
സമൂഹ്യ നീതിക്കായുള്ള പോരാട്ടമാണ് ഓരോ സീനിലും തുടിച്ചു നിൽക്കുന്നത്. തനിക്കും മകൾക്കും വേണ്ടിയുള്ള ഒരു സാധാരണ വീട്ടമമയുടെ അസാധാരണമായ ധൈര്യവും ചെറുത്തു നില്പും ആണ് ചിത്രം കാഴ്ച വെക്കുന്നത്
സന്തോഷവും സമാധാനവും സംതൃപ്തിയും നൽകുന്നതാകണം ദാമ്പത്യം . എന്നാൽ സ്ത്രീകളിൽ പലരുടെയും ദാമ്പത്യം കടന്നു പോകുന്നത് അസംതൃപ്തിയിലൂടെയാണ് . നിത്യേനയുള്ള തല്ലും വഴക്കും കുറ്റപ്പെടുത്തലും താഴ്ത്തികെട്ടലും അവഹേളനവും കാരണം മനവും തനുവും തളരുന്നു. ജിവിതകാലം മുഴുവനും സ്വവിധിയെ പഴിച്ച് വീടിനുള്ളിൽ നരകിക്കുന്നു. എങ്കിലും ആത്മധൈര്യം സംഭരിച്ച് വിഷലിപ്ത ബന്ധങ്ങളിൽ നിന്ന് പുറത്ത് കടന്നവരുമുണ്ട്. അവരെക്കുറിച്ചുള്ള സിനിമകൾ
( Sleeping with the enemy ,The Burning Bed , ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ etc) നമുക്കുണ്ട്.
വോട്ട് ലഭിച്ചതിന് തുടർന്ന് ഗാർഹിക പീഡനം അനുഭവിക്കുന്ന ഒരു റോമാക്കാരി തൻ്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ധൈര്യം സംഭരിക്കുന്നതാണ് പാവ്ലെ കോർട്ട്ലെസി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം
C'è ancora domani ( There 's still Tomorrow )
പിതൃദായക സമൂഹത്തിൽ സർവ്വസാധാരണമായ ചീത്തവിളിയെയും ഗാർഹിക പീഢനത്തെയും നോർമലെസ് ചെയ്യുന്നതാണു് സിനിമയുടെ ആഖ്യാനം. ലോകത്തിലെ ഏറ്റവും സുന്ദരമായ രംഗം അരങ്ങേറുന്ന കിടക്കയിൽ അസുന്ദരമായ രംഗവും. പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയുമ്പോൾ ഭാര്യയുടെ കരണക്കുറ്റിക്ക് അടിക്കുന്ന ഒരു ഭർത്താവിനെയാണ് ആദ്യ സീനിൽ സംവിധായിക നമുക്ക് പരിചയപ്പെടുത്തുന്നത്. അതിരാവിലെ ഉണരാത്തതിനും ബ്രേക്ക് ഫാസ്റ്റും റെഡിയാക്കത്തിനും ഉള്ള ശിക്ഷയാണത്. സത്യത്തിൽ
ആ പ്രഹരം പ്രേക്ഷകരുടെ കരണത്തിനുള്ള ഒരടി കൂടിയാണ്
ഭർതൃപീഢനത്തിനെതിരെ നായിക ദേലിയ തെല്ലും പ്രതിഷേധിക്കുന്നില്ല. നിരന്തരമായ പ്രഹരവും താഴ്ത്തികെട്ടലും അവളുടെ ആത്മാഭിമാനത്തെ പാടെ നശിപ്പിച്ചിരിക്കണം. ഒന്നും സംഭവിക്കാത്തതു പോലെ അവൾ മുടി ചീകി കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നു.

