
ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെ നടി അന്‍സിബ ഹസന്‍. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അന്‍സിബ ഹസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എഫ്.ഐ.ആര്‍. ഇടാത്തതിനെ തുടര്‍ന്ന് താന്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അന്‍സിബ വ്യക്തമാക്കി. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
'പോലീസ് എഫ്.ഐ.ആര്‍. എടുത്തിട്ടില്ല സാര്‍. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍. എഫ്.ഐ.ആര്‍. ഇടാത്തതിനെ തുടര്‍ന്ന് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സാര്‍. കേസെടുക്കാനാവില്ല എന്ന് അവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട് സാര്‍', എന്നാണ് അന്‍സിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. നല്‍കിയ മറുപടിയും അന്‍സിബ പുറത്തുവിട്ടു. പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയതായി എസ്.എച്ച്.ഒ. അന്‍സിബയെ അറിയിച്ചു. പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതില്‍ അപകീര്‍ത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനില്‍ക്കൂ. മറ്റ് വകുപ്പുകള്‍ നിലനില്‍ക്കില്ല. അതിനാല്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അന്‍സിബ പുറത്തുവിട്ട മറുപടിയില്‍ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അന്‍സിബയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പരാതിയില്‍ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടന്‍ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണര്‍ തന്നെ അറിയിച്ചത്. കേസെടുത്താല്‍ പിന്നെ അന്വേഷണത്തില്‍ താന്‍ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍.