
ടെക്‌സസിലെ പ്ലാനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹെല്‍ത്ത് കെയര്‍ അനലിറ്റിക്‌സ്, ടെക്‌നോളജി കമ്പനിയായ 'കോറോ ഹെല്‍ത്തില്‍' നടന്ന കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞത് 800-ലധികം ജീവനക്കാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കമ്പനി നിലവില്‍ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും അതിനാലാണ് നടപടിയെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനി അധികൃതര്‍ വാദിച്ചത്. എന്നാല്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിനായി ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും, അല്ലാത്തപക്ഷം തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോഡിംഗ് കമ്പനിക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി ബിന്ദു കൃഷ്ണയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുത്തപ്പോള്‍, കമ്പനി പ്രതിനിധികള്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്. ചര്‍ച്ചയില്‍ കമ്പനിയെ പ്രതിനിധീകരിച്ച് ലീഗല്‍ അഡൈ്വസര്‍ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. വരുന്ന 20-ന് നടക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളുമായി തിരിച്ചെത്താന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി ഇതിനെ ചെലവ് ചുരുക്കല്‍ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇത് സ്ഥാപനം പൂട്ടലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് പുതിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
''കമ്പനിയുടെ വെബ് സൈറ്റ് പ്രകാരം സ്ഥാപനം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നോയിഡ, ഹൈദരാബാദ് സെന്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ സെന്ററുകള്‍ മാത്രം ജോലിയില്ലെന്ന് കാണിച്ച് പൂട്ടിയതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കമ്പനി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ അവരുടെ ലാഭകരമായ മറ്റ് മേഖലകള്‍ വ്യക്തമക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സംഘടി തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കാണും...'' മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി മാസത്തിലും ഈ കമ്പനിയില്‍ നിന്ന് 144 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അന്ന് കൊച്ചി സെന്ററില്‍ നിന്ന് 58 പേരെയും കോഴിക്കോട് സെന്ററില്‍ നിന്ന് 86 പേരെയും ഒഴിവാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഒരൊറ്റയടിക്ക് 830 പേരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ഗുരുതര സാഹചര്യം ഉണ്ടായത്.
ജൂലൈ 20-ലെ അടുത്ത യോഗം വരെ ജീവനക്കാരെ ഓഫീസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോള്‍, ജീവനക്കാര്‍ വീട്ടില്‍ തന്നെ തുടരട്ടെ എന്നായിരുന്നു കമ്പനിയുടെ നിര്‍ദ്ദേശം. ഇതിനെ സര്‍ക്കാര്‍ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു. തിങ്കളാഴ്ച മുതല്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുകയാണ്, ജീവനക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന ജീവനക്കാരുടെ ഹാജര്‍ തൊഴില്‍ വകുപ്പ് രേഖപ്പെടുത്തുന്നുണ്ട്. കമ്പനിക്ക് ജീവനക്കാരെക്കുറിച്ച് യാതൊരു പരാതിയും ഇല്ലായിരുന്നുവെന്ന് മാത്രമല്ല, അവരെ അഭിനന്ദിക്കുകയും മറ്റ് സെന്ററുകളിലെ പരിശീലനത്തിനായി ഇവരെ നിയോഗിക്കുകയും ചെയ്തിരുന്നതായി ഹൈബി ഈഡന്‍ എം.