രാവിലെ സ്ത്രീകൾക്ക് സ്വസ്ഥമായി ഒന്ന് വാഷ് റൂമിൽ പോകാൻ പോലും സമയം ലഭിക്കാറില്ല. പലവിധ ജോലികൾ ഒരേ സമയം ചെയ്താലേ വീട്ടുകാര്യങ്ങളെല്ലാം നേരത്ത് പൂർത്തിയാകുകയുള്ളു. വീടും കിടക്കയും വൃത്തിയാക്കണം , ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണം, ഭർത്താവിനും കുട്ടികൾക്കും ഭക്ഷണം വെച്ചുവിളമ്പി കൊടുക്കണം പിന്നെ കഴുകണം തുടയ്ക്കണം തുടങ്ങി അങ്ങനെ എന്തെന്ത് ജോലികൾ .എല്ലാം കഴിഞ്ഞാണ് അവർ ഭക്ഷണത്തിനിരിക്കുക. എന്നാൽ അപ്പോഴാണു് വീട്ടീലെ പ്രായം ചെന്നവർ അലറി വിളിക്കുക. ഒരു കഷണം അപ്പം സമാധാനത്തോടെ കഴിക്കാൻ അവർ സമ്മതിക്കില്ല. അൽപ്പം വൈകിയാൽ പിന്നെ ശാപവും പൂരപ്പാട്ടും ആണ്. നമ്മുടെ കുടുംബങ്ങളിലെ വാർദ്ധക്യകാല ജീവിതത്തിലേക്ക് ചിത്രം എത്തിനോക്കുന്നത് കൗതുകകരമാണ്. ഭക്ഷണം കൊടുത്താൽ മാത്രം പോരാ അവരുടെ മലമൂത്രവും എടുക്കുന്നതും സ്ത്രീകളുടെ മാത്രം ജോലിയാണ്. രാവിലെ മനം മറിയുമെങ്കിലും അതെല്ലാം അവർ തന്നെ ചെയ്യും. അതു പോലെ നിത്യേനെ തുടച്ചു വൃത്തിയാക്കുന്നതും സ്ത്രീകളുടെ ജോലിയാണ്. അതിനിടയിൽ ചില കുരുത്തകേടുകൾ മുടിനരച്ചവർ കാട്ടാറുണ്ട്. രാവിലെ ശരീരം തുടക്കുമ്പോള്‍ ഭർതൃപിതാവ് ദേലിയയുടെ ചന്തിക്ക് തടവുന്ന ഷോട്ട് നോക്കുക. ഒട്ടും പ്രതിഷേധിക്കാതെ അവൾ ഒഴിഞ്ഞു മാറുന്നത് സംവിധായിക തുറന്നുകാട്ടുന്നുണ്ട്.
വീടിൻ്റെ നെടുംന്തൂണാണ് സ്ത്രീകൾ എങ്കിലും വീട്ടുകാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിഴക്കും ഇല്ല പടിഞ്ഞാറും ഇല്ല. ഭർത്താവ് മാത്രമല്ല ദേലിയയെ ശാസിക്കുന്നത് അമ്മായിയപ്പനും
ഉണ്ടു്. "നീ കൂടുതൽ സംസാരിക്കുന്നു."
കാരണം നാവടുക്കു പണിയെടുക്കുക എന്നതാണല്ലോ പുരുഷാധിപത്യത്തിൻ്റെ ഏക്കാലത്തെയും തത്വശാസ്ത്രം.
വീടുകളിൽ അരങ്ങേറുന്ന പീഡനത്തെ ബാലെയായി കാണിക്കുന്ന ഒരു രംഗമുണ്ട്.
കറുത്ത ഹാസ്യവും ഫാൻ്റസിയും ചേർന്ന രംഗം. ഭർതൃതാഢനത്തെ ബാലെയുടെ കര ചലനങ്ങളാക്കി മാറ്റിയിരിക്കുന്നത് പിതൃദായക കൃമത്തിൻ്റെ അസംബന്ധത വ്യക്തമാക്കുന്നു. കഴുത്തിൽ കുത്തി പിടിക്കുന്നതും തള്ളിയിടുന്നതും കരങ്ങൾ പിരിക്കുന്നതും തൊഴിക്കുന്നതും. ഒരു പന്തിനെ പോലെ ദേലിയയെ തട്ടി കളിക്കുന്നത് ഹൃദയം പൊടിയുന്ന കാഴ്ചയാണ്.
