
സംഗീതലോകത്തെ ഇതിഹാസ സ്വരമധുരിമ - ഗായിക എസ് ജാനകി (88) അന്തരിച്ചു. കാതുകൾക്ക് ഇമ്പമായി... മനസുകൾക്ക് കുളിരായി...ഇന്ത്യൻ സംഗീതപ്രേമികൾ അനുഭവിച്ച മാന്ത്രിക സംഗീത മാധുര്യം.... ഇനി ഓർമ. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാനകിയുടെ വിയോഗം സംഗീതാസ്വാദകര്‍ക്കും സിനിമാലോകത്തിനും വലിയ നഷ്ടമായി. മലയാളത്തിന്‍റെ ദത്തുപുത്രി എന്നറിയപ്പെടുന്ന സംഗീത പ്രതിഭ യാത്രയാകുന്നത് ആറ് പതിറ്റാണ്ടുകൾ നിറഞ്ഞ് നിന്ന സംഗീത ലോകത്തിൽ നിന്നുകൂടിയാണ്.
തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം (ഡ്യുയറ്റ്), കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്കെത്തിച്ചത്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ്.ജാനകിയെ തേടിയെത്തി. 1976-ൽ `പതിനാറു വയതിനിലേഎന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്‌നാട് സർക്കാരിൻറെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിൻറെ അവാർഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട് സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ് 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്.
മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്. തളിരിട്ട കിനാക്കൾതൻ..(മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.
സംഗീത വേദികൾക്ക് വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയായിരുന്നു ജാനകിയമ്മ. 2017ൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി അറിയിച്ചത്.