
ചേര്‍ത്തല :2026 ഫിഫ ലോകകപ്പിന്റെ ആവേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചുകൊണ്ട് 'ഫിഫ നൈപുണ്യ' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ സോബിന്‍ എസ് പരിപാടി ഉല്‍ഘാടനം ചെയ്തു. നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ഡോ. ബെന്നി ജോണ്‍ മാരാംപറമ്പില്‍ അധ്യക്ഷനായ പരിപാടിയില്‍ ഫാ. അന്‍സില്‍ മൈപ്പാന്‍, ഫാ. ജിനു ചെത്തിമറ്റം, ഡീന്‍ ഡോ. അജയ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പസ്സിലെ വിവിധ വേദികളില്‍ നടന്ന മത്സരപരിപാടികളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ആവേശവും ശ്രദ്ധേയമായി.
ആഘോഷത്തിന്റെ ഭാഗമായി നടന്ന 4 x 4 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വിദ്യാര്‍ത്ഥികളുടെ ടീം വിജയികളായി. വിദ്യാര്‍ഥിനികള്‍ക്കായുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോള്‍ ജഗ്ലിംഗ് ചലഞ്ച്, ഫിഫ ഫുട്‌ബോള്‍ ക്വിസ്, ലോകകപ്പ് പ്രമേയ നൃത്താവിഷ്‌കാരം, വേള്‍ഡ് കപ്പ് ജേഴ്‌സി റാംപ് വാക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരപരിപാടികളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.