ഭർത്താവ് ഇവാനോയുടെ ഉറക്കെയുള്ള ചീത്ത വിളി അയൽക്കാർ കേൾക്കുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. കാരണം ഇതൊക്കെ നമ്മുടെ സാമൂഹിക വ്യവസ്ഥയിൽ സർവ്വ സാധാരണമായ ഒരു കാര്യമാണെന്ന് സംവിധായിക സൂചിപ്പിക്കുന്നു.
ഇവനോ ദേലിയ ദമ്പതികൾക്ക് മകളും രണ്ട് പുത്രന്മാരും ഉണ്ടു്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മകളുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ദേലിയയക്ക് ഉത്കണ്ംയുണ്ട്. ചെലവേറിയ തുടർ പഠനത്തെ ഭർത്താവ് പ്രോത്സാഹിപ്പിക്കുന്നില്ല. അത് അവരെ വിഷമിപ്പിക്കുന്നു. തൻ്റെ അവസ്ഥ തന്നെ മകൾക്കും വന്നേക്കുമെന്ന് ഭയപ്പെടുന്നു. അതിൽ നിന്നും മകളെ രക്ഷിക്കാൻ സമ്പാദ്യത്തിൻ്റെ ഒരു ഭാഗം അവൾ രഹസ്യമായി സൂക്ഷിക്കുന്നു. മകൾക്ക് വിവാഹാലോചന വരുമ്പോൾ ഇവാനോ സമ്മതിക്കുന്നു. കാരണം പയ്യൻ ഒരു കാപ്പി കടക്കാരൻ്റെ പുത്രനാണ്. ഫാസിസത്തിൻ്റെ പങ്കു പറ്റിയതൊന്നും ഇവാനോവ് നോക്കുന്നില്ല. പണവും സമൂഹത്തിലെ സ്ഥാനവും ആണ് അയാൾക്ക് ( പുരുഷന് ) എന്നും വലുത്.

ദുരിതം പിടിച്ച ഈ ഗാർഹിക പീഢനത്തിൽ നിന്ന് രക്ഷപ്പെടാൻ നായികക്ക് ഒന്നുരണ്ട് വഴികൾ കഥാകൃത്ത് കാണിച്ചു കൊടുക്കുന്നുണ്ട്. തെരുവിലെ കാർ മെക്കാനിക്ക് കൗമാരത്തിലെ കാമുകനാണ്.
കാലങ്ങൾ കഴിഞ്ഞിട്ടും മധുരം കിനിയുന്ന ഓർമ്മകൾ
ദേലിയ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്. മെച്ചപ്പെട്ട വരുമാനം തേടി വടക്കോട്ട് ചേക്കേറാൻ പ്ലാനിടുമ്പോൾ അയാൾ ദേലിയയെ ക്ഷണിക്കുന്നു. അതിനുള്ള ഉത്തരം ചിത്രാന്ത്യം വരെ തുടരുന്നതാണു് ചിത്രത്തിൻ്റെ സസ്പെൻസ്.
പൊതുയിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥകൾ പരിതാപകരമാണ്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള വർക്കിംഗ് ക്ലാസ് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളിലേക്കും ചിത്രം എത്തിനോക്കുന്നുണ്ട്. കുട നിർമ്മാണം ചെയ്യുന്ന ദേലിയയ്ക്ക് അതേ ജോലി ചെയ്യുന്ന പുരുഷനേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനമില്ലെന്ന അനീതിയിലേക്ക് സംവിധായിക വിരൽ ചൂണ്ടുന്നു. തൊഴിൽ രംഗത്ത് നടക്കുന്ന കടുത്ത വിവേചനവും ലിംഗ അസമത്വവും പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്ന
നിരവധി രംഗങ്ങൾ ഉണ്ട്. ഈ അനീതി ചോദ്യം ചെയ്യുമ്പോൾ ഉടമസ്ഥൻ പറയുന്നു.
