു. 1967 ഇൽ പുറത്തിറങ്ങിയ നഗരമേ നന്ദി  എന്ന സിനിമയിൽ അവർ പാടിയ മഞ്ഞണി പൂനിലാവ് പേരാറ്റിൻ കരയിങ്കൽ " എന്ന ഗാനം അന്നത്തെ യുവഹൃദയങ്ങളെ ആകർഷിച്ച ഗാനമാണ്. ഈ ഗാനം ഇന്നും മത്സരവേദികളിൽ പാടുന്നുണ്ട്. കരൾനിറയെ കന്നിപ്രേമത്തിന്റെ നിലാവുദിച്ചു നിന്നിരുന്ന ഒരു ഗ്രാമീണകന്യകയുടെ മൃദുല ചിന്തകൾ ഉൾകൊള്ളുന്ന വരികൾ പ്രണയാർദ്രമായ ശബ്ദത്തിൽ പാടി എസ് ജാനകി എന്ന ഗായിക കുമാരിമാരുടെ ഹൃദയങ്ങളിൽ ചേക്കേറി. ആ പാട്ടിലെ ഈ വരികൾ "താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍, ഒരു കൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍" പാടുമ്പോൾ നായികയുടെ കരൾതുടിപ്പുകൾ ഒപ്പിയെടുത്തപോലെ തന്റെ ശ്വാസങ്ങളിലൂടെ  അവർ ആ ഭാവം പ്രകടിപ്പിച്ചു. ഓരോ തവണ കേൾക്കുമ്പോഴും നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ  ആശയിൽ പൊതിഞ്ഞ കിനാവിന്റെ പൊൻ നാണയങ്ങൾ കിലുങ്ങുന്നത് നമുക്ക് കേൾക്കാം.

താരാട്ടുപാട്ടുകൾ ശിശുക്കളുടെ കാതുകളിലേക്ക് മൃദുവായി ഇറ്റിച്ചുകൊടുക്കുന്നപോലെ വളരെ ആർദ്രമായി പാടാൻ അവർക്ക് കഴിയുമായിരുന്നു. അവയിൽ പ്രസിദ്ധമാണ് മലർകൊടി പോലെ,ഓമനത്തിങ്കൾക്കിടാവോ, ഓലത്തുമ്പത്തിരുന്നുയലാടും, ഉണ്ണി ആരാരിരോ തുടങ്ങിയവ. അവയിലെല്ലാം മാതൃവാത്സല്യം തുളുമ്പിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. പ്രണയം, വിരഹം, സന്തോഷം, ദുഃഖം, ഭക്തി, സൗഹൃദം, വാത്സല്യം  തുടങ്ങിയ വിവിധ മാനവിക വികാരങ്ങൾ ആവിഷ്കരിക്കുന്ന ഗാനങ്ങൾ അനായാസതയോടെ ചാരുതയോടെ ജാനകിയമ്മ പാടിയിട്ടുണ്ട്. ഒരു ജീവിതകാലം മുഴുവൻ ഗാനാലാപനത്തിനായി നീക്കി വച്ച അവരുടെ ജീവിതം  മനുഷ്യമനസ്സുകളിൽ പതിപ്പിച്ച മായാത്ത മുദ്രകൾ അവരുടെ ഓരോ ഗാനത്തിന്റെയും ഈരടികൾ ഓർമ്മിപ്പിക്കുന്നു.
പ്രകൃതിയിലെ ഓരോ ദൃശ്യങ്ങളും അവരുടെ പാട്ടുകളെ ഓർമ്മിപ്പിക്കുന്നു. എന്നെ കണ്ടാൽ എന്ത് തോന്നും എന്ന് ചോദിച്ചുകൊണ്ട് കൊന്നപ്പൂക്കൾക്ക് അരികിൽ ഒരു പെൺകൊടി നിൽക്കുമ്പോൾ, സൂര്യകാന്തിപ്പൂക്കളെ കാണുമ്പോൾ  ആരെ സ്വപ്നം കാണുന്നു എന്ന് ചോദിക്കാൻ തോന്നുമ്പോൾ, മുറ്റത്തു മുല്ലപ്പൂക്കൾ വിരിയുമ്പോൾ, കടവത്തണയുന്ന തോണി കാണുമ്പോൾ, ഒരു ഉമ്മാച്ചു കസ്തൂരി തൈലമിട്ട് മരുമകളുടെ മുടി മിനുക്കുമ്പോൾ, പാതിരാപ്പൂക്കൾ കൺ തുറക്കുമ്പോൾ, കിളിവാതിലിൽ മിഴിയും നട്ട് വാസന്തപഞ്ചമി നാളിൽ ഒരു  കാമുകി അസ്വസ്ഥയായി ഇരിക്കുന്നത് കാണുമ്പോൾ, ഏറ്റുമാനുരമ്പലത്തിൽ എഴുന്നെള്ളത്തിനു സുന്ദരിമാർ നിരന്ന് നിൽക്കുമ്പോൾ  കാണാൻ നല്ല കിനാവുകൾ കാണുമ്പോൾ അവരുടെ സ്വർഗീയ സ്വരരാഗസുധ നമ്മുടെ കാതുകളിലേക്ക് ഒഴുകി വരുന്നു.  

പ്രണയത്തിന്റെ മധുരം നിറച്ച പാട്ടുകളുമായി അവർ വന്നു തിരിച്ചുപോയെങ്കിലും പാട്ടുകൾ നമ്മൾക്കൊപ്പമുണ്ടെന്നുള്ളത് അവരുടെ ജന്മം പുണ്യമാക്കുന്നു അവരെ അനശ്വരയാക്കുന്നു.  സ്ത്രീഹൃദയത്തിന്റെ വിവിധ ഭാവങ്ങളും വികാരങ്ങളും അവരുടെ പാട്ടുകളിൽ ഇഴചേർന്നു നിന്നു. ഓർക്കുംതോറും ഓരോ ഗാനങ്ങൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നു. അവസാനമായി പി ഭാസ്കരൻ മാഷ് എഴുതിയ ഒരു ഗാനം ശ്രദ്ധിക്കാം.

അവിടുന്നെന്‍ ഗാനം കേള്‍ക്കാൻ 
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ 
വെളിയില്‍ വരാനെന്തൊരു നാണം 
വെളിയില്‍ വരാനെന്തൊരു നാണം 
അവിടുന്നെന്‍ ഗാനം കേള്‍ക്കാൻ

ഒരു സിനിമയിലെ നായിക അവളുടെ പാട്ടു കാമുകൻ കേൾക്കുന്നുണ്ടെന്നറിഞ്ഞുകൊണ്ട് നാണത്തോടെ പാടുന്നതാണ് സന്ദർഭം. ഇതിലെ വരികൾ പോലെ നമ്മൾ കാതോർത്തിരുന്നാലും പാടാനായി ആ അനശ്വര ഗായിക വരുകയില്ല. എന്നാലും നമ്മുടെ മനസ്സുകളിൽ സങ്കൽപ്പങ്ങളിൽ അവർ ഉണ്ടാകും. അവർക്ക് പ്രണാമം.

ശുഭം

 

 

Join WhatsApp News
Abdul 2026-07-12 12:53:54
Well written as if she is singing... Pranamam for S. Janaki.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക