
വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മലയാളികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ വി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച 15 പേരിൽ ഇവർ ഉൾപ്പെടുന്നു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചു.
സംഭവം സ്ഥിരീകരിച്ചതിനെത്തുടർന്ന്, കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ആവിയോട്ട് ഹൗസിൽ താമസിക്കുന്ന എ വി തോമസിൻ്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ എത്രയും വേഗം കേരളത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വിയറ്റ്‌നാമിലെ ഇന്ത്യൻ അംബാസിഡറോട് അഭ്യർഥിച്ചു. നിയമപരവും ഭരണപരവുമായ നടപടികൾ വേഗത്തിലാക്കാനും, ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കാനും എംപി ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് വിയറ്റ്‌നാം തീരത്തെ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്കിന് (Phu Quoc) സമീപം രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടക്കം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഹോൺ മേ റൂട്ടിൽ നിന്നും ആൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട്, ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് തീരത്തുനിന്ന് 400 മീറ്റർ അകലെവെച്ച് തലകീഴായി മറിയുകയായിരുന്നു.
സംഭവത്തിൽ 15 പേർ മരിച്ചു. ഇതിൽ രണ്ട് പേർ ആന്ധ്രാപ്രദേശ് സ്വദേശികളായ ജയലക്ഷ്മി, ജയശ്രീ എന്നിവരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽപ്പെട്ട ആന്ധ്ര സംസ്ഥാനത്തുനിന്നുള്ള മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"ആന്ധ്രയിലെ മച്ചിലിപട്ടണം സ്വദേശികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ത്യൻ എംബസിയുമായും വിയറ്റ്‌നാം അധികൃതരുമായും ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കും-" ആന്ധ്രാപ്രദേശ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു
32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ 17 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന 36 പേരെയും നിലവിൽ കണ്ടെത്തിയിട്ടുണ്ട്.