"നീ ഒരു പെണ്ണാണ്. "
ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ദേലിയ വഴിയിൽ കിടക്കുന്ന ഒരു ഫോട്ടോ കാണുന്നു. തെരുവിന് കാവൽ നിൽക്കുന്ന ആഫ്രിക്കൻ വംശജനായ ഒരു പട്ടാളക്കാരൻ്റെതായിരുന്നു അത്. നഷ്ടപ്പെട്ട ആ ചിത്രം നൽകുമ്പോൾ അയാൾ കുറച്ച് മധുരം സമ്മാനിക്കുന്നു. എന്നാൽ അത് അവൾക്ക് ഒരു ദു:ഖമായി കലാശിക്കുന്നു. ഭർത്താവ് മാനം കെട്ടവളെന്ന് പരസ്യമായി ആക്ഷേപിക്കുന്നു. അത് കേട്ട് മധുരം കഴിക്കാതെ കുട്ടികളെല്ലാം എഴുന്നേറ്റു പോകുമ്പോൾ ദേലിയ തലകുനിക്കുന്നു.
ചിത്രത്തിലെ ഓരോ സീനിലും നിറയുന്നത് ദേലിയയുടെ മുഖമാണ് .ക്രുരനായ ഭർത്താവ് മർദ്ദിക്കുമ്പോൾ ആ മുഖത്ത് ഭയം , ഉൽകണ്ം, വേദന. തുടങ്ങിയവ മാറി മാറി പ്രത്യക്ഷപ്പെടുന്നുണ്ട്. അതുപോലെ അപൂർവ്വമായി പ്രതീക്ഷയും അഭിമാനവും ചെറുത്തു നിൽപ്പും പുഞ്ചിരിയും. ഈ വികാരങ്ങളെല്ലാം നൂക്ഷ്മതയോടെ ദേലിയയായി അഭിനയിക്കുന്ന കോർട്ട്ലെസി അവതരിപ്പിക്കുന്നുണ്ട്.
സായാഹ്ന മർദ്ദനം കഴിഞ്ഞ് കവലയ്ക്ക് ഇറങ്ങുന്ന ഇവാനോവിനെ ക്രീം പുരട്ടുന്ന ഒരു രംഗമുണ്ട്. തെല്ലും പരിഭവമില്ലാതെ പുരട്ടുന്നത് പ്രേക്ഷകരെ അമ്പരപ്പിക്കും. അമ്മയുടെ ഈ ദാസ്യത്തെ മകൾ ഒരിക്കൽ ചോദ്യം ചെയ്യുന്നുണ്ട്. അതിന് മറിച്ചൊരു ഒരു ചോദ്യമാണ് ഉത്തരമായി നൽകുന്നത്.
"ഞാൻ എവിടെ പോകും?"
കാമുകനെ പോലെ ചോക്ലേറ്റ് സമ്മാനിച്ച ആ പട്ടാളക്കാരനും ഈ നരകത്തിൽ നിന്ന് രക്ഷപ്പെടൽ കരം നീട്ടുന്നുണ്ട്. എങ്കിലും അവൾ മടിക്കുന്നു.
പെൺകൂട്ടായ്മകളുടെ കരുത്തിലേക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. വിട്ടുമുറ്റത്തും വഴിയോരങ്ങളിലും അവർ പരസ്പരം സഹായിക്കുകയും സഹതപിക്കുകയും ചെയ്യുന്നുണ്ട്..പച്ചക്കറി കച്ചവടം ചെയ്യുന്ന ഒരു സ്ത്രീ മാത്രമാണ് ദേലിയയുടെ കഷ്ടപ്പാടുകളിൽ സഹതപിക്കുന്നത്. ഗാർഹിക നരകത്തിൽ പുറത്ത് കടക്കാൻ അവർ നിരന്തരം ഉപദേശിക്കുന്നുണ്ട്. ദേലിയ മടിക്കുന്നു .എങ്കിലും ഒടുവിൽ സമ്മതിക്കുന്നു. ചിത്രാന്ത്യം വരെ ആ സസ്പെൻസും തുടരുന്നു.