പി ചൂണ്ടിക്കാട്ടി. കമ്പനിയുടേത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടുത്തെ ജീവനക്കാരെ മറ്റ് സെന്ററുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ എന്നും, പുതിയതായി ജോലിയില്‍ പ്രവേശിച്ചവരെയൊഴികെ മറ്റുള്ളവരെയെങ്കിലും നിലനിര്‍ത്താന്‍ സാധിക്കുമോ എന്നും ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍ ചോദിച്ചു. യോഗത്തിന് മുന്നോടിയായി തങ്ങളുടെ ഭാവി സുരക്ഷിതമാകുമെന്നും ജോലിയില്‍ തിരിച്ചെടുക്കുമെന്നുമുള്ള വലിയ പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. ഞങ്ങള്‍ അനുകൂലമായ ഒരു തീരുമാനമാണ് പ്രതീക്ഷിച്ചിരുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ എണ്ണൂറോളം പേര്‍ക്ക് പെട്ടെന്ന് പുതിയൊരു ജോലി കണ്ടെത്തുക എന്നത് എളുപ്പമല്ലെന്നും ഒരു ജീവനക്കാരന്‍ പറഞ്ഞു. നേരത്തെ, കൊച്ചിയിലെ കമ്പനി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
ലോകത്തെമ്പാടുമായി കോറോഹെല്‍ത്തില്‍ 17,000-ത്തിലധികം ജീവനക്കാരുണ്ട്. പാറ്റ് ലിയോനാര്‍ഡ് ആണ് സി.ഇ.ഒ. ഹെല്‍ത്ത് കെയര്‍ അനലിറ്റിക്‌സ്, ടെക്‌നോളജി മേഖലയിലെ പ്രമുഖരായ നാല് കമ്പനികള്‍ ലയിച്ച് 2020-ലാണ് ഇത് രൂപീകൃതമായത്. ഫിസിഷ്യന്‍മാര്‍, ആശുപത്രികള്‍, ഹെല്‍ത്ത് പ്ലാനുകള്‍ എന്നിവര്‍ക്കായുള്ള എന്‍ഡ്-ടു-എന്‍ഡ് റെവന്യൂ സൈക്കിള്‍ മാനേജ്മെന്റ്, എ.ഐ അധിഷ്ഠിത യൂട്ടിലൈസേഷന്‍ മാനേജ് മെന്റ്, ക്ലിനിക്കല്‍ ഡോക്യുമെന്റേഷന്‍, മെഡിക്കല്‍ കോഡിംഗ് എന്നിവയില്‍ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ആഗോള നിക്ഷേപ സ്ഥാപനമായ ദ കാര്‍ലൈല്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ പിന്തുണയുള്ള കമ്പനിയാണ് കോറോഹെല്‍ത്ത്.
ചെന്നൈ, ബാംഗ്ലൂര്‍, കോഴിക്കോട്, കൊച്ചി തുടങ്ങിയ പ്രധാന ഐ.ടി ഹബ്ബുകള്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ കോറോഹെല്‍ത്തിന് ശക്തമായ പ്രവര്‍ത്തന അടിത്തറയുണ്ട്. ജീവനക്കാരുടെ സര്‍വേകളിലൂടെ തൊഴിലിടങ്ങളിലെ സംസ്‌കാരം വിലയിരുത്തുന്ന ഒരു ആഗോള ഗവേഷണ-കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പ്ലേസ് ടു വര്‍ക്ക് അംഗീകാരമുള്ള കോറോഹെല്‍ത്തിന്റെ ഇന്ത്യന്‍ സബ് സിഡിയറിയായ കോറോഹെല്‍ത്ത് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, റെവന്യൂ സൈക്കിള്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍ ഡാറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളിലായി ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കുന്നു.
''ഞങ്ങള്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു കമ്പനിയാണ്. അതുകൊണ്ടുതന്നെ, ഞങ്ങളുടെ ക്ലയന്റുകള്‍ക്ക് അവരുടെ ക്ലിനിക്കല്‍ റെവന്യൂ സൈക്കിളിലുടനീളം മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നതിനുള്ള വഴികള്‍ക്കായി ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രോഗീ പരിചരണത്തില്‍ നിങ്ങള്‍ക്കുള്ള അതേ അഭിനിവേശം ഞങ്ങള്‍ക്കുമുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. കൂടാതെ, നിങ്ങള്‍ നിയമവിധേയമായി വരുമാനം വീണ്ടെടുക്കുമ്പോള്‍ നിങ്ങള്‍ സേവനം നല്‍കുന്ന സമൂഹങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള പരിചരണം നല്‍കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുന്നു. മുഴുവന്‍ റെവന്യൂ സൈക്കിളിന്റെയും പരമാവധി പ്രയോജനം നേടാന്‍ നിങ്ങളെ സഹായിക്കുന്നതിനായി, ലോകത്തിലെ ഏറ്റവും മികച്ച വിദഗ്ധരുടെ ഒരു നിരയെ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പടുത്തിട്ടുണ്ട്. ഞങ്ങളുടെ ഈ മേഖലയിലെ മറ്റേതൊരു കമ്പനിയേക്കാളും കൂടുതല്‍ ആഴവും വ്യാപ്തിയുമുള്ള സാങ്കേതികവിദ്യയും ഉള്‍ക്കാഴ്ചകളും കോറോഹെല്‍ത്തിന് മാത്രമാണുള്ളത്...'' എന്നാണ് കമ്പനിയുടെ അവകാശവാദം.