Image

ഒരു മരണാനന്തര റിയാലിറ്റി ഷോ (ചെറുകഥ : വിജയകുമാർ കളരിക്കൽ)

Published on 11 July, 2026
  ഒരു മരണാനന്തര റിയാലിറ്റി ഷോ (ചെറുകഥ : വിജയകുമാർ കളരിക്കൽ)

ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്.  കവലയിലെ ചെറിയകടയില്‍ അയാൾ സെയില്‍മാനും മാനേജരും മുതലാളിയുമൊക്കെയാണ്.

    തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ള ചായ അയാളുടെ ഇടതു കൈയ്യിലുണ്ട്...

    കണ്ടു തുടങ്ങിയതു ചെറിയൊരു നഗരത്തിന്‍റെ ദൃശ്യങ്ങളാണ്, മലയാളക്കരയിൽ തന്നെ.....

    മൂന്നും കൂടിയ കവല, കട കമ്പോളങ്ങൾ, അധികം വീതി കൂടാത്ത ടാർ വഴി... പഴയ കടകൾ വീതികൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ...

    ദൈവമെ, ഈ കടകൾ, ഈ റോഡ് എനിക്കറിയാമല്ലോ... ബാലന്‍ ചായ കുടിക്കാന്‍ മറന്ന് ടിവി സ്ക്രീനിൽ തുറിച്ചു നോക്കിയിരുന്നു.

    ഈ വഴിയിലൂടെയാണല്ലോ ഞാനെന്നും നടക്കുന്നത്, ഈ കടയിൽ നിന്നാണല്ലോ ഞാന്‍ സാധനങ്ങൾ എടുക്കുന്നത്....

    ചാനലിന്‍റെ കണ്ണുകൾ ഫോക്കസ് ചെയ്യുന്നത് ടാർ വിരിച്ച റോഡിൽ, ജംഗഷനിൽ തന്നെയാണ്.

    റോഡിൽ ചോരപ്പാടുകൾ...

    ബാലന്‍ കേള്‍ക്കുന്നു.

    -ഇവിടെയാണ് മരിച്ച നേതാവ് കിടന്നിരുന്നത്...ഇവിടെ വച്ചു തന്നെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത് ....

    -പ്രവിശ്യയിലെ കിഴക്കന്‍ മലനിരകളുടെ താഴ്വാരത്തുള്ള ചെറിയ പട്ടണം...

    ചോരപ്പാടുകളെ വിട്ട്,

    രക്തം തളം കെട്ടി നിന്നിരുന്ന കുഴികളെവിട്ട്,

    ടാറിളകിയ റോഡു വിട്ട്,

വര :പി ആര്‍ രാജന്‍

    റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള തുറന്നിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളെ വിട്ട് ചാനലിന്‍റെ കണ്ണുകൾ സുന്ദരിയായൊരു പെണ്‍കുട്ടിയുടെ മുഖത്ത്...

    ഇരുപതു വയസ്സുള്ള,

    ചെമ്പിച്ച മുടി പറത്തി,

    ഇറുകി കിടക്കുന്ന ടോപ്പിൽ,

    ജീന്‍സിൽ....

    പ്രത്യേകതയുള്ള അംഗ വിക്ഷേപങ്ങളിൽ,

    ചാനലിന്‍റെ ശബ്ദമായ പെണ്‍കുട്ടി...

    -കടകമ്പോളങ്ങൾ ചൂടുപിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.  കിഴക്കന്‍ മലകളിൽ നിന്നും വാഹനങ്ങൾ എത്തി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.  നാനായിടത്തു നിന്നും ആളുകൾ എത്തിക്കൂടുന്നതേ ഉണ്ടായിരുന്നുള്ളൂ.....

    -മൂന്നും കൂടിയ കവലയിൽ എവിട നിന്നോ ജീപ്പിൽ എത്തുകയായിരുന്നു, അവര്‍.  നേതാവ് ആക്രമിക്കപ്പെടുകയായിരുന്നു.