1946 ലെ ഇലക്ഷനിലാണു് ഇറ്റലിയിലെ സ്ത്രീകൾ ആദ്യമായി വോട്ടു ചെയ്യുന്നത്. അത് വനിത ശാക്തികരണത്തിൻ്റെ നാൾവഴിയിലെ നാഴികക്കല്ലാണ്. അതിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നതാണു് ചിത്രത്തിൻ്റെ രാഷ്ട്രീയം.
ദാമ്പത്യ നരകത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല പകരം വോട്ടിംഗാണു് സ്ത്രീ - പുരുഷ സമത്വം കൈവരിക്കാനുള്ള എളുപ്പവഴിയെന്നത് ( പ്ലോട്ട് ട്വിസ്റ്റ് ) പ്രേക്ഷകരെ ഞെട്ടിക്കുന്നതാണു്. (That's what art is, shocking people. Sometimes shocking yourself - Willow Smith).
അടിച്ചമർത്തപ്പെടുത്തലിൽ നിന്ന് ആത്മവിമോചനത്തിലേക്കുള്ള യാത്രയാണ് വോട്ടിംഗിലൂടെ ദേലിയ നടത്തുന്നത്. പുരുഷന്മാരെ ആശ്രയിക്കുന്നതിന് പകരം സ്വശക്തിയിൽആശ്രയിക്കുന്നതാണ് സിനിമയുടെ ഫെമിനിസ്റ്റ് വീക്ഷണം. ചിത്രത്തിൻ്റെ ഒടുവിൽ വോട്ടിംഗിൻ്റെ ശക്തി കാട്ടുന്ന ഒരു ഷോട്ടുണ്ട്; പോളിംഗ് സ്റ്റേഷന് മുന്നിൽ ബലഹീനനായ ഇവാനോയെ കാണിച്ചു തരുമ്പോൾ ...
ബൈസിക്കൾ തീഫ്സ്, റോം ഓപ്പൺ സിറ്റി എന്നിവയുടെ സീനുകളെ അനുസ്മരിപ്പിക്കുന്നചില ഷോട്ടുകൾ ടുമോറോയിലുണ്ട്. ലോംഗ് ടേക്കുകളും വഴിയാത്രക്കാരെയും കഥാപാത്രങ്ങളാക്കിയാണ് സംവിധായിക ബജറ്റിനെ മറികടക്കുന്നത് . അതോടെപ്പം ഇവ ചിത്രത്തിന് ആവശ്യമായ റിയലിസവും നൽകുന്നുണ്ട്. ഫെല്ലിനിയുടെയും ഡിസിക്കായുടെയും റോസല്ലനിയുടെയും നിയോറിയലിസ്റ്റ് ശൈലിയെ
സിനിമ പൂർണ്ണമായി പിൻതുടരുന്നു. സീനുകൾ പലപ്പോഴും അവ്യക്തയിലാണ് കട്ട് ചെയ്യുന്നത്. എങ്കിലും സമൂഹ്യ നീതിക്കായുള്ള പോരാട്ടമാണ് ഓരോ സീനിലും തുടിച്ചു നിൽക്കുന്നത്. തനിക്കും മകൾക്കും വേണ്ടിയുള്ള ഒരു സാധാരണ വീട്ടമമയുടെ അസാധാരണമായ ധൈര്യവും ചെറുത്തു നില്പും ആണ് ചിത്രം കാഴ്ച വെക്കുന്നത്. 1940 കളാണു് ആഖ്യന കാലമെങ്കിലും ആധുനിക ഫെമിനിസ്റ്റ് വീക്ഷണത്തെ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ ചിത്രം റോം ഫിലിം ഫെസ്റ്റിവലിൽ മൂന്ന് സമ്മാനങ്ങൾ നേടുകയുണ്ടായി.