
ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡികള്‍ കൈവശം വച്ചെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിന് ബെംഗളൂരു എസിജെഎം കോടതി ജാമ്യം അനുവദിച്ചു. 2019-ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഒന്നിലധികം വോട്ടേഴ്സ് ഐഡി കയ്യില്‍ വെച്ചു എന്നതായിരുന്നു പ്രകാശ്രാജിനെതിരെയുള്ള പരാതി.
തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പ്രകാശ് രാജിനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദിലീപ് ആണ് പരാതി നല്‍കിയത്. ഹല്‍സൂര്‍ പോലീസ് സ്റ്റേഷനില്‍ ആദ്യം നല്‍കിയ പരാതി നടപടിയാകാത്തതിനെ തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നിട്ടും നടപടിയാകാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് പ്രകാശ് രാജ്നേരിട്ട് ഹാജരായത്.
നിലവില്‍ ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. അറസ്റ്റ് നടപടികളിലേക്ക് എത്തും മുന്‍പ് തന്നെ ജാമ്യം ലഭിച്ചത് പ്രകാശ് രാജിന് വലിയ ആശ്വാസമായി. അതേസമയം, ഈ വിഷയത്തില്‍ നിയമപരമായ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.