    -നെഞ്ച് പിളര്‍ന്ന്, ശിരസ്സ് തകര്‍ന്ന് ടാറിളകിയ റോഡിലെ കുഴികളിൽ രക്തം തളം കെട്ടി, രണ്ടോ മൂന്നോ പിടഞ്ഞ് അദ്ദേഹം.

    -നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ, സ്വഗൃഹത്തിലെത്തി അച്ഛനമ്മമാരെ കണ്ടിട്ട് തിരക്കേറിയ തന്‍റെ ജീവിതത്തിലേക്ക് മടങ്ങവെ....

    ശ്ശെ !

    മനോഹരിയായ പെണ്‍കുട്ടിയെ, അവളുടെ ശബ്ദത്തെ കട്ട് ചെയ്ത് ഒരു വെല്‍ഡ്രെസ്സ്ഡ് ജെന്‍റില്‍മാനെ കാണിച്ചപ്പോൾ ബാലന് ദേഷ്യം വന്നു.  

    അവന്‍റെ കടയിൽ സാധനങ്ങൾ വാങ്ങാന്‍ രണ്ടു പേർ വന്നിരിക്കന്നു.  അവന്‍ അവരെ ശ്രദ്ധിച്ചില്ല.  അവരിൽ ഒരാൾ ചായയും സ്വീറ്റ് പൊറോട്ടയും വേണമെന്ന് പറഞ്ഞത് കേള്‍ക്കാതെ അയാളെ തുറിച്ചു നോക്കി നിന്നു.

    വേറൊരാൾ ഗോള്‍ഡ് ഫില്‍റ്റർ സിഗരറ്റ് ചോദിച്ചപ്പോൾ ജ്യോതിമാന്‍ ബീഡി കൊടുത്തു.

    “നിനക്കെന്നാ പറ്റീടാ ബാലാ....?”

    ഒരാൾ ചോദിച്ചു.

    “ചേട്ടന്‍ അറിഞ്ഞില്ലെ, ടീവീല്....?”

    “ഓ.... ഞാനറിഞ്ഞു.  ഇന്നു രാവിലെ ഞാന്‍ ടൗണിൽ പോയി കണ്ടേച്ചാ വന്നെ....”

    “ആരാത്....?”

    “ആ നെല്ലിക്കലെ തോട്ടത്തിലെ റബ്ബർ വെട്ടുകാരനായിരുന്ന തൊമ്മന്‍റെ മോനാ..”

    “എന്നാ അവന്‍റെ പേര്...?”

    “പേര് എന്താണോ...!”

    വെല്‍ഡ്രെസ്ഡ് ജന്‍റില്‍മാനിൽ നിന്നും പെണ്‍കിട്ടിയുടെ മുഖത്തേക്ക് ക്യാമറ വന്നപ്പോഴേക്കും ബാലന്‍ ചായയും പൊറോട്ടയും ഗോള്‍ഡ് ഫില്‍റ്റർ സിഗററ്റും കൊടുത്തു കഴിഞ്ഞിരുന്നു.

    ഇതു രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള നഗരം.  ഇവിടെ ആദി ചേര രാജാക്കന്മാർ ഭരണം നടത്തിയിരുന്നെന്നും,  അവരുടെ തലസ്ഥാനമായിരുന്നെന്നും ഗവേഷകർ...

    ഇവിടെ മഹാ ശിലായുഗത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകളുണ്ടെന്നും, മൂന്നൂറ്റി ശിഷ്ടം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധമൂറോനുമായി സത്യ പ്രഘോഷണത്തിനായിട്ട് ഒരു പരിശുദ്ധന്‍ കടൽ കടന്നു കാടും മേടും താണ്ടിയെത്തി കാലം ചെയ്തിട്ടുണ്ടെന്നും മറ്റോരു ചരിത്രം...

