
തിരുവനന്തപുരം: നൃത്യരംഗം ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ഓര്‍ഗനൈസേഷന്റെ നാച്ചോ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മലയാള നാടക-ചലച്ചിത്ര രംഗത്തും സാംസ്‌കാരിക വിനിമയ മേഖലയിലും നല്‍കിയ അതുല്യ സംഭാവനകള്‍ മുന്‍നിര്‍ത്തി, നിലവില്‍ നിഷ് സര്‍വകലാശാല ഫിലിം അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. പ്രമോദ് പയ്യന്നൂരിനെ ഇത്തവണത്തെ 'നാച്ചോ സമഗ്ര സംഭാവന പുരസ്‌കാര'ത്തിന് തിരഞ്ഞെടുത്തു.
കുച്ചിപ്പുടി രംഗത്തെ മികവിനും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയതിനുമായി ശ്രീ ഗൗതം മഹേശ്വറിന് 'നാച്ചോ യുവ പുരസ്‌കാരം' സമ്മാനിക്കും.
പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചര്‍, കവയിത്രി റോസ് മേരി, നാടക-സിനിമ പ്രവര്‍ത്തകന്‍ എം.ആര്‍. ഗോപകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുപ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംഘടനയുടെ വാര്‍ഷികാഘോഷമായ 'നാച്ചോ ഫെസ്റ്റ് 2026' ജൂലൈ 11, 12 തീയതികളില്‍ തിരുവനന്തപുരം കിഴക്കേക്കോട്ട പ്രിയദര്‍ശിനി ഹാളില്‍ വച്ച് നടക്കുമെന്ന് സംഘടന സെക്രട്ടറി സുമ സന്ധ്യ ജി പത്രക്കുറിപ്പില്‍ അറിയിച്ചു.
ജൂലൈ 11-ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. പദ്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ കലാമണ്ഡലം വിമലാ മേനോന്‍ ചടങ്ങില്‍ മുഖ്യാതിഥി ആകും. തുടര്‍ന്ന് 11 ന് രാത്രി 7:30-ന് പുരസ്‌കാര ജേതാവ് ഗൗതം മഹേശ്വറിന്റെ കുച്ചിപ്പുടി നൃത്താവതരണവും നൃത്യരംഗം സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ സംഗീത-നൃത്ത പരിപാടികളും നടക്കും.