     ചാനൽ കണ്ണുകൾ ക്ഷേത്രങ്ങളും പഴയ ഇല്ലങ്ങളും കൊട്ടാര അവശിഷ്ടങ്ങളും പള്ളികളും കാടും പുഴയും തോടും പാടശേഖരങ്ങളും പറമ്പുകളും കാണിച്ചു നടന്നപ്പോൾ ബാലന് വീണ്ടും ഒരു ഉപഭോക്താവിനെ കിട്ടി.

    അയാളും ടിവി കണ്ടിരുന്നു, ബാലന്‍റെ ചായയും സമൂസയും പപ്സും ദില്‍കുഷും കഴിച്ചു.

    രാവിലെ ഏഴുമണി മുതൽ വൈകിട്ട് പത്തു മണി വരെയാണ് ബാലന്‍റെ കട സമയം.  അതുകൊണ്ട് അവന് വീട്ടിലെ ടിവി കാണാനോ, സീരിയൽ സുന്ദരികളെ അറിയാനോ, റിയ്ലിറ്റി ഷോ എന്തെന്ന് രുചിക്കാനോ കഴിഞ്ഞിരുന്നില്ല.

    അത്താഴ സമയത്ത് അവന്‍റെ ഭാര്യ ശാരു പറയുന്ന കഥകൾ കേട്ട് അന്തം വിട്ടിരുന്ന് മടുത്തപ്പോൾ ഒരു പഴയ പതിനാലിഞ്ച് കളേ ടീവി വാങ്ങി കടയിൽ വയ്ക്കുകയാണുണ്ടായത്.

    എന്നാൽ കടയിൽ തിരക്കില്ലാത്തപ്പോൾ ടിവി കണ്ടുകണ്ട് അവന് സീരിയൽ മുഖങ്ങളും റിയാലിറ്റി മസാലകളും മടുത്തു പോയി.  കടുപ്പത്തിൽ ഒരു ചായ കുടിച്ചാലും മസാല ചേര്‍ത്തതൊന്നും കഴിക്കാതെയായി.

    ആ പെണ്‍കുട്ടിയുടെ ശബ്ദം......

    -ഞാനിപ്പോൾ നില്‍ക്കുന്നത് കൊല്ലപ്പെട്ട നേതാവിന്‍റെ വീട്ടുമുറ്റത്താണ്.

    വീട്ടുമുറ്റം...

    ആളുകൾ ഏറെയൊന്നുമില്ല.

വര :പി ആര്‍ രാജന്‍

    ഓടുമേഞ്ഞ പഴയ ഒരു കെട്ടിടം.  മുറ്റത്തിനു തൊട്ടടുത്തു തന്നെയാണതിന്‍റെ അതിരുകൾ തിരിക്കുന്ന വേലികൾ, പച്ചിലപ്പടര്‍പ്പുകളും ശീമക്കൊന്നച്ചെടികളും ചെമ്പരത്തിച്ചെടികളും....

    ദൃശ്യം വീട്ടിനുള്ളിലേക്ക് നീങ്ങുകയാണ്.  അടച്ചു കെട്ടിയ വരാന്തയിൽ കയർ കട്ടിലിൽ, ഒറ്റപ്പായിൽ ഒരു മദ്ധ്യ വയസ്കന്‍ കിടക്കുന്നുണ്ട്,  അയാള്‍ക്കരുകിൽ അയാളുടെ പ്രായക്കാരായവരും....

    അവൾ പറയുന്നു,

    -ഇതാണ് അന്തരിച്ച നേതാവിന്‍റെ അച്ഛന്‍.

    അയാൾ ക്യാമറയിലേക്ക് തിരിഞ്ഞുനോക്കുകയാണ്, കട്ടിലിൽ നിന്നും എഴുന്നേല്‍ക്കാതെ.

    ദയനീയമായ മുഖം, എണ്ണമയം വാര്‍ന്ന്....

    അവിടവിടെ നരച്ചു തുടങ്ങിയ കുറ്റിത്താടി, അല്‍പം പീള കെട്ടിയ കണ്ണുകൾ....

    -ഇദ്ദേഹത്തിന്‍റെ മുപ്പതു വര്‍ഷത്തെ സ്വപ്നങ്ങളാണ് പൊലിഞ്ഞു പോയിരിക്കുന്നത്. കൂലിപ്പണി ചെയ്താണ് മൂന്നു മക്കളെപോറ്റിയത്.  രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തു വിട്ടപ്പോൾ ഉണ്ടായിരുന്ന അഞ്ച് സെന്‍റ് സ്ഥലവും കിടപ്പാടവും പണയത്തിലായി കഴിഞ്ഞിരുന്നു.  എല്ലാ പ്രതീക്ഷകളും മകനിലായിരുന്നു. ആ മകനാണിപ്പോൾ....

    അവള്‍ അയാളോട് ചോദിക്കുന്നു.

“മകന്‍ അങ്ങയുടെ പൂര്‍ണ്ണ ഇഷ്ടത്തോടെയാണോ രാഷ്ട്രീയക്കാരനായത്.....?”

    “അല്ല എന്തെങ്കിലും പഠിച്ച് കഞ്ഞികുടിക്കാനുള്ള സര്‍ക്കാരു പണിക്ക് പോകാനാരുന്നു എനിക്കിഷ്ടം...”

    “എന്നിട്ട്....?”

    “അവന്‍ പഠിക്കാതെ .... എന്നാലും...”

    സ്ക്രീനില്‍ പെണ്‍കുട്ടിയുടെ മുഖം.

    -അതെ, അച്ഛന് അദ്ദേഹം ഒരു രാഷ്ട്രീയക്കാനായതിൽ ഖേദമുണ്ട്.  എങ്കിലും വലിയ പ്രതീക്ഷയായിരുന്നു.  കാരണം പെട്ടന്നുള്ള വളര്‍ച്ചയായിരുന്നു, അദ്ദേഹത്തിന്‍റേത്. താലൂക്ക് തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ വളര്‍ന്നു കൊണ്ടേയിരുന്നു.  ഇസ്തിരിയിട്ട വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് അദ്ദേഹം സ്റ്റൈലായിട്ട് നടന്നു കയറി.

    പെട്ടന്നാണ് വെല്‍ഡ്രെസ്ഡ് ജെന്‍റില്‍മാന്‍ കയറി വന്നത്.  കടയിൽ സാധനങ്ങൾ വാങ്ങാന്‍ ആരുമില്ലാതിരുന്നതിനാൽ അവന് അയാളിൽ നിന്നും രക്ഷപെടാനായില്ല.

    ജെന്‍റില്‍മാന്‍ ഒരു ഏസി ക്യാബിനിലാണ് ഇരിക്കുന്നത്,  ആധുനീക സജ്ജീകരണങ്ങളുള്ളൊരു ഓഫീസ് റൂം.  ക്യാബിന് പുറത്ത് സ്റ്റാഫുകള്‍ക്കുള്ള മുറിയും ശീതീകരിച്ചതാണ്.  അവിടെ രണ്ട് സ്ത്രീകളും ഒരു പുരുഷനുമുണ്ട്.  അവർ കമ്പ്യൂട്ടറുകള്‍ക്ക് മുമ്പിലാണ്.     

    “ഒരു സോഡാ രണ്ടു ഗ്ളാസ് ....”

    ബാലന്‍റെ രണ്ട് സ്ഥിരം കസ്റ്റമേഴ്സാണ്.  അവർ എന്നും ഈ നേരത്ത്, തൃസന്ധ്യ കഴിഞ്ഞ് ഒരു സോഡയും രണ്ടു ഗ്ളാസും, രണ്ടു പൊതി അച്ചാറും ഒരു പാക്കറ്റ് മിക്സറും വാങ്ങി കടയുടെ പിറകിലേക്ക് പോകും.  അതിനു പത്തും പതിനഞ്ചു മിനിട്ട് മുമ്പ് അവരെ ടൗണിലെ ബിവറേജസ് സ്റ്റോറിന് മുന്നിലെ ക്യൂവിലും കാണാനാവും.

    പെണ്‍കുട്ടി വന്നു, അവൾ ബാലനെ, അന്തരിച്ച നേതാവിന്‍റെ അമ്മയുടെ അടുത്തേക്ക് പോകാന്‍ ക്ഷണിച്ചു.

    വീടിനുള്ളിലേക്ക്....

    വിസ്താരം കുറഞ്ഞൊരു മുറി.  അവിടെ നിന്നും വേറൊരു വാതിൽ അടുക്കളയിലേക്കാണ്. അടുക്കും ചിട്ടയുമില്ലാതെ മേശയും കസേരയും അഴയും,  അഴയിൽ തൂങ്ങുന്ന വസ്ത്രങ്ങളും.....

    നിന്നു തിരിയാന്‍ ഇടമില്ലാതെ സ്ത്രീകളുണ്ട്...

    വ്യസനമുണ്ട്.....

    തേങ്ങലുകളും കരച്ചിലുമുണ്ട്....

    അവരെ, അതുകളെ വകഞ്ഞുമാറ്റി ക്യാമറ....

    കട്ടിലിൽ കിടക്കുന്ന, അദ്ദേഹത്തിന്‍റെ അമ്മ, അവരെ കെട്ടിപ്പിടിച്ച് പെങ്ങളുമാർ....

    എന്തെല്ലാമോ,  എന്തെങ്കിലുമൊക്കെ ചോദിക്കാമെന്ന് ആഗ്രഹത്തോടെ, വ്യഗ്രതയോടെ ചാനൽ യുവതി ക്യാമറക്ക് മുന്നിൽ നിന്നതാണ്....

    പക്ഷെ,

    ബാലനെ നിരാശപ്പെടുത്തിക്കൊണ്ട് ക്യാമറ അവിടെ നിന്നും അടുക്കളയിലേക്ക് എത്തിനോക്കി.  അവിടവിടെ തങ്ങി നില്ക്കുന്ന സ്ത്രീകള്‍ക്കിടയിലൂടെ, കരിപിടിച്ച ചുവരുകളും, കുറെ പാത്രങ്ങളും കാണിച്ചു കൊണ്ട് അടുക്കള വാതിൽ വഴി പുറത്തേക്ക് കടന്നു.  വൃത്തിഹീനമായ അടുക്കള പരിസരത്തുകൂടി വീടിന്‍റെ മുന്നിലേക്ക് കടന്നു.  

വര :പി ആര്‍ രാജന്‍

    ഒരു ചെറുപ്പക്കാനോട് അവൾ ചോദിച്ചു

    “അന്തരിച്ച നേതാവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്...?”

    “എന്തു പറയാന്‍ ഒന്നുമില്ല. ഒരു അയല്‍പക്കത്തുകാരനെന്ന നിലയിൽ  വന്നു അത്രതന്നെ....”

    “അല്ലാതെ പ്രശസ്തനായൊരു നേതാവെന്ന നിലയിൽ.... ?”

    അവന്‍ ഒന്നും പറഞ്ഞില്ല, ഒരുപാട് അക്ഷരങ്ങൾ ഉള്‍ക്കൊള്ളുന്നൊരു ചിരിയാണ് നല്‍കിയത്.

    അവൾ പറയുന്നു.

    -എന്‍റെ ചോദ്യത്തിന് ഈ ചെറുപ്പക്കാരനൊരു ഉത്തരവും തന്നില്ല.  ഒരു ചിരിയാണ് നല്‍കിയത്.  ആചിരിയിൽ ഉള്ള ഉത്തരം കാണികളായ നിങ്ങള്‍ക്ക് ഊഹിച്ചു പൂരിപ്പിക്കാവുന്നതാണ്...

    വീട്ടു മുറ്റത്ത് പന്തലിടുന്നതിനും കസേരകൾ നിരത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്ന വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരനെ ദൃശ്യവല്‍ക്കരിക്കുകയാണിപ്പോൾ,  അയാൾ അറിയുന്നില്ല. ഷേവ് ചെയ്തു മിനുസമാര്‍ന്ന മുഖം, പ്രതീക്ഷ മുറ്റിയ കണ്ണുകൾ,  ആരോഗ്യമുള്ള ശരീരം....

    അവൾ അവന്‍റെ മുന്നിലേക്ക് നടന്നു.

    “എന്താണ് താങ്കളുടെ അഭിപ്രായം, മരിച്ച നേതാവിനെ കുറിച്ച്...? .”

    “നല്ല അഭിപ്രായമാണ്...”

    “വിശദീകരിക്കാമോ....?”

    “നല്ല സംഘാടകന്‍, വാഗ്മി, നയമുള്ളവന്‍...”

    “എത്ര നാളായിട്ട് അദ്ദേഹത്തെ അറിയാം.....?”

    “കഴിഞ്ഞ പത്തു വര്‍ഷമായിട്ട്, പാര്‍ട്ടിയിൽ അദ്ദേഹമെന്‍റെ സീനിയറാണ്, നേതാവാണ്. അണികളോട് കനിവുള്ളവനായിരുന്നു, കരുതലുള്ളവനായിരുന്നു.”

    “അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ....?”

    “സ്വപ്നങ്ങൾ....?!”

    അയാൾ ചോദ്യവും ഉത്തരവും രണ്ടു ചിഹ്നങ്ങളില്‍ ഒതുക്കി അവളെ നോക്കുകയാണ്.....

    അവൾ,

    -എന്തെല്ലാമായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ  ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഞാനിപ്പോൾ ശ്രമിക്കുന്നില്ല.  നമുക്കുടനെ തന്നെ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്ന ഹാളിലേക്കും, തുടര്‍ന്നുള്ള അനുശോചന യോഗത്തിനും പോകേണ്ടതുണ്ട്.

    പ്രവിശ്യയിലെ ഉന്നത നേതാക്കളും ദേശീയ നേതൃത്വത്തിന്‍റെ പ്രതിനിധികളും എത്തുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ടൗണ്‍ ഹാളും പരിസസരവും നിറഞ്ഞ് ജനാവലിയാണ്.

    നേതാക്കൾ വാഹനങ്ങളിൾ നിന്നുമിറങ്ങിയപ്പോൾ ജനത്തെ നിയന്ത്രിക്കാനും വഴി ഒരുക്കാനും പോലീസുകാർ ചങ്ങല തീര്‍ക്കുകയാണ്.  ആ വഴിയിലൂടെ നേതാക്കൾ ഹാളിനു നടുവിലൊരുക്കുയിരിക്കുന്ന പൂമഞ്ചത്തിലെ ജഡത്തിനരികിലെത്തി.  ഞെട്ടലുകളും റീത്തു സമര്‍പ്പണങ്ങളും ക്യാമയിൽ ഒപ്പിയെടുക്കുന്നു.

    തുടര്‍ന്നു പ്രവിശ്യയിലെ ഉന്നതനായ നേതാവിന്‍റെ ശോകമയമായ ശബ്ദം ഉച്ചഭാഷിണിയിലൂടെ അവിടമാകെ പരന്നു.  പോലീസ് തീര്‍ത്ത ചങ്ങലക്കുള്ളിൽ നില്‍ക്കുന്നവരുടേയും അകലങ്ങളിരിക്കുന്നവരിടേയും ചെവികളിൽ തറഞ്ഞുകയറുകയാണ്.

    -നമുക്ക് നഷ്ടമായിരിക്കുന്നത് നികത്താനാവാത്തതാണ്.  പ്രഗത്ഭനായ വാഗ്മി, ഊര്‍ജ സ്വലനായ സംഘാടകന്‍, ശക്തനായ യുവനേതാവ് എല്ലാമായിരുന്നു അദ്ദേഹം.

    -അദ്ദേഹം ആ അച്ഛനമ്മമാരുടെ ഓമന പുത്രനായിരുന്നു.  അവരും നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.  ഇതാരാണ് ചെയ്തതെന്നും എന്തിനാണ് ചെയ്തതെന്നും നമുക്കറിയാം...

    ചാനൽ കണ്ണകൾ, തിങ്ങി നില്‍ക്കുന്ന മുഖങ്ങളെ കാണിക്കുകയാണ്.  ആ മുഖങ്ങൾ രോഷം കൊള്ളുകയാണ്.  അവരുടെ ധമനികൾ ചൂടു പിടിക്കുകയാണ്.

    -എങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ, ആസന്നമായിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ നമുക്ക് സംയമനം പാലിച്ചേമതിയാകു.   അദ്ദേഹം നമ്മുടെ പാര്‍ട്ടിയുടെ രക്തസാക്ഷിയാണ്.  പാര്‍ട്ടിക്കുവേണ്ടിയാണ് രക്തം ചീന്തിയിരിക്കുന്നത്.  അതിന് നമ്മൾ പകരം ചോദിക്കും.  പക്ഷെ, അതിനു സമയമായിട്ടില്ല.

    പെട്ടന്ന് ജനങ്ങളുടെ മുഖങ്ങൾ ഇരുണ്ടു.  ചൂടുപിടിച്ചിരുന്ന രക്തം തണുത്തുറഞ്ഞ് അടിത്തട്ടിൽ അടിഞ്ഞു.

    വെല്‍ഡ്രസ്ഡ് ജെന്‍റിമാന്‍....

    ബാലന്‍ ഇരുന്നൂറ്റി അന്‍പതുഗ്രാം റസ്കും ഇരുനൂറുഗ്രാം ടൈഗർ ബിസ്ക്കറ്റും പൊതിഞ്ഞ് ഒരു വല്യപ്പന് കൊടുത്തു.  ആ വല്യപ്പന്‍റെ ചെറുമകന് പനിയാണെന്നും ഡോക്ടറെ കണ്ട് മരുന്നു വാങ്ങി വീട്ടിൽ വന്നിട്ടുണ്ടെന്നും പറഞ്ഞത് കേട്ടു മൂളാന്‍ ബാലനു തോന്നിയില്ല.

    അവന്‍ ടിവിയിലേക്ക് നോക്കിയിരുന്നു.

    വെല്‍ഡ്രസ്ഡ് ജെന്‍റില്‍മാന്‍റെ പരസ്യം അവസാനിക്കുന്ന കാഴ്ചയാണവിടെ...

    ജെന്‍റില്‍മാന്‍ ക്യാബിനിലെ പതുപതുത്ത കറങ്ങുന്നകസേരയിൽ ഉറച്ചിരുന്ന് സുസ്മേര വദനനായിട്ട് പറയുന്നു.

    -ഫാസ്റ്റ് ആന്‍റ് സേഫ്, എ പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേഷന്‍ ഗ്രൂപ്പ് നിങ്ങളുടെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം.....

    ബാലനു മനം പുരട്ടിപ്പോയി.  അവന്‍ കടക്കുള്ളിലെ വാഷ് ബെയ്സനിൽ പച്ച നിറത്തിലുള്ള പിത്ത രസം ഛര്‍ദ്ദിച്ചു.

    ടിവി ഓഫ് ചെയ്തു കടയടച്ച് നേരത്തെ വീട്ടിലേക്ക് പഴയ കൈനറ്റിക് ഹോണ്ട ഓടിച്ചു പോയി..

@@@@

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക